#

ചിഞ്ചു അശ്വതി

കൊത്തുനേരം : Oct 20, 2016

പങ്കു വെയ്ക്കൂ !

അതിജീവനത്തിനു വേണ്ടി ഉയരുന്ന ശബ്ദങ്ങൾ

(ഓറ മാസിക 2016 ഒക്ടോബര് ലക്കത്തിനായി ചിഞ്ചു അശ്വതിയുമായി ബിജോയ് ഡേവിഡ് നടത്തിയ സംഭാഷണം)സമൂഹം കണ്ണുതുറക്കാത്ത കാഴ്ചകളില് ചില സമസ്യകളുടെ താക്കോലുകള് ഒളിഞ്ഞുകിടപ്പുണ്ട്. സൂക്ഷ്മമാപിനികൊണ്ട് അളന്നുതീര്ക്കാന് പറ്റാത്ത അടയാളങ്ങള് പേറുന്ന വൈവിദ്ധ്യങ്ങളാണവ. ആരും നട്ടുവളര്ത്താതെ പ്രകൃതിയുമായി മല്ലടിച്ച് തനിയെ വളര്ന്നുവിടരുന്ന പുഷ്പങ്ങളും ഭൂമിയിലുണ്ട്. ഭിന്നശരീരങ്ങളോടും വിഭിന്ന ചോദനകളോടും നെറ്റിചുളിക്കുകയും അപമാനവീകരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട വ്യവസ്ഥകളോട് കലഹിച്ചുകൊണ്ട് അദൃശ്യവത്കരണത്തിന്റെ മതിലുകൾ ഭേദിച്ച് ദൃശ്യതയുടെ ഇടം സൃഷ്ടിക്കുവാന് വെമ്പുന്ന ക്യൂര് സമൂഹത്തിന്റെ പ്രതിനിധി. ഉന്നതവിദ്യാഭ്യാസം നേടി, ആത്മവിശ്വാസവും ആര്ജ്ജവവും നിറഞ്ഞ, വാക്കുകളില് തീക്ഷ്ണതയും, ചിന്തകളില് ദൃഢതയും സൂക്ഷ്മമായ വിമര്ശനപാടവം നിറഞ്ഞ, ജീവിതകാഠിന്യങ്ങളില് സ്ഫുടംചെയ്തെടുത്ത യുവത്വം. ആണത്തവും പെണ്ണത്തവും, സുന്ദരന്മാരും സുന്ദരീമണികളും, വീരന്മാരും വീരാംഗനകളും അരങ്ങുവാഴുന്ന കേരളത്തിന്റെ പൊതുബോധത്തിനു മുമ്പില് ആണ് പെണ് ലിംഗപദവികളുടെ ആവിഷ്കാരങ്ങളെ തകിടംമറിക്കുന്ന ചോദ്യങ്ങളുടെ ശരമാല ഉതിര്ത്തുകൊണ്ട് താനൊരു ഇന്റര്സെക്സ് ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച വ്യക്തിത്വം. നീതിയുടെ, സമത്വത്തിന്റെ ജനാധിപത്യത്തിന്റെ വാക്കുകള് അര്ത്ഥപൂര്ണ്ണമാകുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളെ ട്രാന്സ്ജന്ഡറുകളെ, ഇന്റര് സെക്സ് ആയിട്ടുള്ള വൈവിധ്യങ്ങളെ ഉള്ക്കൊള്ളുമ്പോള് മാത്രമാണെന്ന രാഷ്ട്രീയം ... ഇത് ചിഞ്ചു അശ്വതി, സ്ത്രീ-പുരുഷ ലിംഗങ്ങളുമായി ജീവിക്കുന്ന നാലു ലക്ഷത്തിലൊരാള്. സ്വത്വം, രാഷ്ട്രീയം, ജാതി, നിറം, സമൂഹം എന്നിവയെക്കുറിച്ച് പങ്കുവെക്കുന്ന തുറന്ന വാക്കുകള് ....
1. ക്യൂര് പ്രൈഡ് മാര്ച്ച് (ലൈംഗിക സ്വാഭിമാനയാത്ര) ഏഴു വര്ഷമായി നടക്കുന്നു. എന്തു റിസല്ട്ട്, മാറ്റമാണ് സംഭവിച്ചത്?കഴിഞ്ഞ ഏഴു വര്ഷമായി കേരളത്തിൽ പ്രൈഡ് നടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ഒരു ആഹ്ലാദപ്രകടനമായിട്ടാണ് പ്രൈഡ് നടത്തിയത്. 2009 ൽ സുപ്രീംകോടതി സ്വവര്ഗ്ഗ ലൈംഗികത കുറ്റകരമാണെന്നുള്ള 377 -ാം വകുപ്പ് പിൻവലിച്ചല്ലോ . അക്കാലത്ത് തങ്ങളുടെ സെക്ഷ്വാലിറ്റിയില് പ്രൗഡ് ആയിട്ടുള്ള ആളുകളാണ് പ്രൈഡിനു തുടക്കമിട്ടത്. അതു ഒരു സന്തോഷം പങ്കുവെയ്ക്കലായിരുന്നു. എന്നാല് മതങ്ങളുടെയും ചിലരുടെയും എതിര്പ്പിനെത്തുടര്ന്ന് 377-ാം വകുപ്പ് പുനഃസ്ഥാപിച്ചു. അതിനെത്തുടര്ന്ന് ഞങ്ങളെപ്പോലെയുള്ളവര് ഇവിടെത്തന്നെയുണ്ട് എന്നു ബോധ്യപ്പെടുത്താനും ഞങ്ങളുടെ അവകാശങ്ങൾ കുറ്റകരമാകുന്ന ഈ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമായിട്ടാണ് പ്രൈഡ് നടത്തിവരുന്നത്. പ്രൈഡിന്റെ ഔട്ട്പുട്ട് എന്താണെന്നു ചോദിച്ചാൽ, കഴിഞ്ഞവര്ഷത്തെ പ്രൈഡിന്റെ ഔട്ട്പുട്ടാണ് ഞാന്. കഴിഞ്ഞ പ്രൈഡിനു ശേഷം സ്വത്വം വെളിപ്പെടുത്തിയിട്ടുള്ള ആളാണ് ഞാൻ . പരേഡില് ഞാന് നേരിട്ടു പങ്കെടുത്തില്ല. എന്നാല് അതിനു മുമ്പായി എറണാകുളത്തുവെച്ച് ഒരു കര്ട്ടന്റെയിസര് ഉണ്ടായിരുന്നു, അതില് നിന്നു ഞാനൊറ്റയ്ക്കല്ല എന്നൊരു തോന്നല് ഉണ്ടായി. എന്റെ ഐഡന്റിറ്റി തുറന്നുപറയാന്, ഉറക്കെ പറയാന് ധൈര്യം കിട്ടി. പലതരം വൈവിദ്ധ്യങ്ങളെ കാണാനും പരിചയപ്പെടാനും സാധിച്ചു. അന്നുവരെ ഞാന് വിചാരിച്ചിരുന്നത് ഞാനെന്തോ ഭീകരജീവിയാണെന്നാണ്; ലോകത്തില് ഞാന് മാത്രമേ ഉള്ളൂ ഇങ്ങനെയൊക്കെ എന്നാണ് വിചാരിച്ചിരുന്നത്. എനിക്കെന്തോ കുഴപ്പമുണ്ടെന്നും തോന്നലുണ്ടായിരുന്നു. അതൊക്കെ മാറി. ഞാൻ കംഔട്ട് നടത്തി. അത്തരത്തില് വലിയ പോസിറ്റീവ് എനര്ജി നല്കുന്ന ഒന്നാണ് കേരളത്തിലെ പ്രൈഡ്. ആളുകള്ക്കിങ്ങനെ കംഔട്ട് നടത്താനും സ്വന്തം സ്വത്വം പ്രൗഡ് ആയി കൊണ്ടുനടക്കാനും പ്രൈഡ് സഹായിക്കുന്നുണ്ട്.2. കേരളത്തില് സെക്ഷ്വല് വൈവിദ്ധ്യത്തിലുള്ള എത്ര പേരെ കാണാന് സാധിക്കും?കമ്മ്യൂണിറ്റീസിനെ എടുത്തു നോക്കിയാല്, ട്രാന്സ്ജെന്ഡറായ (ഭിന്നലിംഗരായ) ആളുകൾ തന്നെ പത്തിരുപത്തയ്യായിരത്തിലധികം പേരുണ്ട്. അയ്യായിരത്തോളം ആളുകൾ മാത്രമാണ് ട്രാന്സ്ജെന്ഡര് സര്വേയില് പങ്കെടുത്തിട്ടുള്ളത്. അത്രയുംതന്നെ ഹോമോ സെക്ഷ്വലായിട്ടുള്ളവരും (സ്വവര്ഗ്ഗസ്നേഹി) അത്രയുംതന്നെ ബൈസെക്ഷ്വല് (ഉഭയലൈഗികത) ആയിട്ടുള്ള ആളുകളും ലെസ്ബിയനായിട്ടുള്ളവരും (സ്ത്രീ സ്വവര്ഗ്ഗസ്നേഹി) അത്രത്തോളം എണ്ണം തന്നെ കാണും. ഇതൊരിക്കലുമൊരു മൈനോറിറ്റിയൊന്നുമല്ല. പലരും ഐഡന്റിഫൈ ചെയ്യപ്പെടുന്നില്ലല്ലോ. സ്വന്തമായിട്ട് ഐഡന്റിറ്റിഫൈ ചെയ്യുന്നുപോലുമില്ല. എന്റെ സ്വത്വമെന്താണ്, എന്റെ പ്രശ്നമെന്താണ് എന്ന് സ്വയം മനസ്സിലാക്കണം. അങ്ങനെ സ്വയം മനസ്സിലാക്കിയതിനു ശേഷം കംഔട്ട് നടത്തിയിട്ടുള്ള ഒരു പബ്ലിക് ഫിഗര് എന്നൊക്കെ നിലയിലുള്ളവര് വളരെ കുറവാണ്. എന്നാല്പോലും സീക്രട്ട് ഗ്രൂപ്പുകളിലായി പ്രത്യക്ഷപ്പെടാതിരിക്കുന്ന (വിസിബിള് അല്ലാത്ത) ധാരാളം പേരെ അറിയാം. പല കാരണങ്ങൾ കൊണ്ട് പുറത്തു പറയാന് മടിച്ചിരിക്കുന്നവരാണ് പലരും. ഫാമിലി, ഫ്രണ്ട്സ്, പബ്ലിക് അങ്ങനെയെല്ലാവര്ക്കും പ്രശ്നമാകും എന്നു പറഞ്ഞ് മറഞ്ഞിരിക്കുന്നവര് കേരളത്തിലൊരു മെജോറിറ്റി തന്നെയാണ്.3. ഈ കമ്മ്യൂണിറ്റിയില് വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരാളായിട്ടാണ് കഴിഞ്ഞ ഒരു വര്ഷക്കാലമായി ചിഞ്ചുവിനെ കാണാന് സാധിക്കുന്നത്. അതിന്റെ ഫീഡ്ബാക്ക് എന്താണ്?2016 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ഞാനെന്റെ ഐഡന്റിറ്റി പബ്ലിക്കിനോട് തുറന്നു പറയുന്നത്. ഞാനൊരു ഇന്റര്സെക്സ് (ഉഭയലിംഗം/ദ്വിലിംഗം) ആയിട്ടുള്ള ആളാണെന്ന്. വളരെ പോസിറ്റീവായിട്ടുള്ള പ്രതികരണമാണ് എനിക്കു ലഭിച്ചത്. എന്നെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമാണത്. നാലു ലക്ഷത്തിലൊരാളാണ് ഇന്റര്സെക്സ് ആയിട്ടുള്ളത്. ഞാന് കംഔട്ട് ആയതിനു ശേഷം എന്നെപ്പോലെതന്നെ പത്തോളം പേരെ ഞാന് കണ്ടു ഇന്റര് സെക്സ് ആയിട്ടുള്ളവരെ. കംഔട്ട് ചെയ്തു പുറത്തു പറഞ്ഞ ഒരുപാട് ആളുകളെ ഞാന് കണ്ടു. പോസിറ്റീവായ കാര്യം എന്റെ ഫാമിലിയില് നിന്നു കിട്ടുന്ന സപ്പോര്ട്ടാണ്. അതു പറയാതിരിക്കാനാവില്ല. കമ്മ്യൂണിറ്റിയിലെ പല ആളുകളും കുടുംബത്തില് നിന്നൊറ്റപ്പെട്ട് പുറത്തുപോകേണ്ടിവന്നവരാണ്. എന്റെ ചെറുപ്പത്തിലേതന്നെ വലിയ പിന്തുണ എനിക്കു വീട്ടില് നിന്നും കിട്ടാറുണ്ടായിരുന്നു. എന്റെ അച്ഛനുമമ്മയും എന്റെ ഇഷ്ടങ്ങള്ക്കാണ് പ്രാധാന്യം നല്കിയിരുന്നത്. എന്റെ ഇപ്പോഴത്തെ സോഷ്യല് ലൈഫ് ഞാന് എന്ജോയ് ചെയ്യുന്നുണ്ട് എന്നതില് അവര്ക്കും വലിയ സന്തോഷമാണ്. ഞാന് എന്നെത്തന്നെ ഐഡന്റിഫൈ ചെയ്തതിലും കോണ്ഫിഡന്റായി നില്ക്കുന്നതിലും അവര്ക്കു വലിയ സന്തോഷമുണ്ട്. എനിക്ക് ഇങ്ങനെതന്നെ പ്രവര്ത്തിക്കാന് ഊര്ജ്ജം തന്നതെന്താണെന്നുവച്ചാല്, ഞാനിങ്ങനെ പുറത്തുപോയി ഞാനൊരു ഇന്റര്സെക്സ് ആണെന്നും എന്റെ ജെന്ഡര് ഐഡന്റിറ്റി ഡൈവേഴ്സ് (ലിംഗവൈവിദ്ധ്യം)ആയിട്ടുള്ള ജെന്ഡര് ഐഡന്റിറ്റി ആണെന്നും പറയുമ്പോള് പബ്ലിക്കില് നിന്ന് ആരെങ്കിലും വന്നിട്ട് പറയും എനിക്കിങ്ങനെയൊരാളെ നേരിട്ടറിയാം. എന്റെ സുഹൃത്തിന്റെ മകനോ അല്ലെങ്കില് മകളോ ഇങ്ങനെ ജനിച്ചതാണ്. അല്ലെങ്കില് പബ്ലിക്കില് നിന്നൊരാള് വന്നിട്ടു പറയും ഞാനും നിങ്ങളെപ്പോലെയാണ്. തൃശൂരില് വെച്ചു നടന്ന മനുഷ്യസംഗമത്തില് എന്നെപ്പോലെ രണ്ടു പേരെ കണ്ടു. അവര് സ്വയം ട്രാന്സ്ജന്ഡര് ആണെന്നാണ് പറയുന്നത്. ഇന്റര്സെക്സ് ആണെന്നൊന്നും അറിയില്ല. എന്റെ കോണ്ഫിഡന്സിന്റെ കാര്യമെന്താണെന്നു ചോദിച്ചാല്, എനിക്ക് മുമ്പ് ഒരുപാടാളുകള് എന്നെപ്പോലെ ഇന്റര് സെക്സ് ആയിട്ട് ജനിച്ച് മരിച്ചുപോയിട്ടുണ്ട്. ഇനിയുമൊരുപാടുപേര് ജനിക്കുകയും ചെയ്യാം. ഒരുപാടുപേര് സ്വയം എന്താണെന്നറിയാതെ ജീവിക്കുന്നുണ്ട്. എനിക്കെന്റെ സുഹൃത്തുക്കളില് നിന്നു കിട്ടുന്ന സപ്പോര്ട്ട് വീട്ടില് നിന്നു കിട്ടുന്ന സപ്പോര്ട്ട് സൊസൈറ്റിയില് നിന്ന് ഞാനിങ്ങനെയാണെന്ന് പറയുമ്പോള് കിട്ടുന്ന വലിയ സപ്പോര്ട്ട് ഒക്കെയാണ് എന്നെ ഇങ്ങനെ കോണ്ഫിഡന്റാക്കുന്നത്.


