#

തരുൺ തങ്കച്ചൻ

കൊത്തുനേരം : Mar 16, 2016

പങ്കു വെയ്ക്കൂ !

അഭിമുഖം : ധന്യ രാമൻ / തരുൺ തങ്കച്ചൻ

------------------------------------------------------------

ധന്യ രാമൻ - സമകാലിക കേരളത്തിൽ, ആദിവാസി - ദളിത്‌ വിഷയങ്ങളിൽ ശ്രദ്ധേയവും ഫലപ്രദവുമായ ഇടപെടലുകൾ നടത്തുന്ന സാമൂഹ്യപ്രവർത്തക.

പൊൻവിളക്ക് ( പീ ആർ ഡീ എസ്സ് ഏളയ്ക്കാട് ശാഖ, യുവജനസംഘം ) മാസികക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നും ..


? സാമൂഹിക സേവന രംഗത്തേക്ക്‌ പ്രത്യേകിച്ച്‌ ആദിവാസി ദലിത്‌ മേഖലയിലേക്ക്‌ കടന്നു വരാനുണ്ടായ സാഹചര്യം പങ്കുവയ്‌ക്കാമോ?

കാസര്‍ഗോഡ്‌ ജില്ലയില്‍ കള്ളാറിലെ മുണ്ടോട്ട്‌ എന്ന സ്ഥലത്താണ്‌ ഞാന്‍ ജനിച്ച്‌ വളര്‍ന്നത്‌. അച്ഛന്‍ ഒരു പൊതു പ്രവര്‍ത്തകനായിരുന്നതിനാല്‍ രാവിലെ മുതല്‍ തന്നെ പരാതികളുമായി ദലിത്‌ ആദിവാസി വിഭാഗങ്ങളും അതിലുപരി മറ്റ്‌ വിഭാഗങ്ങളില്‍ നിന്നും നിരവധി സന്ദര്‍ശകര്‍ വരുന്നത്‌ പതിവായിരുന്നു. എന്റെ ഒരു ദിവസം ആരംഭിക്കുന്നത്‌ ഇവരിലൂടെയായിരുന്നു. വരുന്ന സന്ദര്‍ശകരില്‍ പൊതുജനവിഭാഗങ്ങളെക്കാള്‍ നമ്മുടെ ആളുകള്‍ വളരെ വികാരാധീനരായും പൊട്ടിക്കരഞ്ഞും നിലവിളിച്ചും ആയിരുന്നു അവരുടെ സങ്കടങ്ങള്‍ പറഞ്ഞിരുന്നത്‌. എന്തെന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. ഭൂമി കയ്യേറുക, സ്‌ത്രീകള്‍ മാനഭംഗത്തിന്‌ ഇരയാവുക, മര്‍ദ്ദത്തിന്‌ ഇരയാവുക, പോലീസ്‌ കേസുകളില്‍ കുടുക്കുക, കൊല്ലുക തുടങ്ങി ആര്‍ക്കും എന്തും ചെയ്‌തുപോകാന്‍ പറ്റുന്ന കുറെ മനുഷ്യരായിട്ടാണ്‌ ചെറുപ്പത്തില്‍ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. എന്റെ ഭാഷ തുളു ആണ്‌. വരുന്ന നമ്മുടെ ആളുകള്‍ക്ക്‌ എഴുതുവാനോ വായിക്കുവാനോ അറിവുണ്ടാവില്ല. അവര്‍ക്കുവേണ്ടി പരാതികള്‍ എഴുതിയാണ്‌ ഞാന്‍ മലയാളം പഠിച്ചത്‌. അത്തരം പരാതി എഴുത്തിലൂടെ ചെറുപ്പത്തില്‍ത്തന്നെ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട്‌ കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിഞ്ഞു. എന്റെ വ്യക്തി രൂപീകരണത്തില്‍ ഈ സംഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്‌. അന്ന്‌ തിരുവനന്തപുരം, മുഖ്യമന്ത്രി, ഗവണ്‍മെന്റ്‌ തുടങ്ങിയ വാക്കുകള്‍ നമ്മളില്‍ നിന്നും വളരെ ദൂരത്താണെന്നോ അപ്രാപ്യമായതെന്തോ ആണെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ കരുത്തുണ്ടെങ്കില്‍ ഏത്‌ അധികാരികളുടെ മുമ്പില്‍ ചെന്ന്‌ അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതും ചോദിച്ച്‌ അത്‌ നടപ്പില്‍ വരുത്തുവാന്‍ ഏതൊരു വ്യക്തിക്കും സാധിക്കും എന്ന്‌ പില്‍ക്കാലത്ത്‌ അനുഭവത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കി. സ്‌കൂള്‍ പഠനകാലത്ത്‌ പരിമിതമായ ജീവിത സാഹചര്യങ്ങളിലും ഞാനും എന്റെ സഹോദരങ്ങളും എപ്പോഴും സേവന സന്നദ്ധരായിരുന്നു.

പിന്നീട്‌ ഹോസ്റ്റല്‍ പഠനകാലത്ത്‌ സഹപാഠകരിൽ നിന്നും വേര്‍തിരിവും ഒറ്റപ്പെടുത്തലും ഉണ്ടായിട്ടുണ്ട്‌. ഒരിക്കല്‍ എന്റെ സഹപാഠി എന്നോട്‌ എന്തുകൊണ്ടാണ്‌ ഹോസ്റ്റല്‍ഫീസ്‌ അടയ്‌ക്കാത്തതെന്ന്‌ ചോദിച്ചപ്പോള്‍ പട്ടികജാതിക്കാരി ആയതിനാല്‍ വകുപ്പ്‌ ആണ്‌ ഫീസ്‌ അടയ്‌ക്കുന്നതെന്ന്‌ ഞാന്‍ മറുപടി കൊടുത്തു. അന്നുമുതല്‍ അവര്‍ എന്നെ ഒറ്റപ്പെടുത്തുവാന്‍ തുടങ്ങി. ഞാന്‍ ആലോചിക്കുന്നത്‌ അവരുടെ മാതാപിതാക്കള്‍ എന്ത്‌ മൂല്യങ്ങളാണ്‌ അവരെ പഠിപ്പിച്ചിട്ടുള്ളത്‌ എന്നാണു ?. ഒരുവന്റെ/ഒരുവളുടെ ഇല്ലായ്‌മയെ അംഗീകരിക്കാനും പരസ്‌പര സൗഹൃദം കൊണ്ട്‌ അതിനെ മറികടക്കാനും എന്തുകൊണ്ട്‌ അവര്‍ ശ്രമിക്കുന്നില്ല. അത്രയും പ്രതികരണശേഷി ഉണ്ടായിരുന്ന എന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ പേടിച്ചു പിന്‍മാറി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്ന ചിന്തയില്‍ നിന്നായിരിക്കാം അവര്‍ക്കുവേണ്ടിയുള്ള ശബ്‌ദമാകണമെന്ന തീരുമാനത്തില്‍ എത്തിയതെന്ന്‌ തോന്നുന്നു. അത്തരം സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവർത്തിക്കാനാണ്ഗ്രഹം.എന്തെന്നാല്‍ ഡോ.ബി.ആര്‍. അംബ്‌ദേക്കര്‍ പറഞ്ഞത്‌ ഒരു സമൂഹത്തിന്റെ പുരോഗതി ആ സമൂഹത്തിലെ സ്‌ത്രീയുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും എന്നാണ്‌. അതില്‍ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.? ആധുനിക യുഗത്തില്‍ നവജാതിയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്‌ ഹൈദരാബാദ്‌ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത്‌ വെമുല. ജാതിയില്ലെന്ന്‌ പറയുകയും എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും വിവേചനം വെച്ചുപുലര്‍ത്തുന്ന നവജാതീയത പൊതുമനസ്സില്‍ എത്രമാത്രം രൂക്ഷമാണ്‌ ?

