#

രഞ്ജിത് മാമ്പിള്ളി
കൊത്തുനേരം : Apr 02, 2017

പങ്കു വെയ്ക്കൂ !

കുമിളകളിലെ ജീവിതംഈ ഇടെ ഒരു വാട്സാപ് രാഷ്ട്രീയ ചർച്ചയിൽ യോഗിയുടെ മുസ്ലീം വിരുദ്ധ പ്രസംഗ വീഡിയോ കണ്ടിട്ടില്ലെന്ന് ഒരു സുഹൄത്ത് അവകാശപ്പെട്ടു. കഴിയുമെങ്കിൽ ചില വീഢിയോകൾ അയച്ചു കൊടുക്കാമൊ എന്ന് ചോദിച്ചു. യോഗിയുടെ പ്രസംഗം കേൾക്കാത്തവരുണ്ടൊ ?, ഞാനൊക്കെ യൂടൂബിൽ സേർച്ച് പോലും ചെയ്യണ്ട. കയറുമ്പഴേ കാണുന്നത് ഇത്തരം വീഡിയൊകളാണ്. പക്ഷെ ഈ സുഹൄത്തിനെ അവിശ്വസിക്കേണ്ട ആവശ്യമില്ല. ഞാൻ ജ്യേഷ്ഠ സ്ഥാനത്ത് കരുതുന്ന വ്യക്തിയാണ്. തല പോയാലും നുണ പറയില്ല. പല അപ്രിയ സത്യങ്ങളും വിളിച്ച് പറഞ്ഞ് പല കുടുക്കിലും ചെന്ന് ചാടിയിട്ടുള്ളവനാണ്. 2005 വരെ ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഗൂഗിളിൻറെ അണ്ഢ കടാഹത്തിൽ നിന്ന് പാതാളക്കരണ്ടി വെച്ച് കാര്യങ്ങൾ ചുരണ്ടി എടുക്കാൻ കെൽപ്പുള്ളവനാണ്. അതിനാൽ പുള്ളീടെ ആവശ്യം അത്ഭുതപ്പെടുത്തി. !!എന്തു കൊണ്ട് പുള്ളിക്ക് വീഡിയൊ സേർച്ച് ചെയ്താൽ കിട്ടുന്നില്ല എന്നതിനെ കുറിച്ചൊരു പഠനം നടത്തി. ലോകത്തിൻറെ പല ഭാഗത്തിരിക്കുന്നവരോട് ഞാൻ കൊടുക്കുന്ന കീവേർഡുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത് റിസൾട്ടിൻറെ സ്ക്രീൻ ഷോട്ട് അയച്ചു തരാൻ നിർദ്ദേശിച്ചു. എല്ലാവരും സ്ഥിരമായി സേർച്ച് ചെയ്യുന്ന പ്രൊഫൈലിൽ ലോഗിൻ ചെയ്തു ഇടാനും നിർദ്ദേശിച്ചു. മലയാളികൾ ആരെയും പരീക്ഷണത്തിൽ പങ്കെടുപ്പിച്ചില്ല. എല്ലാ മലയാളിക്കും ഒരു ഇടത്‌‌ പക്ഷ മനസ്സുണ്ട്. അതിനാൽ അവരെ മനപ്പൂർവ്വം ഒഴുവാക്കി. ചിലെ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, ഇൻഡ്യ എന്നിവടങ്ങളിലെ ആൾക്കാരെ കൊണ്ട്, “യോഗി ആദിത്യനാഥ്”, “ബി.ജെ.പി”, “ഇൻഡ്യ” എന്ന് സേർച്ച് ചെയ്യിച്ചു. കീ വേർഡുകൾ ഒരാളുടെ പേരിൽ നിന്ന് കുറച്ചൂടെ വിശാലമായ ഒന്നിലേയ്‌‌ക്ക് വളരുന്ന രീതിയിലാണ് ക്രമീകരിച്ചത്. ആദിത്യനാഥിൻറെ സേർച്ചുകൾ മിക്കതും ഒരേ റിസൾട്ട് തന്നു. പക്ഷെ, ബി.ജെ.