#

സാബ്ലു തോമസ്
കൊത്തുനേരം : Jul 17, 2016

പങ്കു വെയ്ക്കൂ !

കീഴാളത്വം ഏകശിലാത്മകമല്ല

കേരളത്തിലെ കീഴാളത്വ (caste Sublternity)യെ കുറിച്ചു സംസാരിക്കുന്നത് ഒരു കോമ്പ്ലക്സ് കൊണ്ടാണ് എന്നു ഒരു ട്രാന്‍സ്ജെണ്ടര്‍ ആക്റ്റിവിസ്റ്റ്ന്റെ കമന്റ് കണ്ടു. കാസ്റ്റിന്റെ കീഴാളത്വം ലിംഗപരമായ കീഴാളത്വം അനുഭവിക്കുന്ന ഒരാൾക്ക് മനസിലാവാതെ പോവുന്നതും അത് വെറുംകോമ്പ്ലക്സ് കൊണ്ടാണ് എന്നു തോന്നുന്നതും കാണുമ്പോൾ ഒരു കീഴാളത്വത്തിനു മറ്റൊരു കീഴാളത്വത്തിന്റെ പ്രശ്നം മനസിലാക്കാത്ത വിധം പരസ്പരം എക്സ്ക്ലൂസിവായ ഒരു ഇടത്തിലാണ് നാം ജീവിക്കുന്നത് എന്നു തോന്നി പോവുന്നു. അവരുടെ കമന്റ് എന്നിൽ ഒരു ഞെട്ടലും ഉണ്ടാക്കിയില്ല എന്നു പറയട്ടെ. അദൃശ്യത അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ, രാഷ്ട്രീയ കർതൃത്വങ്ങളുടെ പ്രാതിനിധ്യം, ദൃശ്യത, സാധുത (Representation,legitimacy) എന്നിവ ഉറപ്പു വരുത്തണമെന്ന രാഷ്ട്രീയ ബോധ്യത്തിനപ്പുറം ഒരു സ്വത്വവും പൂർണമാണ് എന്ന
നിലപാടില്ല. അത് കൊണ്ടു തന്നെ ഏകശിലാത്മകമായ സ്വത്വനിർമിതികളെ തള്ളികളയുന്നത് കൂടിയാണ് എന്റെ രാഷ്ട്രീയം. വൈരുധ്യങ്ങളോ, വൈവിധ്യങ്ങളോ,വിഭജനങ്ങളോ ഇല്ലാത്ത ഒരു സ്വത്വവുമില്ല എന്നു തന്നെയാണ്
ബോധ്യം. അതു കൊണ്ടു തന്നെ വിഭജനങ്ങൾ ഇല്ലാത്ത പൂർണമായ സ്വത്വമാണ് ഒരു ട്രാന്‍സ്ജെണ്ടറിന്റത് എന്ന് കരുതുന്ന അവരുടെ ബോധ്യം തള്ളികളയേണ്ടത് തന്നെയാണ് എന്നു തോന്നുന്നു.ട്രാന്‍സ്ജെണ്ടറുകളുടെ ഇടയിലെയും ക്ലാസ്സും കാസ്റ്റും കളറും ഉണ്ടാക്കുന്ന അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അല്ലെന്നു തോന്നിക്കുന്നത് ട്രാന്‍സ്ജെണ്ടറുകൾക്ക് അദൃശ്യത (invisibility) ഉണ്ടാക്കുന്ന അതേ പിതൃദായക (patriarchal) പൊതു ബോധം അവർ ആന്തരികവത്കരിക്കുന്നത് (internalise)കൊണ്ടാണ്.ഒരു കീഴാളത്വത്തിനു മറ്റൊരു കീഴാളത്വത്തെ മനസിലാക്കാൻ കഴിയാത്ത വിധം എക്സ്‌ക്ലൂസിവായ ഇടത്തെ കുറിച്ചുള്ള സംശയം മുമ്പും ഉണ്ടായിട്ടുണ്ട്. തന്റെ മകന് ബ്രാഹ്മണ/അയ്യർ സ്വവർഗ പങ്കാളിയെ അന്വേഷിക്കുന്ന ഹരീഷ് അയ്യരെന്ന LGBT ആക്റ്റിവിസ്റ്റ്ന്റെ അമ്മ കൊടുത്ത പരസ്യം കണ്ടപ്പോഴായിരുന്നു അത്. മറ്റു കീഴാളത്വങ്ങളെ മനസിലാക്കാതെ പോവുന്നത് LGBTകൾക്ക് മാത്രമല്ല. എല്ലാ കീഴാള വിഭാഗങ്ങൾക്കിടയിലും ഇത്തരം ബോധ്യം ഉള്ളവർ ഉണ്ടാവാം. ഒരിക്കൽ ഒരു തൊഴിലാളി നേതാവ് ഭിന്നശേഷിയുള്ളവർക്ക് സൗജന്യം കൊടുക്കുന്നത് കൊണ്ടാണ് കെ.എസ്.ആർ.ടി.സി നശിക്കുന്നത് എന്ന് വാദിക്കുന്നത് കണ്ടിരുന്നു. മറ്റൊരിക്കൽ ലിംഗപരമായ വിവേചനകൾക്കെതിരെ പോരാടുന്ന സുനിത കൃഷ്ണന്റെ ഒരു ട്വീറ്റും ഇത്തരം ഏകശിലാത്മകമായ സ്വത്വനിർമിതികളുടെ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യൻ പൊതുബോധത്തിൽ വർണവെറി എത്ര രൂഡമൂലമാണ് എന്ന തിരിച്ചറിവ് വീണ്ടും ബലപ്പെടുത്തുന്നതായിരുന്നു സാമുഹിക പ്രവർത്തകയായ സുനിത കൃഷ്ണന്റെ ആ ട്വീറ്റ്. `കറുത്ത' നിറമുള്ള ഒരു മനുഷ്യന്റെ കൂടെ ഒരു `വെളുത്ത' കുട്ടിയെ കണ്ടാൽ അത് അയാളുടെതല്ല എന്ന് ധ്വനിപ്പിക്കുന്ന വിധമായിരുന്നു ആ ട്വീറ്റ്. കറുപ്പിനെ ക്രിമിനൽവല്കരിക്കുന്ന,വംശീയ ബോധ്യതിന്റെ പ്രഖ്യാപനമായി തോന്നിയിരുന്നു അന്ന് ആ ട്വീറ്റ്.