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടയില്‍ അഞ്ച്‌ സര്‍വ്വകലാശാലകളിലായിട്ട്‌ 22 വിദ്യാര്‍ത്ഥികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. എന്തുകൊണ്ട്‌ ഒരു രോഹിത്‌ വെമുല ഉണ്ടാകുന്നു, രോഹിത്ത്‌ നായരുണ്ടാവുന്നില്ല. എന്തുകൊണ്ടാണ്‌ പെരിഞ്ചാംകുട്ടിയിലെ അമ്മൂമ്മ കണ്ണീരൊലിപ്പിച്ച ചിത്രം നാം കാണേണ്ടി വരുന്നു. എന്തുകൊണ്ട്‌ ഒരു നായര്‍/ ക്രിസ്‌ത്യന്‍/ മുസ്ലീം അമ്മയ്‌ക്ക്‌ ഇരിക്കേണ്ടി വരുന്നില്ല. അതുപോലെ തന്നെ ഒരു ദീപാ നായര്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ വേര്‍തിരിവ്‌ ഉണ്ടാകുന്നില്ല. ജാതി അത്രമാത്രം രൂക്ഷമായിട്ട്‌ പൊതുബോധത്തില്‍ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവുകളാണിതൊക്കെയും. എപ്പോഴൊക്കെ ദലിതര്‍, ആദിവാസികള്‍ ചെറുത്തു നില്‍ക്കുവാനും മുന്നേറുവാനും ശ്രമിക്കുന്നുവോ അപ്പോഴൊക്കെയും പ്രത്യക്ഷമായോ പരോക്ഷമായോ ജാതീയത പുറത്തുവരുന്നതായി കാണാം. നിരവധി പട്ടികജാതി വര്‍ഗ്ഗ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം കിട്ടാതെ പോകുന്നത്‌ നേരില്‍ കണ്ടതാണ്‌.


? രോഹിത്‌ വെമുലയുടെ ആത്മഹത്യയില്‍ അപലപിക്കുന്നവര്‍ ഇവിടെ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ. പി. മോഹന്‍ നേരിടുന്ന ജാതീയ വിവേചനത്തെ കണ്ടില്ലെന്നു നടിക്കുന്ന സ്ഥിതിവിശേഷത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇവിടെ ശ്രദ്ധിക്കേണ്ട വസ്‌തുത എന്തെന്നാല്‍ നമ്മളെ ആക്രമിക്കുന്നത്‌ ഒരു വ്യക്തി ആണെങ്കില്‍ക്കൂടി ആ വ്യക്തി പ്രസ്‌ഥാനത്തെ കൂട്ടുപിടിക്കുന്നതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാവുകയാണ്‌. പ്രസ്‌ഥാനമാവട്ടെ വ്യക്തിയെ തിരുത്താന്‍ മുതിരാതെ അക്രമത്തിന്‌ നേതൃത്വം കൊടുക്കുന്ന അവസ്ഥ ഉണ്ടായപ്പോഴാണ്‌ ദീപയ്‌ക്ക്‌ ഇത്രയധികം ശക്തിയായി പ്രതിരോധിക്കേണ്ടി വന്നത്‌. ഈ വിഷയുമായി ബന്ധപ്പെട്ട്‌ ദീപ എന്നെ സമീപിച്ചപ്പോള്‍ തന്നെ ഞാന്‍ എ.ഡി.ജി.പി ബഹ്‌റ സാറിനോട്‌ നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. അദ്ദേഹമാണ്‌ ലീവിലായിരുന്ന കോട്ടയം എസ്‌.പിയെ വിളിച്ച്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ചെയ്‌തത്‌. കേസ്‌ അട്രോസിറ്റീസ്‌ എന്ന നിലയില്‍ത്തന്നെ മുമ്പോട്ട്‌ പോകുന്നുണ്ട്‌. നിസ്സാര കാരണങ്ങള്‍ക്കുപോലും അദ്ധ്യാപകരെ സസ്‌പെന്റ്‌ ചെയ്യുന്ന എം.ജി. യൂണിവേഴ്‌സിറ്റി പോലീസ്‌ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്‌തിട്ടുകൂടി ഈ കാര്യത്തില്‍ നിസംഗത പാലിച്ചത്‌ ജാതീയതകൊണ്ട്‌ മാത്രമാണ്‌.


? രോഹിത്‌ വെമുല പ്രതിനിധാനം ചെയ്‌തിരുന്ന വിദ്യാര്‍ത്ഥി സംഘടനയായ അംബേദ്‌ക്കര്‍ സ്റ്റുഡന്‍സ്‌ അസോസിയേഷന്‍ കേരളത്തിലെ ക്യാമ്പസുകളല്‍ ആരംഭിക്കുന്നതിന്റെ സാധുതയെപ്പറ്റി എ ന്താണഭിപ്രായം?

നിലവില്‍ ഏതാണ്ട്‌ മുപ്പതോളം ക്യാമ്പസുകളില്‍ അതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ ക്യാമ്പസുകളിലും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ്‌ ലഭിച്ചത്‌. ചില ക്യാമ്പസുകളില്‍ നേരിട്ട്‌ പോകാതെ തന്നെ കുട്ടികള്‍ സന്നദ്ധരായി മുമ്പോട്ട്‌ വന്നു. മെഡിക്കല്‍ കോളേജില്‍ ഡോക്‌ടര്‍മാരാണ്‌ എനിക്ക്‌ കോര്‍ഡിനേറ്റ്‌ ചെയ്‌ത്‌ തന്നത്‌. അതുപോലെ തൃശൂരുള്ള യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകര്‍ തന്നെ കുട്ടികളുടെ വിവരങ്ങള്‍ എടുത്ത്‌ എന്റെ ജോലി എളുപ്പമാക്കിത്തന്നു. അടുത്ത നടപടി എന്നത്‌ എല്ലാ ദലിത്‌ ആദിവാസി സംഘടനകളുടെ (നേതാക്കന്മാരോട്‌) അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ആരായുക എന്നതാണ്‌. അതിനുശേഷം അവരുടെ പിന്തുണയോടെയും സാന്നിദ്ധ്യത്തിലും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും.


? തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയെന്ന്‌ അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എങ്ങനെയാണ്‌ ചിത്രലേഖയ്‌ക്ക്‌ എതിരായത്‌?

ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെ ഉപയോഗിച്ച്‌ വളര്‍ന്നൊരു പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. അവരുടെ അംഗബലം എന്നു പറയുന്നത്‌ തന്നെ പട്ടികജാതിക്കാരായിരുന്നു. എന്നാല്‍ പാര്‍ട്ടി വളര്‍ന്നപ്പോള്‍ അവരുടെ മുതലാളിത്തം ദലിതര്‍ക്കു നേരെ തിരിയുന്ന സാഹചര്യമുണ്ടായി. വര്‍ഗ്ഗബോധമെന്ന സംഞ്‌ജയെ മുന്‍നിര്‍ത്തി അവര്‍ ജാതിയെ/ജാതീയതയെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോഓടിക്കാന്‍ സി.പി.ഐ.എം അംഗത്വം വേണമെന്ന വാശിക്ക്‌ വഴങ്ങി ചിത്രലേഖ അംഗത്വം വരെ എടുത്തിരുന്നു. അവിടെ അംഗത്വം ആയിരുന്നില്ല പ്രശ്‌നം മറിച്ച്‌ ജാതിയായിരുന്നു. പ്രത്യക്ഷവും രൂക്ഷവുമായുള്ള കടന്നാക്രമണങ്ങളെ ചിത്രലേഖ ചെറുക്കുവാനും പ്രതികരിക്കുവാനും തുടങ്ങിയതോടെയാണ്‌ സവര്‍ണ്ണബോധം അവര്‍ക്കെതിരായി ശക്തമായി ഉയര്‍ന്നത്‌.അത്‌ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ ശക്തിയാര്‍ജിക്കുകയായിരുന്നു. മറ്റെല്ലാ രാഷ്‌ട്രീയത്തെപ്പോലെ കമ്മ്യൂണിസത്തെയും ഞാന്‍ അംഗീകരിക്കുന്നില്ല. എല്ലാ ദലിത്‌ ആദിവാസി വിഭാഗങ്ങള്‍ ഒരു കുടക്കീഴിലാവുന്ന ദലിത്‌ രാഷ്‌ട്രീയത്തോടാണ്‌ എനി ക്ക്‌ താല്‍പ്പര്യം.


? പട്ടികജാതി വര്‍ഗ്ഗ വികസനത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്രീകരിച്ച്‌ ഫണ്ടുകള്‍ അനുവദിച്ചുണ്ടല്ലോ. എന്നിട്ടും അവയൊന്നും ഫലം കാണാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌?

ഏതാണ്ട്‌ ഒരു ലക്ഷം കോടി രൂപയ്‌ക്ക്‌ മുകളില്‍ പട്ടികജാതി വര്‍ഗ്ഗ വികസനത്തിന്റെ പേരില്‍ ഇതുവരെ സര്‍ക്കാര്‍ ചലവാക്കിയുട്ടുണ്ടെന്നാണ്‌ കണക്ക്‌. ഈ അഴിമതി ഇന്നുതുടങ്ങിയതല്ല. വകുപ്പ്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഉള്ളതാണ്‌. ഈ പൈസ എന്‍.ജി.ഒ കളുടെ രൂപത്തിലാണ്‌ പുറത്തേക്ക്‌ പോയിട്ടുള്ളത്‌. വിദേശത്ത്‌ പോയി ജോലി മതിയാക്കി വന്ന ഒരു കൊച്ചമ്മയ്‌ക്ക്‌ ബ്യൂട്ടിപാര്‍ളര്‍ തുടങ്ങാന്‍ പത്തു ലക്ഷം രൂപ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കൊടുത്ത ചരിത്രമുണ്ട്‌. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏതാണ്ട്‌ നാനൂറോളം ബിരുദധാരികളുടേയും പ്രൊഫഷണല്‍ ബിരുദധാരികളുടേയും ലിസ്റ്റ്‌ ഞാനും കളക്‌ടര്‍ കേശവേന്ദ്രയും ചേര്‍ന്ന്‌ ഉണ്ടാക്കിയിരുന്നു. അവരുടെ ഏതെങ്കിലും പ്രോജക്‌ടുകളോ, ബോ ധവല്‍ക്കരണ ക്ലാസ്സുകളോ, ക്രസ്റ്റ്‌ പോലെയുള്ള സ്ഥാപനങ്ങള്‍ നടത്താനുള്ള പ്രോജക്‌ട്‌ സമര്‍പ്പിക്കുമ്പോള്‍ അത്‌ അവഗണിക്കപ്പെടാറാണ്‌ പതിവ്‌. ഡോക്‌ടറേറ്റ്‌ ഉള്‍പ്പെടെ നേടിയവരോടാണ്‌ ഈ വിവേചനം. ആദിവാസികള്‍ക്ക്‌ ഇതിന്റെ പൂര്‍ണ്ണമായുള്ള ആനുകൂല്യം, ഗുണം ലഭിക്കരുതെന്ന്‌ കരുതുന്ന ഒരു ഗ്രൂപ്പ്‌ ഉണ്ട്‌. അവരാണ്‌ ഇതിന്‌ തടസ്സമായി നില്‍ക്കുന്നത്‌. ഈ സിസ്റ്റത്തെ പതിയെ പൊളിക്കേണ്ടതുണ്ട്‌. കുട്ടികളുടെ യൂണിഫോം തുന്നാന്‍ ആദിവാസി സ്‌ത്രീകളെത്തന്നെ ഏല്‍പ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതിന്റെ ഫലമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ത്തന്നെ കണ്ണൂരില്‍ ഒരു പേപ്പര്‍ ബാഗ്‌ നിര്‍മ്മാണശാലയും കുട്ടികളുടെ യൂണിഫോം തയ്യാറാക്കാനും തയ്യല്‍ പഠിക്കാനും സൗകര്യമുള്ള ഒരു സ്ഥാപനവും തുടങ്ങുന്നതായി ട്രൈബല്‍ ഡയറക്‌ടര്‍ പറഞ്ഞിട്ടുണ്ട്‌. പിന്നീട്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കും (ഓരോ പൈസയുടെയും ഉപകാരം നേരിട്ട്‌ ആദിവാസികള്‍ക്ക്‌ കിട്ടുന്ന രീതിയിലേക്ക്‌ അവരുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കേണ്ടതുണ്ട്‌).? ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ട്‌ സ്ഥാപിച്ച എം.ആര്‍.എസ്‌ പോലുള്ള സ്ഥാപനങ്ങളുടെ അവസ്ഥയെന്താണ്‌?


