#

സന്തോഷ്‌ കുമാർ പി കെ
കൊത്തുനേരം : Mar 02, 2016

പങ്കു വെയ്ക്കൂ !

രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ


ഒളിച്ചു നിന്നു ബാലിയെ ....
തിളച്ചൊരമ്പിനാലുടൻ
കൊലകഴിച്ച രാഘവാ.....
മുകുന്ദ രാമ പാഹിമാം

സന്ധ്യാനാമത്തിലെ ഏതാനും ചില വരികളാണ് മേലുദ്ധരിച്ചത്. പണ്ട് കാണാപാഠം പഠിച്ച് നേരം സന്ധ്യയാകുമ്പോഴേക്ക് ഇത് തൊണ്ട പൊട്ടിയുറക്കെ ചൊല്ലണമെന്നാണ് വീട്ടിലെ കൽപ്പന. ബുദ്ധിയുറക്കാത്ത പ്രായത്തിൽ ഇതൊക്കെ കാണാപാഠം ഹൃദിസ്ഥമാക്കി വൈകുന്നരം കരിക്കല് ആകുമ്പോഴേക്ക് (നാടൻ പ്രയോഗം) ഇത് എട്ടു നാടും കേൾക്കെ തട്ടിവിടുകയാണ് പതിവ്. അന്നു സീരിയലുകളിലില്ലാത്തതിനാൽ സന്ധ്യാനാമവും അതു കഴിഞ്ഞാൽ ഹരിനാമകീർത്തനവും അമ്മയുടെ അമ്മയെ (മറ്റേമ്മ എന്ന ഓമനപ്പേരിൽ, ഞങ്ങൾ വിളിച്ചിരുന്ന) പാടി കേൾപ്പിക്കണം, ഇല്ലെങ്കിൽഅമ്മയോടും അച്ഛനോടും പറഞ്ഞ് അടികൊള്ളേണ്ടി വരും. അതിനാൽ ഇതൊക്കെ അർത്ഥമോ ,വ്യാകരണമോ ഇതെഴുതിയയാളുടെ ഉദ്ദേശ്യശൂദ്ധിയോ നോക്കാതെ ഹൃദിസഥമാക്കി.

സന്ധ്യാനാമം പോലെ ഇത്ര ദലിത് പിന്നോക്ക മനുഷ്യത്വ വിരുദ്ധമായ കൃതിയുടെ പൊള്ളത്തരം അംബേദ്കറെ പഠിച്ചപ്പോഴാണ് മനസ്സിലായത്. അതിലെ മര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ അപദാനങ്ങളാണല്ലോ വർണ്ണിച്ചിട്ടുള്ളത്. അത് യഥാർത്ഥത്തിൽ ദലിത് പിന്നോക്ക ജനതയെ സാംസ്കാരികമായി പിന്നോട്ട് അടിപ്പിച്ചിട്ടുണ്ടെന്നു തന്നെയാണ് എൻെറ പക്ഷം. വഞ്ചനയും ചതിയും മനുഷ്യത്വസ്ത്രീ വിരുദ്ധനായ രാമന്റെ അപദാനം നിറയെ കുത്തിനിറച്ച ഈകൃതി ഈ ജനതയ്ക്കെന്തു നൽകി? മുന്നോട്ടു പോകുവാൻ ഊർജ്ജം നൽകിയോ? ഇന്നും തിരിച്ചറിവില്ലാതെ ഇതിലെ ഭോഷത്തരങ്ങൾ ആളുകൾ ഭക്തിയുടെ പേരിൽ വൈകുന്നേരം ആകുമ്പോൾ തട്ടിവിടും.


എന്നാൽ മഹാനായ ശ്രീനാരായണ ഗുരു എഴുതിയ ദൈവദശകം എന്ന കൃതിയാണ് സന്ധ്യാനാമത്തേക്കാൾ വിശ്വാസികൾക്ക് ഏറെ ഗുണപ്രദം. ലളിതമായി ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അതിലെ ഓരോ വരികളിലും വരച്ച് ചേർത്തിരിക്കുന്നു . കേരളത്തിലെ പീന്നോക്ക ജനവിഭാഗങ്ങളിലെ പ്രധാന വിഭാഗമായ ഈഴവസമൂഹത്തെ അധ്യാത്മീകമായി മുന്നോട്ടു നയിക്കുന്നതിൽ നിസ്തുലമായ പങ്ക് ദൈവദശകം എന്ന കൃതിക്കുണ്ട്. മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധപരവും ചരിത്രത്തിൽ ഇടം പിടിച്ച മര്യാദപുരുഷോത്തമനായ രാമന്റെ അപദാനംവാഴ്ത്തുന്ന സന്ധ്യാനാമ പാരായണം ദലിതരുൾപ്പെടെയുള്ളവരെ സാംസ്കാരികമായി പിന്നോട്ടടിച്ചിച്ചിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല.
ഇതിനേക്കാളുപരിഹിന്ദു ഫാഷിസ്റ്റുകൾ രാമനെ അന്യമതങ്ങളെ ആക്രമിക്കാൻകൂടിയുള്ള ചട്ടുകമായി പരുവപ്പെടുത്തുമ്പോൾ, ബാബാസാഹേബ് ഡോ .ബി.ആർ .അംബേദ്കർ ''രാമനും കൃഷ്ണനും പ്രതിക്കൂട്ടിൽ '' എന്ന് പറഞ്ഞത് സത്യമായി വരികയാണ്.

Loading Conversation