#

ബക്കർ അബൂ

കൊത്തുനേരം : Mar 21, 2016

പങ്കു വെയ്ക്കൂ !

തുര്‍ക്കി സുല്‍ത്താന്മാരും അവരുടെ ഹറേം കഥകളുംലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അതി സുന്ദരികളായ സ്ത്രീകളുടെ വര്‍ണ്ണജീവിതത്തിന്‍റെ കൊട്ടാരമാണ് സുല്‍ത്താന്മാരുടെ ഹറേം. അടിമകളുടെ വേദനയുടെയും ഹിജഡകളുടെ നിര്‍ജ്ജീവതയുടെയും മൂകസാക്ഷിയുമാണ്‌ സുല്‍ത്താന്മാരുടെ ഹറേം.

കടലും ഒരു സ്കൂള്‍ തന്നെയാണ്. അധ്യാപകരും പുസ്തകവുമില്ലാത്ത ഒരേയൊരു സ്കൂള്‍. ചില സമയങ്ങളില്‍ പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മള്‍ അതിലൂടെ സഞ്ചരിച്ചു പഠിക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് സൂയസ് കനാല്‍ കടന്നു മെഡിറ്ററെനിയന്‍ കടലിലൂടെ ലോകത്തെ ഏറ്റവും ഇടുങ്ങിയ ബോസ്ഫെരാസ് കടലിടുക്കിലൂടെ കടന്നുപോവുമ്പോള്‍ ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന രണ്ടു നാഗരികതയുടെ കേന്ദ്രമായ തുര്‍ക്കിയെ കാണാം. തുര്‍ക്കിയുടെ ഒരു ഭാഗം യുറോപ്പ്യന്‍ നാഗരികതയിലും മറ്റൊന്ന് ഏഷ്യന്‍ നാഗരികതയിലുമാണ്. ഇതിനെ വേര്‍തിരിക്കുന്നതാണ് ഇസ്താംബൂള്‍ ബോഗാസി - ഇസ്താംബൂള്‍ കടലിടുക്ക്. റഷ്യയിലെ നവാരോസിസ്ക്കില്‍ നിന്ന് ചരക്ക് കയറ്റി വീണ്ടും ബോസ്ഫെരാസിലൂടെ യാത്ര ചെയ്യുമ്പോള്‍ തുര്‍ക്കിയെ ദൂരത്തു നിന്ന് കണ്ടു കൊതിമാറിയില്ല. പിന്നീട് ഒരവസരത്തില്‍ തുര്‍ക്കിയിലെ അലിആഗയില്‍ എത്തിയപ്പോള്‍ ഇസ്മീര്‍ നഗരം കാണാനിറങ്ങി. അന്നേ മനസ്സില്‍ ഉണ്ടായിരുന്നതും കേട്ടറിഞ്ഞതുമായ ഒരു ചരിത്ര സഞ്ചാരത്തിനു പ്രാദേശിക അറിവുകള്‍ ഒരു കൂടിച്ചേര്‍ക്കലായി ഒരു കൂട്ടായി മാറി.

തുര്‍ക്കിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏറ്റവും ആദ്യമായി മനസ്സില്‍ വരുന്നത് തുര്‍ക്കി സുല്‍ത്താന്മാരും അവരുടെ ഹറേം കഥകളുമാണ്‌.


ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അതി സുന്ദരികളായ സ്ത്രീകളുടെ വര്‍ണ്ണജീവിതത്തിന്‍റെ കൊട്ടാരമാണ് സുല്‍ത്താന്മാരുടെ ഹറേം. അടിമകളുടെ വേദനയുടെയും ഹിജഡകളുടെ നിര്‍ജ്ജീവതയുടെയും മൂകസാക്ഷിയുമാണ്‌ സുല്‍ത്താന്മാരുടെ ഹറേം.

