#

വിപിശിവ

കൊത്തുനേരം : Apr 21, 2016

പങ്കു വെയ്ക്കൂ !


അറബ് രാജ്യങ്ങളിലാകമാനം ഡോ:ബി ആര്‍ അംബേദ്‌കര്‍ ദേശീയോത്സവം

---------------------------------------------------------------------------------------------------------------------------------------------------------------------------

ദുബായ്: ആഗോള രാജ്യങ്ങളില്‍ അറബ് നാടുകള്‍ ഉള്‍പ്പടെ അംബേദ്കറെയിറ്റ്‌ കൂട്ടായ്മകളിലൂടെ ദലിത് ആദിവാസി വിഭാഗങ്ങളുടെ കൂട്ടായ പരമ്പരകള്‍ സൃഷ്ടിക്കുന്ന Ambedkarite innovative Movement- ദലിത് പ്രവാസി കൂട്ടായ്മ (AIM) ബോധിസത്വ പരംപൂജ്യ ഭാരതരത്നം ഡോ: ബാബ സാഹെബ് അംബെദ്കരുടെ 125-മത് ജന്മദിനാഘോഷം ലോകമെമ്പാടും ദേശീയോത്സവമായി ആഘോഷിച്ചു.

സംഘാടനം കൊണ്ടും ബൌദ്ധീക തലങ്ങളില്‍ ഊന്നിയുള്ള അംബേദ്‌കര്‍ ദര്‍ശനങ്ങളുടെ പുന:വായന കൊണ്ടും ഏറെ ശ്രേദ്ധേയമായ അംബേദ്‌കര്‍ ദേശീയോത്സവവും അതോടൊപ്പം അംബേദ്കറെയിറ്റ്‌ ഇന്നോവേടീവ് മൂവ്മെന്റ് പ്രവാസ കൂട്ടായ്മയുടെ ഒന്നാമത് വാര്‍ഷിക ആഘോഷവും, AIM ന്റെ വിദ്യാഭ്യാസപദ്ധതി CAME ന്റെ ഉത്ഘാടനവും 2016 ഏപ്രില്‍ 15നു അജ്മാനില്‍ അരങ്ങേറി, AIM ന്റെ പല രാജ്യങ്ങളിലായുള്ള കൂട്ടായ്മകളിലൂടെ ഇനിയും അവസാനിക്കാതെ ദേശീയോത്സവ അനുബന്ധ സെമിനാറുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

AIM സെക്രെട്ടെരി മാന്യ വിപിശിവ സ്വാഗതം ആശംസിച്ചു തുടങ്ങിയ ചടങ്ങില്‍ അംബേദ്കറെയിറ്റ്‌ ഇന്നോവേടീവ് മൂവ്മെന്റ് പ്രസിഡന്റ് ശ്രീ ബിജുകുമാര്‍ അധ്യക്ഷനായി. ഇന്ത്യക്ക് വെളിയിലുള്ള ആദ്യത്തേതും, പ്രമുഖവുമായ ദളിത്‌ പ്രവാസി കൂട്ടായ്മയായ AIM മുന്നോട്ട് വെക്കുന്ന പുരോഗമനപരവും നവീനവുമായ പ്രോജക്ടുകളെപ്പറ്റിയും സമീപ ഭാവിയില്‍ കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനവല്‍ക്കരണത്തെ പറ്റിയും വ്യാവസായിക മേഖലയിലെ കാല്‍വെപ്പുകളെപ്പറ്റിയും സ്വാഗതപ്രാസംഗികന്‍ വിശദമാക്കി. യു എ ഇ, ഒമാന്‍, കുവൈറ്റ്‌ , സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍, ജെര്‍മ്മനി, സിംഗപ്പൂര്‍, ഇംഗ്ലണ്ട്, അയര്‍ലണ്ട്, സൌത്ത് ആഫ്രിക്ക ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന AIM ന്റെ കേരളത്തിലെ രംഗപ്രവേശനം അധികം വൈകാതെയുണ്ടാകുമെന്നും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ AIM ഇന്ത്യന്‍ ദലിത് ആദിവാസ മേഖലകളില്‍ ദാര്‍ശനികമായ മാറ്റത്തിന്റെ സൂക്ഷ്മമായ അടയാളങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അംബേദ്കറെയിറ്റ്‌ ഇന്നോവേടീവ് മൂവ്മെന്റ് പ്രസിഡന്റ് വ്യക്തമാക്കി.

