#

നദീം കോട്ടലത്ത്
കൊത്തുനേരം : May 05, 2017

പങ്കു വെയ്ക്കൂ !

പ്രേതവും ഇന്ത്യൻ നിയമവും

രണ്ടാം ലോകയുദ്ധ കാലത്താണ് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സ് ഒഡീഷയിലെ രാസ്ഗോവിന്ദ്പൂരിൽ ഒരു സൈനിക വിമാനത്താവളം ആരംഭിക്കുന്നത്. യുദ്ധം അവസാനിച്ചതോടെ ആ വിമാനത്താവളം ഉപേക്ഷിക്കപ്പെട്ട നിലയിലായി. അറുനൂറ് ഏക്കറോളം വരുന്ന ആ വിജന പ്രദേശം പ്രേതാലയം പോലെ അനാഥമായി തീർന്നു. പ്രേതാലയം പോലെ എന്നല്ല, വിമാനത്താവളം ഒരു പ്രേതാലയം തന്നെയാണെന്നായിരുന്നു സമീപവാസികൾ വിശ്വസിച്ചിരുന്നത്. വിമാനത്താവളത്തിനുള്ളിൽ പ്രേതത്തെ കണ്ടവരുണ്ടത്രേ. നാട്ടുകാർ പ്രേതത്തെ ഭയന്ന് പകൽ സമയങ്ങളിൽ പോലും ആ വഴി നടക്കാറില്ല.

1958 ഏപ്രിൽ മാസത്തിലായിരുന്നു ജഗത്ബന്ദു ചാറ്റർജിയും അയാളുടെ ജോലിക്കാരൻ രാം ബഹദൂർ താപയും രാസ്ഗോവിന്ദ്പൂരിലെത്തുന്നത്. വിമാനാവശിഷ്ടങ്ങൾ വിലകെട്ടി വാങ്ങാനായായിരുന്നു ആ വരവ്. രാസ്ഗോവിന്ദ്പൂരിലെത്തിയ അവരെ വരവേൽക്കുന്നത് പ്രേതഭൂതാതികളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളായിരുന്നു. ഗ്രാമവാസികളിൽ നിന്നും കേട്ട ഭീതിപ്പെടുത്തുന്ന കഥകൾ പക്ഷേ അവരിലുണ്ടാക്കിയത് ഒരുതരം ആവേശമായിരുന്നു. കേട്ടകേൾവി മാത്രമുള്ള പ്രേതഭൂതാതികളെ നേരിട്ട് കാണാനുള്ള ആവേശം. ആവേശം മൂത്ത അവർ കൃഷ്ണചന്ദ്ര എന്ന ഒരു ഗ്രാമവാസിയേയും കൂട്ടി ഒരു അർദ്ധരാത്രി വിമാനത്താവള പരിസരങ്ങളിൽ റോന്ത് ചുറ്റാനാരംഭിച്ചു. നാലാം ക്യാമ്പിന് അടുത്തെത്തിയപ്പോൾ നാനൂറ് മുഴം അകലെ ഒരു ജ്വാല മിന്നിമറയുന്നതായി കണ്ടു. ചുറ്റും നൃത്തം വെയ്ക്കുന്ന പ്രേതങ്ങളും!! "അതാ പ്രേതം" എന്ന് കൃഷ്ണചന്ദ്ര ആർത്തുവിളിച്ചു.

ഇത് കേട്ട് ഉന്മാദവാനായ രാം ബഹദൂർ അതിലേക്ക് പാഞ്ഞടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന ഗൂർഖ കത്തിയുപയോഗിച്ചു അവരെ ആക്രമിച്ചു. കൂടെയുണ്ടായിരുന്ന കൃഷ്ണചന്ദ്രക്കും കുത്തേറ്റു. പിന്നീട് അവിടെ ഉയർന്ന് കേട്ടത് കൂട്ടനിലവിളികളായിരുന്നു. താൻ ഇത്രയും നേരം ആക്രമിച്ചത് പ്രേതങ്ങളെ അല്ലെന്ന് രാം ബഹദൂറിന് അപ്പോഴാണ് ബോധ്യം വന്നത്. റാന്തൽ വിളക്കിന്റെ വെട്ടത്തിൽ പൂ ശേഖരിക്കുകയായിരുന്ന മജ്‌ഹി ഗോത്രത്തിൽ പെട്ട സ്ത്രീകളായിരുന്നു അവർ. രാം ബഹദൂറിന്റെ അക്രമത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേസ് കോടതിയിലെത്തി.