പി യെന്നും ഇൻഡ്യയെന്നും കീവേർഡ് കൊടുത്തപ്പോൾ റിസൾട്ടുകൾ അജഗജാന്തരം. ഇതേ സേർച്ചുകൾ യൂടൂബിൽ ചെയ്യുമ്പോൾ യോഗി ആദിത്യനാഥ് എന്ന കിവേർഡ് പോലും തരുന്ന റിസൾട്ടുകൾ വത്യസ്തമാണ്.എന്താണിങ്ങനെ ?. ഒരേ സേർച്ച് എഞ്ചിൻ വെച്ച് സേർച്ച് ചെയ്തപ്പോൾ പലർക്കും പല റിസൾട്ടുകൾ. ഇതിൻറെ കാരണം അന്വേഷിച്ചു ചെന്നപ്പോൾ 2009 ഡിസംബർ നാലിലെ ഗൂഗിളിൻറെ ബ്ലോഗിൽ ഒരു ലേഖനത്തിൽ ഒരു മൂലയ്‌‌ക്ക് ഗൂഗിൾ അവതരിപ്പിക്കുന്ന കുറേ പുതിയ ഫീച്ചറുകൾക്ക് ഇടയിൽ ആർഭാടമില്ലാതെ ഒരു വാക്ക് കിടപ്പുണ്ട്. പേഴ്‌‌സണലൈസ്ഡ് വെബ്. സേർച്ചുകൾക്ക് നമ്മുടെ വ്യക്തിപരമായ കോണ്ടക്സ‌‌റ്റുകളും ചേർത്ത് വൈയക്തികമായി അവതരിപ്പിക്കുന്ന രീതിയാണ് പേഴ്‌‌സണലൈസ് വെബ് ചെയ്യുന്നത്. ഒരോരുത്തർ അവരവർ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നത് മാത്രമേ അറിയുന്നുള്ളൂ എന്ന് ചുരുക്കം. തെറ്റിധരിക്കരുത്, ഇതൊരു മോശം കാര്യമല്ല. ഈ ഒരു ഫീച്ചർ ഇല്ലെങ്കിൽ നമ്മുടെ സേർച്ചിന് കോണ്ടകസ്‌‌റ്റ് നഷ്ടപ്പെടും. ഗൂഗിളിൻറെ ചെയർമാൻ എറിക് ഷ്മിഡ്റ്റിൻറെ ഇതിൻറെ ആവശ്യകത വിവരിക്കാനായി പറഞ്ഞ ഉദാഹരണം മതി ഇതിൻറെ പ്രസക്തി മനസ്സിലാക്കാൻ. എറിക്കിൻറെ വാക്കുകൾ “മനുഷ്യരാശി തുടങ്ങി 2003 വരെയുള്ള വിവരങ്ങൾ ക്രോഡീകരിക്കാൻ അഞ്ച് ലക്ഷം ജി.ബി മതിയാകും. ഇന്ന് ഏകദേശം അത്രയും വിവരങ്ങൾ രണ്ട് ദിവസം കൊണ്ട് മനുഷ്യർ ഉണ്ടാക്കുന്നുണ്ട്.” ഇത്രയധികം ഡാറ്റയിൽ നിന്നാണ് ഗൂഗിൾ നിങ്ങൾക്കുള്ള റിസൾട്ട് ചികഞ്ഞെടുത്ത് തരുന്നത്. അപ്പോൾ പേഴ്‌‌സണലൈസ്ഡ് വെബ് എന്നത് ഒരാവശ്യത്തേക്കാൾ ഒരു ടെക്നിക്കൽ പ്രോബ്ലത്തിൻറെ സൊല്യുഷനുമാണ്.എങ്ങനെയാണ് ഗൂഗിൾ ഇത് ചെയ്യുന്നത് ?. ഗൂഗിൾ ഏകദേശം 50 സിഗ്നലുകൾ കളക്ട് ചെയ്താണ് നിങ്ങളുടെ അഭിരുചി മനസ്സിലാക്കുന്നത്. നിങ്ങളുടെ, ഐ.പി, ഓപ്പറേറ്റിംഗ് സിസ്‌‌റ്റം ഒക്കെ പെട്ടെന്ന് ശേഖരിക്കാം. നേരിട്ട് പറ്റാത്തവ അവർ അഫിലിയേറ്റ് സൈറ്റുകളിൽ നിന്നും ശേഖരിക്കും. വെറുതെ ഡിക്ഷണറി.കോം ൽ ചെന്ന് സേർച്ച് ചെയ്തതാണ്. ഏകദേശം 250 ട്രാക്കിങ് കുക്കീസ് ആണ് ആ സൈറ്റിൽ നിന്ന് ഡൌണ് ലോഡ് ചെയ്ത് വന്നത്. പലതും ഗൂഗിളിനുള്ള സിഗ്നലുകളാണ്. ഡിക്ഷണറി.കോം കാശുണ്ടാക്കുന്നത് ഇങ്ങനെയാണ്. ഡിക്ഷണറി.