അനിയന്ത്രിതമായ ലൈംഗീകതയും, ലഹരിയും, സംഗീതവും നൃത്തവും ചേര്‍ന്ന രാജനിശകളാണ് ഹറമുകളുടെ വിശേഷണമായി എഴുതപ്പെട്ട ചരിത്രങ്ങളില്‍ പറയപ്പെടുന്നത്. പക്ഷെ, അതില്‍ക്കവിഞ്ഞ് ഒരു ഹറേം എന്ത് കൊണ്ടൊക്കെ സുല്‍ത്താന്‍ ഭരണത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടുവെന്ന് ഒരു പുനര്‍വിചിന്തനത്തിനു വിധേയമാവേണ്ടതുണ്ട്. ചരിത്രത്തില്‍ തിരഞ്ഞാല്‍ കിട്ടാവുന്ന ചില ശേഷിപ്പുകളൊക്കെ ഇന്നും നമുക്കറിയാനുമുണ്ട്.

സുല്‍ത്താന്‍റെ പരമമായ അധികാരത്തിന്‍റെ പ്രതിരൂപമാണ് ‘’ഹറേം’’. സ്ത്രീകളുടെ മേലെയുള്ള ഉടമസ്ഥാവകാശം, അടിമകളുടെ എണ്ണത്തിലുള്ള ബാഹുല്യം, അധികാരം, സമ്പത്ത്, ലൈംഗീക അഭിവാഞ്ജയും രതിക്രീഡകളും, ഹിജഡകളുടെ കാവല്‍, തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു സുസ്ഥാപിത സ്ഥാപനമായി തുര്‍ക്കിയുടെ ചരിത്രത്തിലേക്ക് ഇത് കടന്നു വന്നു. ഓട്ടോമന്‍ സുല്‍ത്താന്മാരുടെ കാലം മുതല്‍ക്കാണ് ഹറേം എന്ന വിനോദ അന്തപ്പുരത്തിനു ഒരു സുസ്ഥാപിത രൂപം കൈവന്നത്. അതിനു മുന്‍പേ ഈജിപ്തിലും, ശ്രീലങ്കയിലും, ചൈനയിലുമൊക്കെയായി വെപ്പാട്ടികളുടെ സീരാകേന്ദ്രങ്ങളായ അന്തപ്പുരങ്ങള്‍ ചരിത്രരേഖകളില്‍ കാണാപ്പെടുന്നുണ്ട്.

വൃദ്ധരും എന്നാല്‍ കാമമോഹിതരുമായ ഷെയ്ഖ്മാരേയോ, സുല്ത്തന്മാരെയോ ഇന്ദ്രിയസുഖത്തിനു രമിപ്പിക്കാന്‍ അണിഞ്ഞൊരുങ്ങിയ ആയിരക്കണക്കിന് അഴകുള്ള സ്ത്രീകളുടെ കേന്ദ്രമാണ് ഹറേം. ഇങ്ങനെയൊരു പ്രതിച്ഛായ ഓട്ടോമന്‍ സമ്രാജ്യത്തിന് പതിനാറും, പതിനേഴും നൂറ്റാണ്ടിലെ ഭരണകര്‍ത്താക്കളില്‍ നിന്നും ലഭിച്ചതാണ്. ആ കാലഘട്ടങ്ങളില്‍ ഭരണരംഗത്ത് ഹറേം മേധാവികളിലെ സ്ത്രീകള്‍ക്ക് വളരെയധികം സ്വാധീനമുണ്ടായിരുന്നു.