രാം ബഹദൂർ കരുതിയത് താൻ ആക്രമിക്കുന്നത് പ്രേതങ്ങളെയാണ്, മനുഷ്യരെ അല്ല എന്നായിരുന്നു. മനുഷ്യരെ കൊല്ലുക പോയിട്ട് ഉപദ്രവിക്കാൻ പോലും അയാൾക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. എന്ന് കരുതി അയാളെ കുറ്റവിമുക്തനാക്കാൻ ഒക്കുമോ? ഒരു സാധു സ്ത്രീയുടെ ജീവനാണ് രാം ബഹദൂറിന്റെ അന്ധവിശ്വാസം കവർന്നെടുത്തത്. ഈ പ്രേതഭൂത കഥകൾ കോടതി പരിഗണിക്കേണ്ടതുണ്ടോ?

ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സങ്കീർണമായ 79 ആം വകുപ്പാണ് രാം ബഹദൂറിന്റെ അഭിഭാഷകൻ പ്രയോഗിച്ചത്. നിയമത്താൽ ന്യായീകരിക്കപ്പെടുമെന്ന് കരുതി - ധാരണാ പിശക് മൂലം - ഉത്തമ വിശ്വാസത്തിൽ ഒരു പ്രവർത്തി ചെയ്താൽ അത് കുറ്റമാകില്ലെന്നാണ് 79 ആം വകുപ്പിന്റെ രത്നചുരുക്കം. രാം ബഹദൂറിന് പറ്റിയത് ഒരു ധാരണാ പിശക് ആണെന്നും 79 ആം വകുപ്പിന്റെ ആനുകൂല്യം അയാൾക്ക് നൽകണമെന്നും പ്രതിഭാഗം വാദിച്ചു. ഉത്തമ വിശ്വാസം (good faith) എന്ന ആശയത്തിൽ ഊന്നിയായിരുന്നു പ്രോസിക്യൂഷൻ വാദം. ശ്രദ്ധയും ജാഗ്രതയുമില്ലാതെ നടത്തിയ പ്രവർത്തിയെ ഉത്തമ വിശ്വാസത്തിലുള്ള പ്രവർത്തിയായി കണക്കാക്കാനാകിലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

അർദ്ധരാത്രി ഒരു ജ്വാലയുടെ ചുറ്റും കുറച്ച് രൂപങ്ങൾ കണ്ടാൽ പ്രേതമാണെന്ന് രാം ബഹദൂറിനെ പോലെ ഒരു അന്ധവിശ്വാസിക്ക് തോന്നുക സ്വാഭാവികമെന്ന് കോടതി നിരീക്ഷിച്ചു. അത്തരമൊരു അവസരത്തിൽ സൂക്ഷ്മ പരിശോധന നടത്തി പ്രേതമാണ് എന്ന് ഉറപ്പ് വരുത്താനൊന്നും ആരും മുതിരില്ല. കൂടെയുണ്ടായിരുന്ന ചാറ്റർജിയും കൃഷ്ണചന്ദ്രയും കരുതിയത് ആ ഗോത്ര വനിതകൾ പ്രേതങ്ങളാണ് എന്ന് തന്നെയായിരുന്നു. അന്ധവിശ്വാസിയായ രാം ബഹദുറിൽ നിന്ന് ഇതിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ധാരണാ പിശക് എന്ന വാദം അംഗീകരിച്ച കോടതി 79 ആം വകുപ്പിന്റെ ആനുകൂല്യം നൽകി രാം ബഹദൂറിനെ വെറുതെ വിട്ടു.

Loading Conversation