#

രഞ്ജിത് മാമ്പിള്ളി
കൊത്തുനേരം : Jul 14, 2016

പങ്കു വെയ്ക്കൂ !

pokemon go

നിൻറെൻറോ എന്ന കമ്പനിയെ സമ്മതിക്കണം. പല പ്രാവശ്യം തകരുകയും. ആ തകർച്ചയിൽ നിന്ന് ഉയരുകയും ചെയ്യുന്നു. 1883 ൽ സ്ഥാപിതമായതിനു ശേഷം അവർ ടാക്സി കാറുകൾ ഓടിക്കുന്ന സർവ്വീസ് കമ്പനിയായി. പിന്നെ ഹോട്ടൽ ശൄംഘല തുടങ്ങി. പിന്നെയും കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന കമ്പനിയായി പുനരവതരിച്ചു. 1970 കളിൽ വീഢിയോ ഗെയിമുകളിലേയ്‌‌ക്ക് പ്രവേശിച്ചു. ഗെയിം ബോയി എന്ന ഗെയിമിംഗ് കണ്സോൾ ഒരു രണ്ട് തലമുറയിലെ കുട്ടികൾ നെഞ്ചിലേറ്റിയ ഡിവൈസാണ്. ഗെയിമിംഗ് കണ്സോളിലെ അനിഷേധ്യമായ സാന്നിദ്ധ്യമായിരുന്നു നിൻറെൻറോ.


1994 ത്തിൽ സോണി പ്ലേ ഇറങ്ങിയതോടെ ഗെയിമിംഗ് കണ്സോളിലെ നിൻറെൻറോ ആധിപത്യം അവസാനിച്ചു. കമ്പനി തകർച്ചയിലേയ്‌‌ക്കെത്തി. 2006 വരെ ആരും കമ്പനിയെക്കുറിച്ച് അധികം കേട്ടില്ല. ഒരു സുപ്രഭാതത്തിൽ 2006ൽ അവർ Wii കണ്സോൾ ഇറക്കി. അവർ ഗെയിമിംഗ് കണ്സോളിൽ തങ്ങളുടെ നിറസാന്നിദ്ധ്യമായി പിന്നെയും മാറി. 2012-2015 സമയമായപ്പഴേയ്‌‌ക്കും മൈക്രോസോഫ്‌‌റ്റിൻറെ XBox എല്ലാവരുടെയും ഹരമായി. വീ പിന്നെയും അപ്രസക്തമായി. വീ യു ഇറക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല.


നിൻറെൻറൊയെ കുറിച്ച് കേൾക്കാതായി, കഴിഞ്ഞ ആഴ്ച വരെ. ദാ ഇപ്പൊ Pokemon Go എന്ന മൊബൈൽ ഗെയിമുമായി വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. പോക്കിമോനെ പിടിക്കാനായി നടന്ന് ആൾക്കാർ പാലത്തിൽ നിന്ന് വീണ് മരിക്കുന്നു. പോലീസ് സ്‌‌റ്റേഷനുകളിൽ പോക്കിമോനെ പിടിക്കാൻ ആൾക്കാർ ഇരച്ചു കയറി വരുന്നു. കോടതി മുറികൾ, ആൾക്കാരുടെ പൂന്തോട്ടങ്ങൾ ഒക്കെ മത്സരിച്ചുള്ള പോക്കിമോൻ വേട്ടക്കാരെ കൊണ്ട് ശല്യമായിരിക്കുന്നു.


(പോക്കിമോൻ ഗൊ, Niantic labs ആണ് ഡെവലപ് ചെയ്തത്. ഗൂഗിളിനുള്ളിൽ വളർന്ന ഒരു സ്‌‌റ്റാർട്ടപ് ആണ് Niantic. Nintendo യുടെ Pokemon കാരക്ടർ ലൈസൻസ് ചെയ്തതല്ലാതെ ടെക്നോളജി മൊത്തം Niantic ൻറേതാണ്,

