#

ഫ്രാൻസിസ് നസ്രേത്ത്
കൊത്തുനേരം : Aug 05, 2016

പങ്കു വെയ്ക്കൂ !

ഡോ. അംബേദ്‌കർ പൂന കരാറിനെ അനുസ്മരിക്കുന്നു (ബിബിസിയുമായുള്ള അഭിമുഖം)

1955-ൽ ബിബിസി റേഡിയോ ഡോ. അംബേദ്‌കർമായി വിശദമായ അഭിമുഖം നടത്തിയിരുന്നു. ഗാന്ധിയെക്കുറിച്ചുള്ള ഓർമ്മകൾ, വട്ടമേശ സമ്മേളനങ്ങൾ, പൂന കരാർ, എങ്ങനെ രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടി, തുടങ്ങിയ പല വിഷയങ്ങളും അഭിമുഖത്തിൽ വന്നു. ആ അഭിമുഖത്തിൽ പൂന കരാറിനെ പ്രതിപാദിക്കുന്ന ഒരു ചെറിയ ഭാഗം ഇവിടെ ചേർക്കുന്നു.

(ബിബിസി): പൂന കരാറിലേക്ക് തിരിച്ചുവരുമ്പോൾ - താങ്കൾ അവിടെ ഉണ്ടായിരുന്നല്ലോ, ഗാന്ധി താങ്കളോട് പറഞ്ഞത് എന്തെന്നും താങ്കൾ ഗാന്ധിയോട് പറഞ്ഞതെന്തെന്നും ഓർമ്മിക്കാൻ ശ്രമിക്കാമോ?

(ഡോ. അംബേദ്‌കർ): ഓഹ്, എനിക്കത് നന്നായി അറിയാം. എനിക്ക് നന്നായി ഓർമ്മയുണ്ട്. ബ്രിട്ടീഷ് സർക്കാർ, മക്‌ഡൊണാൾഡ് കൊണ്ടുവന്ന ആദ്യ വിജ്ഞാപനത്തിൽ, എന്റെ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഞാൻ പറഞ്ഞു - നോക്കു, ഹിന്ദുക്കളും പട്ടിക ജാതികളും തമ്മിൽ വിഘടന വികാരങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വേണ്ടി ഹിന്ദുക്കൾക്ക് ഒരു പൊതു നിയോജകമണ്ഢലം വേണം. ഞങ്ങൾ ചിന്തിക്കുന്നത് അങ്ങനെ ഒരു പൊതു നിയോജകമണ്ഢലത്തിൽ ഞങ്ങൾ മുങ്ങിപ്പോകും, മാത്രമല്ല, അവിടെ ജയിക്കുന്ന പട്ടികജാതി നോമിനികൾ ഹിന്ദുക്കളുടെ അടിമകളായിരിക്കും, സ്വതന്ത്ര മനുഷ്യരായിരിക്കില്ല. അപ്പോൾ, ഞാൻ റാംസെ മക്ഡൊണാൾഡിനോടു പറഞ്ഞത് ഇങ്ങനെയൊരു കാര്യമായിരിക്കും അയാൾ (ഗാന്ധി) ചെയ്യുക എന്നാണു. ഞങ്ങൾക്ക് ഒരു വ്യതിരിക്ത (separate) നിയോജക മണ്ഢലം തരൂ, ഞങ്ങൾക്ക് പൊതു തിരഞ്ഞെടുപ്പിൽ രണ്ടാമത് ഒരു വോട്ട് കൂടിത്തരൂ, അപ്പോൾ ഗാന്ധിക്ക് ഞങ്ങൾ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിഘടിച്ചുപോയി എന്ന് പറയാൻ പറ്റില്ല.

