#

രതീഷ്‌ ബാബു
കൊത്തുനേരം : Jan 30, 2016

പങ്കു വെയ്ക്കൂ !

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി എന്താണ്?

1956 മെയ്‌ 20 ന് ‘വോയിസ്‌ ഓഫ് അമേരിക്ക’ യിലൂടെ ബാബാസാഹിബ് അംബേദ്‌കര്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി എന്താണ്?’ എന്ന വിഷയത്തില്‍നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

.....................................................................................................................................................................................................................................


ഇന്ത്യയില്‍ ജനാധിപത്യം, ഉണ്ടോ ഇല്ലയോ? എന്താണ് സത്യം? റിപ്പബ്ലിക്കും ജനാധിപത്യവും അതുപോലെ ജനാധിപത്യവും നിയമസഭയുടെ ഭരണവും എന്നിവ സമാനതയുള്ളവയാണെന്ന ധാരണ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു: അവ ഇല്ലാതാക്കുകയല്ലാതെ ചോദ്യത്തിന്‍റെ ശരിയായ ഉത്തരം മുമ്പില്‍ വരുകയില്ല.


ജനാധിപത്യം റിപ്പബ്ലിക്കില്‍നിന്നും നിയമസഭയില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമാണ്. ജനാധിപത്യത്തിന്‍റെ വേരുകള്‍ ഭരണത്തിന്‍റെ പ്രകൃതത്തില്‍ - നിയമസഭാപരമോ മറ്റേതങ്കിലുംമോ – കാണപ്പെടുകയില്ല. ജനാധിപത്യം ഒരു സഹജീവിത പദ്ധതിയാണ്. ജനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള സമൂഹത്തിലെ സാമൂഹികബന്ധങ്ങളിലും ജനങ്ങളുടെ പരസ്പര സഹജീവനത്തിലും ജനാധിപത്യത്തിന്‍റെ വേരുകള്‍ കണ്ടെത്തേണ്ടിവരും.

സമൂഹം എന്ന വാക്ക് എന്താണ് ധ്വനിപ്പിക്കുന്നത്. ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ നമ്മള്‍ സമൂഹം എന്ന വിഷയത്തെക്കുറിച്ചു പറയുമ്പോള്‍ ആ വിഷയത്തില്‍ നമ്മുടെ മനസ്സില്‍ ഏകത്വത്തിന്‍റെ ധാരണയാണുള്ളത്. സാമുദായിക പ്രേരണയും ക്ഷേമത്തിനുവേണ്ടിയുള്ള വ്യാപകമായ ഇച്ഛയും സാര്‍വജനീന ഉദ്ദിഷ്ടങ്ങളെക്കുറിച്ച് നിഷ്ഠയും, പരസ്പരമുള്ള സഹാനുഭൂതിയും സഹകാര്യവും സമൂഹം എന്ന ഏകകത്തിന്‍റെ ഗുണവൈശിഷ്ട്യങ്ങളാണ്.

ഇന്ത്യന്‍ സമൂഹത്തില്‍ ഈ ആദര്‍ശം കാണുന്നുണ്ടോ? അതില്‍ വ്യക്തിക്ക് സ്ഥാനമില്ലാതെ അനേകം ജാതികളുടെ കൂട്ടായ്മയാണ് കാണുന്നത്. അന്യോന്യം വിഭജിക്കപ്പെട്ട ഈ ജാതിസമൂഹത്തില്‍ സമമായ അനുഭൂതിയില്ല, അനുകമ്പയുടെ ബന്ധമില്ല. അതായത്, ഇന്ത്യന്‍ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ ആദര്‍ശമുണ്ടോ എന്ന പ്രശനം തന്നെ അപ്രസക്തമാണ്. ജാതിവ്യവസ്ഥകളുള്ളത്കൊണ്ട് ഈ ആദര്‍ശത്തെ, ഫലത്തില്‍ ജനാധിപത്യത്തെ, സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ സമൂഹം ജാതിവ്യവസ്ഥയുടെ ചളിക്കുണ്ടില്‍ എത്രമാത്രം ആണ്ടുപോയിരിക്കുന്നു. അവിടെ ഏതുകാര്യവും ജാതിയെ ആധാരമാക്കിയാണ് നടക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പ്രവേശിക്കുന്നതിനോടോപ്പം ജാതിവ്യവസ്ഥയുടെ ഉഗ്രരൂപം നിങ്ങളുടെ കണ്ണില്‍പ്പെടും. ഒരിന്ത്യക്കാരന്‍ വേറൊരു ഇന്ത്യാക്കാരനുമായി ഭക്ഷണം കഴിക്കുകയോ വിവാഹം കഴിക്കുകയോ അരുത്. അതിന്‍റെ ഒരേയൊരു കാരണം അവനോ അവളോ സ്വന്തം ജാതിയില്‍പ്പെടുന്നില്ല എന്നതാണ്. ഒരിന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ തൊടുകയില്ല. അതിന്‍റെ കാരണവും ആ വ്യക്തി സ്വന്തം ജാതിയില്‍പ്പെടുകയില്ല എന്നതാണ്.”