കോം ഒരുദാഹരണം മാത്രം. ഗൂഗിൾ അനലറ്റിക്സ് ഇൻസ്റ്റാൾ ചെയ്ത സൈറ്റിലെത്തിയാലും (ലോകത്ത് 99% സൈറ്റുകളിലും ഗൂഗിൾ അനലറ്റിക്സ് ഉണ്ട്), ഗൂഗിളിന് സിഗ്നലുകൾ ശേഖരിക്കാം.ഇതിൻറെ പ്രൈവസി പ്രശ്നങ്ങളല്ല ഈ ലേഖനത്തിനാധാരം. ലോകം വിരൽ തുമ്പിലേയ്‌‌ക്ക് ചുരുങ്ങുമ്പോൾ ആ ലോകത്ത് നിങ്ങളു ഒരാൾ മാത്രമേ ഉള്ളു എന്ന ഗതി കേടാണ് എന്നെ ആകുലപ്പെടുത്തുന്നത്. കാരണം ഗൂഗിൾ എന്തൊക്കെ സിഗ്നലുകളാണ് കളക്ട് ചെയ്യുന്നത് എന്ന് അവർ പരസ്യപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിരുചികൾ ഗൂഗിൾ മനസ്സിലാക്കുന്നത് എങ്ങനെയെന്നും പിടിയില്ല. ഈ സുതാര്യത ഇല്ലായ്മയിലെ പ്രശ്നം നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ നിങ്ങളുടേത് മാത്രമാണ്. സമാന അഭിരുചിയുള്ളവർക്കും ഏറെക്കുറെ തുല്യമായ റിസൾട്ടുകൾ ലഭിക്കുന്നുണ്ടാവാം. പക്ഷെ ഗൂഗിളിൻറെ അൽഗോരിതത്തിൻറെ പ്രവർത്തനം അറിയാത്തിടത്തോളം നിങ്ങളുടെ റിസൾട്ടു പോലെ വേറൊരു റിസൾട്ട് ഒരാൾക്ക് ലഭിക്കുന്നില്ല എന്ന് മാത്രമേ അനുമാനിക്കാൻ സാധിക്കു. അങ്ങനെ നിങ്ങൾ ഒരു കുമിളയ്‌‌ക്കകത്താണ്. വിവരങ്ങൾ തീർത്ത ഒരു കുമിളയ്‌‌ക്കകത്ത്. പ്രശ്നം ആ കുമിളയിൽ നിങ്ങൾ മാത്രമേ ഉള്ളു.ഇതിൻറെ പ്രത്യാഘാതം മനുഷ്യൻറെ സാമൂഹ്യ ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അടിസ്ഥാനപരമായി മനുഷ്യൻ ബന്ധങ്ങൾ സൄഷ്ടിക്കുന്നത് രണ്ട് രീതിയിലാണ്. സാമൂഹിക ശാസ്‌‌ത്രജ്ഞൻമ്മാർ അവയെ വിളിക്കുന്നത്, Bonding, Bridging എന്നാണ്. ബോണ്ടിങ്ങിൽ പങ്കെടുക്കുന്നത് നിങ്ങളുടെ അടുത്ത ബന്ധുക്കളും, സുഹൄത്തുക്കളും വഴിയാണ്. ഇവരാണ് നിങ്ങളുടെ വീട്ടിലെ കല്യാണത്തിന് തേങ്ങ ചിരവാൻ വരുന്നവർ. വീട്ടിൽ പുതിയ ഫർണ്ണിച്ചർ വാങ്ങുമ്പോൾ ലോറിയിൽ നിന്നിറക്കാൻ സഹായിക്കുന്നവർ. ഇവരാണ് ചങ്ക് ബ്രൊസ്. പക്ഷെ ഒരു വ്യക്തിയുടെ സാമൂഹിക ജീവിത വിജയത്തിന് ബോണ്ടിങ് മാത്രം പോരാ, ബ്രിഡ്ജിങ്ങും വേണം. ബ്രിഡ്ജിങ് നിങ്ങളുടെ ചങ്ക് ബ്രോസ്സിനു വെളിയിലേയ്‌‌ക്കുള്ള കണക്ഷനെ സൂചിപ്പിക്കുന്നു. ബ്രിഡ്ജിങ് വഴിയാണ് നിങ്ങൾ പുതിയ ജോലി കണ്ടെത്തുക. പുതിയ ഇണയെയും പങ്കാളികളെയും കണ്ടെത്തുക. മൊത്തത്തിൽ നിങ്ങളുടെ ലോക പരിചയം വികസിക്കുന്നത് ബ്രിഡ്ജിങ്ങിലൂടെയാണ്. വിവരങ്ങൾ കുമിളകളിലേയ്‌‌ക്ക് ചുരുങ്ങുന്നതോടെ ബ്രിഡ്ജിങ്ങിനുള്ള സാദ്ധ്യത കുറയുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ ഞാനും എൻറെ ഭാര്യേം തട്ടാനും എന്ന ലെവലിലേയ്‌‌ക്ക് ചുരുങ്ങുന്നു.രാഷ്ട്രീയമായി സമുഹം ഇന്ന് എന്നത്തേക്കാളധികം ധ്രൂവീകരിക്കപ്പെട്ടു. മനുഷ്യർ ബ്രിഡ്ജിങ് ഉപേക്ഷിച്ചു ബോണ്ടിങ് എന്ന സാമൂഹിക പ്രക്രിയയിലേയ്‌‌ക്ക് ചുരുങ്ങി പോയതിൻറെ ലക്ഷണമാണ്. നിങ്ങളുടെ ഫേസ്ബുക് ഫീഡ് തന്നെ പരിശോധിക്കു. നിങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ ഒരു പോസ്‌‌റ്റ് പോലും ഫീഡിലെത്തില്ല. ഫേസ്ബുക്കും നിങ്ങളുടെ അഭിരുചിക്കനുസരിച്ചാണ് വിവരങ്ങൾ തരുന്നത്. ഇതിൽ നിന്നൊരു മോചനം എളുപ്പമല്ല. സ്ഥിരമായി വെബ് ഹിസ്റ്ററി ക്ലീൻ ചെയ്യുക. വി.പി.എൻ വഴി ബ്രൌസ് ചെയ്യുക തുടങ്ങി ചെറിയ രീതിയിൽ ഇതിനെ മറികെടക്കാം. പക്ഷെ അപ്പോഴും ഫേസ്ബുക്കിൻറെയും, ഗൂഗിളിൻറെയും അൽഗോരിതം നിങ്ങൾക്ക് അജ്ഞമാണ്. അതിനാൽ എത്രമാത്രം വിജയിക്കും എന്ന് പറയാനൊക്കില്ല.

#


ഈ കുമിളയ്‌‌ക്കകത്തു നിന്ന് പുറത്തു കടക്കാൻ ആദ്യം ഒരു സ്വയം വിമർശ്ശനം നടത്തുക. ആഴ്ചയിൽ സ്ഥിരം കാണുന്നവരൊ സംസാരിക്കുന്നവരൊ അല്ലാതെ ഒരു പുതിയ സൌഹൄദം തുടങ്ങാൻ മനസ്സ് സജ്ജമാക്കുക. പിന്നെ വെബ്ബിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കാതെ പുസ്തകങ്ങൾ വായിക്കുക. ജീവിതത്തിൽ വിജയിച്ചു എന്ന് നിങ്ങൾ കരുതുന്നവർ റെക്കമെൻഡ് ചെയ്യുന്ന പുസ്തകങ്ങൾ തേടി പിടിച്ചു വായിക്കുക. വായന നിങ്ങളുടെ ബയാസുകൾ മറികെടക്കാൻ ഒരു പരിധി വരെ സഹായിക്കും. ചുരുങ്ങിയ പക്ഷം രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവരുടെ ചിന്താ രീതിയെ അപഗ്രധിക്കാനെങ്കിലും ഉപകരിക്കും. ബ്രിഡ്ജിങ്ങ് നടത്താൻ ഉപകരിക്കുന്ന രീതിയിൽ നിങ്ങളുടെ ലോക പരിചയം വികസിക്കും. അല്ലെങ്കിൽ കുമിളയ്‌‌ക്കകത്ത് ഒറ്റയ്‌‌ക്കൊരു ജീവിതം ജീവിച്ച് തീർക്കണ്ടി വരും.

Loading Conversation