#

കാക്കപെണ്ണ്
കൊത്തുനേരം : Mar 18, 2016

പങ്കു വെയ്ക്കൂ !

മാതാ സാവിത്രി ഭായ് ഫൂലെ - ഇന്ത്യയുടെ വിദ്യ മാതാവ്


Savitribai and India’s Conversation on Education’ എന്ന പേരിൽ Oikos Worldviews Journal ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇങ്ങനെ എഴുതപ്പെട്ടു :

You owe her. But do you know her? Savitribai Phule, the Mother of modern education. If you are an Indian woman who reads, you owe her. If you are an educated Indian woman, you owe her. If you are an Indian schoolgirl reading this chapter in English, you owe her. If you are an educated international desi woman, you owe her.”

---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

മഹാരാഷ്ട്രയിലെ നായ്ഗാവിൽ ഒരു കര്ഷക കുടുംബത്തിൽ 1831 ജനുവരി 3 നു സാവിത്രി ബായ് ഫൂലെ ജനിച്ചു. ഇന്ത്യയിലെ സാമൂഹിക-നവോത്ഥാന നേതാവായ,അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദീപം ആയ മഹാത്മാ ജ്യോതിറാവു ഫൂലെ യെ വിവാഹം കഴിച്ചു . അവരുടെ പഠിക്കാനുള്ള തൃഷ്ണ കണ്ടു അദ്ദേഹം സാവിത്രിഭായിയെ എഴുത്തും വായനയും പഠിപ്പിച്ചു.


ജാതിഹിന്ദുക്കളുടെ കഠിനമായ എതിര്പ്പ് നേരിട്ട് കൊണ്ട്, ബ്രിട്ടീഷുകാരുടെ സഹായത്തോടെ , മാതാസാവിത്രി – മഹാത്മാ ജ്യോതിറാവു ഫൂലെ ദമ്പതികൾ പൂനെയിലെ നാരായണ്‍ പെഠിൽ 1848 ൽ പെണ്‍കുട്ടികൾക്കായുള്ള സ്കൂൾ ആരംഭിച്ചു. ( ഇത് ഇന്ത്യയില ആദ്യതെത് ആയിരുന്നു. അതോടൊപ്പം ആ കാലഘട്ടത്തിൽ ജാതിപീഡനം നേരിട്ടിരുന്ന അയിതജാതിയിൽ പെട്ട കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്യപ്പെട്ടു.

നാട്ടിലുള്ള യാഥാസ്ഥിതികർ ആയ ബ്രാഹ്മണ-ജാതി ഹിന്ദുക്കൾ, കല്ലും ചെളിയും വാരി അവരെ എറിയുമായിരുന്നു. അതുകൊണ്ട് പലപ്പോഴും സ്കൂളിൽ ചെന്ന് മറ്റൊരു വസ്ത്രം ധരിച്ചു വേണമായിരുന്നത്രേ അവര്ക്ക് ക്ലാസ്സിൽ പോവാൻ ! ഇതിലൊന്നും പതറാതെ ആ വര്ഷം തന്നെ അവർ മുതിര്ന്നവര്ക്കായി മറ്റൊരു സ്കൂൾ സ്ഥാപിച്ചു . 1851 ആയപ്പോഴത്തെക്കും അവർ 3 സ്കൂളുകൾ നടത്തിയിരുന്നു.

കുട്ടികൾ സ്കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാന്ഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു.

ഒരു വിദ്യാഭാസ പ്രവര്ത്തക എന്നതിലുപരി സാമൂഹ്യ പരിഷ്ക്കർത്താവായും ജാതിവ്യവസ്ഥക്ക് എതിരെ പോരാടിയ നേതാവ് ആയും സാവിത്രി ഭായി ഫൂലെ അറിയപെടുന്നു.