4. കേരളത്തില് ഒരു പരിധി വരെ ജന്ഡര് വൈവിദ്ധ്യങ്ങളെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. ട്രാന്സ് ജന്ഡര് പോളിസി തന്നെ വന്നു. പലര്ക്കും ഇടം ലഭിക്കുന്നുമുണ്ട്. സാമൂഹ്യ-രാഷ്ട്രീയ സംഘടനകള് അവരുടെ മുഖ്യ അജണ്ടയാക്കുന്നുമുണ്ട്. ഇതു കമ്മ്യൂണിറ്റിയെന്ന നിലയില് ശാക്തീകരിക്കാന് അവസരമാകുന്നുണ്ടോ. ഉത്തരേന്ത്യയിലെപ്പോലെ ?കേരളത്തിനെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇതൊരു കൾച്ചറിന്റെ ഭാഗമാണല്ലോ. ഒരു ഹിജറ കൾച്ചര് നിലനില്ക്കുന്നുണ്ടവിടെ. അര്ദ്ധനാരീശ്വര സങ്കല്പം കൊണ്ടുനടക്കുന്നയാളുകളുണ്ട്. ദൈവതുല്യരാണെന്നൊക്കെ കരുതിക്കാണുന്ന ആളുകളുണ്ട്. പക്ഷേ കേരളത്തില് പുരോഗമനം പറയുന്ന ആളുകളുടെ വീടുകളില് ഇത്തരമൊരാളുണ്ടായാല് എങ്ങനെയായിരിക്കും കാണുക എന്നത് ഇപ്പോഴും സംശയമാണ്. നമ്മളെ കാണുമ്പോള് സപ്പോര്ട്ട് ചെയ്യുകയും സ്വന്തം കുടുംബത്തില് ഹോമോ സെക്ഷ്വലായിട്ടുള്ള ട്രാന്സ്ജന്ഡറായിട്ടുള്ള ഒരാളുണ്ടെങ്കില് അവരോടു ഭയങ്കര ഹോമോഫോബിയ (സ്വവര്ഗ്ഗ വിദ്വേഷം) ആയിരിക്കും കാണിക്കുക, ട്രാന്സ് ഫോബിയ ആയിരിക്കും കാണിക്കുക. അതൊരു ഇരട്ടത്താപ്പായിരിക്കുമെന്നാണ് ഞാന് വിചാരിക്കുന്നത്. പലപ്പോഴും ഈ ക്യൂര് പൊളിറ്റിക്സിന്റെ പവറുണ്ടല്ലോ അതിന് വലിയ പവറുണ്ടെന്ന് തന്നെ ഞാന് വിശ്വസിക്കുന്നു. ഇവിടെയുള്ള പാട്രിയാര്ക്കിയെ, ഹയാരാര്ക്കിയെ (പുരുഷ-പൗരോഹിത്യ ആധിപത്യത്തെ) ഇല്ലാതാക്കാന് ആണധികാര വ്യവസ്ഥിതിയെ ഒക്കെ ഇല്ലാതാക്കാന് ഒക്കെ കഴിയുന്ന ഭയങ്കര പവര് ഉള്ള ഒരു ടൂള് ആയിട്ടാണ് ഞാന് ക്യൂര് പൊളിറ്റിക്സിനെ മനസ്സിലാക്കുന്നത്. ആണ്പെണ് ദ്വന്ദ്വങ്ങളെ ഇല്ലാതാക്കുന്നുണ്ട്, ബ്രേക്ക് ചെയ്യുന്നുണ്ട് ഒരു ട്രാന്സ് ജന്ഡറായിട്ടുള്ള വ്യക്തി വരുമ്പോള്. ആണ്-പെണ്കുടുംബജീവിതത്തിലധിഷ്ഠിതമായ സൊസൈറ്റി ഭയങ്കര ഹെട്രോ നോര്മേറ്റീവ് ആയിട്ടുള്ള (സ്ത്രീപുരുഷ കേന്ദ്രീകൃതമായ) സമൂഹമാണ്. അത്തരത്തിലുള്ള ഒരു സാമൂഹ്യ സങ്കല്പം തന്നെ തകരുന്നുണ്ട്. രണ്ടു പുരുഷന്മാരും, രണ്ടു സ്ത്രീകളുമൊക്കെ ഒരുമിച്ചു താമസിക്കുമ്പോഴൊക്കെ ഈ ബൈനറി(ദ്വന്ദ്വം)യെ ബ്രേക്ക് ചെയ്യുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ആളുകള് അക്സെപ്റ്റ് ചെയ്യാത്തൊരു കാര്യം, ഈ ബൈനറിയധിഷ്ഠിതമായ സിസ്റ്റം തകരാറിലാവും ഇത്തരത്തിലുള്ള ആളുകളെ അക്സെപ്റ്റ് ചെയ്തു കൂടെ നിര്ത്തുമ്പോള്. സിസ്റ്റം തകരാറിലാവാതിരിക്കാനാണ് പലപ്പോഴും ഇത്തരത്തിലുള്ള ആളുകളെ പുറന്തള്ളിയിട്ടുള്ളത്. ഇപ്പോ കമ്മ്യൂണിറ്റി എന്നുള്ള പവറുണ്ടോ എന്നു ചോദിച്ചാല്, പോളിസി വന്നു നിയമസംരക്ഷണം ഉണ്ടാകുന്നു അങ്ങനെ എല്ലാവരും ഒന്നിച്ചുതന്നെ നില്ക്കുന്നുണ്ട്. പ്രൈഡിനൊക്കെ എല്ലാവരും ഒന്നിച്ചു വരാറുണ്ട്. കമ്മ്യൂണിറ്റി ബേസ്ഡ് സംഘടനകള് കേരളത്തിലുണ്ടാകുന്നുണ്ട്. ഞാന് വര്ക്കു ചെയ്യുന്ന സഹയാത്രികയില് അമ്പതിലധികം ഫീമെയില് ടു മെയില് ട്രാന്സ്ജന്ഡുകള് ആയിട്ടുള്ള ആളുകളുണ്ട്. അത്രത്തോളം തന്നെ ഹോമോ സെക്ഷ്വലായിട്ടുള്ള സ്ത്രീയുണ്ട്. അങ്ങനെ ഒരു കമ്മ്യൂണിറ്റിയായി നില്ക്കുന്നുണ്ട്. ക്യൂര് കേരളം എന്നൊരു ഓര്ഗനൈസേഷന് ഉണ്ട് എറണാകുളത്ത്. ജിജോ കുര്യാക്കോസിന്റെ നേതൃത്വത്തില്. അതില് കുറെ ഗേ ആയിട്ടുള്ള ആളുകളുണ്ട്. എല്ലാത്തരം ഡൈവേഴ്സിറ്റികളിലും (വൈവിധ്യങ്ങളിലും) പെട്ട ആളുകളുണ്ട്. എസ്എംഎഫ് കേരള .... എന്ന സംഘടനയുണ്ട്. അവിടെയും കുറെ ആളുകളുണ്ട്. അപ്പോ സംഘടനാ തലത്തിലൊക്കെ നില്ക്കുന്നുണ്ട്. പൊളിറ്റിക്കല് പാര്ട്ടികളുടെ ഇടപെടലില് നമുക്കത്ര വിശ്വാസമില്ല. പ്രതീക്ഷ വെക്കുകയും വേണ്ടല്ലോ, ഓരോ ഇലക്ഷന്റെയും സമയത്ത് വലിയ പ്രസ്താവനകള് ഇറക്കുകയും ഇലക്ഷന് കഴിയുമ്പോള് മറന്നുപോവുകയും ചെയ്തിട്ടുള്ള ആളുകളാണ് ഇവരൊക്കെ. കേരളത്തില് ട്രാന്സ് ജന്ഡര് പോളിസി വന്നത് ഒരു രാഷ്ട്രീയ പാര്ട്ടിക്കാരന്റെയും പിന്തുണകൊണ്ടല്ല. ഇവിടുത്ത് കമ്മ്യൂണിറ്റി ബേസ്ഡ് ഓര്ഗനൈസേഷനുകളും കമ്മ്യൂണിറ്റി അംഗങ്ങളും ദീര്ഘകാലപ്രവര്ത്തനം നടത്തിയതിന്റെ റിസള്ട്ടാണ്. എം.കെ മുനീറിനെയൊക്കെ പല പ്രാവശ്യം പോയി കണ്ട് കമ്മ്യൂണിറ്റി അംഗങ്ങളും മനുഷ്യാവകാശ പ്രവര്ത്തകരുമൊക്കെ പലവട്ടം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്സ് ജന്ഡര് പോളിസി ഉണ്ടായിട്ടുള്ളത്. അതിലും പ്രശ്നമുണ്ട്. മറ്റു വൈവിദ്ധ്യങ്ങളെ കണക്കിലെടുത്തിട്ടില്ല.
ഒപ്പം നില്ക്കുന്നു എന്നൊക്കെ പറയുന്ന രാഷ്ട്രീയപാര്ട്ടികള് ഒക്കെ ചില നിക്ഷിപ്തമായ ഐക്യപ്പെടലാണ് നടത്തിയിരിക്കുന്നത്. എസ്എഫ്ഐയിലൊക്കെ മെമ്പര്ഷിപ്പ് കൊടുക്കുന്നു എന്നു പറയുമ്പോള്, അവരേതുതരത്തിലുള്ള ഇന്റര്വെന്ഷന് (ഇടപെടല്) ആണ് നടത്തുന്നത് എന്നുള്ള കാര്യവും നമ്മള് ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അവരുടെ നേതൃത്വനിരയിലേക്ക് ആളുകളെ കൊണ്ടുവരാത്തത്. ഐക്യപ്പെടുന്നു എന്നു പറയുമ്പോള് ആ രീതിയിലല്ലേ വേണ്ടത്. ശീതളിനെപ്പോലെ, ഫൈസലിനെപ്പോലെ ഒത്തിരി പവര്ഫുള്ളായിട്ടുള്ള ലീഡേഴ്സുണ്ട്, അവരെയൊക്കെ എന്തുകൊണ്ടു നേതൃത്വനിരയിലേക്ക് എത്തിക്കുവാന് മടിക്കുന്നു.5. കാമ്പസ് അനുഭവമെന്താണ്? രാഷ്ട്രീയപ്രവര്ത്തനം ഉണ്ടായിരുന്നല്ലോ?


