#

ശ്യാംലാൽ
കൊത്തുനേരം : Apr 21, 2017

പങ്കു വെയ്ക്കൂ !

മാര്ഗോട് ലീ ഷട്ടർലി എന്ന അമേരിക്കൻ എഴുത്തുകാരിയുടെ Hidden Figures എന്ന പുസ്തകത്തെ ആസ്പദമാക്കി തിയോഡോർ മേൽഫി സംവിധാനം ചെയ്ത സിനിമയാണ് Hidden Figures

ഒരു ബിയോഗ്രഫിക്കൽ ഡ്രാമ എന്ന് പറയാവുന്ന ഈ ചിത്രം, അമേരിക്കയുടെ സാങ്കേതികചരിത്രത്തിൽ വളരഅധികം പ്രാധാന്യമുള്ള സംഭാവനകൾ നൽകിയ ശാസ്ത്രനൈപുണികൾ ആയ മൂന്നു വനിതകളുടെ കഥയാണ് പറയുന്നത്. കറുത്തവംശജർ ആയതിന്റെ പേരിൽ ചരിത്രത്തിൽ നിന്നും പരിഗണിക്കപ്പെടാതെ മാറിനിൽകേണ്ടി വന്ന, മറച്ചുവെക്കപെട്ട / അവഗണിക്കപ്പെട്ട കഴിവുകളെ വീണ്ടും വെളിച്ചത്തിലേയ്ക്കു എത്തിക്കുന്നു ഈ സിനിമ.

സാങ്കേതികവിദ്യയുടെ വികസനത്തിന്റെ കാര്യത്തിൽ അടയാളപ്പെടുത്തപ്പെട്ട ഒരു കാലയളവാണ് സോവിയറ്റ് യൂണിയനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള ശീതയുദ്ധ സമയം. സ്പേസ് സയൻസ് മേഖലയിൽ മുൻകൈ ലഭിക്കാൻ വേണ്ടി ഈ രണ്ടു രാജ്യങ്ങളും തമ്മിൽ നടത്തിയ മത്സരത്തിൽ പലവിധത്തിലുള്ള നൂതന സാങ്കേതികവിദ്യകളും രൂപപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്തു.

1960 ലെ NASA യിൽ നടക്കുന്ന അമേരിക്കയുടെ സ്പേസ് മിഷനുകളിൽ, ഏറ്റവും മർമ്മപ്രധാനം ആയ നൈപുണ്യസംഭാവനകൾ നൽകിയവർ ആണ്കാതറിൻ ജോഹാൻസൺ, ഡൊറോത്തി വോഗൻ, മേരി ജാക്സൺ എന്നിവർ .

കമ്പ്യൂട്ടർ വളരെയധികം വികസനം പ്രാപിച്ചിട്ടല്ലായിരുന്ന ആ കാലത്തു സ്പേസ് മിഷന് ആവശ്യമായ സാങ്കേതികകണക്കുക്കൂട്ടലുകൾ നടത്തിയിരുന്നത് , ഗണിതശാസ്ത്രനൈപുണ്യമുള്ള മനുഷ്യർ തന്നെ ആയിരുന്നു. എന്നാൽ അമേരിക്കയിലെ അന്നത്തെ വർണവിവേചനം കാരണം കറുത്തവർഗ്ഗത്തിൽ പെട്ട ഈ ഗണിതവിശാരദരെ 'colored കമ്പ്യൂട്ടർ ' എന്നാണു വിളിച്ചിരുന്നത്. ഓഫീസിൽ കറുത്തവർക്കു വേണ്ടി പ്രത്യേകം സെക്ഷനുകളും, പ്രത്യേകം ടോയ്‌ലെറ്റുകളും ഉണ്ടായിരുന്നു.

വർണവിവേചനം നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹത്തിൽ സ്വന്തം കഴിവുകളും പോരാട്ടവും കൊണ്ട് മാത്രം അതിജീവനവും അംഗീകാരവും നേടിയെടുക്കുന്ന വീറുറ്റ മൂന്നു സ്ത്രീകളുടെ കാഴ്ച ചരിത്ര -സാമൂഹിക പഠിതാക്കൾക്ക് വിഷയീഭവം തന്നെയാണ്. സോവിയറ്റ് റഷ്യയുടെ യൂറി ഗഗാറിൻ ആദ്യമായി ശൂന്യാകാശത്തു എത്തുന്നതോടെ നാസയുടെ മുകളിൽ അതിഭയങ്കരമായ സമ്മർദ്ദം പെരുകുന്നു.. എത്രയും പെട്ടെന്ന് അമേരിക്കൻ മനുഷ്യനെ ശൂന്യാകാശത്തിൽ എത്തിച്ചു കഴിവ് കാണിക്കുക എന്ന പ്രശ്നത്തിൽ നാസ യിലെ ശാസ്ത്രജ്ഞർ പാടുപെടുമ്പോൾ, അവിടെ ഒരു വഴിത്തിരിവുണ്ടാക്കുന്ന പ്രശ്നപരിഹാരം നൽകുന്നത് കാതറിൻ ജോഹാൻസൺ ആണ്.

