#

ജീവൻ
കൊത്തുനേരം : Jul 22, 2016

പങ്കു വെയ്ക്കൂ !

കബാലി : ഇതു അന്ത മാതിരി കബാലി അല്ലിടാ ...


ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, ഒരു സിനിമക്ക് വേണ്ടി ചെയ്യുന്ന സിനിമ പ്രോമോ / ഹൈപ്പ് -ഇൽ സർവകാല റെക്കോർഡ് തകർത്ത സിനിമയാണ് കബാലി. വിമാനത്തിൽ വരെ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചു കൊണ്ടു ചരിത്രമായി മാറിയ ഈ സിനിമ എങ്ങിനെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് എന്നത് ചിന്താവിഷയം ആണ്.

രജനികാന്ത് ഒരു ഇന്ത്യൻ പ്രതിഭാസം ആണ്. ഒരു ജനതയെ തന്റെ വേഷത്തിലൂടെയും അവതാരത്തിലൂടെയും ഇത്രയധികം സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു മനുഷ്യൻ നമ്മുടെ വർത്തമാന കാലത്തിൽ ഇല്ലതന്നെ. ഇന്ത്യൻ സിനിമാ താരങ്ങളിൽ സൂര്യൻ തന്നെയാണ് രജനികാന്ത്. ആ രജനിയുടെ പുതിയ സിനിമ കബാലിയുടെ ആദ്യ ടീസർ തന്നെ കാഴ്ചക്കാരുടെ എണ്ണം എന്നതിൽ റെക്കോർഡ് പൊളിച്ചു. ആരാധകരുടെ പ്രതീക്ഷക്കൊപ്പം സിനിമ വളർന്നോ അതോ ആരധകരുടെ തൃപ്തിക്കു അപ്പുറം, ഒരു ഷോ മാന് എന്നതിൽ ഉപരി, ഒരു നടൻ എന്ന നിലയിൽ രജനിക്ക് തിരിച്ചു വരാൻ കഴിഞ്ഞോ ?

19 നൂറ്റാണ്ടിന്റെ തുടക്കത്തിൽ തോട്ടങ്ങളിൽ പണിചെയ്യിപ്പിക്കാൻ വേണ്ടി മലേഷ്യയിലേക്കും സിലോണിലേക്കും (ശ്രീലങ്കയിലേക്കും ) ഒക്കെ ധാരാളം തമിഴരെ ( കൂടുതൽ ആയും ദളിതരും പിന്നോക്കാരും ) , ബ്രിറ്റീഷ്ക്കാർ കൊണ്ടുപോയി. അങ്ങിനെ മലേഷ്യയിൽ എത്തിപ്പെട്ട തമിഴ് ജനതയുടെ രണ്ടാം തലമുറയിൽ പെട്ട വ്യക്തിയാണ്, നായകൻ ആയ കബാലേശ്വരൻ അഥവാ കബാലി. സെമ്മലൈ എന്നറിയപ്പെട്ടിരുന്ന മലേഷ്യൻ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന അന്നത്തെ തമിഴർ വളരെയധികം വിവേചനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നു. 1957 ഇൽ മലേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഭരണത്തിലും മറ്റും തമിഴരുടെ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഉണ്ടായി..

വിദ്യാഭ്യാസം ലഭിച്ച തലമുറയിൽ ഉള്ള കബാലി തോട്ടങ്ങളിലെ വിവേചന പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പൊതു രംഗത്തേക്ക് കടന്നുവരികയും, ഒരു നേതാവായി ഉയരുകയും ചെയ്യുന്നു. ആ കബാലിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജനതയുടെയും കഥയാണ് ഈ സിനിമ. എന്നാൽ ഇതു തമിഴ്നാട്ടിലെ ഒരു ദളിത് നേതാവിന്റെ ജീവിതകഥയെ അതിജീവിച്ചു എഴുതിയാണെന്നും കരുതുന്നു.

ഒരു ടിപ്പിക്കൽ രജനി ചിത്രത്തിന് വേണ്ട കാര്യം ഉള്ള സിനിമയാണ് കബാലി. അതേ പോലെ രജനി ചിത്രത്തിൽ ഇതിനു മുന്പില്ലാത്ത ചില കാര്യങ്ങളും ഈ സിനിമയിൽ ഉണ്ട്. രജനി ചിത്രങ്ങൾ പൊതുവെ രാഷ്ട്രീയം പറയാറില്ല. എന്നാൽ ഈ സിനിമ വ്യക്തമായ രാഷ്ട്രീയം പറയുന്നു.. അങ്ങിനെ രജനി ഫാക്ടർ / പ രഞ്ജിത്ത് ഫാക്ടർ തമ്മിലുള്ള ഒരു മിക്സ് ആണ് കബാലി എന്ന സിനിമ.