മാന്യ സണ്ണി എം കപിക്കാട്, മാന്യ കെ അംബുജാക്ഷന്‍, മാന്യ അരുണ്‍ ബൌധ് തുടങ്ങിയവരെ ആദരിച്ച വേദിയില്‍, പ്രവാസ ജീവിതത്തില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ ബിസിനെസ്സ് മേഖലയില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിക്കുന്ന AIM അംഗം മാന്യ ഷാജി ജി എസ് നു AIM ന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി നാഷണല്‍ സെക്രട്ടെറിയും പ്രമുഖ അംബേദ്‌കറിസ്റ്റുമായ മാന്യ കെ അംബുജാക്ഷൻ ഉത്ഘാടനം ചെയ്ത AIM ന്റെ ഒന്നാമത് വാര്‍ഷിക ആഘോഷത്തില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ അംബേദ്കറെയിറ്റ്‌ സൈദ്ധാന്തികനും ചിന്തകനും എഴുത്തുകാരനുമായ മാന്യ സണ്ണി എം കപിക്കാട് ജനാധിപത്യവും അംബേദ്‌കറിസവും എന്ന വിഷയത്തില്‍ ദീര്‍ഘനേരം സംവദിച്ചു. ഇനി വരുന്ന കാലം അംബേദ്‌കര്‍ ദര്‍ശങ്ങളുടെ പുനര്‍വായനയും പിന്തുടരലുകളും ആയിരിക്കുമെന്ന സത്യം ഉടനീളം നിറഞ്ഞു നിന്ന സദസ്സില്‍ ജനാധിപത്യത്തിനു പുതിയ ഭാഷ്യം നല്കിയതും ഇന്ത്യന്‍ രാഷ്ട്രം ആവോളം അവഗണിച്ചിട്ടും കീഴാള ജനവിഭാഗത്തിന്റെ ധൈഷണീകമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അംബേദ്‌കര്‍ ഇന്നത്തെ അവസ്ഥയില്‍ സജീവമായി നിലനില്‍ക്കുന്നത് എന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേവലം അയിത്ത ജാതിക്കാരുടെ നേതാവെന്ന നിലയിലല്ല ലോകത്തെ തിരിച്ചറിവിലേക്ക് കൊണ്ട് പോകും വിധം രാഷ്ട്രീയമായും സൈദ്ധാന്തികമായും വേറിട്ട, ലോക ജനതയുടെ നവജനാധിപത്യ സംസ്കാരത്തിന്റെ കൂടെ ശില്പി ആണ് ബാബ എന്നും, ജനാധിപത്യത്തില്‍ അഭിപ്രായങ്ങളുടെ പ്രാതിനിധ്യത്തോടൊപ്പം 50% വ്യത്യസ്ത ജനവിഭാഗങ്ങളുടെ കൂടെ പ്രാതിനിധ്യമായിരിക്കണമെന്നതും ലോകത്തെ പഠിപ്പിച്ചത് അംബേദ്‌കര്‍ ആണെന്നും മാന്യ സണ്ണി എം കപിക്കാട് അഭിപ്രായപ്പെട്ടു.

ദളിതര്‍ക്ക് മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ മനുഷ്യര്‍ക്കും നീതി കൊടുക്കേണ്ട അടിസ്ഥാന തത്വത്തെ മുറുകെപ്പിടിച്ചുകൊണ്ട് നമ്മുടെ അവകാശങ്ങള്‍ക്ക് കോട്ടം വരുത്താതെ മുന്നോട്ടു പോകുന്ന നീതിയുക്തമായ ഒരു സഹകരണം ആണ് AIM പ്രവാസികൂട്ടം നാളെകളില്‍ കാഴ്ച്ചവെക്കേണ്ടതെന്ന ഉള്‍ക്കാഴ്ച അദ്ദേഹം പങ്കുവെച്ചു. ഇന്ത്യഇനി AIM നെ കേള്‍ക്കാന്‍ കാത്തിരിക്കുന്ന സമയം അതി വിദൂരമല്ല എന്നദ്ദേഹം ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന്‍ നടന്ന അംബേദ്‌കര്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയെപ്പറ്റിയുള്ള മാന്യ കെ അംബുജാക്ഷന്റെ വിഷയാവതരണം ബാബയുടെ വ്യത്യസ്തങ്ങളായ നിരവധി പ്രബന്ധപഠനങ്ങളിലൂടെ സദസ്സിനെ ആകമാനം കൂട്ടികൊണ്ടുപോകുന്നതായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിനു മാനവികതയുടെ മനുഷ്യമുഖവും വികസനത്തിന്റെ ക്ഷേമ രാഷ്ട്രീയത്തിന് പുതിയ മാനവും നല്‍കിയ വിശ്വമാനവികതയുടെ മഹാരഥന്‍ ഡോ ബാബാ സാഹെബ് അംബേദ്‌കര്‍ ആയിരുന്നു എന്ന് മാന്യ കെ അംബുജാക്ഷന്‍ അഭിപ്രായപ്പെട്ടു. അംബേദ്‌കര്‍ മുന്നോട്ട് വെച്ച ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ അധികാരത്തിലെ സവര്‍ണ്ണ മേഖലകള്‍ അവയൊന്നായി റദ്ദ് ചെയ്ത് നവലിബറല്‍ എന്ന നിലയില്‍ അവര്‍ണ്ണരേ കയ്യോഴിയുന്ന കോര്‍പ്പരേറ്റ്‌ ഭരണത്തിലാണ് ഈ രാജ്യം ഇന്ന് കടന്നു പോകുന്നതെന്നും അംബേദ്കര്‍ പ്രത്യയശാസ്ത്രം ഒന്ന് മാത്രമേ ഇതിനു പ്രതിരോധമായുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അംബേദ്കറെയിറ്റ്‌ ഇന്നോവേടീവ് മൂവ്മെന്റ് മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ പദ്ധതി CAME ( Career Guidance And Motivational Education ) ന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ച മാന്യ സണ്ണി എം കപിക്കാട് നു ശേഷം ദളിത്‌ വിദ്യാഭ്യാസ വിചക്ഷണനും ലോകുത്തര ലീഡര്ഷിപ് അക്കാദമി ഡയരക്ടരുമായ മാന്യ അരുണ്‍ ബൌധ, ദളിത്‌ വിദ്യാഭ്യാസ പ്രതിസന്ധികലെകുറിച്ച് സംസാരിച്ചു.