ഒരുപാട് ട്രാന്സ് ജന്ഡറുകളൊക്കെ കേരളത്തിലെ കാമ്പസുകളിലുണ്ട്. ഐഡന്റിറ്റി പറയാതെ നില്ക്കുന്നവര്. പറഞ്ഞാല് എന്തു സംഭവിക്കുമെന്ന് ഭയക്കുന്നവര്. കാമ്പസുകളില് നല്ലൊരു സാഹചര്യമുണ്ടാകട്ടെ. ക്യൂര് ഫ്രണ്ട്ലി ആയിട്ടുള്ള അറ്റ്മോസ്ഫിയര് ഉണ്ടാക്കാനും ഇത്തരത്തിലുള്ള ആളുകള്ക്ക് സ്വന്തം ഐഡന്റിറ്റിയില് അവിടെ നിലനില്ക്കാനുമുള്ള ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. അല്ലാതുള്ള ഐക്യപ്പെടലിലൊന്നും വിശ്വാസമില്ല.6. കാമ്പസ് ജീവിതത്തില് ചിഞ്ചുവിന്റെ ഡൈവേഴ്സിറ്റിയെ സുഹൃത്തുക്കള് എങ്ങനെ സ്വീകരിച്ചു?


ഒരു ക്യൂര് ആയിട്ടുള്ള ഒരാൾക്ക് കാമ്പസിനകത്ത് ഒരുപാട് പ്രശ്നങ്ങള് നേരിടേണ്ടിവരും. ഭയങ്കര ഹെട്രാനോര്മേറ്റീവായിട്ടുള്ള സ്ഥലങ്ങളാണ് കാമ്പസുകള്. ആണ് പെണ് പ്രേമങ്ങളെ പൊലിപ്പിക്കുകയും കാമ്പസിനകത്തുള്ള പുരുഷനേതാക്കളെ വീരാരാധനയോടെ കാണുകയും കാമ്പസിനകത്ത് സൗന്ദര്യറാണികളെ സൃഷ്ടിക്കുകയും ചെയ്യുമ്പോള് ഒറ്റപ്പെട്ടുപോകുന്ന കുറേ ജന്മങ്ങളുണ്ട്. രണ്ടു പുരുഷന്മാര് തമ്മിലോ രണ്ടു സ്ത്രീകള് തമ്മിലോ പ്രണയിക്കുന്നതിനുള്ള സാധ്യത സങ്കല്പിക്കാന് പോലുമാവില്ല. പുരുഷന്മാര് വീരകേസരികളും സ്ത്രീകള് സുന്ദരീമണികളുമായിട്ടിരിക്കുന്ന കാമ്പസുകളില് ഒരു ട്രാന്സ്ജന്ഡര് ആയിട്ടുള്ള ആള്ക്ക് സ്വന്തം സൗന്ദര്യം പോലും എക്സ്പ്രസ് ചെയ്യാന് പറ്റുകയില്ല. ഇഷ്ടമുള്ള ഡ്രസ് ധരിച്ചു കാമ്പസില് പോകാന് കഴിയില്ല. ഞാൻ കോളേജില് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്റെ ഐഡന്റിറ്റി ഇങ്ങനെയാണെന്ന് എനിക്ക് അറിയുകയുണ്ടായിരുന്നില്ല. പക്ഷെ ഞാൻ കുറച്ച് ഫെമിനിന് ആയിരുന്നു. കുറച്ച് മസ്കുലിന് ആയിരുന്നു. ഇതു രണ്ടും ചേര്ന്നിട്ടുള്ള ആറ്റിറ്റ്യൂഡ് ആയിരുന്നു എനിക്ക്. ഞാന് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. പിജിക്ക് പഠിക്കുമ്പോള്, ടെക്നോളജി ആന്റ് അപ്ലൈഡ് സയന്സ് ഇടപ്പള്ളിയില്, എന്റെ ഐഡന്റിറ്റി ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നുവെങ്കില് ആ സമയത്ത് അവരെങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഇപ്പോള് ട്രാന്സ്ജന്ഡര് എന്നു പറഞ്ഞാല് ഒരുപക്ഷെ അംഗീകരിച്ചേക്കാം. പുരുഷശബ്ദമുള്ള കൊള്ളാവുന്ന രീതിയില് സംസാരിക്കുന്ന ഒരാളെന്ന നിലയില് എന്നെ അവര് അംഗീകരിച്ചിരുന്നു.
കാമ്പസില് ഒരാണ്കുട്ടി മറ്റൊരാണ് കുട്ടിയെ പ്രപ്പോസ് ചെയ്യുകയാണെങ്കില് അവിടെ വലിയ പ്രശ്നമുണ്ടാകും. നീ എന്തു ധൈര്യത്തിലാണ് എന്നോടങ്ങനെ സംസാരിച്ചു എന്നുള്ള മസ്ക്യുലിനിറ്റി അവിടെ വര്ക്കൗട്ട് ചെയ്യും. ഇവന് പ്രപ്പോസ് ചെയ്ത ആളിനെക്കുറിച്ച് കാമ്പസു മുഴുവന് കഥകള് പ്രചരിപ്പിക്കും. ഇവനൊരു കുണ്ടനാണ് അങ്ങനെയൊക്കെ. ഒരു സ്വവര്ഗ്ഗ പ്രേമമൊക്കെ സാധ്യമാകില്ല. ഞാന് കൂടെ പഠിക്കുന്ന പെണ്കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞു.