ഹറേമില്‍ താമസിക്കുന്നത് വെറും അടിമകളോ, ഹിജഡകളോ,വെപ്പാട്ടികളോ മാത്രമായിരുന്നില്ല. സുല്‍ത്താന്റെ മാതാവും അന്ഗീകരിക്കപ്പെട്ട സുല്‍ത്താന്‍റെ ഭാര്യമാരും അവരുടെ മാതാക്കളും പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതായിരുന്നു ഹറേം. സുല്‍ത്താനെയും രാജ്യത്തെയും അടക്കി ഭരിച്ചിരുന്നതില്‍ രാജ്ഞിയുടെ മാതാവിനും സുല്‍ത്താന്‍റെ മാതാവിനുമുള്ള സ്വാധീനം കണക്കിലെടുത്ത് ആ കാലത്തെ ‘’കതിന്‍ലെര്‍ സുല്‍ത്താനെറ്റി’’

എന്ന് വിശേഷിപ്പിചിട്ടുണ്ടായിരുന്നു. ഇതില്‍ ശക്തമായ ഒരു ഭരണ സിരാകേന്ദ്രം “”വാലിദേ സുല്‍ത്താന്‍”” അതായത് സുല്‍ത്താന്‍റെയൊ അല്ലെങ്കില്‍ രാജ്ഞിയുടെയോ മാതാക്കളില്‍ ഒരാളായിരുന്നു.

ഓട്ടോമന്‍ സംസ്കാരചരിത്രത്തില്‍ അടിമകളായ വെപ്പാട്ടികള്‍ രാജവംശത്തിന്‍റെ പ്രത്യുല്‍പാദന വിത്തുകളായിരുന്നു. പക്ഷെ ഭാര്യമാരില്‍ നിന്നും വ്യത്യസ്തമായി, അന്ഗീകരിക്കപ്പെട്ട ഒരു വംശാവലിയുടെ ഭാഗധേയമാവാന്‍ ഇവര്‍ക്കായിരുന്നില്ല. ചിലരെയൊക്കെ സുല്‍ത്താന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലെ കാണാന്‍ ഇടവന്നിരുന്നുള്ളു. ഹറേമിലെ അതിസുന്ദരികളില്‍ പലരെയും പ്രവിശ്യകളിലെ ഗവര്‍ണ്ണര്‍മാര്‍ സമ്മാനമായി നല്‍കുന്നതാണ്. അതിസുന്ദരികളില്‍ പലരും കൌക്കാസി, ജോര്‍ജ്ജിയ,അബ്കാസ്സി വിഭാഗത്തില്‍പ്പെട്ടവരാണ്. അടിമത്തെരുവില്‍ നിന്ന് വാങ്ങിക്കൊണ്ട് വന്നവരോ, അല്ലെങ്കില്‍ അടിമക്കച്ചവടത്തെരുവില്‍ നിന്ന് തട്ടിക്കൊണ്ട് വന്നതോ അല്ലെങ്കില്‍ ദാരിദ്ര്യം മൂലം വില്‍ക്കപ്പെട്ടവരോ ആയിരുന്നു ഇവരില്‍ ഭൂരിഭാഗംപേരും. ആഡംബരജീവിതത്തിനും, അതിനായി സമ്പത്തും നേടാനും അടിമത്വത്തിലൂടെ സുല്‍ത്താന്‍റെ വെപ്പാട്ടികളാവാന്‍ പ്രചോദനം നല്‍കുന്ന കുടുംബങ്ങളും ജോര്‍ജ്ജിയയിലും അബ്കാസ്സിയിലും അന്നുണ്ടായിരുന്നു.

