#

സിദ്ദി പെർഫെക്റ്റ്‌
കൊത്തുനേരം : Apr 11, 2016

പങ്കു വെയ്ക്കൂ !

വെസ്റ്റ്‌ ഇൻഡീസിലെ ഈസ്റ്റ്‌ ഇന്ത്യക്കാർ

'വെസ്റ്റ്‌ ഇൻഡീസ്‌' എന്ന പേരിൽ തന്നെ ഒരു ഇന്ത്യയില്ലേ. പക്ഷേ പേരിലെ സാമ്യത്തേക്കാൾ കൂടുതൽ ഇന്ത്യൻ സംസ്കാരത്തോട്‌ ഇഴചേർന്ന് പോകുന്ന അനേക ലക്ഷങ്ങൾ വെസ്റ്റ്‌ ഇൻഡീസിലെ കരീബിയൻ ദ്വീപുകളിലുണ്ട്‌.

യൂറോപ്യൻ അധിനിവേശ കാലത്ത്‌ നമ്മുടെ ഇന്ത്യാ ഉപഭൂഖണ്ഡത്തെ മുഴുവനായി ഈസ്റ്റ്‌ ഇൻഡീസ്‌ എന്നായിരുന്നു യൂറോപ്യർ വിളിച്ചിരുന്നത്‌. ഉത്തര അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ കൊച്ചു കൊച്ചു ദ്വീപുകൾ നില നിന്നിരുന്ന മറ്റൊരു അധിനിവേശ പ്രദേശത്തെ അവർ വെസ്റ്റ്‌ ഇൻഡീസ്‌ എന്നും വിളിച്ചു പോന്നു. വെസ്റ്റ്‌ ഇൻഡീസ്‌ എന്നത്‌ ഒരു രാജ്യത്തിന്റെ പേരല്ല. തെക്കേ അമേരിക്കൻ ഭൂഗണ്ഡത്തിന്റെ വടക്ക്‌ ഭാഗത്തായും വടക്കേ അമേരിക്കൻ ഭൂഗണ്ഡത്തിന്റെ തെക്ക്‌ ഭാഗത്തായുമുള്ള കരീബിയൻ കടലിൽ തൊട്ടു തൊട്ട്‌ കിടക്കുന്ന പതിനേഴോളം സ്വതന്ത്ര രാജ്യങ്ങൾ ചേർന്നതാൺ ഈ വെസ്റ്റ്‌ ഇൻഡീസ്‌. ഗയാന, ജമൈക്ക, ട്രിനിഡാഡ്‌ & റ്റോബാഗോ തുടങ്ങിയ രാജ്യങ്ങളിൽ അവയിൽ ചിലത്‌ മാത്രം.

1840 തൊട്ട്‌ നൂറ്റാണ്ടിന്റെ അവസാനം വരെ അറുപതിനായിരത്തിലധികം ഇന്ത്യൻ തൊഴിലാളികളെ കരീബിയൻ ദ്വീപുകളിൽ എത്തിച്ചിട്ടുണ്ട്‌ എന്നാൺ പറയപ്പെടുന്നത്‌. അന്ന് ബ്രിട്ടീഷുകാരുടെ കോളനിയായിരുന്ന ഇന്ത്യയിൽ നിന്ന് വേറൊരു കോളനിയായ കരീബിയൻ ദ്വീപുകളിലേക്ക്‌ എത്തിച്ചതും ബ്രിട്ടീഷുകാർ തന്നെയായിരുന്നു. പഞ്ചസാരയുടെ ദൗർലബ്യം അനുഭവപ്പെട്ടിരുന്ന നൂറ്റാണ്ടിൽ തങ്ങളുടെ ഭൂമിയിൽ കരിന്പ് കൃഷി ചെയ്യാനായിരുന്നു ഈ അവിദഗ്ദ തൊഴിലാളികളെ ഇംഗ്ലീഷുകാർ അവിടെ കൊണ്ട്‌ പോയത്‌.

1833 ലെ അടിമ വിമോചന നിയമത്തെ തുടർന്ന് ബ്രിട്ടീഷുകാർക്ക്‌ അവരുടെ ആഫ്രിക്കൻ അടിമകളെ മോചിപ്പിക്കേണ്ടി വന്നു. കരീബിയൻ മേഖലയിലെ ബ്രിട്ടീഷ്‌ പഞ്ചസാര മുതലാളിമാർക്ക്‌ തങ്ങളുടെ തോട്ടങ്ങളിൽ ജോലിക്കാരെ കിട്ടാതെയായി. ഈ സാന്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ, ചെറിയ വേതനത്തിൽ കരീബിയൻ ചൂട്‌ കാലാവസ്ഥയിലെ കൃഷിയിടങ്ങളിലേക്ക്‌ പുതിയ ജോലിക്കാരെ കണ്ടെത്തേണ്ടതായി വന്നു. അങ്ങനെയാൺ തുച്ഛമായ വേദന വ്യവസ്ഥയിൽ ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കപ്പൽ മാർഗ്ഗം ഇവിടെ എത്തിക്കുന്നത്‌.