ആദ്യമായി എന്റെ വാദം ഇതായിരുന്നു - (രണ്ട് തിരഞ്ഞെടുപ്പ് ദിവസങ്ങൾക്ക് ഇടയ്ക്കുള്ള) അഞ്ച് വർഷം ഞങ്ങൾ സാമൂഹികമോ ആത്മീയമോ ആയ ഒരു സംഭാഷണമോ ഒത്തുചേരലോ ഇല്ലാതെ ഹിന്ദുക്കളിൽ നിന്നും വേർതിരിഞ്ഞ് ജീവിക്കുന്നു. ഈ നൂറ്റാണ്ടുകളായി വളർന്നുവന്ന, ദൃഢവും അടിച്ചമർത്തിയതുമായ വേർതിരിയലിനെ ഇല്ലാതാക്കാൻ ഒരു ദിവസത്തെ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന പ്രക്രിയക്ക് എന്താണു ചെയ്യാൻ പറ്റുക? രണ്ട് പേർ ഒരേ വോട്ടിങ്ങ് ബൂത്തിൽ ഒരുമിച്ച് വോട്ട് ചെയ്താൽ അവരുടെ ഹൃദയങ്ങൾ പരിവർത്തനപ്പെടും എന്ന് ചിന്തിക്കുന്നത് മഠയത്തരമാണു. അങ്ങനെ ഒന്നും നടക്കാൻ പോകുന്നില്ല.

മിസ്റ്റർ ഗാന്ധിക്ക് ഇതിനെപ്പറ്റി ഒരു കിറുക്കുണ്ട്, ശരി, അത് ഇങ്ങനെ ഒരു സംവിധാനത്തിലൂടെ തൃപ്തിപ്പെടട്ടെ. തൊട്ടുകൂടാത്തവർക്ക് രണ്ട് വോട്ട് നൽകൂ. അവർക്ക് ജനസംഖ്യാനുപാതികമായി നിയോജകമണ്ഢലങ്ങൾ കൊടുക്കൂ. അങ്ങനെയാവുമ്പോൾ എത്ര വോട്ടുകൾ (നിയോജകമണ്ഢലങ്ങൾ) ഉണ്ട് എന്നത് എത്ര ജനസംഖ്യ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും, എത്ര പ്രതിനിധികൾ ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലാവില്ല. ഇങ്ങനെയാവുമ്പോൾ റാംസെ മക്ഡൊണാൾഡിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിനെ ഗാന്ധിയും മറ്റുള്ളവരും പരാതി പറയില്ല. ഈ ഒരു വിജ്ഞാപനം എന്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കിയായിരുന്നു. അദ്ദേഹം (എതിർപ്പുകൾ ഉണ്ടാവാതിരിക്കാൻ) ഇങ്ങനെ ചെയ്യാനാണു ഞാൻ ആഗ്രഹിക്കുന്നത്, എന്ന് ഞാൻ റാംസെ മക്ഡൊണാൾഡിനു നേപ്പിൾസിൽ നിന്നും ഒരു കത്ത് അയച്ചിരുന്നു. അദ്ദേഹം അതേപോലെയാണു ചെയ്തത്. അദ്ദേഹം ഞങ്ങൾക്ക് പ്രത്യേക നിയോജക മണ്ഢലങ്ങളും നൽകി, പൊതു തിരഞ്ഞെടുപ്പിൽ വോട്ടും നൽകി. ഞങ്ങൾ (നിയമസഭയിലേക്ക്) രണ്ട് പ്രതിനിധികളെ അയക്കരുത് എന്നായിരുന്നു ഗാന്ധിക്ക്. അതുകൊണ്ട് അദ്ദേഹത്തിനു വേറിട്ട നിയോജകമണ്ഢലങ്ങൾ എന്നത് സ്വീകാര്യമല്ലായിരുന്നു, അയാൾ ഒരു നിരാഹാരത്തിലേക്ക് പോയി.