ഹറേമില്‍ എത്തപ്പെട്ട എല്ലാ അടിമകളും അവിടെയുള്ള സാമൂഹ്യഘടനയുടെ ഏറ്റവും അടിത്തട്ടില്‍ അറിയപ്പെടുന്ന ‘ഒഡാലിസ്ക്ക’ളായിരുന്നു. ഇവരെ സുല്‍ത്താന്‍റെ മുന്നില്‍ കാഴ്ചവെക്കാറില്ല. ഇവരില്‍ വളരെയധികം സൗന്ദര്യവും കലാപരമായ നൈപുണ്യമുള്ളവരുമുണ്ടെങ്കില്‍ ഭാവിയില്‍ വെപ്പാട്ടിയാകാനുള്ള വിദഗ്ധ പരിശീലനം കൊടുത്ത് തിരഞ്ഞെടുത്ത് നിറുത്താറുണ്ട്. സംഗീതം, നൃത്തം, സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, സുല്‍ത്താനെ സുഖിപ്പിക്കാന്‍ രതിജന്യതയില്‍ മിടുക്കിയാക്കിയെടുക്കാനുള്ള പരിശീലനം എന്നിവയായിരുന്നു മുഖ്യപരിശീലന വിഷയങ്ങള്‍. ഭാഗ്യമുണ്ടെങ്കില്‍ ഇവരില്‍ ചിലരൊക്കെ സുല്‍ത്താന്‍റെ മുന്നില്‍ എത്തിപ്പെടാറുണ്ട്,അല്ലെങ്കില്‍ സുല്‍ത്താന്‍റെ ഉയര്‍ന്ന ശ്രേണിയിലുള്ള വെപ്പാട്ടികളുടെ സേവകരായി ഇവര്‍ ശിഷ്ടകാലം ജീവിച്ചു തീര്‍ക്കണം.

ഹറേമിന്‍റെ ഘടനയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ വാലിദേ സുല്‍ത്താന്‍ തന്നെ. ഹറേമിന്‍റെ സംരക്ഷണവും, സമാധാന അന്തരീക്ഷ ചുമതലയും, കുട്ടികളുടെ വിദ്യാഭ്യാസവും അവരെ രാജഭരണത്തിനു പ്രാപ്തരാക്കലും ഇവരുടെ അധീനതയില്‍പ്പെട്ടതാണ്. സുല്‍ത്താന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അത് നേരിട്ട് ബോധിപ്പിക്കാന്‍ കഴിയാത്ത മന്ത്രിമാരും മുഫ്തിമാരും വാലിദേ സുല്‍ത്താനിലൂടെ അത് സാധിച്ചെടുക്കുമായിരുന്നു.

‘കദിനുകള്‍’ സുല്‍ത്താന്‍റെ പ്രേമഭാജനങ്ങളാണ്. പരമ്പരാഗതമായി നാല് കദിനുകളെ അനുവദനീയമായിരുന്നുള്ളു. ഇവര്‍ക്ക് ഏകദേശം ഭാര്യമാര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളിലുള്ള വീടുകളും,സേവകരായി ഹിജടകളും,അടിമകളും നല്‍കപ്പെട്ടിരുന്നു. എണ്ണമറ്റ വെപ്പാട്ടികള്‍ പൊതുവേ ഒരൊറ്റ രാത്രിക്ക് കാഴ്ചവെക്കപ്പെടുന്നവരാണ്. ഇവരില്‍ ആരെങ്കിലും ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കിയെങ്കില്‍ സുല്‍ത്താന്‍റെ കദീനായി അന്ഗീകരിക്കപ്പെടും. ഹറേമിലെ സ്ത്രീകളുടെ സ്ഥാനക്രമത്തില്‍ ഒഡാലിസ്ക് (കന്യകകള്‍), വെപ്പാട്ടികള്‍ (ഒരേയൊരു രാത്രിക്ക് നല്കപ്പെടുന്നവര്‍), ഇക്ബാള്സ്(പ്രിയപ്പെട്ടവള്‍) കദീനുകള്‍-പ്രേമഭാജനങ്ങള്‍ ഇങ്ങനെയായിരുന്നു ക്രമീകരിക്കപ്പെട്ടത്. ഇതിനു പുറമേ അന്ഗീകൃത ഭാര്യമാരും അവരുടെ സേവകരും കൊണ്ട് ഹറേം അധികാരത്തിന്‍റെ മറ്റൊരു കേന്ദ്രമായി മാറി.