ഒരമ്മയും തന്റെ മക്കളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹിക്കില്ല. തിരിച്ച്‌ മക്കളും അങ്ങനെതന്നെ. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെയാണ്‌ പലരും ഹോസ്റ്റലുകളിലും എം.ആര്‍.എസുകളിലും കുട്ടികളെ പഠിക്കാന്‍ വിടുന്നത്‌. എന്നാല്‍ കുട്ടികളുടെ അവസ്ഥകളെപ്പറ്റി അവിടുത്തെ അദ്ധ്യാപകര്‍ക്കോ ആയമാര്‍ക്കോ അറിവില്ലാത്തതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം. ഏതാണ്ട്‌ അറുപത്‌ ശതമാനത്തോളെ എം.ആര്‍.എസുകളില്‍ പോയി പ്രശ്‌നങ്ങള്‍ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കി അവ തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യയിലെ ഏക പട്ടികവര്‍ഗ്ഗ സി.ബി.എസ്‌.സി എം.ആര്‍.എസാണ്‌ ഞാറനീലി എം.ആര്‍.എസ്‌. അവിടൊരു കുട്ടി ആത്മഹ്‌ത്യയ്‌ക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കൊപ്പം അവിടം സ ന്ദര്‍ശിച്ചിരുന്നു. അവിടുത്തെ ഏതാണ്ട്‌ നാനൂറോളം കുട്ടികളെ ഒരു ഹാളിലേക്ക്‌ മാറ്റി അവരോട്‌ പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം നൂറ്റി ഇരുപതോളം പരാതികള്‍ കുട്ടികളില്‍ നിന്നും ലഭിച്ചു. അതിനുവേണ്ട നടപടികള്‍ എടുത്തതിനോടൊപ്പം മുപ്പതു നിര്‍ദ്ദേശങ്ങള്‍ ചൈല്‍ഡ്‌ റൈറ്റ്‌സ്‌ കമ്മീഷനും എസ്‌.സി.എസ്‌.റ്റി കമ്മീഷനും നല്‍കി. ട്രൈബല്‍ ഡയറക്‌ടര്‍, വകുപ്പ്‌ മന്ത്രി അടക്കമുള്ളവര്‍ എന്റെ ഇടപെടലിനെത്തുടര്‍ന്ന്‌ ഹോസ്റ്റലില്‍ എത്തുകയും നിര്‍ദ്ദേശങ്ങല്‍ സമയബന്ധിതമായി നടപ്പിലാക്കുവാനും കഴിഞ്ഞു. കുട്ടി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌ പ്രിന്‍സിപ്പാള്‍ മാനസികമായി കുട്ടികളെ പീഢിപ്പിക്കുന്നതിനാലാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന്‌ അവരെ ജോലിയില്‍നിന്നും പിരിച്ചു വിട്ട്‌ ഉത്തരവായി. മറ്റൊരു എം.ആര്‍.സായ വടശ്ശേരിക്കര എം.ആര്‍.എസ്‌ ക്യാമ്പസില്‍ ചെന്നപ്പോള്‍ കണ്ടത്‌

അവിടെ മുട്ടോളം കാട്‌. മൂന്ന്‌ നിലയുള്ള കെട്ടിടത്തി ന്റെ മുകളില്‍ നിന്നും കക്കൂസിന്റെ പൈപ്പ്‌ പൊട്ടി മാലിന്യം ഭിത്തിവഴി താഴേക്ക്‌ ഒഴുകി വയറിംഗ്‌ നശിച്ച്‌ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.തൊട്ടടുത്താണ്‌ അടുക്കള അവിടെ പ്രാതലിനായി തയ്യാറാക്കിയ ഇഡ്ഡലി കൂനകൂട്ടി ഇട്ടിരിക്കുന്നു. രാവിലെ കുട്ടികളെ എണീപ്പിക്കുന്നത്‌ ഒരു വലിയ തടികൊണ്ട്‌ കട്ടിലിലടിച്ച്‌ അസഭ്യം പറഞ്ഞുകൊണ്ടാണ്‌.

ഇതു മനസ്സിലായതിനെത്തുടര്‍ന്ന്‌ കര്‍ശ്ശന നടപടികള്‍ എടുക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്‌തു. കാടൊക്കെ വെട്ടി തെളിയിക്കുകയും പൊട്ടിയ പൈപ്പുകള്‍ മാറ്റി പുതിയത്‌ സ്ഥാപിക്കുകയും ചെയ്‌തു. ഒപ്പം കുട്ടികള്‍ക്ക്‌ കായിക, സംഗീത ഉപകരണങ്ങള്‍ വാങ്ങുകയും അവ അഭ്യസിക്കാനായി പ്രത്യേകം അദ്ധ്യാപകരെ നിയമിക്കുകയും ചെയ്‌തു. ഇത്തരം ചെറുതും വലുതുമായ മാറ്റങ്ങള്‍ ഉണ്ടാക്കാനായത്‌ തന്നെയാണ്‌ എന്റെ വിജയം എന്നു വിശ്വസിക്കുന്നു.


? ആദിവാസി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന അവിവാഹിത അമ്മമാരുടെയും ബലാല്‍സംഗ കേസുകളുടെയും കണക്ക്‌ വളരെ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതല്ലേ?

അവിവാഹിത അമ്മമാരെപ്പറ്റി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായത്‌ അവര്‍ താമസിക്കുന്ന ഇടങ്ങളിലേക്ക്‌ ആര്‍ക്കും കയറി ചെല്ലാവുന്ന അവസ്ഥയാണെന്നാണ്‌. ഡി.ജി.പി യുമായി ബന്ധപ്പെട്ട്‌ മുഴുവന്‍ ഊരുകളിലേക്കും പോലീസിന്റെ നിരീക്ഷണം നിര്‍ബന്ധമാക്കി. 135 തവണയോളം എന്റെയൊപ്പം വനിതാ സെല്‍ ഡി.വൈ.എസ്‌.പി ഉഷാകുമാരി വന്നിരുന്നു. അത്തരം യാത്രകളൊക്കെയും മറക്കാനാവത്ത അനുഭവങ്ങളാണ്‌.

