#

ബി. മധുകുമാര്‍
കൊത്തുനേരം : Sep 23, 2017

പങ്കു വെയ്ക്കൂ !

'വ്യവസ്ഥയുടെ നടപ്പാതകള്‍-പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ ജീവചരിത്രം :പുനരാഖ്യാനവും വിവക്ഷകളും " എന്ന പുസ്തകത്തെ കുറിച്ച്


പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആന്തരീക ചരിത്രത്തെ സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്ന മികച്ച രചനയാണ്. 'വ്യവസ്ഥയുടെ നടപ്പാതകള്‍' പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ ജീവചരിത്രത്തെ പുനരാഖ്യാനം ചെയ്യുകയും അതിന്റെ ദാര്‍ശികമായ വിവക്ഷകളെ പശ്ചാത്തലമാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ ചരിത്രപാഠത്തിന്റെ ലക്ഷ്യം. അടിത്തട്ടു ജനതയുടെ വിശ്വാസരൂപീകരണം, അവബോധം, പ്രതിരോധശ്രമങ്ങള്‍ എന്നിവയിലൂടെ ചരിത്രത്തില്‍ അദൃശ്യപ്പെട്ട പൊയ്കയില്‍ കുമാരഗുരുദേവന്റെ മറ്റൊരു പാഠം ഈ എഴുത്തിലൂടെ തെളിച്ചപ്പെടുന്നുണ്ട്. 1909 - മുതല്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാംഗങ്ങളായി തീരുന്നതിനായി ഗുരുദേവന്‍ ആവിഷ്‌ക്കരിച്ച 'രക്ഷാനിര്‍ണയ' യോഗത്തില്‍ അപ്പച്ചന്റെ മറ്റൊരു ജീവചരിത്രം ഉള്‍പ്പെട്ടിരുന്നു. ശിഷ്യന്മാരുടെ പാട്ടുകളിലും ഓര്‍മ്മക്കുറിപ്പുകളിലും ഈ ജീവചരിത്രത്തിന്റെ ആഖ്യാനം പല മട്ടില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇല്ലിത്തറ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സഭയിലെ പില്‍ക്കാല പുരോഹിതന്മാരെ ഇന്റെര്‍വ്യൂ ചെയ്യുകയും അവരുടെ രക്ഷാനിര്‍ണയ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത സാമൂഹ്യശാസ്ത്ര ഗവേഷകര്‍ ഉള്‍പ്പെടെ രക്ഷാ നിര്‍ണയത്തിലെ ജീവചരിത്രാഖ്യാനത്തെ സിദ്ധാന്തപരവും രീതി ശാസ്ത്രപരവുമായ പരിമിതി മൂലമാവാം പഠനത്തില്‍ പരിഗണിച്ചിട്ടില്ല. 1969ല്‍ അപ്പച്ചന്റെ ഇളയമകനായ പി. ജെ തങ്കപ്പന്‍ (കൊച്ചു തിരുമേനി) ആദിയര്‍ ദീപത്തില്‍ എഴുതിയ ജീവചരിത്ര സംഗ്രഹമാണ് ചെന്താരശ്ശേരി മുതല്‍ രാജേഷ് ചിറപ്പാട് വരെയുള്ളവരുടെ ഉപാദാന സാമഗ്രി. രക്ഷാ നിര്‍ണയത്തിലെ ഗുരുദേവ ജീവചരിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന അടിത്തട്ടിലെ അനുഭവ മണ്ഡലത്തെ സംബന്ധിക്കുന്ന സൂചനകള്‍ 1969 ലെ ജീവചരിത്ര സംഗ്രഹത്തിലും കാണാന്‍ കഴിയുന്നുവെന്നതാണ് വ്യവസ്ഥയുടെ നടപ്പാതകളെ വ്യത്യസ്തമാക്കുന്നത്. രക്ഷാ നിര്‍ണയത്തിലെ ജീവചരിത്രപാഠം ഒരു കഥ പറയുന്ന മട്ടിലാണ് കാണുന്നത്. രൂപകാവസ്ഥയില്‍ നിന്നു മിത്തിക്കല്‍ ഫോമില്‍ നിന്നും അതിനെ ചരിത്ര ഘടനയിലേക്ക് സന്നിവേശിപ്പിക്കുന്ന ദൗത്യമാണ് ഗ്രന്ഥരചനാ സമതി ഏറ്റെടുത്തതെന്ന് ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വസ്തുതകളും തെളിവുകളുമെന്ന നിലയില്‍ അനേകം ആധാര സ്‌ത്രോസുകള്‍ അടിക്കുറിപ്പുകളായും ഗ്രന്ഥ സൂചിയായും നല്‍കിയിട്ടുമുണ്ട്. കേരള നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായി രൂപപ്പെട്ട സാമ്പ്രദായിക അപ്പച്ചന്‍ ആഖ്യാനങ്ങളെയും, പ്രത്യക്ഷ രക്ഷാ ദൈവസഭയെ കൊളോണിയല്‍ മിഷണറി ഈ വാഞ്ചലിസത്തിന്റെ ഉല്പന്നമായും വിലയിരുത്തുന്ന ആഖ്യാനങ്ങളോട് ഈ രചന വിസമ്മതം രേഖപ്പെടുത്തുന്നുണ്ട്. മുഖ്യധാരാ ചരിത്രത്തില്‍ കാണപ്പെടാതെ പോയ അപ്പച്ചന്റെ ജീവചരിത്ര പാഠത്തെ രക്ഷനിര്‍ണയത്തില്‍ നിന്നും എഴുത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് ഈ ഗ്രന്ഥം. അടിത്തട്ടിലെ ജനതയുടെ വംശബോധ നിര്‍മ്മിതിയുടെ പശ്ചാത്തലത്തിലാണ് ഈ എഴുത്ത് കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ ദലിത് ഐക്യ- വിമോചന പ്രസ്ഥാനമെന്ന നിലയിലുള്ള കേവല പാഠങ്ങളെയും ഈ കൃതി ഉപേക്ഷിക്കുന്നു. അപ്പച്ചന്റെ തന്നെ താത്വിക നിലപാടുകളെയാണ് ജീവചരിത്ര പുനരാഖ്യാനത്തിന്റെയും വിവക്ഷകളുടെയും ആധാര സ്രോതസായി എഴുത്തുകാര്‍ പരിഗണിക്കുന്നത്.