ഏകദേശം അന്‍പത് ശതമാനം സ്ത്രീകള്‍ വിഹരിച്ച ഹറേമിന്‍റെ ഒരവിഭാജ്യ ഘടകമായിരുന്നു ഹിജഡകള്‍. അവരില്‍ കറുത്തവരും വെളുത്തവരുമുണ്ട്. ലിംഗച്ചേദം ചെയ്യപ്പെട്ട കറുത്ത ഹിജഡകള്‍ക്കാണ് ഹറേമിലെ സ്ത്രീകളുടെ സുരക്ഷാ ചുമതല. ലൈംഗീക ശേഷിയില്ലാത്തത് കൊണ്ട് സ്ത്രീകളുടെ ഇടയില്‍ ഇടപഴകാന്‍ ഇവര്‍ക്ക് വിലക്ക് ഉണ്ടായിരുന്നില്ല. വെളുത്ത ഹിജഡകള്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ ഹറേമില്‍ വ്യാപൃതരായിരുന്നു.

ഹിജഡകളില്‍ പലരും യുദ്ധത്തില്‍ പിടിക്കപ്പെട്ടവരോ, അടിമകളോ, ലിംഗച്ചേദം ചെയ്യപ്പെട്ടു ദാസ്യവേലക്ക് കൊണ്ട് വരപ്പെട്ടവരോ ആണ്. യുദ്ധത്തില്‍ പിടിക്കപ്പെട്ട വെള്ള ഹിജഡകള്‍ കൂടുതലായും വന്നിരുന്നത് ജോര്‍ജ്ജിയ, അര്‍മീനിയ,സോല്വാനിയ, ഹങ്കറി, കക്ക്വ്സിയ, എന്നിവിടങ്ങളില്‍ നിന്നാണ്. ബാള്‍ക്കന്‍ രാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ നിന്നാണ് ഇവരില്‍ ഏറെയും ഹറേമില്‍ എത്തിപ്പെട്ടിട്ടുള്ളത്.

കറുത്ത ഹിജഡകളില്‍പ്പെട്ടവര്‍ ഈജിപ്ത്, സുഡാന്‍,അബ്സീനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടെ എത്തിച്ചേര്‍ന്നത്..

കറുത്ത അടിമകള്‍ നൈല്‍ നദിയുടെ ഉത്തരഭാഗത്ത് നിന്നും തടവിലാക്കപ്പെട്ട് മെഡിറ്ററെനിയന്‍കടല്‍ വഴി ഇസ്താംബൂള്‍, ഇസ്മീര്‍,മക്ക, മദീന, ബെയ്റൂട്ട് എന്നീ സ്ഥലങ്ങളിലെ അടിമച്ചന്തകളിലേക്ക് നാടുകടത്തപ്പെട്ടിരുന്നു.

അടിമച്ചന്തകളിലെക്കുള്ള വഴിയേ ഇവരെ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉപയോഗിച്ച് ലിംഗച്ചേദം നടത്തി ഉദ്ദിഷ്ട സ്ഥലങ്ങളിലേക്ക് എത്തിച്ചു കൊടുത്തു.സുല്‍ത്താനും മുഖ്യവസീറും കഴിഞ്ഞാല്‍ രാജ്യത്തിലെ ഉന്നതപദവി നല്കിപ്പോന്നത് കറുത്ത ഹിജഡകളിലെ കിസ്ലാര്‍ അഗ എന്നറിയപ്പെടുന്ന മുഖ്യനാണ്. ഇമ്പീരിയല്‍ സേനയുടെ ചുമതലയുള്ള ഇദ്ദേഹത്തിന് സുല്‍ത്താനെ ഏതു സമയവും സമീപിക്കാനുള്ള അവകാശമുണ്ട്. സുല്‍ത്താനും വാലിദേ സുല്‍ത്താനും, മുഖ്യ വസീരിനും സുല്‍ത്താനുമിടയിലുള്ള സ്വകാര്യ സന്ദേശവാഹകനും കിസ്ലാര്‍ അഗയായിരുന്നു.