വിതുരയിലുള്ള ഒരു ഉള്‍ക്കാട്ടില്‍ അനാഥയായ ഒരു പെണ്‍കുട്ടിയെ തടിവെട്ടാന്‍ വന്ന നാലുപേര്‍ മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന്‌ ഗര്‍ഭിണിയാവുകയും ചെയ്‌ത സംഭവം ഞെട്ടലുളവാക്കുന്നവയായിരുന്നു. ആ പെണ്‍കുട്ടി സ്വയം പുല്ലുകൊ ണ്ട്‌ മറയുണ്ടാക്കി അവിടുത്തെ ചെളിത്തറയില്‍ത്തന്നെ പ്രസവിക്കുകയും വാക്കത്തികൊണ്ട്‌ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി അറുത്തിട്ട്‌ താഴെയുള്ള തോട്ടില്‍ കൊണ്ടുപോയി കുഞ്ഞിനെ കഴുകി ചെളിത്തറയില്‍ കിടത്തി അതേ വാക്കത്തിയെടുത്ത്‌ കാട്ടില്‍പ്പോയി മുതുവാന്‍കിഴങ്ങ്‌ വെട്ടിക്കൊണ്ടു വന്ന്‌ അത്‌ പുഴുങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ ഞാനും പോലീസുകാരും കയറിച്ചെല്ലുന്നത്‌. ചോരയില്‍ കുതിര്‍ന്ന്‌ നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട്‌ ഒരു വനിതാ പോലീസ്‌ ബോധംകെട്ട്‌ വീണു.

ഉടന്‍തന്നെ ആശുപത്രിയില്‍ നിന്ന്‌ ഡി.എം.ഒ യെയും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരേയും വരുത്തി അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്‌തു. മാനഭംഗംചെയ്‌ത നാലുപേര്‍ക്കെതിരെ കേസും രജിസ്‌റ്റര്‍ ചെയ്‌തു. നിലവില്‍ അവര്‍ ഷെല്‍റ്റര്‍ ഹോമിലാണ്‌. വകുപ്പിന്റെ നേതൃത്വത്തില്‍ അവര്‍ക്കായി അനുവദിച്ച വീടിന്റെ പണി പുരോഗിച്ചുകൊണ്ടിരിക്കുന്നു ഒപ്പം അവര്‍ക്ക്‌ കഴിയുന്ന സ്വയം തൊഴില്‍ ലഭ്യമാക്കി അവരെ സംരക്ഷിക്കാനാണ്‌ തീരുമാനം.

തിരുവനന്തപുരത്ത്‌ കുറ്റിച്ചല്‍ എന്ന സ്ഥലത്ത്‌ നിന്ന്‌ 32 കി.മി. ഉള്ളില്‍ അഗസ്‌ത്യര്‍ വനത്തില്‍ 32 സെറ്റില്‍മെന്റാണ്‌ ഉള്ളത്‌. അഗസ്‌ത്യ വനത്തിലെ പ്രശ്‌നം അവിടെ വരുന്ന ഡ്രൈവര്‍മാര്‍ അവിടുത്തെ സ്‌ത്രീകളെ ചൂഷണം ചെയ്യുന്നതാണ്‌ (2011-ല്‍ 937 റേപ്പ്‌ കേസുകളാ ണ്‌ രജിസ്‌ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്‌). രണ്ട്‌ ബലാല്‍സംഗ കേസുകളില്‍ മൂന്ന്‌ പെണ്‍കുട്ടികലെ മാനഭംഗത്തിനിരയാക്കിയ ആദ്യത്തെ കേസില്‍ ഡ്രൈവറടക്കം അഞ്ചുപേരെ അറസ്റ്റ്‌ ചെയ്‌തു. രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടി എങ്ങനെയോ ര ക്ഷപെട്ടു വന്നു. അതിലെ മൂന്ന്‌ പ്രതികളും ഡ്രൈവര്‍മാര്‍ ആയിരുന്നു. രണ്ട്‌ ചെക്ക്‌പോസ്റ്റുള്ള അഗസ്‌ത്യര്‍ വനത്തിലേക്ക്‌ രാത്രിയില്‍ ജീപ്പ്‌ കയറ്റി വിടുന്നതില്‍ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്‌. ആദിവാസികളോട്‌ എന്തുമാകാമെന്ന മനോഭാവം വച്ചുപുലര്‍ത്തു ന്ന അത്തരം ഉദ്യോഗസ്ഥര്‍ ബലാല്‍സംഗ പ്രതികള്‍ക്ക്‌ തുല്യരായ കുറ്റക്കാര്‍ തന്നെയാണ്‌. അന്ന്‌ രക്ഷപെട്ട്‌ വന്ന പെണ്‍കുട്ടിയുമായി ഞാന്‍ നെയ്യാര്‍ പോലീസ്‌ സ്റ്റേഷനില്‍ രാത്രി 10 മണി വരെ ഇരുന്നു. അതിനുള്ളില്‍ എസ്‌.ഐ മൂന്ന്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കുകയും എഫ്‌.ഐ.ആര്‍ ഫയ ല്‍ ചെയ്‌ത്‌ റിമാന്റ്‌ ചെയ്യുകയും ചെയ്‌തു. അതിന്‌ ശേഷം അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.


? കുറച്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അട്ടപ്പാടിയിലെ ശിശുമരണം സമൂഹ മനസ്സാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചത്‌ നമ്മള്‍ മറന്നിട്ടില്ല. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മതിയായ നടപടികള്‍ ഉണ്ടായിട്ടുണ്ടോ?

ഒരുപക്ഷേ നമ്മള്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങളെ മാത്രമായിരിക്കാം കേട്ടിരിക്കുക. അതിലും ഭീകരമായ അവസ്ഥയാണ്‌ വയനാട്ടിലുള്ളത്‌. അവിടെ പണിയ സമുദായമാണ്‌ ഏറ്റവും കൂടുതലുള്ളത്‌. പണിയ വിഭാഗത്തില്‍ നിന്നും കാട്ടുനായ്‌ക്കര്‍ വിഭാഗത്തില്‍ നിന്നും ഉള്ള കുട്ടികളാണ്‌ ഏറ്റവും കൂടുതല്‍ മരിച്ചിട്ടുള്ളത്‌. വയനാട്ടിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍ത്തന്നെ ചികിത്സ കിട്ടാതെ പതിമൂന്ന്‌ പേര്‍ മരിച്ചിട്ടുണ്ട്‌. 357 സ്റ്റാഫിനെ വയനാട്ടിലെ ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ വേണ്ടി മാത്രമായി നിയമിച്ചിട്ടുള്ള സാഹചര്യത്തിലാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്‌. അവരുടെ അനാസ്ഥയെ വകുപ്പിനു മുമ്പില്‍ ചൂണ്ടിക്കാണിച്ചതിന്റെ ഫലമായി ഇപ്പോള്‍ സ്ഥിതി മുന്‍പത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്‌.

? ഇത്തരം പ്രവര്‍ത്തനങ്ങല്‍ക്ക്‌ ആദിവാസി ദലിത്‌ സംഘടനകളുടെ പിന്തുണ എത്രമാത്രം സഹായകരമാകുന്നുണ്ട്‌?