'വംശം, നടപ്പാതകള്‍, വ്യവസ്ഥ, ആഖ്യാനങ്ങള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് ഈ പുസ്തകത്തിന്റെ ഘടന, 'വംശം' എന്ന സങ്കല്പനം അപ്പച്ചന്റെ തന്നെ ദാര്‍ശനിക നിലപാടുകളുമായി ചേര്‍ന്നാണ്. വിശകലനം ചെയ്യുന്നത്. നരവംശ ശാസ്ത്രപരമായ 'വംശം പരികല്പന ഇവിടെ പരിഗണിക്കുന്നില്ല. തത്വചിന്തയും ദര്‍ശനങ്ങളും ഇരുട്ടില്‍ നിര്‍ത്തിയ 'വംശ'മെന്ന നിലയില്‍ ഇല്ലായ്മയെയല്ല () പകരം ഉണ്മയെയാണ് അപ്പച്ചന്‍ കണ്ടെടുത്തതെന്ന നിരീക്ഷണം കീഴാള പഠനങ്ങളെ പുതിയ ദിശയില്‍ ചലിപ്പിക്കാന്‍ സാധ്യമായ സൂചകമാണ് ചരിത്ര ഭൂത കാലത്തെ ദൈവ ശാസ്ത്രങ്ങളുടെയും തത്വചിന്തകളുടെയും പ്രശ്‌ന വത്ക്കരിക്കുന്ന അപ്പച്ചന്റെ ആശയങ്ങള്‍ ഒരു ജ്ഞാനവംശത്തെ നിര്‍മ്മിക്കുന്നുവെന്നതാണ് ഈ പഠനം കണ്ടെടുക്കുന്നത്.