“ജാതിവ്യവസ്ഥ എങ്ങനെ ഇല്ലാതാക്കാം ?

ആദ്യത്തെ തടസം ജാതിവ്യവസ്ഥയുടെ പ്രാണനായ ശ്രേണീബദ്ധമായ അസമത്വമാണ്. ജനങ്ങള്‍ ഉച്ചവും നീചവുമായ വിഭാഗങ്ങളായി തിരിക്കപ്പെടുമ്പോള്‍ മേല്‍വര്‍ഗവുമായുള്ള സംഘര്‍ഷത്തിന്‍റെ ഉദ്ദേശ്യത്തില്‍, താഴന്നവര്‍ഗത്തിന്‍റെ ഒരൊറ്റജാതിയല്ല ഉള്ളത്. ഇവിടെ താഴ്ന്നതും കൂടുതല്‍ താഴ്ന്നതുമായ വര്‍ഗങ്ങളുണ്ട്. ഇവ രണ്ടുംചേര്‍ന്ന് സംഘടിക്കുകയില്ല. താഴന്നവര്‍ക്കു തോന്നുന്നു കൂടുതല്‍ താഴന്നവരുമായി ചേര്‍ന്നാല്‍ സമൂഹത്തിലെ അവരുടെ നില നഷ്ടമാകുമെന്ന്.

രണ്ടാമത്തെ തടസം: സ്വന്തം സമൂഹത്തിന്‍റെ ഹിതം എന്താണെന്ന് തിരിച്ചറിയുന്നതുകൊണ്ട് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ സമൂഹത്തിന് മുടന്തുണ്ടാകുന്നു. പ്ലേറ്റോ പറഞ്ഞിട്ടുള്ളതുപോലെ, സാമൂഹികസംഘടന അവസാനം ജീവിതസാധ്യതകളെ അവലംബിച്ചിരിക്കും. സ്വന്തം സാധ്യതകളെക്കുറിച്ച് അറിവില്ലാതിരിക്കുകയും സ്വന്തം ഹിതം എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അറിയാതിരിക്കുകയും ചെയ്‌താല്‍ എല്ലാകാര്യങ്ങളും ആകസ്മിതയെയും ചാഞ്ചല്ല്യത്തെയും അവലംബിച്ചിരിക്കും. നമ്മുടെയടുത്ത് ഫലത്തെക്കുറിച്ച് ബുദ്ധിപരമായ നിര്‍ണയമില്ലെങ്കില്‍ ഏതു സാധ്യതയെയാണ് ബലപ്പെടുത്തെണ്ടത് എന്നു ചിന്തിക്കാന്‍ നമുക്ക് സാധിക്കുകയില്ല.

അപ്പോള്‍ പ്രശനമിതാണ്; ന്യായവും ഐക്യവുമുള്ള സമൂഹത്തിന്‍റെ ലക്ഷ്യപ്രാപ്തിയുടെ ജനബദ്ധരചനയുടെ ലഘിക്കാനാവാത്ത തടസം എടുത്തുകളയാതെ ഇന്ത്യന്‍ സമൂഹം ആ ലക്ഷ്യം സാധ്യമാക്കുമോ? ജാതിബദ്ധമായ ഒരു സാമൂഹികഘടന നിലനിലക്കുമ്പോള്‍ ഐക്യമുള്ള ഒരു സമൂഹം നിര്‍മ്മിക്കാന്‍ സാധ്യമാണോ? തെറ്റായ വിലയിരുത്തലും വസ്തുതകളെ തെറ്റായി കാണിക്കുന്നതും വഴി ഇന്ത്യന്‍ സമൂഹം കുഴപ്പത്തിലാണ്; അത് തെറ്റായ ദിശയിലാണ് നീങ്ങുന്നത്‌. അസംഘടിത വിഭക്ത സമൂഹം പല മാതൃകകളേയും പ്രമാനങ്ങളേയും അവലംബിക്കുന്നു. ഇപ്രകാരമുള്ള പരിസ്ഥിതിയില്‍ ജാതിയുടെ പ്രശനം ഏതൊരു ഇന്ത്യക്കാരനും മാനവികമായ സംവര്‍ഗം പ്രാപ്തമാക്കുക അസാധ്യമായിത്തീരുന്നു.