ആദിവാസി സമൂഹത്തിനിടയില്‍ എന്റെ പ്രവര്‍ത്തന ഫലമായിട്ട്‌ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ആദിവാസി സംഘടനകള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതിനാല്‍ അവര്‍ എന്നെ പൂര്‍ണ്ണമായും പിന്തുണയ്‌ക്കുന്നുണ്ട്‌. ദലിത്‌ മേഖലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അവരുടെ കേസുകളില്‍ ഇടപെടുകയും അവര്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കാനുമൊക്കെ ഞാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷേ അത്‌ നിശബ്‌ദമായിട്ടാണ്‌. എന്തെന്നാല്‍ ദലിതര്‍ക്കായി നിരവധി സംഘടനകള്‍ നിലവിലുണ്ട്‌. എന്നാല്‍ അത്തരം സംഘടനകളില്‍ നിന്നും ദലിതര്‍ക്ക്‌പോലും പിന്തുണ കിട്ടാത്ത സാഹചര്യം ഇന്നുണ്ട്‌. അതുകൊണ്ടു തന്നെ എനിക്കും പിന്തുണ കിട്ടിയിട്ടില്ല. ഉപജാതികള്‍ക്കപ്പുറം ദലിതര്‍ ഏവരും ഒന്നിക്കണമെന്ന്‌ ആഗ്രഹമുള്ള ചെറിയ സംഘടനകളില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്‌. സവര്‍ണ്ണ വിഭാഗം ആളുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണ പോലും ദലിത്‌ സംഘടനകളില്‍ നിന്നും ലഭിച്ചിട്ടില്ല. അതൊരു ജനറ്റിക്കല്‍ പ്രശ്‌നമായിട്ട്‌ കാണാനാണ്‌ എനിക്കിഷ്‌ടം.

? രാഷ്‌ട്രീയമായും കായികമായും ശക്തരായ പ്രതിയോഗികളോട്‌ നേര്‍ക്കുനിന്ന്‌ ഏറ്റുമുട്ടുമ്പോള്‍ അവരില്‍ നിന്ന്‌ ഭീഷണികളോ ആരോപണങ്ങളോ ഉണ്ടാവാറുണ്ടോ?

ഏറ്റവും കൂടുതല്‍ ഇടപെടേണ്ടി വരുന്നത്‌ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളിലാണ്‌. ഇടുക്കി കട്ടപ്പന സ്‌കൂളിന്റെ രണ്ടര ഏക്കര്‍ ഭൂമി കയ്യേറിയത്‌ വ്യവസായ വകുപ്പ്‌ ഐ.റ്റി സെക്രട്ടറി പി.എച്ച്‌. കുര്യന്റെ ബന്ധുവാണ്‌. നമ്മള്‍ നേരിടുന്നത്‌ അവരോടാണ്‌. അതിനാല്‍ത്തന്നെ ജീവന്‍തന്നെ ഇല്ലാതാക്കുമെന്ന രീതിയിലുള്ള ഭീഷണികള്‍ തന്നെയാണ്‌ ദൈനംദിന ജീവിതത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്‌. അതുപോലെതന്നെയാണ്‌ അട്രോസിറ്റീസിന്റെ ഭാഗമായി ബലാല്‍സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികള്‍. ശത്രുക്കളുടെ എണ്ണത്തിന്‌ കുറവൊന്നുമില്ല. ഇത്രയും ശത്രുക്കളും ഭീഷണികള്‍ ഉണ്ടാക്കുന്ന വേദനയേക്കാളും എനിക്ക്‌ വേദനിക്കുന്നത്‌ ദലിത്‌ സമൂഹത്തില്‍ നിന്നും കിട്ടാതെ പോകുന്ന പിന്തുണയാണ്‌. എന്റെ പ്രവര്‍ത്തികള്‍ നേരിട്ട്‌ കാണുന്ന അടുത്ത സുഹൃത്തുക്കളുടെ പിന്തുണപോലും കിട്ടാത്തത്‌ വളരെ വേദനിപ്പിച്ചിട്ടുണ്ട്‌. ട്രൈബല്‍ ഫണ്ട്‌ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന കട്ടപ്പന സ്‌കൂളിലെ ബോര്‍ഡില്‍ നിന്നും 2005 മുതല്‍ 2016 വരെ ``ട്രൈബല്‍'' എന്ന വാക്ക്‌ ഒഴിവാക്കിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇത്രയും വര്‍ഷങ്ങളായിട്ട്‌ നടക്കാത്ത കാര്യം എന്റെ ഇടപെടല്‍ മൂലം മൂന്ന്‌ ദിവസത്തിനുള്ളില്‍ അവര്‍ ട്രൈബല്‍ എന്ന വാക്ക്‌ ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡ്‌ സ്ഥാപിച്ചു. ഇതുപോലെ ഇടപെടുന്ന വിഷയങ്ങളില്‍ റിസല്‍ട്ട്‌ ഉണ്ടായിട്ടുപോലും അതിന്റേതായ അംഗീകാരമോ സ്വീകാര്യതയോ ദലിത്‌ സമൂഹത്തില്‍ നിന്നും ലഭിച്ചിട്ടില്ല. പകരം ഞാനേതോ ഫണ്ടിംഗ്‌ ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന രീതിയിലാണ്‌ അവര്‍ കാണുന്നത്‌. അവരോട്‌ എനിക്ക്‌ പറയുവാനുള്ളത്‌ അങ്ങനെ പറയുന്നവര്‍ ഷണ്‌ഡന്‍ ആണെന്നാണ്‌. എന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അതിന്റെ വിജയത്തില്‍ നിന്നും ഉടലെടുത്ത ആത്മവിശ്വാസമാണ്‌ എന്റെ ഊര്‍ജ്ജം. അത്‌ ആരു വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല. അത്‌ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്‌ അവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌.

? പോലീസ്‌ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെ സഹകരണം എത്രമാത്രം ലഭിക്കുന്നുണ്ട്‌?