ചരിത്രഭൂതത്തിലെ അടിമത്തം കേവലം അടിമത്താനുഭവങ്ങളുടെ ഓര്‍മ്മയല്ല, മറിച്ച് ' അടിമ വിഷയം' എന്ന ദാര്‍ശനിക വ്യവസ്ഥയായി രൂപപ്പെടുത്തിയെന്നതാണ് ഈ ഗ്രന്ഥം അടിവരയിടുന്നത്. ഏഴുകൂട്ടം അടിമത്തരൂപങ്ങള്‍ അപ്പച്ചന്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്നുണ്ട്. കൊളോണിയല്‍ അടിമ ആഖ്യാനമോ, അടിമ ചരിത്ര വിവരണമോ അല്ല അപ്പച്ചന്‍ നടത്തിയെന്നു സാരം. വംശം, രക്ഷാ നിര്‍ണയത്തിലെ അടിമ വിഷയത്തിലൂടെ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന സാര്‍വ്വദേശീയമായ ഒരു ചിന്തയും സങ്കല്പനവുമാണ് അപ്പച്ചന്‍ അവതരിപ്പിച്ചതെന്ന് ഈ കൃതി നിരീക്ഷിക്കുന്നുണ്ട്. ' വംശ' ത്തെ ഒരു ആശയ വ്യവസ്ഥയായാണ് അപ്പച്ചന്‍ വിലയിരുത്തിയതെന്ന് പുസ്തകം തെളിവുകള്‍ നിരത്തുന്നു. വ്യത്യസ്ത ജ്ഞാന വ്യവസ്ഥകള്‍ക്കുള്ളില്‍ അദൃശ്യരായി ഇരുട്ടിലും മറവിലും നില്‍ക്കുന്ന മനുഷ്യരെയാണ് അപ്പച്ചന്‍ ഒരു ജ്ഞാന വംശമായി പരിഗണിച്ചുതെന്ന് വിലയിരുത്തുന്നു. അപരലോകങ്ങള്‍ ആത്മത്തിലേക്ക് ലയിക്കുകയല്ല മറിച്ച് അപരങ്ങളുടേതായ മറ്റൊരു ജ്ഞാന വ്യവസ്ഥ നിര്‍മ്മിക്കേണ്ടതുണ്ടെന്ന് ദാര്‍ശനിക നിലപാടിലാണ് അപ്പച്ചന്റേത്.


ഒട്ടേറെ എഴുത്തുകളില്‍ ഏണും കോണും തെറ്റിച്ച് എഴുതപ്പെട്ട ഒരു മുന്നേറ്റമെന്ന നിലയിലും, അതിജീവനത്തിന്റെയും പ്രതിരോധത്തിന്റേയും ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തിയ പ്രസ്ഥാനവും അതിന്റെ ആശയങ്ങളുമെന്ന് നിലയിലും ഈ വായനയ്ക്ക് പ്രസക്തിയുണ്ട്. ശ്രീകുമാര ഗുരുദേവനെയും പ്രത്യക്ഷ രക്ഷാ ദൈവസഭയെയും സംബന്ധിക്കുന്ന എഴുത്തിന്റെയും വായനയുടെയും സാമ്പ്രദായിക നടപ്പാതകളില്‍ ഈ പുസ്തകം നിര്‍ണായകമാകും. ജീവചരിത്ര പുനരാഖ്യാന സമിതി. അണ്‍സീണ്‍ ലെറ്റേഴ്‌സ് സ്റ്റേറ്റ് പബ്ലിക്കേഷന്‍ എന്നിവര്‍ക്ക് ഭാവുകങ്ങള്‍.

Loading Conversation