“കപിഅഗ” എന്നറിയപ്പെടുന്ന വെളുത്ത ഹിജഡ മുഖ്യനാണ് സുല്‍ത്താന്‍റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥരുടെ തലവന്‍. സുല്‍ത്താനിലേക്ക് വരുന്ന എല്ലാ ഭരണപരമായ രേഖകളും,പ്രമാണങ്ങളും കപിഅഗ അറിയാതെ കടന്നു പോവില്ല. ഹറേമിന്‍റെ ആതുരശാലയുടെ തലവനായ ഇദ്ദേഹത്തിനും സുല്‍ത്താനെ ഏത് സമയവും സമീപിക്കാന്‍ അവകാശമുണ്ടായിരുന്നു.

1299 മുതല്‍ 1923 വരെയുള്ള ഹറേമിന്‍റെ ചരിത്രത്തില്‍ ഒട്ടേറെപ്പറയാനുണ്ട്. ഓട്ടോമന്‍ സുല്‍ത്താന്‍മാരുടെ സാമ്ര്യാജ്യപതനത്തിനു വഴിതെളിയിച്ചതില്‍ പ്രധാന കാരണങ്ങളിലൊന്നായി ഹറേമിലെ ‘വാലിദേ സുല്‍ത്താന്‍റെ’ യും അധികാര തന്‍റെടമുള്ള കറുത്തതും വെളുത്തതുമായ ഹിജഡകളുടെയും അമിതമായ കൈകടത്തലുകളാണെന്ന് രേഖകള്‍ വെളിവാക്കുന്നു. സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ വെളുത്ത് ഹിജഡകളില്‍ നിന്ന് കറുത്തവരിലേക്ക് അധികാര കൈമാറ്റം നടത്തിയതും ഭരണകാര്യങ്ങളിലെ പിടിപ്പുകേടിലേക്ക് ഒരു കാരണമായി. ഓരോ സുല്‍ത്താന്‍റെയും കാലത്ത് വിസ്തീര്‍ണ്ണം അധികരിച്ചു വന്ന ഹറേമുകളും, അതിലെ ഉന്മാദജീവിതത്തിന്‍റെ സുഖലോലുപതയും, അധികാരവും, രാജ്യവും സേനയെയും ശ്രദ്ധിക്കാതെ പോയ സുല്‍ത്താന്മാരും, അനിയന്ത്രിതമായി രാജ്യകാര്യങ്ങളില്‍ ഇടപെട്ട സ്ത്രീകളും, അവര്‍ക്ക് കൂട്ടുനിന്ന വസീരുകളും വലിയൊരളവോളം സാമ്രാജ്യ തകര്‍ച്ചയ്ക്ക് കാരണമായി.

ചാഞ്ചല്ല്യം, അല്ലെങ്കില്‍ പരിവര്‍ത്തനശീലത സ്ത്രീകളിലെ ഒരു ഗുണമായും ദോഷമായും കരുതിപ്പോരുന്നവരുണ്ട്. ഹറേമിന്‍റെ അടുക്കും ചിട്ടയിലും, അതിലെ ഭരണപാളിച്ചകളിലും ഈ ഗുണവും ദോഷവും വര്‍ത്തിച്ചിട്ടുണ്ട്‌. പൂക്കളുടെ മിനുമിനുപ്പുള്ള സ്ത്രീമേനികളില്‍ പതിഞ്ഞു വീഴുന്ന ഇന്ദ്രിയ സുഖത്തില്‍ ഒരു രാജപതനവും ഒളിഞ്ഞിരിപ്പുണ്ടെന്ന് ഒടുവിലത്തെ പലസുല്‍ത്താന്മാരും അറിയാന്‍ വൈകിപ്പോയി. ചരിത്രം പിന്നെയും തുടര്‍ന്നു, ഹറേമിന്‍റെ ഭൂതകാല സ്മരണയില്‍ നിന്ന് ഹറേമില്ലാത്ത വര്‍ത്തമാന കാലത്തിന്‍റെ മറ്റൊരു ചരിത്രത്തിലേക്ക്

Loading Conversation