എന്റെ മൂന്നാം വയസ്സില്‍ ഒരു ദലിത്‌ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ബോഡി റീപോസ്റ്റ്‌മാര്‍ട്ടം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ എസ്‌.പി ഓഫീസിലേക്ക്‌ അച്ഛന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. എന്നെ അമ്മ അന്ന്‌ എടുത്തുകൊണ്ടായിരുന്നു സമരത്തില്‍ പങ്കെടുത്തത്‌. അന്നത്തെ കാസര്‍ഗോഡ്‌ എസ്‌.പി. കൃഷ്‌ണമൂര്‍ത്തി സാര്‍ ആയിരുന്നു. എന്നെ എടുത്തുകൊണ്ടായിരുന്നു അച്ഛന്‍ ഉദ്‌ഘാടന പ്രസംഗം നടത്തിയത്‌. ഇത്‌ കണ്ട കൃഷ്‌ണമൂര്‍ത്തി സാര്‍ എന്നെ അച്ഛനില്‍ നിന്നും വാങ്ങി പരിപാടി തീരുവോളം കയ്യിലെടുത്ത്‌ നിന്നു. അന്ന്‌ അദ്ദേഹത്തില്‍ നിന്നും കി ട്ടിയ പിതൃസ്‌നേഹം ഇന്നും അനസ്യൂതമായി കിട്ടിക്കൊണ്ടിരിക്കുന്നു. അതുപോലെ എന്നെ നിരീക്ഷിച്ച ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ക്ക്‌ എന്റെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ബോധ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ ഏതാണ്ട്‌ 2500 ഓളം ഊരുകളില്‍ പോകേണ്ടി വന്നിട്ടുണ്ട്‌. എത്രമാത്രം യാത്രകള്‍ ഞാന്‍ ചെയ്‌തിട്ടുണ്ടോ അത്രമാത്രം എന്റെ സ്വത്തും കുറഞ്ഞിട്ടുണ്ട്‌. ഒരു മൊട്ടുകമ്മലോ താലിമാലയോ ഇല്ലാത്ത രീതിയില്‍ ആയിത്തീര്‍ന്നിട്ടുണ്ട്‌. സാധാരണ ഒരു ആദിവാസി ഊരിലെ ജീവിതം തന്നെയാണ്‌ എന്റെ വീട്ടിലെ ജീവിതവും. ദൂരെ നിന്ന്‌ എന്നെ നിരീക്ഷിക്കുന്നവര്‍ക്ക്‌ എന്നെപ്പറ്റി എന്തും പറയാം. എന്നാല്‍ എന്നെ അറിയാവുന്നവര്‍ ഒരിക്കലും എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യില്ല.

? ദലിത്‌ ആദിവാസി വിഷയങ്ങളെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന രീതിയെ എങ്ങനെ വിലയിരുത്തുന്നു?

ദലിത്‌ ആദിവാസി വിഷയങ്ങള്‍ മാധ്യമങ്ങള്‍ എപ്പോഴും വളരെ ദയനീയമാക്കിയാണ്‌ അവതരിപ്പിക്കുക. കോളനിയുടെ ദയനീയാവസ്ഥയ്‌ക്ക്‌ പകരം അവിടെ ജീവിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഒരു മാധ്യമവും ശ്രമിച്ചിട്ടില്ല. ദലിത്‌ ആദിവാസികള്‍ക്ക്‌ അവകാശപ്പെട്ട ഏക്കര്‍ കണക്കിന്‌ ഭൂമി കൈയ്യേറിയ കുത്തക മുതലാളിമാര്‍ തന്നെയാണ്‌ ഇത്തരം മാധ്യമങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്‌. ദലിത്‌ ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ചാല്‍ നാളെ കേരളം ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കാന്‍ തക്ക രാഷ്‌ട്രീയ ശക്തിയായി മാറുമെന്ന്‌ അവര്‍ക്ക്‌ നന്നായിട്ടറിയാം. അതുകൊണ്ടാണ്‌ കഞ്ഞിയില്ല, കറിയില്ല എന്ന മട്ടിലുള്ള വാര്‍ത്തകള്‍ക്കപ്പുറം യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവഗണിക്കുന്നത്‌.

? ബുദ്ധിഹീനരും കഴിവില്ലാത്തവരുമാണ്‌ ആദിവാസികള്‍ എന്ന പൊതുബോധത്തില്‍ നിന്നും എത്രമാത്രം വ്യത്യസ്‌തമാണ്‌ യാഥാര്‍ത്ഥ്യം?

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിയില്ല കഴിവില്ല എന്നൊക്കെ പറയുന്നത്‌ ശുദ്ധ വിഡ്‌ഢിത്തരമാണ്‌. അവധി കിട്ടിയാല്‍ ഹോസ്റ്റലില്‍ നിന്നും വീട്ടില്‍പ്പോലും പോകാത്ത വിദ്യാര്‍ത്ഥികളുണ്ട്‌. കാരണം വീട്ടിലവര്‍ക്ക്‌ ആഹാരമില്ല, പോകാന്‍ യാത്രക്കൂലി ഇല്ല. ഇ ത്തരം അവസ്ഥകളില്‍ നിന്നുപോലും കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ചവര്‍ അനവധിയുണ്ട്‌. എന്റെ തന്നെ സുവോളജി ബാച്ച്‌ സഹപാഠി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ജയിച്ചത്‌ അതിന്‌ തെളിവാണ്‌. എല്ലാ മനുഷ്യരിലും കരുത്തും കഴിവുമുണ്ടെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. അത്‌ ഓരോ വ്യക്തിയും തിരിച്ചറിയണം. തലമുറകളോളം ഗോത്രഭാഷകള്‍ക്ക്‌ അപ്പുറം മറ്റൊന്നും പഠിക്കാത്തതുകൊണ്ട്‌ അവര്‍ക്ക്‌ ആവശ്യമായ പഠന ഇടവും പ്രോത്സാഹനവും സ്വീകാര്യതയും കൊടുക്കുകയാണെങ്കില്‍ അവര്‍ക്ക്‌ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നാണ്‌ എന്റെ അഭിപ്രായം.

? ആദിവാസി ഊരുകളില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാസ്‌തവത്തില്‍ ആദിവാസികള്‍ക്ക്‌ വേണ്ടത്‌ ദൈവത്തേയോ മതത്തേയോ ആണോ?

സെറ്റില്‍മെന്റുകളില്‍ വളരെ ഐക്യത്തോടെയാണ്‌ അവര്‍ ജീ വിക്കുന്നത്‌. അവരുടേതായ ദൈവവും വിശ്വാസവും ആചാരഅനുഷ്‌ഠാനങ്ങളും അവര്‍ക്കുണ്ട്‌. അതിലൂടെ ഉടലെടുക്കുന്ന ഐക്യമാണ്‌ മതപരിവര്‍ത്തനത്തോടെ ഇല്ലാതാകുന്നത്‌. അവര്‍ വിശ്വാസത്തിന്റെ പേരില്‍/മതത്തിന്റെ പേരില്‍/ദൈവത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട്‌ രക്തത്തില്‍ കലാശിക്കും വിധം സെറ്റില്‍മെന്റിലെ സമാധാനാന്തരീക്ഷത്തെ അത്‌ ബാധിക്കുന്നു. ഊരുകൂട്ടത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ പോകും വഴി വികസനം മുടങ്ങിപ്പോകുന്നു. വരും കാലത്ത്‌ ആദിവാസി സമൂഹത്തില്‍ ഏ റ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത്‌ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന്‌ വരുന്നവ ആയിരിക്കും.

? ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കളെപ്പറ്റി എന്താണ്‌ അഭിപ്രായം?

