#

കെന്നി ജേക്കബ്
കൊത്തുനേരം : Jul 02, 2016

പങ്കു വെയ്ക്കൂ !

കേരളത്തിലെ എഞ്ചിനീറിങ് വിദ്യാഭ്യാസ നിലവാരത്തകർച്ചയുടെ ഉത്തരവാദികൾ ആര് ?

സംശയം എന്തു ? എഞ്ചിനീറിങ് നിലവാരത്തകർച്ചയുടെ ഉത്തരവാദികൾ സ്വകാര്യ എഞ്ചിനീറിങ് കോളേജുകൾ തന്നെ. അവരുടെ പണത്തോടുള്ള ആർത്തിയല്ലേ ഈ മോശം എഞ്ചിനീർമാരെ കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈ ഒരു മട്ടിലാണ് നമ്മുടെ മാധ്യമങ്ങളും സർക്കാരും കാര്യങ്ങളെ കാണുന്നത്. സത്യത്തിൽ ഈ കോളേജുകൾ ആണോ വില്ലന്മാർ ?

ഒരു എഞ്ചിനീറിങ് കോളെജിന്റ് ആരംഭവും നടത്തിപ്പും സംബന്ധിച്ചു എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സർക്കാറോ, AICTE യോ, യൂണിവേഴ്സിറ്റിയോ ആണ്. എത്ര ഏക്കർ സ്ഥലം വേണം, എത്ര വലിയ കെട്ടിടം വേണം, എന്തു വിഷയങ്ങൾ പഠിപ്പിക്കണം, എന്തൊക്കെ സൗകര്യങ്ങൾ ലാബിൽ വേണം, എന്തു യോഗ്യതയുള്ളവരെ അദ്യാപകരായി നിയമിക്കണം, ഇതൊന്നും തീരുമാനിക്കുന്നത് കോളേജ് അല്ല, മറിച്ചു സർക്കാർ സ്ഥാപനങ്ങൾ ആണ്. എന്നിട്ടും പഴി മുഴുവൻ കോളേജിന്.

ഒരു കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ സിലബസ് നോക്കിയാൽ അറിയാം എത്രത്തോളം ഗുരുതരം ആണ് യൂണിവേഴ്സിറ്റിയുടെ അനാസ്ഥയെന്ന്. എന്തിനാണ് ഒരു കംപ്യൂട്ടർ സയൻസ് എഞ്ചിനീറിങ് വിദ്യാർത്ഥി "polymer chemistry" പഠിക്കുന്നത് ? എന്തിനാണ് അവൻ 4 പേപ്പർ പൊതുവായ കണക്കു പഠിക്കുന്നത് ? എന്തിനാണ് അവൻ ഇപ്പോഴും ലോഹം ഉരുക്കാൻ പഠിക്കുന്നത് ? ഈ ചോദ്യങ്ങൾക്കു ഒന്നും വ്യക്തമായ ഉത്തരം ഇല്ല. പണ്ട് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, അത്ര തന്നെ.

ഒരു കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുടെ സിലബസിൽ 50% കാര്യങ്ങളും അവനു ഉപകാരം ഉള്ള വിഷയങ്ങൾ അല്ല. ഈ കച്ചറ വിഷയങ്ങൾ പഠിപ്പിക്കുകയും, അതു പരീക്ഷ എഴുതി പാസ് ആകാൻ കഷ്ടപ്പെട്ടു ഉള്ള സമയം മുഴുവൻ കളയുകയും ചെയ്ത വിദ്യാത്ഥിയോടെ അവനു നിലവാരം ഇല്ല എന്നു പറയുന്നതിൽ എന്തു യുക്തിയാണ് ഉള്ളത് ? എഞ്ചിനീറിംഗ് ഗ്രാഫിക്സ് മാത്രം പാസാക്കാൻ പറ്റാതെ വട്ടം തിരിയുന്ന എത്ര വിദ്യാർത്ഥികൾ ഉണ്ട് കേരളത്തിൽ.

എഞ്ചിനീയര്മാരില് ഒരു വലിയ ശതമാനത്തിനും ജോലി കിട്ടുന്നത് "Information Technology"യിൽ ആണ്. കംപ്യൂട്ടർ സയൻസ് പഠിക്കുന്നവർക് പ്രത്യേകിച്ചും. പക്ഷെ നാലു വർഷത്തിൽ രണ്ടു രണ്ടര വർഷവും വലിയ പ്രയോജനം ഇല്ലാത്ത വിഷയങ്ങൾ പഠിച്ചു കളഞ്ഞിട്ടു വിദ്യാർത്ഥികൾ തൊഴിലിനു യോഗ്യരല്ല എന്നു പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ് ?

ഒരു കോളേജിന്റെ വിജയം തീരുമാനിക്കുന്നതിൽ 90% പങ്കു വഹിക്കുന്നത് അവിടത്തെ വിദ്യാർത്ഥികൾ ആണ്. CET നല്ല കോളേജായി അറിയപ്പെടുന്നത് അവിടത്തെ വിദ്യാർത്ഥികൾ കാരണം ആണ്, അല്ലാതെ അധ്യാപകർ കാരണം അല്ല. CET യിൽ നിന്നു വിരമിച്ച അധ്യാപകർ പഠിപ്പിക്കുന്ന സ്വകാര്യ കോളേജുകളിൽ എന്തു കൊണ്ടു CET യിൽ ഉള്ള വിജയ ശതമാനം കിട്ടുന്നില്ല ?

പാവം കോളേജുകളുടെ പുറത്തു ഗുസ്തിക്ക് നിൽക്കാതെ യൂണിവേഴ്സിറ്റിയെ നന്നാക്കാൻ നോക്കുക. സിലബസ് പരിഷ്‌ക്കരിക്കുക. കച്ചറ വിഷയങ്ങൾ ഒഴിവാക്കുക. ഒരു വിഷയവും എന്തിനു സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം നൽകുക. എന്നിട്ടും ഇതു നന്നാവുന്നില്ലങ്കിൽ നമുക്ക് അന്നേരം നോക്കാം.

Loading Conversation