#

സിയാർ മനുരാജ്

കൊത്തുനേരം : Sep 19, 2017

പങ്കു വെയ്ക്കൂ !

മുസ്ലീം ദലിത് രാഷ്ട്രീയത്തിന്‍റെ ലക്ഷ്യങ്ങള്‍, തടസങ്ങള്‍രാഷ്ട്രീയത്തിന്‍റെ ആത്യന്തിക ലക്ഷ്യം അധികാരം നേടുക എന്നതല്ല .മറിച്ച് ഒരു സമൂഹത്തിനകത്ത് നിലനില്‍ക്കുന്ന അനീതികളെ ഇല്ലായ്മ ചെയ്യുക ,അതിനെ പ്രതിരോധിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ അധികാരത്തിനായി അനീതി ചെയ്യുന്ന ആളുകളുമായി സന്ധി ചെയ്യുന്ന നടപടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അല്ലേയല്ല . അധികാരം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയക്കാരന്‍ ആകൂ എന്ന് കരുതുന്നതിന് അതുകൊണ്ട് തന്നെ യാതൊരു അര്‍ത്ഥവും ഇല്ല. അധികാരത്തെ നേര്‍വഴിക്കു നയിക്കുന്ന ജനകീയശക്തിയുടെ രൂപീകരണത്തില്‍ സ്വയം പങ്കാളിയാവുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനം .ബ്രിട്ടീഷുകാരേക്കാള്‍ വലിയ രാഷ്ടീയ പ്രവര്‍ത്തകനായി ഗാന്ധി മാറുന്നതും ഡാം പണിയുന്ന രാഷ്ട്രീയക്കാരനേക്കാള്‍ വലിയ രാഷ്ട്രീയക്കാരിയായി മേധാ പഡ്കര്‍ മാറുന്നതും രാഷ്ട്രീയത്തിന്‍റെ ഈ വലിയ പരിപ്രേക്ഷ്യത്തില്‍ ആണ് . ഈ പശ്ചാത്തലത്തില്‍ വേണം ദലിത് മുസ്ലീം രാഷ്ട്രീയ സഖ്യ സാധ്യതകളെ നാം വിലയിരുത്തേണ്ടത് . ദലിത് മുസ്ലീം രാഷ്ട്രീയത്തിന്‍റെ ആത്യന്തിക ലക്ഷ്യം അധികാരത്തില്‍ എത്തുകകയല്ല മറിച്ച് മനുഷ്യര്‍ എന്ന നിലയില്‍, പൌരന്മാര്‍ എന്ന നിലയില്‍ ജീവിക്കാനും അങ്ങനെ അവര്‍ക്ക് ജീവിക്കാന്‍ പറ്റുന്ന ഒരു ജനാധിപത്യ ഇടമായി ഇന്ത്യയെ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. അതിനു തടസമായി നില്‍ക്കുന്ന ''എല്ലാ ശക്തികളേയും'' സന്ധിയില്ലാതെ എതിര്‍ക്കുക എന്നതാണ് ദലിത് മുസ്ലീം രാഷ്ട്രീയത്തിന്‍റെ ആത്യന്തിക ലക്ഷ്യം .അന്തര്‍ദേശീയമായി ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന ''ഇസ്ലാമിക് രാഷ്ട്രം'' എന്ന വാദം ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് സ്വീകാര്യമല്ല. ഇസ്ലാമിക് രാഷ്ട്രം തികച്ചും മതപരമായ ഒരു സംഗതിയാണ് .അത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പരിശ്രമമല്ല. ആ നിലയ്ക്ക് രണ്ടാമതൊരുവട്ടം ചിന്തിക്കാതെ തന്നെ ഇസ്ലാമിക് രാഷ്ട്രം എന്ന ആശയത്തെ എനിക്ക് തള്ളിക്കളയാന്‍ കഴിയും . എന്നാല്‍ ദലിതരുടെ ആവശ്യങ്ങള്‍ മതപരം എന്നതിലുപരി മനുഷ്യാവകാശങ്ങളുമായും പൌരാവകാശങ്ങളുമായും ബന്ധപ്പെട്ട ഒന്നാണ്. ദലിത് രാഷ്ട്രീയം ദലിസ്ഥാന്‍ എന്നൊരാവശ്യം ഉന്നയിക്കുന്നുമില്ല. ജനാധിപത്യ ത്തിനകത്ത് തുല്യമായ അധികാര വിഭവ വിതരണം ആണവര്‍ ലക്ഷ്യമിടുന്നത് . ലക്ഷ്യങ്ങളിലുള്ള ഈ വൈരുദ്ധ്യത്തെ അഭി സംബോധന ചെയ്യാതെ ദലിത് മുസ്ലീം രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ ആന്തരീക വൈരുധ്യങ്ങള്‍ ഉണ്ട് . കേവലം അധികാരം നേടാന്‍ ഒരു പക്ഷെ ഉതകും എന്നതിനപ്പുറം ശാശ്വതമായ ഒരു ജനാധിപത്യ മതേതര ബഹുസ്വര സമൂഹം കെട്ടിപ്പടുക്കാനുള്ള പരിശ്രമം ഇത്തരമൊരു മുന്നണിക്ക്‌ സാധ്യമാകുമോ എന്നതില്‍ സംശയങ്ങള്‍ ഉണ്ടാകുക സ്വാഭാവികം മാത്രമാണ് .ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഇന്ത്യയില്‍ ഉണ്ടാവണം . എന്നാല്‍ മതസ്വാതന്ത്ര്യം എന്നത്
ആധുനീക സമൂഹങ്ങള്‍ നേടിയിട്ടുള്ള മനുഷ്യാവകാശങ്ങളെ പറ്റിയും ,പൌരാവകാശങ്ങളെപറ്റിയും ഉള്ള സങ്കല്‍പ്പങ്ങള്‍ക്ക് ആധാരമായി ഉള്ളതാവണം .അല്ലാതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലനിന്നിരുന്ന കാടന്‍ നിയമങ്ങള്‍ മതസ്വാതന്ത്ര്യം എന്ന പേരില്‍ തുടരാന്‍ അനുവദിക്കല്‍ ആകരുത് .സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായി ഇടപെടാന്‍ കഴിയുന്ന ഇടങ്ങളായി മാറുന്ന മതങ്ങളും സമൂഹവും ഉണ്ടാകുന്ന കാലത്തെയാണ് നാം ലക്ഷ്യമിടേണ്ടത് . ഒരു ജനാധിപത്യവ്യവസ്ഥിതികക്കത്ത് സ്വതന്ത്രമായി നിലനില്‍ക്കുന്ന മതങ്ങളെയാണ് നാം വിഭാവനം ചെയ്യേണ്ടത് അല്ലാതെ ഒരു മതരാഷ്ട്രത്തിനകത്തെ മതങ്ങളെയല്ല . മതരാഷ്ട്രത്തിന്‍റെ നീതിബോധം അതെത്ര ഉന്നതമാണെങ്കിലും അതിന് സ്വതന്ത്രബഹുസ്വരസമൂഹ നിര്‍മ്മിതിക്കായി പരിശ്രമിക്കുന്നതിന് പരിമിതിയുണ്ട് . നവ ഹിന്ദുത്വം എങ്ങനെ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുകൊണ്ടിരി ക്കുന്നു എന്നത് നമ്മുടെ കണ്‍മുന്‍പില്‍ തന്നെയുണ്ടല്ലോ .ഹിന്ദു രാഷ്ട്രവാദത്തെ മുന്നോട്ടുവയ്ക്കുന്നവരെ എതിര്‍ക്കാന്‍ ദലിത് മുസ്ലീം രാഷ്ട്രീയത്തിന് കഴിയണമെങ്കില്‍ തീര്‍ച്ചയായും ദലിത് മുസ്ലീം ജനതകള്‍ ജനാധിപത്യ മതേതര ബഹുസ്വര മൂല്യബോധങ്ങള്‍ സാംശീകരിക്കുക തന്നെ വേണം.ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള അധികാര വിഭവ വിതരണം സാധ്യമാകണമെങ്കില്‍ ഇത് തീര്‍ച്ചയായും ആവശ്യമാണ് . ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജനകീയാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ മുന്നോട്ട് നയിക്കാനും ഈ കൂട്ടായ്മ സഹായിക്കും . അത്തരം കൂട്ടായ്മകള്‍ കാലത്തിന്‍റെ ആവശ്യകതയുമാണ് . പക്ഷെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു ഇന്ത്യന്‍ സമൂഹത്തെ രൂപപ്പെടുത്താനുള്ള മൂല്യബോധം കൂടി പ്രദാനം ചെയ്യാന്‍ ഈ കൂട്ടായ്മക്ക് കഴിയണം.അല്ലാതുള്ള അധികാര ലഭ്യത നിലവിലുള്ള തിന്മകളുടെ തുടര്‍ച്ച മാത്രമേ ആകൂ .നവ ഹിന്ദുത്വത്തിന്‍റെ ബലിയാടുകള്‍ ആകുന്ന ജനതകളെ ഒന്നിപ്പിക്കാന്‍ പറ്റുന്ന സൈദ്ധാന്തിക അടിത്തറ ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം .അംബേദ്കറും മുസ്ലീം ലീഗും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ രാഷ്ട്രീയ വിനിമയങ്ങള്‍ തീര്‍ച്ചയായും ഇന്നത്തെ തലമുറകള്‍ക്ക് ഒന്നിക്കാനുള്ള ഊര്‍ജ്ജം തന്നെയാണ് . ദലിത് അവസ്ഥകളില്‍ ഇന്നും തുടരുന്ന നല്ലൊരു വിഭാഗം മുസ്ലീമുകള്‍ ഇന്ത്യയിലുണ്ട് എന്നത് ദലിത് മുസ്ലീം രാഷ്ട്രീയത്തിന്‍റെ ഭൌതീകമായ അടിത്തറയാണ് .ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യം ഒട്ടും കുറയാതെ എല്ലാവര്‍ക്കും അനുഭവിക്കാന്‍ കഴിയണം. ആ മതസ്വാതന്ത്ര്യ സങ്കല്‍പ്പത്തിനനുസരിച്ചുള്ള മതേതരത്വത്തില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത് . ബഹുസ്വര സമൂഹത്തിന്‍റെ സൃഷ്ടിക്കായി യത്നിക്കാനുള്ള പരിശ്രമത്തില്‍ മതങ്ങളും ക്രീയാത്മകമായി ഇടപെടണം .അത്തരം പരിശ്രമങ്ങളില്‍ ഉത്തമ പങ്കാളികള്‍ ആകാന്‍ കഴിയുന്ന രീതിയില്‍ മതങ്ങളും അന്തരീകമായി പരിവര്‍ത്തിതര്‍ ആകണം എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് . മതരാഷ്ട്ര വാദം വര്‍ത്തമാനകല ഇന്ത്യയില്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരു പഴകി പുളിച്ച സംഗതിയല്ലെന്നു ഓര്‍ക്കുമല്ലോ . ഞാന്‍ മതരാഷ്ട്രത്തെ പറ്റിയാണ് പറഞ്ഞത് .ഇസ്ലാമിക് രാഷ്ട്രത്തെപറ്റി സവിശേഷമായി അല്ല എന്നോര്‍ക്കുക . ജനാധിപത്യത്തെ മതേതരത്വത്തെ ബഹുസ്വരതയെ ,രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നോക്കുന്ന ആളുകളെയൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഭരണകൂടത്തെയാണ് ഞാന്‍ സ്വപ്നം കാണുന്നത് . രാജ്യത്തെ നിയമങ്ങളെതന്നെ നിഷേധിക്കേണ്ടുന്ന വലിയ സമരങ്ങളുടെ ഒരു കാലത്തിനു മുന്‍പുള്ള ഒരു ഘട്ടമായാണ് ഞാന്‍ ദലിത് മുസ്ലീം ഐക്യ രാഷ്ട്രീയത്തെ കാണുന്നത് .ദലിത് മുസ്ലീം ഐക്യം ഒരു തിന്മ ആണെന്നോ ,കാലത്തിനു യോജിക്കാത്ത ഒരവസരവാദം ആണെന്നോ എനിക്കഭിപ്രായമില്ല . എന്നാല്‍ അത്തരം ഒരു കൂട്ടായ്മ അഭിസംബോധന ചെയ്യേണ്ട ചില വിഷയങ്ങളെ സ്വയം വിമര്‍ശനത്തോടെ കാണുവാന്‍ ശ്രമിച്ചു എന്ന് മാത്രം. ദലിത് മുസ്ലീം ഐക്യം എന്നാല്‍ ദലിതരും ഇസ്ലാമും തമ്മിലുള്ള ഉടമ്പടി ആകരുത് .അത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ബഹുസ്വരതയില്‍ വിശ്വസിക്കുന്ന മതേതരത്വത്തില്‍ വിശ്വസിക്കുന്ന രണ്ടു ജനതകള്‍ തമ്മിലുള്ള ഉടമ്പടി ആകണം എന്ന് മാത്രം .

Loading Conversation