95 ശതമാനം എന്‍.ജി.ഒകളും വ്യാജരാണ്‌. വയനാട്ടില്‍ത്തന്നെ 335 ട്രസ്റ്റുകളും പല മത സംഘടനകളും ആദിവാസികള്‍ക്ക്‌ വേണ്ടി ഫണ്ട്‌ കൈപ്പറ്റുന്നുണ്ട്‌. പോഷകാഹാര കുറവ്‌ കാണിക്കാനായി ആദിവാസി കുട്ടികളുടെ ചിത്രം ഉപയോഗിച്ച്‌ ഫണ്ട്‌ വാങ്ങിക്കുന്നവര്‍ കുട്ടികള്‍ക്ക്‌ കൊടുക്കുന്നത്‌ പത്ത്‌ രൂപയുടെ ടൈഗര്‍ ബിസ്‌ക്കറ്റും ബണ്ണുമാണ്‌. കൂടെ കഴുത്തില്‍ മുത്തുള്ള ഒരു ``മാലയും''. യഥാര്‍ത്ഥ ലക്ഷ്യം അതുതന്നെയാണ്‌. ഇതൊക്കെയും ഇന്റലിജന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ അറിവുള്ള കാര്യമാണ്‌. എന്നാല്‍ അത്‌ തടയാനായിട്ട്‌ നിയമമില്ല എങ്കില്‍ക്കൂടി ചില സംഘടനകളെ പോലീസിന്റെ സഹായത്തോടെ ഊരുകളില്‍ കയറ്റാതിരക്കാന്‍ നടപടി എടുത്തിട്ടുണ്ട്‌.

? ജാതീയ കേരളത്തെ മാനവീക മൂല്യങ്ങളാല്‍ നവോത്ഥാന കേരളമാക്കി നിര്‍മ്മിച്ചതില്‍ പ്രധാന പങ്കു വഹിച്ച പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്‍, മഹത്മാ അയ്യന്‍കാളി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടെ പ്രസക്തി ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ എത്രമാത്രം കാലികമാണ്‌?

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്‍, മഹത്മാ അയ്യന്‍കാളി, ശ്രീനാരായണഗുരു തുടങ്ങിയ നവോത്ഥാന നായകന്മാരൊക്കെ യും ഇടപെട്ടിരുന്നത്‌ ഉപജാതീയ ചിന്തകള്‍ക്കപ്പുറം ദലിതര്‍ക്കെല്ലാമായിട്ടുള്ള ഒരു പൊതു ഇടത്തില്‍ നിന്നുകൊണ്ടായിരുന്നു. ഇന്ന്‌ അത്‌ ചുരുങ്ങി ഉപജാതികളായി, അതിനുള്ളില്‍ നിരവധി സംഘടനകളായി അവസാനം ഓരോ വ്യക്തിയും പ്രസിഡന്റും സെക്രട്ടറിയുമായി മാറി. ഇതാണ്‌ ഇന്ന്‌ ദലിതര്‍ നേരിടുന്ന ഏറ്റവും വലിയ പ്രസിസന്ധി. നമ്മുടെ നവോത്ഥാന നായകന്മാരെയും അവര്‍ ഉയര്‍ത്തിവിച്ച ജാതിവിരുദ്ധ മൂല്യങ്ങളെയും വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

? താങ്കളുടെ ശ്രമങ്ങളില്‍ ഏറ്റവും സംതൃപ്‌തി നല്‍കിയ പ്രവര്‍ത്തനത്തിന്റെ അനുഭവം പങ്കുവയ്‌ക്കാമോ?

1975 കാലഘട്ടം മുതല്‍ ഡാമിന്റെ തീരത്ത്‌ താല്‍ക്കാലിക റേഷന്‍ കാര്‍ഡ്‌ പോലുമില്ലാതെ ജീവിക്കുന്നവരായിരുന്നു ചീപ്രം കോളനി നിവാസികള്‍. പത്ത്‌ പതിനഞ്ച്‌ അംഗങ്ങളുള്ള കുടുംബത്തില്‍ ചിലപ്പോള്‍ ഒരാള്‍ക്ക്‌ മാത്രമേ വരുമാന മാര്‍ഗ്ഗം ഉണ്ടാവുകയുള്ളൂ. അതൊരിക്കലും പര്യാപ്‌തമായിരുന്നില്ല. റേഷന്‍ കാര്‍ഡ്‌ ലഭിക്കാനായും ഭൂമിക്കുവേണ്ടി സംസാരിക്കാനും ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ അവരെ ആട്ടിയോടിക്കുകയാണ്‌ ഉണ്ടായത്‌. അമ്പല വയലില്‍ അവര്‍ക്ക്‌ അനുവദിച്ച ഭൂമി ആരൊക്കെയോ കൈയ്യേറിയിരുന്നു. ഒരാള്‍ക്ക്‌ 25 സെന്റ്‌ വീതം വെച്ചായിരുന്നു അനുവദിച്ചിരുന്നത്‌. കൈയ്യേറിയ ഭൂമി കളക്‌ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുക്കുകയും 24 വീടുകള്‍ക്കുള്ള അനുമതി നേടിയെടുക്കുകയും ചെയ്‌തു. പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി അവര്‍ ക്ക്‌ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചു നല്‍കി പുനരധിവാസത്തിനാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമുള്ള സാഹചര്യം അവിടെ ഒരുക്കുവാനായി. ഒപ്പം അവരുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങളും ചെയ്യാനായി. അതുതന്നെയാണ്‌ ഏറ്റവും സന്തോഷം ലഭിച്ച പ്രവര്‍ത്തനം.

? സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ വളരെയധികം പ്രധാനമാണ്‌. താങ്കളുടെ പ്രവര്‍ത്തനങ്ങളോട്‌ കുടുംബത്തിന്റെ പ്രതികരണം എപ്രകാരമാണ്‌?

എന്റെ പ്രവര്‍ത്തനങ്ങള്‍ ഭര്‍ത്താവ്‌ നേരില്‍ കാണുന്നതാണ്‌. പലരും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന അവസ്ഥയിലായിരി ക്കും ഇടപെടേണ്ടി വരുന്നത്‌. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ കഴിവതും വേഗം നീതി ലഭ്യമാക്കി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്‌. ഇതറിയാവുന്ന അദ്ദേഹം പറയുന്നത്‌ അറ്റ കൈക്ക്‌ വരുന്നവര്‍ക്ക്‌ നമ്മുടെ അല്‍പ്പ സമയം കൊണ്ട്‌ രക്ഷപെടാനാവുന്നു എങ്കില്‍ അതുതന്നെയാണ്‌ ആദ്യം ചെയ്യേണ്ടത്‌ എന്നാണ്‌. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട്‌ മാത്രമാണ്‌ എനിക്ക്‌ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിജയകരമായി ഇടപെടാന്‍ സാധിക്കുന്നത്‌.നിലയ്‌ക്കാത്ത പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി ഇടുക്കി പെരുഞ്ചാംകുട്ടി ആദിവാസി സമരപന്തലിലേക്ക്‌, തന്റെ ശാരീരിക അസ്വാസ്ഥ്യങ്ങളെയും മറന്നുകൊണ്ട്‌ ധന്യ രാമൻ എന്നോട്‌ യാത്ര പറഞ്ഞു..

Loading Conversation