യി . ബി സത്യനാരായണ എഴുതിയ "my father ballaiah " എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന കബാലിയെ കാണിക്കുന്നതിൽ തുടങ്ങുന്നു സിനിമയുടെ രാഷ്ട്രീയം. 'മദ്രാസ്' സിനിമയിൽ " തീണ്ടാത്ത വസന്തം " എന്ന പുസ്തകം വായിക്കുന്ന നായകനെ ഓർക്കുക. എന്നാലോ, രോമാഞ്ചം ഉണർത്തുന്ന കൊലമാസ്സ് ഇൻട്രോ ആണ് അടുത്ത്.. full suitil കൂളിംഗ് ഗ്ലാസ്സ് ഒക്കെ വെച്ചു "നേര്പ്പെടാ " പാട്ടിന്റെ കൂടെ നടന്നു വരുന്ന കബാലി ആരാധകരെ തീർച്ചയായും കയ്യടിപ്പിക്കും. അവിടെ തുടങ്ങുന്നു സിനിമയിലെ രജനി മാസ്സ്. അടുത്തതായി വരുന്നു 'അന്ത കബാലിയെന്നു നിനിച്ചിയാ ' എന്ന കൊലമാസ്സ് വൈറൽ ഡയലോഗ്. കബാലി എന്ന പേര് പലപോഴും അവഹേളനം ഏൽക്കുന്ന, കളിയാക്കലുകൾ ഏൽക്കാൻ വിധിക്കപെട്ടവർക്കു മാത്രം കൊടുക്കുന്നതാണ് തമിഴ് സിനിമയിലെ ഒരു രീതി. ചെന്നൈയിലെ കോളനികളിൽ താമസിക്കുന്ന ജനങ്ങളുടെ കഥാപാത്രങ്ങൾക്ക് ആണ് സാധാരണ ഈ പേര് സിനിമകളിൽ കൊടുക്കുന്നത്, എന്നാൽ രജനിയുടെ ഒരൊറ്റ മാസ് ഡയലോഗ് കൊണ്ടു , പ രഞ്ജിത്ത് ഈ വിവേചനനത്തെ പൊളിച്ചടുക്കിയിരിക്കുന്നു.. കമ്മാട്ടിപ്പാടം എന്ന സിനിമയിൽ ഇരകൾ ആയ ദളിതരെ മാത്രമേ കാണുന്നുള്ളൂ എന്നൊരു വിശകലനം വന്നത് ഓർക്കാം. അങ്ങിനെ രാഷ്ട്രീയവും മാസ്സ് entertainment ഉം ഒരു കൈ - മറു കൈ പിടിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്..

തന്റെ വേഷവിധാനത്തെ പറ്റി നായകൻ വിശദീകരിക്കുന്ന ഒരു രംഗം ഉണ്ട്.. ഗാന്ധി ഷർട്ട് ഊരിയതും അംബേദ്കർ ഷർട്ട് ഇട്ടതും തമ്മിൽ വലിയൊരു രാഷ്ട്രീയ വ്യത്യാസം ഉണ്ട് എന്ന ഒറ്റ ഡയലോഗിൽ സിനിമ അതിന്റെ രാഷ്ട്രീയം വ്യക്തമാക്കി. പലപ്പോഴായി വില്ലന്മാർ കബാലിയുടെ വേഷത്തെയും കബാലിയുടെ / കബാലിയുടെ പൂർവികരുടെയും സാമൂഹിക പശ്ചാത്തലത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്യുന്നുണ്ട്, ഒരു പക്ഷെ മറ്റൊരു രജനി സിനിമയിലും ഇതു കണ്ടെന്നു വരില്ല.. ഇത്തരം അധിക്ഷേപങ്ങൾക്കെല്ലാം, വാക്ക് കൊണ്ടും തോക്കു കൊണ്ടും മറുപടി കൊടുത്തു കബാലിസ്‌ക്രീനിൽ ആവേശം നിറക്കുന്നു..

8 ബുദ്ധിസ്റ് ഗുണങ്ങളും അടങ്ങിയ വീരതുരന്ധര എന്ന ഗാനം നായകന്റെ വർണന നിറഞ്ഞ പാട്ടാണ്. രജനി സിനിമയുടെ ഒരു വശം ആണ്, ഇത്തരം നായകവർണ്ണ നിറഞ്ഞ പാട്ടുകൾ . സിനിമ മുന്നേറും തോറും ഒരു ഹോളിവുഡ് ആക്ഷൻ / ഗ്യാങ്സ്റ്റർ ത്രില്ലെർ രീതിയിൽ തന്നെയുള്ള ഭാഗങ്ങൾ നിറഞ്ഞു വരുന്നു..