അപ്പോൾ അവരെല്ലാം (കോൺഗ്രസ് നേതാക്കൾ) എന്റെയടുത്തു വന്നു. ബ്രിട്ടീഷ് സർക്കാർ പറഞ്ഞത് അദ്ദേഹം (ഡോ. അംബേദ്‌കർ) ഈ വിജ്ഞാപനം വേണ്ടെന്നു വെച്ചാൽ ഞങ്ങൾക്ക് അതിൽ എതിർപ്പില്ല എന്നാണു. പക്ഷേ ഞങ്ങളായിട്ട് (ബ്രിട്ടീഷുകാർ) ഈ വിജ്ഞാപനത്തെ ഇല്ലാതാക്കില്ല. ഞങ്ങൾ എല്ലാ കാര്യങ്ങളും പരിഗണിച്ചാണു ഈ വിജ്ഞാപനം ഇറക്കിയത്. ഞങ്ങൾക്ക് തോന്നുന്നത് ഇതാണു ഏറ്റവും നല്ല സംവിധാനം എന്നാണു. നിങ്ങൾ റാംസെ മക്ഡൊണാൾഡിന്റെ കത്ത് വായിക്കണം. അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. "ഞങ്ങളായിട്ട് (പട്ടികജാതികളും ഹിന്ദുക്കളും തമ്മിലുള്ള) വേർതിരിവ് വർദ്ധിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. ഒരു പൊതു തിരഞ്ഞെടുപ്പ് പട്ടികയിലൂടെ രണ്ടുകൂട്ടരെയും ഒരുമിപ്പിക്കാനാണു ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്". പക്ഷേ ഗാന്ധിയുടെ ഉദ്ദേശം ഞങ്ങൾക്ക് സ്വതന്ത്രവും സ്വന്തവുമായ പ്രാതിനിധ്യം ലഭിക്കരുതെന്നായിരുന്നു. അതുകൊണ്ട് അയാൾ പറഞ്ഞു പ്രാതിനിധ്യം കൊടുക്കരുതെന്ന്, ഞങ്ങൾക്ക് ഒരു പ്രാതിനിധ്യവും കൊടുക്കരുതെന്ന്. ഇതായിരുന്നു വട്ടമേശ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ നിലപാട്.

ആകെ മൂന്നു സമുദായങ്ങളെ മാത്രമേ - ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവരെ മാത്രമേ - താൻ അംഗീകരിക്കൂ എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്. ഭരണഘടനയിൽ ഈ മൂന്നു സമുദായങ്ങൾക്ക് മാത്രമേ പ്രാതിനിധ്യം ഉണ്ടാവുകയുള്ളൂ എന്ന്. പക്ഷേ ക്രിസ്ത്യാനികൾക്കോ ആംഗ്ലോ-ഇന്ത്യൻസിനോ പട്ടികജാതികൾക്കോ ഭരണഘടനയിൽ സ്ഥാനമൊന്നും ഉണ്ടാവുകയില്ല. അവർ പൊതു സമൂഹത്തിലേക്ക് സ്വയം ലയിക്കണം. ഈ നിലപാടിന്മേലായിരുന്നു പുള്ളി പ്രവർത്തിച്ചത്. പുള്ളിയുടെ എല്ലാ സുഹൃത്തുക്കളും ഈ മനോഭാവം എന്ത് മഠയത്തരമാണെന്നു പറഞ്ഞു, എനിക്കറിയാം. പുള്ളിയുടെ സ്വന്തം സുഹൃത്തുക്കൾ ഈ വിഷയത്തിൽ പുള്ളിയുമായി വഴക്കിട്ടു. പട്ടിക ജാതികളെക്കാൾ ആയിരം മടങ്ങ് ശക്തിയും രാഷ്ട്രീയ സ്റ്റാമിനയും ഉള്ള സിഖുകാർക്കും മുസല്മാന്മാർക്കും പ്രത്യേക പ്രതിനിധാനം കൊടുക്കാൻ നിങ്ങൾ തയാറാണെങ്കിൽ അത് പട്ടികജാതികൾക്ക് നിഷേധിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും....