ആ കുട്ടി എന്നോടു പറഞ്ഞു ചേച്ചിയെ എനിക്കു ഭയങ്കര ഇഷ്ടമാണ്. ഞാന് പറഞ്ഞു അങ്ങനത്തെ ഒരിഷ്ടമല്ല എനിക്ക് കുട്ടിയോട് പ്രേമമാണ് എന്ന്. അവളാകെ പ്രശ്നത്തിലായി. അതെങ്ങനെ ശരിയാകും. രണ്ടു പെണ്കുട്ടികള് തമ്മിലെങ്ങനെ പ്രേമിക്കും എന്നായി ചോദ്യം. അവളത് മറ്റാരോടും പറഞ്ഞ് പ്രശ്നമാക്കിയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് നമ്മള് സെക്സ് എഡ്യുക്കേഷന് നിര്ബന്ധമാക്കണമെന്ന് പറയുന്നത്. ആണും പെണ്ണും തമ്മില് സെക്സ് ചെയ്യുന്നതെങ്ങനെയാണെന്ന് പഠിപ്പിക്കുന്ന സെക്സ് എഡ്യുക്കേഷന് എന്നാണ് എല്ലാവരുടെയും ധാരണ. ലൈംഗികതയിലുള്ള ഇത്തരം വൈവിധ്യങ്ങളെയും ജന്ഡര് വൈവിധ്യങ്ങളെയൊക്കെപ്പറ്റി പറയുന്ന പഠനശാഖയാണ് സെക്സ് എഡ്യുക്കേഷന്. കാമ്പസുകളില് ഇത്തരം കാരണങ്ങള്കൊണ്ട് ഒറ്റപ്പെട്ടുപോകുന്ന കുറെ ജന്മങ്ങളുണ്ട്. അവിടെത്തന്നെ തീര്ന്നുപോകുന്ന ജന്മങ്ങള്. ഞാന് കോളേജില് പഠിക്കുന്ന സമയത്ത് ക്യൂര് പരേഡില് പങ്കെടുത്ത ഫോട്ടോ ഷെയറു ചെയ്തപ്പോള് എന്റെ ക്ലാസിലെ കുട്ടികള് വലിയ പ്രശ്നമുണ്ടാക്കി. എന്നെ കോളേജില് നിന്നു പുറത്താക്കാനുള്ള ശ്രമങ്ങളൊക്കെയുണ്ടായി. എന്റെ ഐഡന്റിറ്റി ഒന്നും വെളിപ്പെടുത്താതെ എന്റെ ക്ലാസിലെ കുട്ടികളോട് ഈ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചു. എന്നെ പഠിക്കാന് സമ്മതിക്കുന്നില്ല. അര്ദ്ധനാരീശ്വരന് എന്ന സിനിമയിലെ മനോജ് കെ. ജയന്റെ ഫോട്ടോ എന്റെ എഫ്ബി വാളിലിട്ടിട്ട് എന്നെപ്പറ്റി മോശമായി പലരും എഴുതിവച്ചു. ഞാനൊരു സെക്സ് റാക്കറ്റിന്റെ ആളാണെന്നൊക്കെപ്പറഞ്ഞ്. എനിക്കതു അതിജീവിക്കാൻ പറ്റി. എനിക്ക് കാമ്പസിനകത്തൊരു റീച്ച് ഉള്ളതുകൊണ്ടാണ്, എന്റെ കൂടെ നില്കാന് കുറച്ച് കുട്ടികളൊക്കെ ഉള്ളതുകൊണ്ടാണ് എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്ത് പുറത്തുവരാന് സാധിച്ചത്. ഇത്തരം സന്ദര്ഭങ്ങളെ അതിജീവിയ്ക്കാൻ പറ്റാതെ ഒരുപാടു പേര് കാമ്പസിനകത്തു നിന്ന് ക്വിറ്റ് ചെയ്ത് പോയിട്ടുണ്ട്.
ഇതിനോടകം ഞാന് ഒരുപാട് കാമ്പസുകളില് പോവുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള് അവര് പറയുന്നത് പത്തുവര്ഷമായിട്ട് ഈ കോളേജില് ഒരു റാഗിങ് പോലും റിപ്പോര്ട്ടു ചെയ്തിട്ടില്ല എന്നൊക്കെ പറയുമ്പോള് അവിടെനിന്നു ഡ്രോപൗട്ട് ആയി പോയിട്ടുള്ള ആളുകളില് ട്രാന്സ്ജന്ഡറായിട്ടുള്ള, ഹോമോ സെക്ഷ്വലായിട്ടുള്ള ആളുകളായിരിക്കും കൂടുതല്. ഇതൊന്നും റാഗിങ്ങാണെന്ന് ആര്ക്കും മനസ്സിലാവുകയില്ലല്ലോ. അപ്പോള് ജനാധിപത്യ കലാലയങ്ങളുണ്ടാവേണ്ട ആവശ്യമുണ്ട്. ക്യൂര് ഫ്രണ്ട്ലി കലാലയങ്ങള് ഉണ്ടാകേണ്ടതാവശ്യമുണ്ട്. സ്കൂളുകളില് ഇത് എത്തിച്ചേരേണ്ടതുണ്ട്. ട്രാന്സ് ജന്ഡറുകളില് ഭൂരിപക്ഷവും പത്താംക്ലാസില് വെച്ച് ഡ്രോപ്പൗട്ടായി പോയിട്ടുള്ളതാണ്. .... നാണക്കേട് സഹിക്കാന് വയ്യാതെ കളിയാക്കുന്നത് സഹിക്കാന് വയ്യാതെ കുട്ടികള് കളിയാക്കുമ്പോള് ടീച്ചേഴ്സ് സപ്പോര്ട്ട് ചെയ്യില്ല, ഫാമിലി സപ്പോര്ട്ട് ചെയ്യില്ല. ഇത്തരം പ്രശ്നങ്ങളൊക്കെക്കൊണ്ട് ഇടയ്ക്കുവച്ച് പഠിത്തം നിര്ത്തി പോവേണ്ടിവരികയാണ്. വിദ്യാഭ്യാസം ചെയ്യുക എന്നത് ബേസിക്കലായിട്ടുള്ള ഒരു ഹ്യൂമന് റൈറ്റ് അല്ലേ. ഇവ വയലേറ്റ് ചെയ്യപ്പെടുകയാണല്ലോ ഇവിടെ.

7. ഉഭയലിംഗ ട്രാന്സ് ജന്ഡര് അവസ്ഥയിലുള്ളവര് പത്ത് പതിമൂന്നു വയസാകുമ്പോള് വീടു വിട്ട്, നാടു വിട്ട് ബാംഗ്ലൂര്, ബോംബെ, കല്ക്കത്ത എന്നിവിടങ്ങളില് അഭയം തേടുകയായിരുന്നു മുന്പത്തെ അവസ്ഥ. ഈ സാഹചര്യത്തിന് മാറ്റമുണ്ടായിട്ടുണ്ടോ?


വലിയ മാറ്റമൊന്നുമില്ല. എന്നാലും ചെറിയ രീതിയിലുള്ള മാറ്റമൊക്കെയുണ്ടാകുന്നുണ്ട്. കേരളം കുറച്ചുകൂടി ക്യൂര് ഫ്രണ്ട്ലി ആയിട്ടുണ്ട്. പക്ഷെ ഈ ആളുകളെ ഹെട്രോനോര്മെറ്റിവിറ്റിയിലേക്ക് പിടിച്ചുവലിക്കുകയാണ് ചെയ്യുന്നത്. എന്റെ ഒരുപാടു സുഹൃത്തുക്കള് വീടു വിട്ട് ഓടിപ്പോയിട്ടുണ്ട്. ഞാന്തന്നെ വീടുവിട്ട് ഓടിപ്പോകാന് തീരുമാനിച്ചിരുന്നതാണ്. വല്ലാതൊറ്റപ്പെട്ട ഒരു ജീവിതമായിരിക്കും നമ്മള് അനുഭവിക്കുന്നത്. നമ്മളെപ്പോലുള്ള ആളുകളെ കാണാന് പറ്റുന്നില്ല ഇതൊക്കെ എന്തൊക്കെയോ പ്രശ്നങ്ങളാണെന്നു വിചാരിച്ചിട്ട് ഭയങ്കരമായ നാണക്കേടും ഭയങ്കരമായ സ്റ്റിഗ്മയും (അപമാനവും) അനുഭവിച്ച് ഡിപ്രസ്ഡ് ആയിട്ടാണ് ഇരിക്കുന്നത്. ഇത്തരത്തിലുള്ള ആളുകള്ക്ക് കൃത്യമായ കൗണ്സിലിംഗൊന്നും ലഭിക്കുന്നില്ല. ഏതെങ്കിലും കൗണ്സിലറോട് പറഞ്ഞാല് അവര് പറയുന്നത് ഇത് മാനസികരോഗമാണെന്നാണ്. ഇന്ത്യന് സൈക്യാട്രിക് അസോസിയേഷന് ഇത് മാനസികരോഗമല്ലെന്നൊക്കെ പറഞ്ഞതിനു ശേഷവും കേരളത്തില് മാനസികരോഗമാണെന്നു പറയുന്നവരുണ്ട്. ഇതൊക്കെ സഹിച്ചാണ് ഞങ്ങള് ഇവിടെ ജീവിക്കുന്നത്. പത്തുപതിനഞ്ചുവര്ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്ത്തനങ്ങളുമൊക്കെ പരിശോധിച്ചാല് കുറച്ചൊക്കെ മാറ്റമുണ്ടായതായി ബോധ്യപ്പെടും. എന്നാല്പോലും വേണ്ടത്ര കെയര് ആവശ്യമുള്ള ഒരാള്ക്ക് കൊടുക്കുവാന് നമുക്ക് കഴിയുന്നില്ല. വീട്ടില് നിന്ന് മാറിനില്ക്കണമെന്ന് തോന്നുന്നവര്ക്ക് ഒരു ഷെൽട്ടർ ഹോം കൊടുക്കാന് നമുക്ക് കഴിയുന്നില്ല. ഇതൊക്കെ നമ്മുടെ ഒരു ഡ്രോബാക്ക് തന്നെയാണ്. ഇവിടുന്ന് ബാംഗ്ലൂരിലേക്ക് ഓടിപ്പോയിട്ടുള്ള ആളുകള് ഇപ്പോള് കേരളത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. അത് രസായിട്ടുള്ള കാര്യമാണ്. നമ്മുടെ ഒരുപാടു സുഹൃത്തുക്കള് അവിടത്തെ ജീവിതം മതിയാക്കി ഇങ്ങോട്ടു തിരിച്ചുവന്നിട്ടുണ്ട്. കേരളത്തില് അത്രത്തോളം മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇവിടുന്നു പോകുന്ന ആളുകളുടെ എണ്ണം കുറവല്ല.8. ബാല്യത്തില് മാതാപിതാക്കളൊഴിച്ചുള്ളവര് എങ്ങനെയാണ് നമ്മുടെ ഈ അവസ്ഥയെ മനസ്സിലാക്കിയിരുന്നത്. മറ്റുള്ളവരുടെ പെരുമാറ്റം ഫീലു ചെയ്തിട്ടുണ്ടോ?