രണ്ടാം പകുതിയിലേക്കു പോകുമ്പോൾ ഒരു സാധാരണ മനുഷ്യനായി, കാമുക ഹൃദയം നിറഞ്ഞ, വിരഹദുഃഖവും പേറുന്ന ഒരു ഭർത്താവായി, ഒരു അച്ഛനായി, സുഹൃത്തായി രജനി മാറുന്നു. ഒരു പക്ഷെ ദളപതിക്കു ശേഷം ഇതു പോലെ അഭിനയസാധ്യത ഉള്ള ഒരു സിനിമ കബാലി ആയിരിക്കും. ഇമോഷണൽ ആയ സീനുകൾ അത്യധികം മെയ്‌വഴക്കത്തോടെ രജനികാന്ത് അഭിനയിച്ചിരിക്കുന്നു.

തന്റെ എല്ലാ സിനിമയിലും ഒരു പഞ്ച് ഡയലോഗ് ആരാധകർക്ക് കൊടുക്കുന്ന രജനി ഇത്തവണയും തെറ്റിച്ചില്ല.. 'മഗിഴ്ചി ' എന്ന ഒരു വാക്കു. അതാണ് കബാലിയുടെ പഞ്ച്.ഇത്രയും ആണെങ്കിലും പാ രഞ്ജിത്തിൽ നിന്നും പ്രതീക്ഷിച്ച ഒരു വിപ്ലവകരമായ സമീപനം സിനിമയിൽ വന്നിട്ടില്ല. മറ്റു ചില പാരമ്പര്യ വാർപ്പ് മാതൃകകൾ അതേ പോലെ പിന്തുടരുകയും ചെയ്യുന്നുണ്ട്.. ഉയർന്ന ജാതിക്കാരിയായ നായിക, അതിൽ താഴ്ന്ന നായകൻ, വെളുത്ത നായിക, കറുത്ത നായകൻ, നായികയുടെ ഹൈന്ദവരൂപകങ്ങൾ.... അങ്ങിനെ പലതും.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തു പറയുന്ന ഒരു മെസ്സേജ് ആണ് സിനിമ മുന്നോട്ടു വെക്കുന്നത്..

ബാബാസാഹേബ് അംബേദ്കർ, മാൽക്കം എക്സ് തുടങ്ങിയവരുടെ ബിംബങ്ങൾ പലതവണ സ്‌ക്രീനിൽ വന്നു പോകുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ പാ രഞ്ജിത്ത് മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.. craft വർക്കിൽ പുതുമകൾ കൊണ്ടുവരാനും സീനുകളുടെ തുടർച്ചയും, രജനി ചിത്രങ്ങൾക്ക് വേണ്ട മാസ്സ് എഫ്ഫക്റ്റ് , ബോറിങ് ഇല്ലാതെ തന്നെ നിലനിർത്താനും സംവിധായകന് കഴിഞ്ഞിരിക്കുന്നു. സംഗീതം ഒന്നാം ക്ലാസ്സ് തന്നെ. "നേരുപ്പുടാ" എന്ന ഒറ്റ സോങ് തന്നെ ഉദാഹരണം.. വരികളിൽ എല്ലാം തന്നെ വിമോചന രാഷ്ട്രീയത്തിന്റെ സ്വത്വം വിളിച്ചു പറയുന്നവയാണ്. .രജനിഎന്ന ഒറ്റ താരത്തിൽ തിരിയാതെ മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം കിട്ടുന്ന ഒരു തിരക്കഥയാണ് പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. ആരാധകരുടെ ആവശ്യവും ഒരു വിമോചന രാഷ്ട്രീയവും ഇഴചേർത്തു കൊണ്ടുള്ള ഒരു മാസ്സ് പൊളിറ്റിക്കൽ ഫാമിലി ഗ്യാങ്സ്റ്റർ സിനിമയാണ് കബാലി . ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ വിമോചനരാഷ്ട്രീയം പറയുന്ന സിനിമകൾക്കു നേരിടേണ്ടി വരുന്ന വിവേചനം കബാലിക്ക് നേരെയും ഉണ്ടാകാം. പക്ഷെ രജനിയുടെ മാസ് effect അതിനെ ഏറെക്കുറെ തടഞ്ഞു നിർത്തിയിരിക്കുന്നു.

കബാലി രണ്ടാം ഭാഗം വരുന്നുണ്ട്.. !!

Loading Conversation