പുള്ളി എപ്പോഴും പറഞ്ഞത് ഞങ്ങളുടെ നിങ്ങൾക്ക് പ്രശ്നം മനസിലാവില്ലെന്നാണു. പുള്ളി അങ്ങനെ മാത്രം പറഞ്ഞുകൊണ്ടിരുന്നു. ഗാന്ധിയുടെ ഉറ്റ സുഹൃത്തായ അലക്സാണ്ടർ ഓവൻ ഈ വിഷയത്തിൽ ഗാന്ധിയുമായി വലിയ വഴക്കുണ്ടാക്കി, അലക്സാണ്ടർ ഓവൻ എന്നോടു പറഞ്ഞതാണു. ഗാന്ധിയുടെ ശിഷ്യയായിരുന്ന ഒരു ഫ്രഞ്ച് വനിത - അവരുടെ പേര് എനിക്കിപ്പോൾ ഓർമ്മകിട്ടുന്നില്ല - അവരും ഈ വിഷയത്തിൽ ഗാന്ധിയുമായി ഒരുപാട് കലഹിച്ചു. ഈ മനോഭാവം ഞങ്ങൾക്ക് മനസിലാവുന്നില്ല, ഒന്നുകിൽ നിങ്ങൾ ആർക്കും ഒന്നും (പ്രത്യേകമായി) കൊടുക്കുന്നില്ല എന്ന് പറയൂ.. ഒരു പൊതു നിയമം ഉണ്ടാവട്ടെ, അത് ഞങ്ങൾക്ക് ഒരു ജനാധിപത്യ സംവിധാനമാണെന്ന് മനസിലാവും! നിങ്ങൾ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രതിനിധാനം കൊടുക്കും, സിഖുകാർക്ക് പ്രത്യേക പ്രതിനിധാനം കൊടുക്കും, പക്ഷേ ദളിതർക്ക് കൊടുക്കില്ല എന്നു പറയുന്നത് യുക്തിയില്ലായ്മയാണു. അയാൾക്ക് ഇതിനു ഒരു ഉത്തരവും പറയാനില്ലായിരുന്നു.

ഞങ്ങൾ ഈ സംവിധാനമാണു (പട്ടികജാതികൾക്ക് വ്യത്യസ്ഥ നിയോജകമണ്ഢലങ്ങൾ) നിർദ്ദേശിച്ചത്. തുടക്കത്തിൽ അയാൾ പട്ടികജാതികൾക്ക് വ്യത്യസ്ഥ നിയോജകമണ്ഢലങ്ങൾ കൊടുക്കരുത്, ഒന്നും കൊടുക്കരുത്, എന്നൊരു കത്ത് റാംസെ മക്ഡൊണാൾഡിനു അയച്ചു. അപ്പോൾ ഇത് ഒരുപാട് ചോദിക്കലാണെന്ന്, ഈ നിലപാടിൽ താങ്കളെ ആരും തന്നെ പിന്തുണക്കില്ലെന്ന് പുള്ളിയുടെ സുഹൃത്തുക്കൾ തന്നെ പറഞ്ഞു.

അപ്പോൾ മാളവിയയും മറ്റുള്ളവരും എന്റെയടുത്തുവന്നു, ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കാൻ താങ്കൾക്ക് പറ്റില്ലേയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു - ബ്രിട്ടീഷ് പ്രധാനമന്ത്രിയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയതിനെ (അവകാശങ്ങളെ) ബലികഴിച്ചുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ എനിക്ക് ആഗ്രഹമില്ലെന്ന് ഞാൻ പറഞ്ഞു.

(ബിബിസി): അപ്പോൾ താങ്കൾ..