എന്റെ കാര്യത്തില് ഞാനൊരു ഇന്റര്സെക്സ് ആയിട്ട് ജനിച്ച ആളാണല്ലോ. ഞാന് ജനിച്ച സമയത്ത് എന്നെ ഓപ്പറേഷന് ചെയ്ത് ഏതെങ്കിലും ഒരു സെക്സിലേക്ക് മാറ്റാം എന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ എന്റെ പേരന്റിനോട് പറഞ്ഞിട്ടുള്ളതാണ്. എന്റെ അമ്മ എന്നെ ഒരുപാട് ഡോക്ടര്മാരെയൊക്കെ കാണിച്ചിട്ടുള്ളതാണ്. പല ഡോക്ടര്മാരും പറഞ്ഞു ഇപ്പോ ഓപ്പറേഷന് ചെയ്യണ്ട, ഇപ്പോ ചെയ്തിട്ട് വളര്ന്നു ജന്ഡര് ഐഡന്റിറ്റി പെണ്ണിന്റെയാണെങ്കില്, അതായത് സര്ജറി ചെയ്ത് ആണാക്കി മാറ്റിയിട്ട് വളരുമ്പോൾ തലച്ചോര് പെണ്ണിന്റെയാണെങ്കില് എന്തുചെയ്യും ? അതു നമുക്ക് ഇപ്പോൾ അറിയാന് പറ്റില്ല. അതുകൊണ്ട് 18 വയസ്സ് കഴിഞ്ഞിട്ട് അത് അവള് തീരുമാനിക്കട്ടെ എന്താണ് ചെയ്യേണ്ടതെന്ന്.
പിന്നെ എന്റെ സൗണ്ട് വല്ലാത്ത പ്രശ്നമായിരുന്നു. ഞാന് സ്കൂളില് പഠിക്കുന്ന സമയത്ത് പിള്ളാരൊക്കെ ആണേ ആണേ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. പെണ്കുട്ടികള് എന്നോടങ്ങനെയൊന്നും പെരുമാറിയിട്ടില്ല. ആണ്കുട്ടികള് എടാ ആണേ ആണേ എന്നു വിളിക്കും. എന്റെ സൗണ്ടിന്റെ പേരില് കളിയാക്കും. ഏഴാംക്ലാസ്സില് പഠിക്കുമ്പോഴാണ് ശിഖണ്ഡി എന്ന വാക്ക് കേള്ക്കുന്നത്. എന്റെ ക്ലാസില് പഠിക്കുന്ന ഒരുത്തന് എന്നെ അങ്ങനെ വിളിച്ചു. അങ്ങനെ വിളിക്കുന്നവരെയും കളിയാക്കുന്നവരെയും തല്ലുകവരെ ചെയ്തിട്ടുണ്ട്. സ്കൂളില് അങ്ങനെ ഒരാള് ഹരാസ് ചെയ്തപ്പോള് ഞാന് അവനെ തല്ലി. അപ്പോള് ടീച്ചര്മാരു വന്നു പറഞ്ഞു, ഇങ്ങനെ പെണ്കുട്ടികള് പെരുമാറാന് പാടില്ല, ചെക്കന്മാരെ തല്ലാന് പാടില്ല എന്ന്. എന്നെ അറിയുന്നവരുടെ അടുത്തുനിന്ന് ഒരിക്കലും ഡിസ്ക്രിമിനേഷന് അനുഭവിച്ചിട്ടില്ല. പബ്ലിക്കാണ് എന്നെ എന്നും ഹരാസ് ചെയ്തിട്ടുള്ളത്. എല്ലാവരും എന്നെ തുറിച്ചുനോക്കും. എനിക്കറിയാം എന്നെ നോക്കുന്നവര് കണ്ണുകൊണ്ടല്ല അവരുടെ പുരികം കൊണ്ടാണ് നോക്കുന്നതെന്ന്. ഇതെന്താണ് ആണാണോ പെണ്ണാണോ എന്ന രീതിയില്. ഒരുപാടാളുകള് എന്റെ മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട് നീയാണാണോ പെണ്ണാണോ എന്ന്. അവരെ ബാധിക്കുന്ന പ്രശ്നമേയല്ല. ഞാനവരുടെ ജീവിതത്തില് ഇടപെടുന്നുമില്ല. റോഡില്കൂടി നടന്നുപോകുമ്പോള്, ബഞ്ചില് ഇരിക്കുമ്പോള്, ഓട്ടോറിക്ഷയില് യാത്രചെയ്യുമ്പോള് ഒക്കെ ഈ ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ട്. ഒരിക്കല് എറണാകുളത്ത് മറൈന്ഡ്രൈവില് എന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഒരാളു വന്ന് എന്നെ തുറിച്ചുനോക്കിക്കൊണ്ടുനിന്നു. എന്തായെന്നു ചോദിച്ചപ്പോള് അയാള് തിരിഞ്ഞുചോദിച്ചത് നീ ആണാണോ പെണ്ണാണോ എന്നാണ്. അയാളെ ബാധിക്കുന്ന ഒരു കാര്യമേയല്ലല്ലോ. ഇങ്ങനെയുള്ള സന്ദര്ഭങ്ങളില് അറിയാതെ പ്രതികരിച്ചുപോകും.
ചെറുപ്പത്തില് വീടിനടുത്ത് ഒരു സല്സംഘ് ഉണ്ട്. പാട്ടൊക്കെ, ഭജനൊക്കെ പാടുന്ന ഗ്രൂപ്പ്. എനിക്ക് പാട്ടുപാടാന് ആഗ്രഹമുണ്ട്. ഞാന് പാടാന് ചെല്ലുമ്പോള് അവരെന്നെ മാറ്റിനിര്ത്തും. എന്റെ ശബ്ദം കൊള്ളൂല, മുഴച്ചു നില്ക്കുന്നു. ആണുങ്ങളുടെ സൗണ്ടാണ്. പാടണ്ട എന്നു പറഞ്ഞ് മാറ്റിനിര്ത്തും.
ഒരുദിവസം സ്കൂളില് വെച്ച് ഒരു നാടന്പാട്ടു പാടിയപ്പോള് എന്റെ സൗണ്ട് നല്ല രസമുണ്ട് എന്നെല്ലാവരും പറഞ്ഞു. പിന്നെ ഭജന ഉപേക്ഷിച്ച് നാടന്പാട്ട് പാടാന് തുടങ്ങി. അതു ഭയങ്കരമായിട്ട് ഞാന് ആസ്വദിച്ചു. എന്റെ സൗണ്ട് കൊണ്ട് എന്റെ ലുക്ക് കൊണ്ടൊക്കെ ഞാനൊരുപാടു പ്രശ്നങ്ങള് അനുഭവിച്ചിട്ടുണ്ട്. ഇപ്പോള് ഞാന് മുടി വെട്ടിയതിനു ശേഷം എനിക്ക് ഭയങ്കര കോണ്ഫിഡന്സാണ്. ആളുകൾ എന്നെ ബൈനറിയില് ഫിക്സ് ചെയ്തു. എന്നുവെച്ചാന് കണ്ടാല് ഒരാണ്കുട്ടി. അങ്ങനെ ആളുകള് കാണാന് തുടങ്ങി. അതെനിക്ക് എനര്ജി തരുന്നുണ്ട്. ഇപ്പോള് ആളുകള് തുറിച്ചുനോക്കുന്നില്ല. ഈ തുറിച്ചുനോട്ടം എന്നെ പ്രശ്നത്തിലാക്കും. നമുക്കാരോടും മിണ്ടാന് പറ്റില്ല, ഒന്നിലും ഇടപെടാന് കഴിയില്ല, ഒരു പബ്ലിക്കില് പോയിട്ട് സംസാരിക്കാന് പറ്റില്ല. ഞാന് വളരെ ടോക്കേറ്റീവായിട്ടുള്ള ഒരാളായിരുന്നു. എന്നെ അറിയാവുന്നവരോടൊക്കെ നല്ലപോലെ സംസാരിക്കുന്നൊരാളായിരുന്നു. പബ്ലിക്കെന്നെയിങ്ങനെ ഹരാസ് ചെയ്തു തുടങ്ങിയതിനു ശേഷം ഞാന് ആരോടും മിണ്ടാതായി. ആകെ ഡിപ്രസ്ഡ് ആയി. അങ്ങനെ പബ്ലിക്കാണ് എന്നെ ഏറ്റവും വേദനിപ്പിച്ചിരിക്കുന്നത്. ഇപ്പോള് ഞാന് മനസ്സിലാക്കുന്നത് എനിക്ക് സൊസൈറ്റിയെ ആവശ്യമുള്ളതിനേക്കാളും എന്നെ ഈ സൊസൈറ്റിക്ക് ആവശ്യമുണ്ടെന്നാണ്.9. കേരളത്തിലെ ക്യൂറിന് ലീഡര്ഷിപ്പ് നല്കുന്നതാരാണ്?


അങ്ങനെ ഒരു ലീഡര്ഷിപ്പില്ല. ക്യൂയര് പ്രൈഡ് കേരളാ ഒരു ഫോറമാണ്. പ്രൈഡിന്റെ സമയമാകുമ്പോള് ആളുകള് ഒരുമിച്ച് വരികയും ഒരുമിച്ച് പ്രവര്ത്തിക്കുകയും പ്രൈഡ് നടത്തുകയും ചെയ്യുന്നു. പിന്നെ പ്രൈഡിന്റെ ഔട്ട്പുട്ട് ആണ് ശീതള്, ഫൈസല്, ജിജോ കുര്യാക്കോസ്, ശബരി കിഷോര്, ശ്രീക്കുട്ടി എന്നിവര്. അങ്ങനെ കമ്മ്യൂണിറ്റിയില് പവര്ഫുള്ളായിട്ടുള്ള ഒരുപാടു പേര് ഉയര്ന്നുവന്നിട്ടുണ്ട്. അതുതന്നെയാണ് ഇവിടുത്തെയാളുകള് ഉദ്ദേശിച്ചത്. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്ന് മനസ്സിലാക്കിയിട്ട് കമ്മ്യൂണിറ്റിയിലുള്ള ആളുകള് മുന്നോട്ടുവരികയും മനുഷ്യാവകാശ പ്രവര്ത്തകരൊക്കെ ഇവരോട് സഹകരിച്ചുമാണ് പ്രൈഡൊക്കെ സംഭവിച്ചിട്ടുള്ളത്. പിന്നെ, കേരളത്തില് പ്രൈഡിനൊപ്പം നിന്നിട്ടുള്ള മനുഷ്യാവകാശപ്രവര്ത്തകര് രേഖാരാജിനെപ്പോലെ, രേഷ്മാ ഭരദ്വാജിനെപ്പോലെ ആര്യന്, സിവിക് ചന്ദ്രന് അങ്ങനെ കുറെപ്പേര് തുടക്കം മുതല് ഇതിനൊപ്പം നിന്നിട്ടുണ്ട്. അവര് പ്രൈഡ് നടത്തി കമ്മ്യൂണിറ്റിയിലുള്ള ആളുകളെ സെന്സിറ്റൈവ് ചെയ്തു. കമ്മ്യൂണിറ്റിയെ പൊളിറ്റിക്കലൈസു ചെയ്യുന്ന പ്രക്രിയ നടത്തി. ഇപ്പോള് പ്രൈഡിന്റെ ഒരു ഫെയ്സായിട്ട് കമ്മ്യൂണിറ്റി ആളുകള് തന്നെയാണ് നില്ക്കുന്നത്. അതുവരെ ജീവിച്ചിരുന്ന ജീവിതത്തിനു കുറച്ചൊക്കെ പൊളിറ്റിക്കലാക്കാനൊക്കെ പറ്റിയിട്ടുണ്ട്. പ്രൈഡ് ഒരു കൂട്ടായ്മയാണ്.10. കേരളത്തിലുള്ള സമൂഹം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. എന്തൊക്കെയാണ് ലഭിക്കേണ്ട അവകാശങ്ങളായി ഉയര്ത്തുന്നത്?


വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമാണ് ഏറ്റവം പ്രധാനം. ജന്ഡര് പോളിസിയില് പറയുന്നുണ്ട്, ഒരാളുടെ ജന്ഡര് ഐഡന്റിറ്റി വിഭിന്നമായതിന്റെ പേരില് അയാളെ ഒപ്രസ് ചെയ്തുകൂടാ എന്ന്. ഇത് ഒരു പോളിസിയാണ്. നിയമമാക്കാനുള്ള ചര്ച്ചകളൊക്കെ നടക്കുന്നുണ്ട്. ഇതുപോലുള്ളവര്ക്ക് വിദ്യാഭ്യാസം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ട്. പല കാര്യങ്ങള് മനസ്സിലാക്കാനും സ്വയം മനസ്സിലാക്കാനും ബോധ്യപ്പെടാനും വിദ്യാഭ്യാസം അനിവാര്യമാണ്. അതിനുള്ള അവസരങ്ങളും അവകാശങ്ങളും ലഭിക്കണം. ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള ആളിന്റെ കൂടെ ജീവിക്കാനുള്ള അവകാശം ഉണ്ടാവണം. താമസം, സ്വത്ത്, ഭൂമിയുടെ അധികാരം ഇവയൊക്കെ മറ്റൊരുതരത്തില് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. പലപ്പോഴും സ്വകാര്യജീവിതത്തിലേക്ക് പോലീസുകാര് ഇടപെടുന്നുണ്ട്. എന്റെ അടുത്ത സുഹൃത്തായിട്ടുള്ള ഫൈസല് മുടി നീട്ടിവളര്ത്തിയിട്ടുണ്ട്. അയാള് ട്രാന്സ്ജന്ഡറാണ്, മനുഷ്യാവകാശ പ്രവര്ത്തകനാണ്, പരിസ്ഥിതി പ്രവര്ത്തകനുമാണ്. ഫൈസലിനെ പോലീസുകാര് ഒരുപാട് മര്ദ്ദിച്ചിട്ടുണ്ട്, അവര് പറയുന്നത് ആണാണെങ്കില് ആണുങ്ങളെപ്പോലെ നടക്കണം. മുടി നീട്ടി വളര്ത്താന് പാടില്ല, കണ്ണെഴുതാന് പാടില്ല, അങ്ങനെയൊക്കെ പറഞ്ഞ് മോറല് പോലീസിംഗ് ചെയ്തിട്ടുണ്ട്.
ഒരു വ്യക്തിയുടെ അവകാശമാണ് അയാള് എങ്ങനെ നടക്കണം, എങ്ങനെ ജീവിക്കണം എന്നുള്ളത്. ഇന്റര്സെക്സ് ആയിട്ടുള്ള ഒരാളെന്ന നിലയില് ഞാന് പറയുന്നത് ഒരു കുട്ടി ഗര്ഭപാത്രത്തില് രൂപംകൊള്ളുമ്പോള്തന്നെ വൈവിധ്യമാര്ന്ന ലിംഗാവസ്ഥയിലാണെങ്കില് അതിനെ അബോര്ഷന് ചെയ്തുകളയുന്ന പ്രക്രിയ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. ഇന്റര്സെക്സ് അബോര്ഷന് നിയമം മൂലം നിരോധിക്കണം. ഇതുപോലെ ജനിക്കുന്ന

കുട്ടികളെ നിര്ബന്ധപൂര്വ്വം ഏതെങ്കിലും ഒരു ലിംഗത്തിലേക്ക് മാറ്റുന്ന ഓപ്പറേഷനുകള് നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. കേരളത്തിലെ Sexual Reassignment Surgery (SRS) (ലിംഗമാറ്റ ശസ്ത്രക്രിയ) ഒന്നും വിജയകരമായി ചെയ്യുന്ന ഡോക്ടര്മാരില്ല. എന്നാല് ഇന്റര്സെക്സ് ആയി ജനിക്കുന്ന കുട്ടിയെ കൃത്യമായി ഓപ്പറേഷന് ചെയ്ത് ഏതെങ്കിലും ഒരു ലിംഗത്തിലേയ്ക്ക് മാറ്റാറുണ്ട്. കേരളത്തില് Sexual Reassignment Surgery ചെയ്യാനാഗ്രഹിക്കുന്നവര് ബാംഗ്ലൂരിലൊക്കെ പോയാണ് ചെയ്യേണ്ടിവരുന്നത്. ഇത്തരം സര്ജറി ചെയ്യാനുള്ള സൗകര്യം നമ്മുടെ മെഡിക്കല് കോളേജുകളില് ഉണ്ടാകേണ്ടതുണ്ട്. ചില ആളുകള് സപ്രസ് ചെയ്യുന്നുണ്ട് ഇതിന്റെയൊക്കെ പേരില്. ട്രാന്സ്ജന്ഡേഴ്സിനെപ്പറ്റി പറയുന്നത് ട്രാപ്പ്ഡ് ഇന്സൈഡ് ഇന് എ ബോഡി എന്നാണ്. തെറ്റായ ശരീരത്തില് ട്രാപ്പ് ചെയ്യപ്പെട്ടുപോയ ആളുകള് എന്നാണ്. അവര്ക്ക് സ്വയം ആണായിട്ടോ സ്വയം പെണ്ണായിട്ടോ കാണാനായിരിക്കും ആഗ്രഹം. അത്തരത്തിലുള്ള ആളുകള്ക്ക് മെഡിക്കല് കോളേജില് Sexual Reassignment Surgery (SRS)ചെയ്യുവാനുള്ള സൗകര്യമുണ്ടാകണം. ഹോര്മോണ് ട്രീറ്റ്മെന്റുകള് എടുക്കാനുള്ള സൗകര്യമുണ്ടാവണം. വലിയ ചെലവാണ് ഹോര്മോണ് ചികിത്സയ്ക്ക്. അമൃത ഹോസ്പിറ്റലിലും തിരുവനന്തപുരത്ത് ഒരു ഹോസ്പിറ്റലിലും മാത്രമാണ് കേരളത്തില് ഈ ചികിത്സയുള്ളത്. കാശുള്ളവര് മാത്രം ഹോര്മോണ് ട്രീറ്റ്മെന്റ് ചെയ്യുന്ന അവസ്ഥ മാറണം. ബ്രസ്റ്റ് റിമൂവിംഗ് സര്ജറിയൊക്കെ വളരെ റിസ്ക്കാണ്. ഇതു ചെയ്യുന്ന ഡോക്ടര്മാര്ക്ക് ഒരു പരീക്ഷണം പോലെയാണത്. എന്റെ പല സുഹൃത്തുക്കള്ക്കും പല രീതിയിലാണ് ബ്രസ്റ്റ് റിമൂവ് ചെയ്തിട്ടുള്ളത്. ഇന്നൊരുത്തന് വരുന്നുണ്ട് അവനെ പുതിയ രീതിയില് ചെയ്തു നോക്കാം എങ്ങനെയിരിക്കുമെന്നറിയാല്ലോ. ഇങ്ങനെ പരീക്ഷണമാണ് ഡോക്ടര്മാര് ചെയ്തിട്ടുള്ളത്. അങ്ങനെ സെപ്റ്റിക്കായിട്ടുള്ള ധാരാളം പേരുണ്ട്. പല രീതിയില് അഫക്ട് ചെയ്തുപോയിട്ടുള്ള ആളുകളുണ്ട്. പുറംരാജ്യങ്ങളില് ട്രാന്സ്ജന്ഡര് ആയിട്ടുള്ള, ട്രാന്സ് സെക്ഷ്വല് ആയിട്ടുള്ള, ഇന്റര് സെക്സ് ആയിട്ടുള്ള ആളുകളെ ചികിത്സിക്കുന്നതിന് പ്രത്യേക പഠനവിഭാഗം തന്നെയുണ്ട്. അതുപോലെ ഇവിടുത്തെ ആളുകള്ക്ക് അതറിയില്ലെങ്കില് അവര് പഠിക്കേണ്ടതല്ലേ.
എനിക്കു മുടിയുണ്ടായിരുന്ന സമയത്ത് ഞാന് ഡോക്ടറെ കാണാന് ചെന്നാല് ഒരു പെണ്കുട്ടി എന്ന നിലയിലാണ് എനിക്ക് ട്രീറ്റ്മെന്റ് തന്നിട്ടുള്ളത്. മുടി വെട്ടിക്കഴിഞ്ഞപ്പോള് ആണ്കുട്ടി എന്ന നിലയിലാണ് മരുന്നു തരുന്നത്. ഇവര്ക്കെങ്ങനെയാണ് ഇത് തീരുമാനിക്കാന് കഴിയുക. ഞാന് ഇന്റര്സെക്സ് ആണെന്നത് ഒരു ഡോക്ടറോടു പറഞ്ഞപ്പോള് ഡോക്ടര് പറയുന്നത് അതെങ്ങനെ നടക്കും, ഇമ്പോസിബിള് എന്നാണ്. നിങ്ങള് പറയുന്നതുപോലെ രണ്ടു ലിംഗത്തോടു കൂടി ഒരാള്ക്കെങ്ങനെയാണ് ജീവിക്കാന് കഴിയുന്നത്. ഞാന് പറഞ്ഞു ഞാനിങ്ങനെയാണ് ഞാന് തന്നെയാണ് ഉദാഹരണം. അപ്പോള് ഡോക്ടറിന് അതു കണ്ടാലേ വിശ്വസിക്കൂ. അയാളെ തുണിയഴിച്ചു കാണിക്കണോ. അറിയില്ലെങ്കില് പഠിച്ചിട്ടു വന്നിട്ടല്ലേ ചികിത്സിക്കേണ്ടത്. മിക്ക ഡോക്ടര്മാരും ഇന്റര്സെക്സ് ആയിട്ടുള്ളവരെ ട്രാന്സ്ജന്ഡര് ആയിട്ടുള്ളവരെ ചികിത്സിക്കുന്ന കാര്യത്തില് അജ്ഞരാണ്. ഒരു ട്രാന്സ്ജന്ഡറായിട്ടുള്ള ആള്ക്കു പനിവന്നാല് പോലും നിങ്ങളെ ചികിത്സിക്കാനറിയില്ല എന്നാണ് ഡോക്ടര് പറയുന്നത്. ചികിത്സയെങ്കിലും അവകാശമായി ലഭിക്കേണ്ടതല്ലേ. പലപ്പോഴും ട്രാന്സ്ജന്ഡറായിട്ടുള്ള ആള് ഫീമെയില് ടു മെയില് ആയിട്ടുള്ള ആള് ജോലി കിട്ടി കുറെ കഴിഞ്ഞ് ട്രാന്സ്ജന്ഡര് ആണെന്ന് അറിഞ്ഞുകഴിഞ്ഞാല് ഐഡന്റിറ്റി അറിഞ്ഞുകഴിഞ്ഞാല് അവരെ ജോലിയില് നിന്നു പിരിച്ചുവിടും. തൊഴിലിലൊരു സംരക്ഷണമില്ല. തൊഴില് സംരക്ഷണം ഉണ്ടാവണം. മെഡിക്കല് ഫീല്ഡ് മാറണം. സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും അപ്ഡേറ്റ് ചെയ്യപ്പെടണം.11. സമൂഹത്തില് നിന്ന് ബഹിഷ്കരിക്കപ്പെടുന്ന കമ്മ്യൂണിറ്റിയിലുള്ളവരെ സംരക്ഷിക്കുവാന് പദ്ധതികളാവശ്യമല്ലേ?