ഇന്ത്യയിലെ ഇന്നത്തെ ഉത്തർ പ്രദേശിന്റെ കിഴക്ക്‌ ഭാഗത്തെയും ബിഹാറിന്റെ പടിഞ്ഞാർ ഭാഗത്തെയും ജില്ലയിൽ നിന്നുള്ളവരാൺ ഇങ്ങനെ കയറ്റിയക്കപ്പെട്ടത്‌. ഭോജ്‌പുരി ഭാഷ മാത്രം സംസാരിച്ചിരുന്ന ദരിദ്രരായ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം കൊൽക്കത്ത പോർട്ടിൽ നിന്നാണ്‌ ഗയാനയിലേക്ക്‌ കപ്പലിൽ പുറപ്പെട്ടത്‌. കരീബിയനിലെത്തിയ ഇന്ത്യക്കാർ നരകതുല്യ ജീവിതമാൺ നേരിടേണ്ടി വന്നത്‌. ആഫ്രിക്കൻ അടിമകളോട്‌ പെരുമാറുന്ന അതേ രീതിയിൽ തന്നെയായിരുന്നു മുതലാളിമാർ ഇവരോടും പെരുമാറിയിരുന്നത്‌. തുച്ഛമായ കൂലി നൽകി അവർ ഇന്ത്യാക്കാരെ ആവും വിധം ദ്രോഹിക്കുകയും ചെയിതു.

പല പീഢനങ്ങളും അവർ നേരിടേണ്ടി വന്നിറ്റുണ്ട്‌. തിരിച്ച്‌ ഇന്ത്യയിലേക്ക്‌ രക്ഷപ്പെടാൻ ആഗ്രഹിച്ച്‌ അതിന്ന് സാധിക്കാതെ അവിടെ തന്നെ തളയ്‌ക്കപ്പെട്ടവർ പിന്നീട്‌ അവിടത്തെ പൗരന്മാരായി തീർന്നു. ഹിന്ദു വിശ്വാസികളായിരുന്ന അവർ ഇന്ത്യൻ സംസ്കാരം മുറുകെപിടിച്ചു. ഭോജ്‌പുരി യും ഹിന്ദിയും സംസാരിക്കുന്ന പുതു തലമുറയിൽ പെട്ടവർ ഇന്നും ഇവിടെയുണ്ട്‌. ആഫ്രിക്കൻ വംശജരുമായി മിശ്രവിവാഹം നടത്തിയവർ കരീബിയൻ സംസ്കാരത്തോടൊപ്പം ഇന്ത്യൻ പൈതൃകവും കാത്തു സൂക്ഷിച്ചു. വിശ്വാസങ്ങളും ആചാരങ്ങളിലും കരീബിയരിൽ വ്യത്യസ്ത പുലർത്തുന്ന ഇന്ത്യൻ വംശജർ കൂടുതൽ കാണുന്നത്ത്‌ ട്രിനിഡാഡ്‌ & ടൊബാഗോ രാജ്യത്താൺ. 8 ലക്ഷത്തിലധികം ഇന്ത്യൻ വംശജർ ഈ രാജ്യത്ത്‌ മാത്രം വസിക്കുന്നുണ്ട്‌. സുരിനാം, ഗയാന, ജമൈക്ക തുടങ്ങിയവയാൺ ഇന്ത്യൻ വംശജർ കൂടുതൽ കാണപ്പെടുന്ന മറ്റു രാജ്യങ്ങൾ. സുരുനാമിലെ ആകെ ജനസംഖ്യയുടെ അറുപത്‌ ശതമാനം ഇന്ത്യൻ വംശജരാൺ.

ഇന്നത്തെ കരീബിയൻ ഇന്ത്യക്കാരുടെ മുൻ തലമുറകൾ പല പീഢനങ്ങൾക്ക്‌ വിധേയമായിരുന്നെങ്കിലും ഇന്ന് അത്തരം വിവേചനമൊന്നും കാണാറില്ല. വെസ്റ്റ്‌ ഇൻഡീസ്‌ ക്രിക്കറ്റ്‌ ടീമിലൂടെ നമുക്കേറെ പരിചിതനായ ശിവ്‌നരേൻ ചന്ദർപോൾ ഇന്ത്യൻ വംശജനാൺ. അത്‌ പോലെ അറുപതുകളിലെ വിഖ്യാത ബാറ്റ്സ്മാൻ രോഹൻ കൻഹായി യും ഇന്ത്യൻ വംശജനായിരുന്നു. നമ്മുടെ ബാറ്റിംഗ്‌ ലിജൻഡ്‌ സാക്ഷാൽ സുനിൽ ഗവാസ്‌കർ തന്റെ മകന്ന് 'രോഹൻ' എന്ന പേർ വിളിക്കാൻ തന്നെ കാരണം രോഹൻ കൻഹായിയോടുള്ള ആരാധന മൂലമാൺ. അത്‌ പോലെ എഴുപതുകളിലെ സ്റ്റാർ ബാറ്റ്സ്മാൻ ആൽവിൻ കാലിചരൺ, സോണി രാമദിൻ, രാം നരേഷ്‌ സർവാൻ, രവി രാംപോൾ, ദേവേന്ദ്ര ബിഷൂ, സുനിൽ നരേൻ ഒക്കെ വിൻഡീസ്‌ ക്രിക്കറ്റിൽ പേരെടുത്ത ഇന്ത്യൻ വംശജരാൺ.

ട്രിനിഡാഡ്‌ & ടൊബാഗോ കാർണിവലിലെ ഇന്ത്യൻ വംശജരുടെ നൃത്തരൂപങ്ങൾ എന്നും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. ഏഴാം കടലുകൾക്കപ്പുറം ഒരു ഇന്ത്യ എന്ന പ്രതീതി അവിടത്തെ കൊച്ചു പട്ടണങ്ങളിലെ ചന്തകളിൽ ഇന്നും ദർശിക്കാം, കൂടെ വെസ്റ്റ്‌ ഇൻഡീസിലെ ഈസ്റ്റ്‌ ഇന്ത്യക്കാരുടെ ക്രിക്കറ്റ്‌ പെരുമയും...

ѕι∂∂ι ρєяfє¢т

Loading Conversation