മരണ നിരക്കിന്റെ ആധിക്യം കൊണ്ടും ശൈശവ വിവാഹം മൂലവും സമൂഹത്തിൽ വിധവകളുടെ എണ്ണം അന്ന് കൂടുതലായിരുന്നു. അവരുടെ സ്ഥിതിയാവട്ടെ പരമ ദയനീയവും. വിധവകൾ ശിരസ്സ്‌ മുണ്ഡനം ചെയ്യേണ്ടതുണ്ടായിരുന്നു. സാവിത്രി ബായ്- ജ്യോതിറാവു ദമ്പതികൾ വിധവകളുടെ ശിരസ്സ്‌ മുണ്ഡനം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്യുകയും അതിനെതിരെ ക്ഷുരകന്മാരെ ബോധവൽക്കരിക്കുകയും ചെയ്തു.

അക്കാലത്ത് , വിധവകൾ, പ്രത്യേകിച്ച് ബ്രാഹ്മണ-സമുദായത്തിലെ, പലവിധത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. പലപ്പോഴും ലൈംഗീകചൂഷണത്തിന് ഇരയായി ഗർഭിണികളാക്കപ്പെടുന്ന വിധവകൾ സമൂഹത്തെ ഭയന്ന് ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ ജനിച്ചയുടൻ കുഞ്ഞുങ്ങളെ കൊന്നുകളയാൻ നിർബ്ബന്ധിതരാവുകയോ ചെയ്തിരുന്നു. ഒരിക്കൽ ഗര്ഭിണിയായ ഒരു വിധവയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച മാതാസാവിത്രി – മഹാത്മാ ജ്യോതിറാവു ഫൂലെ ദമ്പതികൾ, ഈ കുഞ്ഞിനെ ദത്തെടുത്തു പഠിപ്പിച്ചു, ഡോക്ടറാക്കി .

അവർ ചൂഷിതരായ വിധവകൾകായി ‘ബാൽ ഹത്യാ പ്രതിബന്ധക് ഗൃഹ് ‘ എന്ന പേരിൽ ഒരു ആശ്വാസ കേന്ദ്രം തുടങ്ങുകയും ചെയ്തു.

തൊട്ടുകൂടായ്മക്കെതിരെയും ജാതീയതക്കെതിരെയും ബ്രാഹ്മണ-അധീശത്വതിനെതിരെയും ശക്തമായി പ്രതികരിച്ച ഇവർ ദളിതർക്കായി സ്വന്തം വീട്ടിൽ കിണറുണ്ടാക്കി അതിൽ നിന്നും വെള്ളം എടുതുകൊള്ലാൻ അനുവാദം നല്കി. അവർ ‘വിക്ടോറിയ ബാലാശ്രമം ‘ സ്ഥാപിച്ചു. ഗ്രാമ ഗ്രാമങ്ങളിൽ ചെന്ന് സംഭാവന സ്വീകരിച്ച് ദിവസേന ആയിരങ്ങൾക്ക് അന്നം നല്കി.

1890 ൽ മഹാത്മാ ജ്യോതിറാവു ഫൂലെ അന്തരിച്ചു. മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു വളര്ന്ന യശ്വന്ത് എല്ലാ കാര്യങ്ങളിലും അവര്ക്ക് പിന്തുണയേകി. പുരോഹിത മേല്നോട്ടമില്ലാതെ – സ്ത്രീധനം വാങ്ങാതെയാണ് അവൻ വിവാഹിതനായത്.

പൂനെയിൽ പ്ലേഗ് പടര്ന്നു പിടിച്ചപ്പോൾ മാതാ സാവിത്രി ഭായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവർ സ്വയം പരിചരിക്കുമായിരുന്നു. അങ്ങനെ അവരെ ശുശ്രൂഷിക്കുന്നതിനിടയിൽ രോഗബാധിതയായി 1897 മാര്ച് 10 ആം തിയ്യതി അവർ അന്തരിച്ചു.

മാതാ സാവിത്രിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ അവരുടെ മരണാനന്തരം പ്രസിദ്ധീകരിക്കുകയുണ്ടായി. കാവ്യ ഫൂലെ (1934) , ബവൻ കാശി സുബൊധ് രത്നാകർ (1982).മരണാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും ഭാരത സര്ക്കാര് പുറത്തിറക്കി.

Loading Conversation