പുറത്തുവന്നിട്ടുള്ള വ്യക്തിയെ സംരക്ഷിക്കുകയല്ല വേണ്ടത്. അവര്ക്ക് അവരുടെ വീടുകളില്, സമൂഹത്തില്തന്നെ കഴിയാനുള്ള സംവിധാനമൊരുക്കുകയാണ് വേണ്ടത്. അവര്ക്ക് സ്വന്തം ഇടത്തില് കഴിയാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. അവരുടെ പ്രശ്നങ്ങള് മനസ്സിലാക്കിയിട്ട് സ്വന്തം വീട്ടില് നിലനില്ക്കുവാനുള്ള സംരക്ഷണവും സുരക്ഷിതത്വവും ഒരുക്കുകയാണ് വേണ്ടത്. ഒരാള്ക്ക് വീട്ടില് നില്ക്കാനിഷ്ടവുമുണ്ട്. അവര്ക്ക് അവിടെ നില്ക്കാന് കഴിയണം. ഉദാഹരണം ശീതളിന് വീട്ടില് നില്ക്കാന് ഇഷ്ടമാണ്. അതുകൊണ്ട് പോലീസിന്റെ സപ്പോര്ട്ടോടുകൂടി വീട്ടില് നില്ക്കുകയാണ്. ശീതള് ഡ്രസ് ചെയ്യുന്നത്, മുടി വളര്ത്തുന്നത് ഒക്കെ ശീതളിന്റെ വീട്ടുകാര്ക്ക് ഇഷ്ടമല്ല. ഫൈസലും വീട്ടില് നില്ക്കുകയാണ്. പോലീസിന്റെയും സമൂഹത്തിന്റെയും സപ്പോര്ട്ട് ലഭിച്ച് വീട്ടില് നില്ക്കുന്ന ധാരാളം പേരുണ്ട്. തീരെ നിവൃത്തിയില്ലാതെ ക്വിറ്റ് ചെയ്തുപോയവര് പല ജോലിയും ചെയ്ത് ജീവിക്കുന്നുണ്ട്. ഒറ്റപ്പെട്ടു ജീവിക്കുകയാണ് വിദ്യാഭ്യാസം കുറവാണ് വേറൊന്നും ചെയ്യാന് കഴിയാത്തവര് ബെഗ്ഗിംഗ് ചെയ്യും. ചിലര് സെക്സ് വര്ക്ക് ചെയ്യും.
ആളുകള് പറയുന്നത് സെക്സ് വര്ക്ക് ചെയ്യുന്നവരെ പുനരധിവസിപ്പിക്കണമെന്നാണ്. എന്തിനാണ് ഇവരെ പുനരധിവസിപ്പിക്കുന്നു ? . ഇവര്ക്ക് വരുന്ന ക്ലൈന്റിനെയല്ലേ പുനരധിവസിപ്പിക്കേണ്ടത് ? ആ ക്ലൈന്റാണല്ലോ പ്രശ്നമുണ്ടാക്കുന്നത്. പകല് അടിച്ച് ഓടിക്കുകയും രാത്രിയില് അവരെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് ഇവിടുത്തെ പകല്മാന്യന്മാരായിട്ടുള്ള ആളുകള്. അവരെയൊക്കെ ബോധവല്ക്കരിക്കണം. എറണാകുളം മെട്രോയിലൊക്കെ ജോലി നല്കാമെന്നു പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് ജോലി നല്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജന്ഡര് പാര്ക്ക്, ജന്ഡര് ടാക്സി എന്നിങ്ങനെ പദ്ധതികള് നടപ്പിലാക്കാമെന്നു പറഞ്ഞിട്ടുണ്ട്. ലൈസന്സ് എടുക്കാന് വിദ്യാഭ്യാസം ഇല്ലാത്തവര്ക്ക് തുടർവിദ്യാഭ്യാസ പദ്ധതിയില് പെടുത്തി യോഗ്യരാക്കുന്ന പദ്ധതികള് മുന്നോട്ടുവെച്ചിട്ടുണ്ട്.

12. തമിഴ്നാട്ടിലൊക്കെ ഒബിസി പട്ടികയില് പെടുത്തി റിസര്വേഷന് നല്കാനുള്ള പദ്ധതികളുണ്ട്. അത്തരം ആവശ്യങ്ങളുയര്ത്തിയിട്ടുണ്ടോ?


തമിഴ്നാട്ടിലെ ഒബിസി സംവരണം തന്നെ പ്രശ്നത്തിലാണ്. പല വൈവിധ്യങ്ങളെയും അതിലുള്പ്പെടുത്തിയിട്ടില്ല. റിസര്വേഷനെപ്പറ്റി പല രീതിയിലുള്ള ചര്ച്ചകള് നടക്കുന്നുണ്ട്. അതിനെ സംബന്ധിച്ച് കൃത്യമായ ഒരഭിപ്രായം പറയാന് ഇപ്പോള് സാധിക്കുകയില്ല.13. ചിഞ്ചു ഒരു ദലിതാണ്. ദലിതെന്ന രീതിയിലും ഇന്റര്സെക്സ് എന്ന രീതിയിലും വ്യത്യസ്ത അനുഭവം ഉണ്ടായിട്ടുണ്ടോ?


ഒരുപാട് അനുഭവങ്ങളുണ്ട്. ഞാനൊരു ക്യൂര് ആയതുകൊണ്ടു മാത്രമല്ല ഒരു ദലിതായതുകൊണ്ടും കൂടിയാണ് ഞാന് പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടിവരുന്നത്. ഞാനെന്റെ പിജി കംപ്ലീറ്റ് ചെയ്തതിനു ശേഷം ഒരുപാട് ജോലിക്കും ഇന്റര്വ്യൂവിനുമൊക്കെ പോയി. അവരു പറയുന്ന സോകോള്ഡ് സൗന്ദര്യ സങ്കല്പങ്ങളില് ഞാന് ഫിക്സ് ആവാത്തതുകൊണ്ട് എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അവര്ക്കെന്റെ തൊലിയുടെ നിറം പ്രശ്നമാണ്, ജാതി പ്രശ്നമാണ്. പലയിടത്തു ചെല്ലുമ്പോഴും എന്റെ ജാതി വര്ക്കൗട്ട് ചെയ്യും. കമ്മ്യൂണിറ്റിക്കകത്തുതന്നെ ജാതിയുടെ പ്രശ്നമുണ്ട്. വെളുത്ത ട്രാന്സ്ജന്ഡറായിട്ടുള്ള ആളുകള്ക്കാണ് കൂടുതല് സ്വീകാര്യത. ഹോമോ സെക്ഷ്വലായിട്ടുള്ളവരില് വെളുത്തവര് പ്രൊജക്ട് ചെയ്യപ്പെടും. കറുത്തവരായ ആളുകള് തഴയപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു ഹോമോ സെക്ഷ്വല് റിലേഷനില് പോലും പാര്ട്ണേഴ്സിനെ തെരഞ്ഞെടുക്കുന്നത് ഇത്തരം കാര്യങ്ങള് ശ്രദ്ധിച്ചും പറഞ്ഞുകൊടുത്തുമാണ്. ഇതില് ജാതി വളരെ ക്ലിയറായിട്ട് വര്ക്കൗട്ട് ആകുന്നുണ്ട്. കറുത്തിരിക്കുന്ന ദലിതായിട്ടുള്ള ട്രാന്സ്ജന്ഡേഴ്സൊക്കെ കളറൊക്കെ ഉപയോഗിച്ച് വെളുപ്പിച്ച് നടക്കാനാഗ്രഹിക്കുന്നു, അത് സൊസൈറ്റിയുടെ ഒരു പ്രശ്നമായിട്ടാണ് ഞാന് മനസ്സിലാക്കുന്നത്. ഇപ്പോള് കമ്മ്യൂണിറ്റിക്കകത്ത് പേരും ജാതിയുമൊക്കെ വച്ചിട്ടുള്ള ഒരു സംഭവമാണ് നടക്കുന്നത്. ദീപ്തി എന്നൊരാള് വനിതയുടെ കവര്ഗേള് ആയിട്ടൊക്കെ വന്നു. ദീപ്തി നായര് എന്ന പേരില് അതിനെതിരെയൊക്കെ ഒരുപാട് ചര്ച്ചകള് നടന്നു. ജാതിയെ അഡ്രസ് ചെയ്യാതെ നിങ്ങള്ക്കെങ്ങനെയാണ് ഈ ഒരു പ്രവര്ത്തനം നടത്താന് കഴിയുക എന്നു ചോദിച്ച്. ഒരിക്കലും ക്യൂര് മൂവ്മെന്റ് ജാതിക്കെതിരെയുള്ള മൂവ്മെന്റൊന്നുമല്ല. എന്നു കരുതിയിട്ട് ജാതിയെ അഡ്രസ് ചെയ്യാതെയുമിരിക്കുന്നില്ല. ഇവരെയൊക്കെ പൊളിറ്റിക്കലൈസ് ചെയ്യേണ്ടത് നമ്മുടെയൊക്കെ ഉത്തരവാദിത്വമാണല്ലോ. എന്റെയൊരു സുഹൃത്ത് അവനൊരു മുസ്ലീമാണ്. അവന് കേരളത്തില് നിന്ന് മൈഗ്രേറ്റ് ചെയ്യപ്പെട്ട കോത്തി കള്ച്ചറിന്റെ ഭാഗമാണ്. അവന്റെ അമ്മ അവന് മേനോന് എന്നു കൂടി ചേര്ത്താണ് പേരിട്ടത്. ആളുകളുടെ ധാരണ പേരിന്റെ കൂടെ നായര്, മേനോന് എന്നൊക്കെ ചേര്ത്താല് എന്തോ വലിയ സംഭവമാണെന്നാണ് നമ്മുടെ സൊസൈറ്റിയുടെ തന്നെ ഒരു പ്രോഡക്ടല്ലേ ഇത്തരം കാര്യങ്ങള്.14. മീഡിയയില്, വാര്ത്താ മാധ്യമങ്ങളില് അവസരം കിട്ടുന്നുണ്ടോ?


അത്തരം അവസരം കിട്ടുമ്പോള് സോകോള്ഡ് ലുക്കില്ലാത്തവരൊക്കെ തഴയപ്പെടുന്നുണ്ട്.15. ചിഞ്ചുവിന് അത്തരമൊരവസരത്തിന് സാധ്യതയില്ല അല്ലേ?


