#

റോഷൻ തോമസ്
കൊത്തുനേരം : Apr 17, 2017

പങ്കു വെയ്ക്കൂ !

#

ചളു / ചളി / ട്രോൾ എന്നൊക്കെ അറിയപ്പെടുന്ന ആക്ഷേപഹാസ്യ വിവരചിന്തുകൾ സോഷ്യൽ മീഡിയയിലെ ഒരു പ്രധാനപ്പെട്ട വശം ആണല്ലോ. കേവലചിരിപ്രദാനം എന്നതിലുപരി ആഴത്തിലുള്ള സാമൂഹികവിശകലനം കൂടി ഇത്തരം വിവരങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നുണ്ട്.. വിവരസാങ്കേതികവിസ്ഫോടനം നടക്കുന്ന ഈ പുതിയകാലത്ത് ട്രോളുകളുടെയും മീമുകളുടെയും ചളികളുടെയും രാഷ്ട്രീയത്തെ കുറിച്ച് ?

സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി അല്ല തുടങ്ങിയത് എങ്കിലും പില്‍ക്കാലത്ത് ശക്തമായ സാമൂഹിക സന്ദേശം നല്‍കുന്ന രീതിയിലെക്കുള്ള വളര്‍ച്ച അമ്പരപ്പിക്കുന്നത് ആയിരുന്നു. ട്രോള്‍ എന്നതില്‍ ഉപരി മീമുകള്‍ എന്ന് വിളിക്കുന്നതാണ് ഇഷ്ടം. ഇന്റര്‍നെറ്റ് മീമുകളുടെ സാമൂഹിക ഇടപെടലുകള്‍ മലയാളി സമൂഹത്തില്‍ താരതമ്യേന താമസിച്ചാണ് എത്തിയതെങ്കിലും 4chan ലെ /b/ ബോര്‍ഡില്‍ നിന്ന് വളര്‍ന്ന അനോണിമസ് ആക്ടിവിസത്തിന്റെ മലയാളി വേര്‍ഷന്‍ സ്വാഭാവികമായി തന്നെ ഇവിടെ എത്തി ചേരുകയാണ് ഉണ്ടായത്. മീമുകളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍ നാല് കാരണങ്ങള്‍ ഉണ്ട് എന്നാണു ഞാന്‍ കരുതുന്നത്.

ഒന്ന്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫെയിസ്ബുക്കിന്റെ അല്‍ഗരിതം ഇമേജുകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം

രണ്ടു. Pictures speak more than words - ഭാഷാ പരിമിതി ഇല്ല തുടങ്ങിയ വിവിധങ്ങള്‍ ആയ കാരണങ്ങള്‍ കൊണ്ട്.

മൂന്ന്. സിനിമകള്‍ക്ക് സമൂഹത്തില്‍ ഉള്ള സ്വീകാര്യത

നാല്. ഒരു കാര്‍ട്ടൂണ്‍ സംവദിക്കുന്ന അതെ വിഷയങ്ങള്‍ ഒരു വരയ്ക്കുക എന്നാ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ അവതരിപ്പിക്കാനാകുക എന്നത്

സ്വാഭാവികമായും സാമൂഹിക പ്രാധാന്യം ഉള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള ഒരു ടൂള്‍ ആയി മീമുകളെ രൂപാന്തരപ്പെടുത്തി, ജനകീയമാക്കി.

ആക്ഷേപഹാസ്യം / ഹാസ്യം എന്ന രസം വിതറുന്ന ഇടങ്ങളിലെല്ലാം സ്വാഭാവികമായ വന്നു ചേരുന്ന ചില പ്രവണതകൾ ആണ് ജാതി / ജെൻഡർ / നിറം എന്നിവയിൽ ഊന്നിയുള്ള ഹാസ്യചേരുവകൾ. എങ്ങിനെ കാണുന്നു ??

സോഷ്യല്‍ മീഡിയ സമൂഹത്തിന്റെ പരിച്ഛേദം ആണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങൾ ആയ ജാതീയത, വംശീയത ഒക്കെ തന്നെ എല്ലാ സോഷ്യല്‍ മീഡിയ ടൂളുകളിലും വരും. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മലയാള സിനിമകളിലെ സ്ക്രീന്‍ഷോട്ടുകള്‍ കൊണ്ട് അതെ പൊതുബോധത്തെ വിമര്‍ശിക്കുന്ന മീമുകള്‍ക്ക് ഒരു കാവ്യനീതി ഉണ്ടെന്നു ചിലപ്പോള്‍ തോന്നാറുണ്ട്.