ഒരു കീഴാളത്വത്തിനുള്ളിൽ മറ്റു കീഴാളത്വങ്ങൾ ഉണ്ടാവാം.മുൻപ് മുന്നാർ സമരത്തിന്‌ പിന്നിലെ ജാതിയവും ലിംഗപരവുമായ കാരണങ്ങളെ കുറിച്ച് നടന്ന ചർച്ചകളിൽ ഈ പ്രശ്നങ്ങളിലൊക്കെ എന്ത് ദളിത്‌ സ്വത്വം എന്ത് സ്ത്രി സ്വത്വം, എന്ന ചോദ്യം ഉയർന്നു കേട്ടു. ലിംഗവും ജാതിയും വേതനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ധാരാളം അക്കദമിക്കും അല്ലാത്തതുമായ പഠനങ്ങൾ വന്നിട്ടുണ്ട്. അത്തരം വായനകൾ വരുന്നതിനുള്ള ചരിത്രപരവും സാമുഹികവുമായ കാരണങ്ങളാണ് എന്നു മനസിലാക്കാൻ കഴിയാത്തവരാണ് മൂന്നാർ സമരത്തെ വെറും തൊഴിലാളി പ്രശ്നമായി മനസിലാക്കുന്നത്. ഇതിനു പുറമേ ഭൂരിപക്ഷവും മലയാളികളായ ഒരു സംസ്ഥാനത്തിൽ ജീവിക്കുന്ന തമിഴ് ഭാഷ സംസാരിക്കുന്ന ജന വിഭാഗമെന്ന നിലയിൽ അനുഭവിക്കുന്ന മുൻവിധികൾ അനുഭവിച്ചവർ എന്ന നിലയിൽ അവരുടെ ഭാഷ ന്യൂനപക്ഷമെന്ന നിലയിലെ കീഴാളത്വവും പ്രസക്തമാണ് എന്നു പലരും മനസിലാക്കാതെ പോയി. അത് കൊണ്ടാണ് ആ സമരത്തെ പലരും ഒരു തൊഴിലാളി സമരം മാത്രമായി വായിച്ചത്. ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ ചിലരെ പാര്‍ശ്വവല്‍ക്കരിക്കുന്ന പൊതുബോധം ശ്രേണീകൃതമായ വിവേചനകളുടെഒരേ സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്‌ടിയാണ്. പൊതു ബോധമെന്നു പറയുന്നത് ഒരു സമുഹത്തിൽ അധീശത്വമുള്ള ഒരു ചിന്ത സമുഹത്തിന്റെ മൊത്തം ചിന്തയായി മാറുന്ന പ്രക്രിയയെയാണ്. ഉദാഹരണത്തിനു കറുപ്പിനെ തിന്മയുമായി താദാത്മ്യപ്പെടുത്തുന്ന ഒരു പൊതു ബോധം ഭാഷയിൽ എങ്ങനെ രൂഡമൂലമാണ് എന്ന് വ്യക്തമാക്കുന്നുണ്ട് കറുത്ത ദിനം,കരിങ്കാലി,തുടങ്ങി ധാരാളം പ്രയോഗങ്ങൾ.ചില സ്വത്വങ്ങളെ മാത്രം വിഭജനമില്ലാത്ത പൂർണ സ്വത്വമാണ് എന്നു കരുതുന്നതാണ് അധീശത്വത്തിന്റെ പ്രത്യയശാസ്ത്ര പരിസരം.ഇത്തരം പൊതുബോധത്തിന്റെ ലോജിക്ക് തങ്ങളുടെ സ്വത്വം ഏകശിലാത്മകമാണ് എന്നു കരുതുന്നവർ ആന്തരികവത്കരിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് ഏകശിലാത്മകമായ സ്വത്വ നിർമിതികളെ പ്രശ്നവത്കരിക്കേണ്ടി വരുന്നത്.

Loading Conversation