അതു മറ്റുള്ള ആളുകളൊക്കെ വരുമ്പോള് ഒരു പൊലിമയുണ്ട്. ചാനലുകള്ക്ക് മീഡിയകള്ക്ക് ഒരു കൗതുകം മെയിന്റെയിന് ചെയ്യണമല്ലോ. അതിനു ചേരാത്ത ഒരാളാണു ഞാന്. വെളുപ്പില്ലാത്ത, മേക്കപ്പിടാത്ത, അവര് വിചാരിക്കുന്ന തരത്തില് കടും നിറത്തിലുള്ള വസ്ത്രങ്ങളിടാത്ത, പിന്നെ എന്റെ കളറൊക്കെ അവര്ക്ക് പ്രശ്നമാണ്. അവര് വിചാരിക്കുന്ന പൊലിമ, കൗതുകം കിട്ടാത്തതുകൊണ്ട് നല്ല രീതിയില് പ്രവര്ത്തനം നടത്തുന്ന ഒരുപാട് പേര് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അതിലൊരാളാണ് ഫൈസല്. ട്രാന്സ്ജന്ഡര് എന്നു പറഞ്ഞാല് ക്രോസ് ഡ്രസ് (വിപരീത വസ്ത്രധാരണം) ചെയ്യുന്ന മേക്കപ്പു ചെയ്യുന്ന ആളെന്നാണ് പൊതുവിലൊരു ധാരണ. ഫൈസലൊരിക്കലും ക്രോസ് ഡ്രസ് ചെയ്തിട്ടില്ല. മേക്കപ്പ് ചെയ്യാത്ത ആളാണ്. പച്ചയായ ഒരു മനുഷ്യന്. അവന് സ്വയം ട്രാന്സ്ജന്ഡറായിട്ടാണ് ഐഡന്റിഫൈ ചെയ്യുന്നത്. ഭയങ്കര പൊളിറ്റിക്കല് ആയിട്ടുള്ള ആളാണ്. കേരളത്തില് നടക്കുന്ന ജനകീയസമരങ്ങളിലും പരിസ്ഥിതി സമരങ്ങളിലും വിബ്ജിയോര് ഫിലിം ഫെസ്റ്റിവലിലും ഭാഗമായുള്ള ആളാണ് ഫൈസല്. ഫൈസലിനെ നമ്മളാരും അറിയില്ല. അതൊരു ജാതി, മത പ്രശ്നമാണല്ലോ, ജാതി ഇത്തരത്തില് വളരെ സൂക്ഷ്മമായിട്ടാണല്ലോ ഇടപെടുന്നത്.
മീഡിയയിലവസരം ലഭിക്കാനുള്ള കാര്യം, ന്യൂമീഡിയാ ഉണ്ടല്ലോ, ഫേസ്ബുക്ക് പോലുള്ളവ ആളുകള് എഡിറ്റു ചെയ്യാത്ത കാര്യങ്ങളൊക്കെ നമ്മളെഴുതുകയും പറയുകയും ആളുകള് സപ്പോര്ട്ടു ചെയ്യുകയും ചെയ്യുമ്പോള് വലിയ രീതിയിലുള്ള അക്സെപ്റ്റന്സ് സോഷ്യല് മീഡിയയില് കിട്ടുന്നുണ്ട്. അപ്പോള് സമൂഹത്തില് നടക്കുന്ന ചലനങ്ങള് മാധ്യമങ്ങള്ക്ക് കണ്ടില്ല എന്നു നടിക്കാന് പറ്റില്ലല്ലോ. ഇപ്പോള് ഏറ്റവുമധികം ചര്ച്ച ചെയ്യുന്ന വിഷയമാണല്ലോ ജന്ഡര് ഇഷ്യൂ. അതുകൊണ്ട് അവര്ക്കിന്ന് അഡ്രസ് ചെയ്യാതിരിക്കാനാവില്ല. അതുകൊണ്ടുകൂടിയാണ് ഇവര് ക്യൂറിനെ സപ്പോര്ട്ട് ചെയ്യുന്നത്. ഫേസ്ബുക്കില് കാണുന്ന ഇത്തരം കാര്യങ്ങള് അവഗണിക്കാന് പറ്റുന്നതായിരുന്നെങ്കില് അവരതു ചെയ്തേനേ. അങ്ങനെ ചെയ്താല് സമൂഹം ചോദിക്കും എന്തുകൊണ്ട് നിങ്ങള് അവോയിഡ് ചെയ്യുന്നു എന്ന്. ഇത് ക്യൂര് പൊളിറ്റിക്സിന്റെ പവര് ആയിട്ടാണ് കാണുന്നത്.16. ഭാവിയില് ജനാധിപത്യത്തെ സംബന്ധിച്ച, ഇക്വാലിറ്റി സംബന്ധിച്ച ഡിസ്കോഴ്സുകളില് ട്രാന്സ്ജന്ര് മാറ്റിനിര്ത്തുക സാധ്യമല്ല. അതു പറയാതെ ഒരു രാഷ്ട്രീയം സാധ്യമല്ല എന്നതാണ് വസ്തുത ?


സമത്വത്തെക്കുറിച്ച് പറയുന്നവര്ക്ക് ജന്ഡര് അഡ്രസ് ചെയ്യാതിരിക്കാനാവില്ല. പത്തിരുപത് വര്ഷത്തെ ക്യൂര് പൊളിറ്റിക്സിന്റെ വിജയമാണിത്, റിസള്ട്ടാണിത്. ലിംഗനീതിയെ സംബന്ധിച്ച, ലിംഗസമത്വം സംബന്ധിച്ച ചര്ച്ചകള്. കാമ്പസുകളില് ലിംഗസമത്വം ഉണ്ടോ എന്നൊരന്വേഷണം നടന്നു. അപ്പോള് ആണ്കുട്ടികള്ക്ക് കിട്ടുന്ന പ്രിവിലേജ് പെണ്കുട്ടികള്ക്ക് കിട്ടുന്നില്ല. അത്തരത്തില് ലിംഗസമത്വത്തെക്കുറിച്ച് ആദ്യകാലത്ത് ചര്ച്ചയുണ്ടായിരുന്നു. ഇപ്പോ അത് ഇംപോര്ട്ടന്റ് ആകാനുള്ള കാരണം ലിംഗം എന്ന സാധനം ആണ് പെണ് ദ്വന്ദ്വത്തില് മാത്രം ഒതുങ്ങി നില്ക്കുന്നതല്ല, ഇതിനപ്പുറത്തേക്ക് ഒരുപാട് വൈവിധ്യങ്ങളുണ്ട്. ട്രാന്സ്ജന്ഡര്, ട്രാന്സ് സെക്ഷ്വല്, സെക്ഷ്വാലിറ്റിയില് ഡിഫറന്റായിട്ടുള്ള ആളുകളെ അറിഞ്ഞുവരുമ്പോള് സമത്വം, ലിംഗസമത്വം എന്നു പറയുന്നതിന് കൂടുതല് വിശാലമായ അര്ത്ഥതലങ്ങള് സൃഷ്ടിക്കപ്പെടും.17. എന്തു പേരില് വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്? ക്യൂര് പൊളിറ്റിക്സിനെ അങ്ങനെ പറയണോ എന്ന സംവാദമുണ്ട്. എങ്ങനെയാണ് അടയാളപ്പെടേണ്ടത്?


ക്യൂര് എന്ന വാക്കുതന്നെയാണ് ആപ്റ്റായിട്ടുള്ളത്. സ്കൂള്, ഹോട്ടല് തുടങ്ങി അനവധി നിരവധി ഇംഗ്ലീഷ് വാക്കുകള് നമ്മള് ഉപയോഗിക്കുന്നുണ്ടല്ലോ. അത്തരത്തില് ക്യൂര് എന്ന വാക്കുതന്നെ ഉപയോഗിക്കണം. ട്രാന്സ്ജന്ഡര് എന്ന വാക്കുതന്നെ ഉപയോഗിക്കണം. ക്യൂര് എന്ന വാക്ക് ആദ്യകാലങ്ങളില് മോശം, ചീത്ത എന്ന തലത്തിലാണ് ആളുകള് കണ്ടിരുന്നത്. ക്യൂര് എന്ന വാക്കിനെ ചരിത്രപരമായി നമ്മള് അന്വേഷിക്കേണ്ടതുണ്ട്. ഇന്ന് ക്യൂര് എന്നു പറയുന്നത് ആത്മാഭിമാനത്തിന്റെയും സ്വന്തം സമൂഹത്തെ, വലിയ കൂട്ടം ആളുകളെ റപ്രസന്റ് ചെയ്യുന്ന വാക്കാണ്. പൊളിറ്റിക്കല് വേഡ് ആണ്. അതിന്റെ ടെര്മിനോളജി നോക്കി അതിന്റെ അര്ത്ഥം പരിശോധിക്കേണ്ടതുണ്ട്. ക്യൂര് എന്നതില് ഇന്റര്സെക്സ്, ഗേ, ലെസ്ബിയന്, ട്രാന്സ്ജന്ഡര്, അസെക്ഷ്വല് ആളുകള് തുടങ്ങി സമൂഹത്തില് ഒറ്റപ്പെട്ടവര്, മാറ്റപ്പെട്ടവര് ഒക്കെ കളക്ടീവ് ആയിട്ട് പറയുന്നതാണ് ക്യൂര്. വിധവകള്, വിഭാര്യര് വിവാഹം കഴിച്ചിട്ടില്ലാത്തവര് തുടങ്ങി വലിയൊരു സ്പെക്ട്രം ആണ് ക്യൂര്. ഇങ്ങനെ പല കാരണത്താല് മാറ്റിനിര്ത്തപ്പെട്ടവരുടെ കേരളത്തിലെ ഇന്ത്യയിലെ ശബ്ദമാണ് ക്യൂര് പൊളിറ്റിക്സ്. മാര്ക്സിസത്തെ മലയാളീകരിച്ചിട്ടില്ല. സോഷ്യലിസവും അങ്ങനെയല്ലേ. പിന്നെന്തിന് ക്യൂര് മലയാളീകരിക്കണം.18. മാറ്റ ലിംഗര്, ഭിന്ന ലിംഗര് ദ്വന്ദ്വ ലിംഗര് തുടങ്ങിയ പേരുകളില് സംവാദം നടക്കുന്നുണ്ട്. കമ്മ്യൂണിറ്റിയിലുള്ളവര് അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്?


ഞാന് പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്. മലയാളത്തില് ലിംഗം എന്ന വാക്കില്ല. യോനി എന്ന വാക്കില്ല. സംസ്കൃത വാക്കാണ്. മലയാളവാക്ക് ഉപയോഗിച്ചാല് തെറിയായി മാറും. അതുകൊണ്ട് മലയാളീകരിക്കേണ്ട ആവശ്യമില്ല.19. സമൂഹത്തില് ഒരു ഇക്വാലിറ്റി സാധ്യമാകണം. അതാണ് നമ്മളന്വേഷിക്കേണ്ടത്. ഒരു ജനാധിപത്യ ജീവിതം ഉണ്ടാവണം. സാമൂഹ്യ ജനാധിപത്യം ഉണ്ടാവുക എന്നതല്ലേ സ്വപ്നം ?


അതെ, അത്തരത്തില് എനിക്ക് അംബേദ്ക്കറിലാണ് വിശ്വാസമുള്ളത്. ഇപ്പോഴുള്ള കാലഘട്ടത്തില് ഇന്ത്യ മുഴുവന് ചര്ച്ച ചെയ്യുന്നത് അംബേദ്കറെയാണ്. അംബേദ്ക്കറെ വായിക്കുക പഠിക്കുക എന്നത് അനിവാര്യമാണ്. ഇന്ത്യയിലെ മുഴുവന് അസമത്വങ്ങള്ക്കും വിവേചനങ്ങള്ക്കും ഇരയാകുന്നവര്ക്ക് വലിയൊരു പാഠം ആണ് അംബേദ്ക്കറിസം. അദ്ദേഹത്തിന്റെ സാമൂഹ്യ ജനാധിപത്യത്തിലാണ് ഞാനും വിശ്വസിക്കുന്നത്. അത്തരത്തില് അംബേദ്കറൈറ്റ് ക്യൂര് ഫെമിനിസ്റ്റ് മൂവ്മെന്റിന് ഇവിടെ മാറ്റമുണ്ടാക്കാന് കഴിയും.

Loading Conversation