രാഷ്ട്രീയവിമർശനം ആക്ഷേപഹാസ്യത്തിൽ ചാലിക്കുന്നതു വളരെനീണ്ട ചരിത്രമുള്ളൊരു സംഗതിയാണ് . എന്നാൽ മതങ്ങളെ / മത / അന്ധവിശ്വാസങ്ങളെ ട്രോൾ കളിലൂടെ വിശകലനവും വിമർശനവും ചെയ്യുന്ന രീതിക്കു ഒരുപക്ഷെ അധികം പഴക്കം കാണില്ലായിരിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ' അനോണിമിറ്റി ' എന്ന സുരക്ഷാ കാരണം ഇത്തരം വിമർശനഹാസ്യങ്ങൾക്കു കൂടുതൽ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

അനോണിമിറ്റിയുടെ പരിരക്ഷയെ കുറച്ചു കാണുന്നില്ല എങ്കിലും അത് മാത്രമല്ല മത വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാന്‍ കാരണം എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. നിസ്സാരമായ മത വിമര്‍ശനത്തിന്റെ പേരില്‍ തലയും കാലും വെട്ടുമ്പോളും എതിര്‍പ്പുകളെ മൂര്‍ച്ചയോടെ സ്വന്തം ഐഡന്റിറ്റി മറയ്ക്കാതെ അവതരിപ്പിക്കുന്നവര്‍ അനേകര്‍ ഉണ്ട്. മതത്തോടുള്ള കാഴ്ചപ്പാടില്‍ വന്ന കാതലായ മാറ്റം ആണ് ഇത് സൂചിപ്പിക്കുന്നത്. മതങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നതാണ് മതേതരത്വം എന്ന തെറ്റിദ്ധാരണയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തു കടക്കുന്നു.

ഫേസ്ബുക് എന്ന സാമൂഹ്യമാധ്യമത്തിലെ മലയാളപരിസരങ്ങളിൽ ചിരിയുടെയും ചിന്തയുടെയും ഇടം ഉറപ്പിച്ച ഒരു ട്രോൾ / ചളി - പേജ് ആണ് ഐ സി യു . പരമ്പരാഗത മാധ്യമങ്ങൾ പലപ്പോഴും പലചില ചളികൾ / ട്രോൾ സോഷ്യൽ മീഡിയയിൽ നിന്നും കടം കൊള്ളാറുണ്ട്. ആ നിലയിലേക്ക് അവഗണിക്കാനാകാത്ത, വലിയൊരു ജനക്കൂട്ടത്തിന്റെ പങ്കുചേരലും ഏർപെടലും ഉൾപ്പെടുന്ന വേദി ആയി മാറിയിട്ടുണ്ട് ഇത്തരം പേജുകൾ . എന്നാൽ കേവലം ഒരു ചിരി എന്നതിനുമപ്പുറം ഏതെങ്കിലും രീതിയിൽ സാമൂഹികമാറ്റങ്ങൾക്കു ഇവ സഹായകമാകുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ ?

ചിരി എന്നതാണ് പരമമായ ലക്‌ഷ്യം. പുരോഗമനമാണ് രാഷ്ട്രീയം. മീമുകള്‍ രണ്ടിന്റെയും സങ്കരം ആകുന്നത് അതിനാല്‍ തന്നെ സ്വാഭാവികമാണ്. സ്വീകാര്യത നേടുന്ന അഭിപ്രായങ്ങള്‍ക്ക് നേരെ സമൂഹത്തിനു കണ്ണടയ്ക്കാന്‍ ആകാറില്ല. ആ നിലയ്ക്ക് ചെറിയ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാനാകുന്നുണ്ട് എന്ന് കരുതുന്നു. ഫോഴ്സ് ഫീഡിംഗ് അല്ല. അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണ്.


Credits :
International Chalu Union
Castroll
Rajesh Mamprapadam & Prakash Gangadharan
Loading Conversation