വിദ്യാഭ്യാസം വഴി ജാതി നശിപ്പിക്കാന്‍ സാധിക്കുമോ?

ആകാമെന്നും സാധിക്കുകയില്ലെന്നും ഉത്തരം പറയാം. ഇന്ന് പ്രചാരമുള്ള വിദ്യാഭ്യാസം കൊണ്ട് ജാതിയില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പറ്റുകയില്ല. അത് എങ്ങനെയാണോ അതുപോലെതന്നെയിരിക്കുക്കും. ബ്രാഹ്മണജാതിയുടെ തിളങ്ങുന്ന ഉദാഹരണങ്ങളുണ്ട്. അവരില്‍ നൂറുശദമാനം വിദ്യാഭ്യാസമുള്ളവരും ഭൂരിപക്ഷം ഉന്നതവിദ്യാഭ്യാസമുള്ളവരും ആയിട്ടും ഒരൊറ്റ ബ്രാഹ്മണന്‍പോലും ജാതിവിരുദ്ധരായി കാണുന്നില്ല. വിദ്യാഭ്യാസത്തിനു മുമ്പുള്ള അവസ്ഥയെക്കാള്‍ കൂടുതലായി, വിദ്യാഭ്യാസം സിദ്ധിച്ചത്തിനു ശേഷം ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് സന്തോഷം തോന്നുന്നു എന്നതാണ് വസ്തുത. കാരണം, വിദ്യാഭ്യാസം അവര്‍ക്ക് ഉന്നതപദവികള്‍ ലഭിക്കാന്‍ അവസരമുണ്ടാക്കുന്നതുകൊണ്ട് ജാതിവ്യവസ്ഥ നിലനിര്‍ത്തുന്നത് അവര്‍ കൂടുതലായി ഇഷ്ടപ്പെടുന്നു.

ഈ കാഴ്ചപ്പാടില്‍ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസം ഉപയുകതമല്ല. അത് വിധ്യാഭ്യാസത്തിന്‍റെ നിഷേധാത്മകമായ ഭാഗം. ഇന്ത്യന്‍ സമൂഹത്തിലെ താഴ്ന്നപടിയിലുള്ളവരെ വിദ്യഅഭ്യസിപ്പിച്ചാല്‍ അത് ജാതിവ്യവസ്ഥയെ അലിയിച്ചുകളയും. അത് അവരില്‍ വിപ്ലവാത്മക പ്രവൃത്തികള്‍ സംജാതമാക്കും. ഇന്നത്തെ പരിസ്ഥിതിയില്‍ അവര്‍ ജാതിവ്യവസ്ഥയെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ അവരുടെ കണ്ണുകള്‍ തുറന്നാല്‍ ജാതിവ്യവസ്ഥ നശിപ്പിക്കാന്‍ അവര്‍ തയ്യാറാകും.

ഇന്നത്തെ നയത്തിന്‍റെ മുഖ്യദോഷം, വലിയതോതില്‍ വിദ്യാഭ്യാസം പ്രദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍സമൂഹത്തിലെ ആവശ്യമുള്ള വര്‍ഗങ്ങള്‍ക്ക് അത് ലഭിക്കുന്നില്ല. ജാതിയവസ്ഥയില്‍ സ്വാര്‍ഥം തേടുന്നവര്‍ക്കും അതുകൊണ്ടു ലാഭം കിട്ടുന്നവര്‍ക്കും വിദ്യാഭ്യാസം നല്കുന്നതുവഴി ജാതിവ്യവസ്ഥ കൂടുതല്‍ ശക്തമാവുകയേയുള്ളൂ. അങ്ങനെ ചെയ്യാതെ സമൂഹത്തിലെ താഴ്ന്നവര്‍ക്ക് – ജാതിവയവസ്ഥയ്ക്ക് എതിരായുള്ളവര്‍ക്ക് – വിദ്യാഭ്യാസം കൊടുത്താല്‍ ജാതിവ്യവസ്ഥ തീര്‍ച്ചയായും നശിക്കും.

ജാതിവ്യവസ്ഥ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി ഉജ്ജ്വലമാവുകയില്ല, മറിച്ച് ഈ നയം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ ആപത്തായിത്തീരും.”

*******************************************************************

Loading Conversation