ഡോ. അംബേദ്‌കർ: അപോൾ ഞാൻ മറ്റൊരു ഫോർമുല മുന്നോട്ടു വെച്ചു. "വ്യതിരിക്ത നിയോജകമണ്ഢലങ്ങൾ വേണ്ടെന്ന് വെക്കാൻ ഞാനൊരുക്കമല്ല, പക്ഷേ കാര്യങ്ങളെ അല്പം മാറ്റാൻ ഞാൻ തയാറാണു". അതായത് - പട്ടികജാതികളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളെ ആദ്യം പട്ടികജാതികൾ തന്നെ തിരഞ്ഞെടുക്കണം. ഒരു പ്രാഥമിക തിരഞ്ഞെടുപ്പ് പോലെ. അതിൽ നിന്നും നാലു സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കണം, ഈ നാലുപേരാവണം പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ഇതിൽ നിന്നും മികച്ചയാൾ തിരഞ്ഞെടുപ്പിൽ മൽസരിക്കട്ടെ. ഞങ്ങൾക്ക് (ഞങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയാണുള്ളത് എന്ന്) എന്തെങ്കിലും ഉറപ്പ് ഇതിൽ നിന്നും കിട്ടും!... അവിടെ നിങ്ങൾ നിങ്ങളുടെ നോമിനികളെ നിർത്തരുത്, നിയമസഭയിൽ ഞങ്ങളുടെ ശബ്ദം ഉയർത്താൻ കഴിവുള്ള ആളുകളെ ഞങ്ങൾ തിരഞ്ഞെടുക്കും. ഇത് ഗാന്ധിക്ക് അംഗീകരിക്കേണ്ടി വന്നു. അങ്ങനെ ഇത് ഗാന്ധി അംഗീകരിച്ചു. ഞങ്ങൾക്ക് ഇതുകൊണ്ടുള്ള ഗുണം 1937-ലെ തിരഞ്ഞെറ്റുപ്പിൽ മാത്രമേ ഉണ്ടായുള്ളൂ. അതിൽ (പട്ടികജാതി) ഫെഡറേഷൻ തിരഞ്ഞെടുപ്പ് തൂത്തുവാരിയെന്നും ഗാന്ധിക്ക് തന്റെ പാർട്ടിയിലെ ഒരു സ്ഥാനാർത്ഥിയെപ്പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ലെന്നും നിങ്ങൾക്ക് കാണാൻ കഴിയും.

(ബിബിസി): അദ്ദേഹം തന്റെ നിരാഹാരത്തിന്റെ അവസാനത്തിൽ വളരെ ശക്തമായി വിലപേശിയോ?

(ഡോ. അംബേദ്‌കർ) : ഓഹ്! തീർച്ചയായും. പുള്ളി വിലപേശിക്കൊണ്ടേയിരുന്നു, ഞാൻ പറഞ്ഞു ഒന്നും നടക്കില്ല..

"നിങ്ങൾ കടുത്ത വ്യവസ്ഥകൾ വെയ്ക്കാത്തിടത്തോളം നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞാനൊരുക്കമാണു. പക്ഷേ എന്റെ ജനതയെ ബലികഴിച്ച് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞാനൊരുക്കമല്ല".
ഞാൻ അവർക്കുവേണ്ടി - അവരെ അവിടെവരെ എത്തിക്കാൻ വേണ്ടി എത്ര കഷ്ടപ്പെട്ടെന്നും മറ്റും എനിക്ക് നന്നായി അറിയാം. ഞാൻ നിങ്ങളുടെ ചപലതകളെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല. അദ്ദേഹത്തിന്റെ ചപലതകളെ തൃപ്തിപ്പെടുത്താൻ എന്റെ ജനങ്ങളുടെ താല്പര്യങ്ങളെ ബലികഴിക്കുക. അയാൾക്ക് ചപലതകളുണ്ടായിരുന്നു. എങ്ങനെയാണു ഒരു ദിവസത്തെ പൊതുതിരഞ്ഞെടുപ്പ് നിലവിലുള്ള സ്ഥിതിയെ മാറ്റുക! തൽസ്ഥിതിയെ മാറ്റാനേ പോവുന്നില്ല.

(ബിബിസി): അദ്ദേഹം (മഹാത്മാഗാന്ധി) ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചു.

(അംബദ്കർ) : ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ - അദ്ദേഹം ഒരിക്കലും ഒരു മഹാത്മ അല്ലായിരുന്നു. അദ്ദേഹത്തെ മഹാത്മ എന്ന് വിളിക്കാൻ ഞാൻ വിസമ്മതിക്കുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തെ മഹാത്മ എന്ന് വിളിച്ചിട്ടില്ല. പുള്ളി ആ പദവി അർഹിക്കുന്നില്ല. നോക്കൂ, പുള്ളിയുടെ സന്മാർഗികതയുടെ കാഴ്ച്ചപ്പാടിൽ നിന്ന് നോക്കിയാൽപ്പോലും ആ പദവി അർഹിക്കുന്നില്ല.


മൊഴിമാറ്റം - ഫ്രാൻസിസ് നസ്രേത്

അവലംബം : റൌണ്ട് ടേബിൾ ഇന്ത്യ - ഇംഗ്ലീഷ് കേട്ടെഴുത്തുLoading Conversation