Courtesy : Elsa Jose and Dileep Venugopalan this information

നിൻറെൻറോയുടെ ഉയർച്ച താഴ്ച്ചകളെക്കാൾ ഉപരി, പോക്കിമോൻ ഗൊ എന്ന ഗെയിമിൻറെ ടെക്നോളജിയുടെ കാലിക പ്രസക്തിയാണ് എന്നെ ഹരം കൊള്ളിക്കുന്നത്. പോക്കിമോൻ ഗൊ ഓഗമെൻറഡ് റിയാലിറ്റി; (നമ്മുടെ ചുറ്റുപാടും ഗെയിമിൻറെ ഭാഗമാക്കുന്ന പരിപാടിയാണ് ഓഗമെൻറഡ് റിയാലിറ്റി) എന്ന സങ്കേതത്തെ പൂർണ്ണമായും ഉപയോഗിക്കുന്നു. വിർച്ച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി ഒക്കെ 2016 ൻറെ സമ്മാനമായിരിക്കും എന്ന് മുൻപ് ഞാനെഴുതിയിരുന്നു. അതുറപ്പാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.


വിർച്ച്വൽ റിയാലിറ്റിയുടെ സാദ്ധ്യതകളെ കുറിച്ച് അറിയാൻ ഒരു ഉദാഹരണം സഹായിച്ചേക്കും.

നിങ്ങളുടെ കല്യാണ് വീഢിയോകൾ. ഒന്നാമതെ ഒരുവിധപ്പെട്ടവർ ഒരിക്കൽ പോലും കാണാനാഗ്രഹിക്കാത്ത വീഢിയൊ ആണ് കല്യാണ വീഢിയോകൾ. എൻറെ ഒക്കെ കല്യാണ വീഡിയോ, ക്യാമറാമാൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് അഭിനയിച്ച് തകർത്തതാണ്. മൊത്തം ഒരു സിൽ സിലാഹെ സിൽസിലാ ഫീൽ. സന്തോഷ് പണഢിറ്റിൻറെ സിനിമകൾ ഒക്കെ എന്ത് ഭേദം. പിള്ളാരെ ഇതൊക്കെ കാണിക്കണേൽ കൂടെ ഇരിക്കണം. മോനെ നോക്ക് അമ്മായി, ദാ നിൻറെ കൊച്ചച്ചൻ എന്നൊക്കെ അവരോടൊപ്പമിരുന്ന് പറഞ്ഞ് കൊടുക്കാൻ വീഡിയൊ നിങ്ങളും കൂടെ ഇരുന്നു കണ്ടേ പറ്റു. ദ്വിമാന പ്രതലത്തിൽ നിന്ന് മിന്നി മായുന്ന ഒരു ഫ്രെയിമിൽ നിന്ന് ഇവരെ ഒക്കെ കണ്ട് പിടിച്ച് പ്രോസ്സസ്സ് ചെയ്തെടുക്കാൻ അവർക്കുള്ള ബുദ്ധിമുട്ട് ആലോചിച്ചു നോക്കു.


ഇവിടെയാണ് വിർച്ച്വൽ റിയാലിറ്റിയുടെ പ്രസക്തി. കല്യാണ വീഢിയോകൾ 360 degree ക്യാമറകൾ കൊണ്ട് ഷൂട്ട് ചെയ്ത് വീഢിയൊകൾ കോർത്തിണക്കി ഒരു VR ഹെഡ് സെറ്റിൽ ലോഡ് ചെയ്താൽ പിള്ളാർക്ക് നിങ്ങളോടൊപ്പം നിങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാം. പള്ളിയിൽ നിങ്ങളോടൊപ്പം നിൽക്കാം. സത്കാരത്തിൻറെ ബുഫേ ലൈനിൽ മറ്റ് അതിഥികളോടൊപ്പം ഭക്ഷണത്തിന് വരി നിൽക്കാം. ഡാൻസുകളുണ്ടെങ്കിൽ അതിനൊപ്പം ഡാൻസ് കളിക്കാം.

പത്തിരുപത് കൊല്ലം കഴിഞ്ഞും, നിങ്ങളുടെ മക്കൾക്കും, കൊച്ചു മക്കൾക്കും ക്ഷണിക്കപ്പെട്ട അതിഥിയായി കല്യാണത്തിന് പങ്കെടുക്കാവുന്ന ഒരു രീതി ഒന്ന് ആലോചിച്ച് നോക്കു ?. അവന് അപ്പൻറെയും അമ്മേടേം കല്യാണത്തിന് പപ്പടം വിളമ്പിയവനാ എന്ന നാട്ടുവർത്തമാനം അന്വർത്ഥമാകും


ഇതൊരു ബിസ്സിനെസ്സ് മാർക്കറ്റിങ് തന്ത്രം കൂടി ആക്കാം

Loading Conversation