വിടുതലൈ സിരിത്തൈകള്‍ കട്ച്ചി പ്രവാസി വിഭാഗം തലൈവര്‍ മാന്യ മടിവാലൈര്‍, കന്യാകുമാരി വിഭാഗം ദലിത് പ്രവാസി പ്രതിനിധിയും സോഷ്യല്‍ ലിബെരേഷന്‍ മൂവ്മെന്റ് അംഗവുമായ മാന്യ ജോഹിന്‍ ജോണ്‍ ഉള്‍പ്പടെ പ്രവാസി മേഖലയിലെ ദലിത് ശബ്ദങ്ങളില്‍ ഏറിയപേരും പങ്കെടുത്ത AIM ഒന്നാം വാര്‍ഷികവും അംബേദ്‌കര്‍ ദേശീയോത്സവവും വന്‍ വിജയമായി.

അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രശസ്ത സിനിമാതാരവും നാടന്‍ പാട്ട് ശീലുകളെ പുതിയ കാലഭേദങ്ങളിലെത്തിച്ച് ജനകീയമാക്കിയ മാന്യ കലാഭവന്‍ മണിയെ അനുസ്മരിച്ചു കൊണ്ട് AIM കലാകാരന്മാര്‍ അവതരിപ്പിച്ച നാടന്‍ പാട്ട്മേള അവതരണം കൊണ്ടും പ്രതിഭകളുടെ മാറ്റുരവുകൊണ്ടും നവ്യാനുഭവമായി

.

തുടര്‍ന്ന് ജാതി വ്യവസ്ഥയും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ AIM ഖജാന്‍ജി മാന്യ സനീഷ് കുമാര്‍ അധ്യക്ഷത വഹിക്കുകയും കൺവീനർ മാന്യ പ്രശാന്ത്‌ ഗംഗാധരന്‍ സ്വാഗതം ആശസിക്കുകയും ചെയ്തു. മാന്യ സണ്ണി എം കപിക്കാട് വിഷയാവതരണം നടത്തുകയും തുടര്‍ന്ന്‍ മാന്യ കെ അംബുജാക്ഷന്‍, മാന്യ റാഷിദുദീന്‍ (മാധ്യമപ്രവര്‍ത്തകന്‍, മീഡിയ വൺ ), മാന്യ ഷാഹുല്‍ (കിരണം, ഷാര്‍ജ്ജ), മാന്യ അന്‍വര്‍ വാണിയമ്പലം (പ്രവാസി ഇന്ത്യ, യു എ ഇ പ്രേസിഡന്റ്റ്), മാന്യ ഹനീഫ പുത്തനത്താണി (പി സി എഫ്, നാഷണല്‍ വൈസ് പ്രേസിഡന്റ്റ്), ഓണ്‍ലൈന്‍ ആക്ടിവിസ്റ്റും ചിന്തകനുമായ മാന്യ ഫ്രാന്‍സിസ് നസ്രേത്ത് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ വിഷയാടിസ്ഥാനമായി സംവദിച്ചു. മാന്യ റജി രാജന്‍ കൃതജ്ഞത പറഞ്ഞു.തുടര്‍വര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്ന തരത്തില്‍ AIM ന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചതായും ഇന്ത്യന്‍ മണ്ണിലെ ദളിത്‌ ആദിവാസ മേഖലകളിലെ പ്രശ്നങ്ങളില്‍ സൂക്ഷ്മമായ ഇടപെടലുകളിലൂടെ സജീവമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള മുന്നോടിയായി AIM കൂടുതല്‍ വെല്ലു വിളികള്‍ ഏറ്റെടുക്കുന്നതായി AIM പ്രതിനിധികള്‍ അറിയിച്ചു.


കൂടുതൽ ചിത്രങ്ങള്ക്കും വിവരങ്ങള്ക്കും ആയി https://www.facebook.com/groups/352975924913203/

Loading Conversation