#

വിജി വിജയരാജൻ
കൊത്തുനേരം : May 06, 2017

പങ്കു വെയ്ക്കൂ !

'ഒരു ജാതി വാക്കുകളുടെ' വായന

രണ്ട് വർഷങ്ങൾക്ക് മുമ്പൊരു iffk സന്ധ്യയിൽ വച്ചാണ് സജീവേട്ടനെ ആദ്യമായി കാണുന്നത്. കൂടെയുള്ളവർ എല്ലാം സ്നേഹത്തോടെ ചേർത്തു പിടിക്കുന്നതും കുശലം ചോദിക്കുന്നതും കണ്ട് കൂട്ടത്തിൽ പുതുമുഖമായ ഞാൻ 'ഇതാരപ്പാ ' എന്ന ഭാവത്തിലായിരുന്നു. പിന്നീട് മുഖപുസ്തകതാളിലുടെയാണ് ശരിക്കും ഞാൻ ഈ മനുഷ്യനെ അറിയുന്നത്. വാക്കുകൾ കൊണ്ട് കൊത്തം കല്ലു കളിക്കുന്നവൻ. ഓരോ കവിതയും വായിച്ചപ്പോഴാണ് അന്നു മറ്റുളളവർ കാണിച്ച സ്നേഹത്തിന്റെ രഹസ്യം ഞാൻ മനസ്സിലാക്കുന്നത്.ഈ കവിതകളൊക്കെ ചേർത്ത് പുസ്തകം ആക്കുന്നു എന്നു കേട്ടപ്പോൾ അതിലേറെ സന്തോഷം.

സജീവേട്ടന്റെ കവിതകൾ പേരില്ലാത്തവരുടേതാണ്. ദശരഥ് മഞ്ചിയെന്ന ഭൂമിക്ക് കണ്ണെഴുതിയവന്റെയാണ്. പച്ചത്തെറിയുടെ മഞ്ഞകഫക്കട്ട മുഖത്ത് വീണ് പൊള്ളിയവരുടേതാണ്. എത്ര ഡെറ്റോൾ ഒഴിച്ചു കഴുകിയാലും ചേറ്റുമണം പോകാത്ത തലമുറയുടെ പാട്ടാണ്.

അദ്യൂപ്പ ചെരുപ്പുകളുടെ ചെഗുവേര. ചെരുപ്പുകളൊരു അടിമ വംശമാണ്. ചെരുപ്പുകുത്തികളൊരു ചിതറിയ ചരിത്രവും. കാലു മുറിച്ചു മാറ്റപ്പെട്ട കുഞ്ഞുങ്ങളുടെ ചെരുപ്പുകൾ എന്തു ചെയ്യും എന്ന ചോദ്യം തറയ്ക്കുന്നത് വായനക്കാരുടെ ഹൃദയത്തിലാണ്.

നിസ്കരിക്കുന്ന ക്രിസ്തു, മന്ത്രങ്ങളുടെ കടലിന്മേലെ നബി, മാമോദീസ കാർമികത്വം വഹിക്കുന്ന കൃഷ്ണൻ. ഈ ചിന്ത പോലും എത്ര മനോഹരമാണ്. അതേ, ദൈവങ്ങൾ മാറ്റത്തേക്കുറിച്ച് ചിന്തിക്കുകയാണ്‌, മനുഷ്യർ മാത്രം മാറ്റമില്ലാതെ തുടരുന്നു.

ഏറ്റവും വേദനിപ്പിച്ചതും കണ്ണു നനയിച്ചതും മിഥിലയാണ്. മിഥില കരഞ്ഞതിന് കാണികളുടെ കൈയ്യിൽ തെളിവില്ല. പക്ഷേ ഹൃദയത്തിന്റെ സ്ഥാനത്ത് വജ്രം പോലുറഞ്ഞ മുറിവുണ്ടായിരുന്നുവെന്നത് പച്ചിലകൾക്കും പ്ലാസ്റ്റിക് ഉറകൾക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു.ഹൃദയത്തിന്റെ സ്ഥാനത്ത് പൂവുണ്ടായിരുന്ന ഒരാളെ ഓർമ്മ വന്നു.

ഡെറ്റോൾ എന്ന കവിത എന്റെ ബാല്യകാല സ്റ്റെപ്പെൻഡ് ഓർമ്മകളിലേക്ക് വഴിതെളിച്ചു കൊണ്ടുപോയി. അതെന്റെ കൂടി ജീവിതം ആയതു കൊണ്ട് പറയാൻ വാക്കുകളില്ല

എന്തിനു വേണ്ടിയാണ് നിങ്ങൾ നിന്നു മരിക്കുന്നത് എന്ന ചോദ്യമെങ്കിലും നിങ്ങൾക്ക് ചോദിച്ചുകൂടേ? അതേ ചോദിക്കാറുണ്ടോ നമ്മൾ. സ്വയം ഒരു വിമർശനത്തിലേക്ക് വിരൽ ചൂണ്ടുകയാണ് കവി. മരങ്ങളെ വിത്തുകൾ തിരിച്ചുവിളിക്കുന്ന, ചില തിരിച്ചെടുക്കലുകളുടെ കാലം വരുമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു.

സമൂഹത്തിലെ ജാതി വ്യവസ്ഥ തൊട്ട് എല്ലാ വിഷയങ്ങളിലും കവി തന്റെ വാക്കുകൾ കടത്തിവിട്ടിട്ടുണ്ട്. സ്ത്രീ പീഡനം ,നിൽപ്പുമരം, പരിസ്ഥിതി ചൂഷണം എന്നിവയൊക്കെ. പ്രതികരിക്കേണ്ടവനാണ് കലാകാരൻ എന്നു കാട്ടിത്തരുന്നുണ്ട്. സമൂഹം ഇങ്ങനെയാണ് നാളെ നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ കാലം നിങ്ങളെ വാനോളമുയർത്തും. ഹാ, ആ സജീവന്റെ കവിതകൾ വാക്കുകൾക്ക് തീ പിടിക്കുമായിരുന്നു എന്നൊക്കെ പറയുമായിരിക്കും. ഇന്നിൽ ജീവിക്കുന്ന പ്രിയ സുഹൃത്തുക്കളേ, നിങ്ങൾക്കിടയിൽ ഇപ്പോഴും എല്ലു കത്തിച്ചെടുത്ത പാട്ടുകളുമായി ഒരാൾ ജീവിച്ചിരിപ്പുണ്ട്. വെടിയേറ്റ് മരിക്കുവോളം തൊണ്ടക്കുഴിയിൽ പാട്ടുന്ന ഒരാൾ. അവനേ നോക്കി ഇപ്പോൾ കവിത നല്ലത് എന്ന് രണ്ട് നല്ല വാക്ക് പറയുക.

ഹേയ് മനുഷ്യാ, നിങ്ങളോടൊരു ചോദ്യം. ഈ വാക്കുകളൊക്കെ നിങ്ങളിതെവിടെയാ പൂട്ടി വച്ചിരിക്കുന്നത്..!

Loading Conversation