ആ പ്രത്യേക ഡിവിഷനിൽ ജോലി ചെയ്യുന്ന ഒരേ ഒരു വനിതയായ, ഒരേ ഒരു കറുത്ത വർഗക്കാരിയായ കാതറിന് വർണവിവേചനം അതിഭയങ്കരമായ നേരിട്ടു കൊണ്ടാണ് തന്റെ ജോലി ചെയ്യേണ്ടി വരുന്നത്. ഒരു നിമിഷം പാഴാക്കാനില്ലാതെ നാസയിലെ ശാസ്ത്രജ്ഞർ ജോലി ചെയ്യുമ്പോൾ, ആ കെട്ടിടത്തിൽ കറുത്തവർഗക്കാർക്ക് വേണ്ടിയുള്ള ടോയ്ലറ്റ് ഇല്ല എന്ന കാരണത്താൽ കാതറിന് കിലോമീറ്ററുകൾ അപ്പുറം ഉള്ള ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നുണ്ട്. സ്പേസ് ഡിവിഷൻ മേധാവി, കാതറിന് ജോലി സ്ഥലത്തു കാണുന്നില്ലല്ലോ എന്ന് പരാതിപറയുമ്പോൾ, ടോയ്‌ലെറ്റിൽ പോകാൻ വേണ്ടി മാത്രം, താൻ എന്ത് മാത്രം കഷ്ടപ്പെടുന്നു എന്ന് പൊട്ടിത്തെറിക്കുന്ന കാതറിൻ ലൂടെ, NASA യിലെ വർണ വിവേചനത്തിന്റെ ടോയ്ലറ്റ് ബോർഡ്, സ്പേസ് ഡിവിഷൻ മേധാവി തന്നെ എടുത്തു മാറ്റുന്നു.

ജാതീയത, ഒരു രാജ്യത്തിന്റെ വികസനത്തിന് എങ്ങിനെ തടസ്സം നില്കുന്നു എന്ന് വിശദീകരിച്ച അംബേദ്കറിനെ ഇവിടെ ഓർമ്മിക്കാവുന്നതാണ്. സമയം പാഴാക്കാനില്ലാതെ ജോലിചെയ്യുന്നവരുടെ ഇടയിൽ, വർണ വിവേചനത്തിന്റെ പേരിൽ മാത്രം സമയം പാഴാക്കേണ്ടി വരുമ്പോൾ വികസനം എങ്ങിനെ വൈകുന്നു എന്നാതിരിച്ചറിവിൽ നിന്നാണ് നാസയിലെ വർണവിവേചനം അവസാനിക്കുന്നത് .

ഒരു സൂപ്പർവൈസർ ചെയ്യേണ്ട ജോലി മുഴുവൻ ചെയ്യുന്ന, എന്നാൽ സൂപ്പർവൈസർ എന്ന ജോലിതസ്തികയിലേക്കു അവഗണിക്കപ്പെടുന്ന 'colored കമ്പ്യൂട്ടർ ' ആണ് ഡൊറോത്തി വോഗൻ. സ്പേസ് സയൻസ് മിഷന് വേണ്ടി IBM സ്ഥാപിക്കുന്ന ഒരു കമ്പ്യൂട്ടർ ഇൻസ്റ്റാളേഷൻ , തങ്ങളുടെ ജോലി ഇല്ലാതാക്കും എന്ന തിരിച്ചറിവിൽ സ്വയം കമ്പ്യൂട്ടർ പഠനം നടത്തി IBM കമ്പ്യൂട്ടറിന്റെ തന്നെ കേടുപാടുകൾ തീർക്കുന്ന ഡൊറോത്തി, അങ്ങിനെ നാസയുടെ കമ്പ്യൂട്ടർ ഡിവിഷൻ സൂപ്പർവൈസർ ആകുന്നു.

കംപ്യൂട്ടറിനെ സംബന്ധിക്കുന്ന ഒരു പുസ്തകത്തിന് വേണ്ടി ലൈബ്രറിയിൽ പോകുന്ന ഡൊറോത്തിയെ, തന്റെ കറുത്ത നിറത്തിന്റെ പേരിൽ പുറത്താക്കുന്ന ഒരു രംഗത്ത്, താനും കരം അടക്കുന്നവളാണ്, പൊതു ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാൻ എനിക്കും അവകാശമുണ്ട് എന്ന് തന്റെ കുട്ടിയോട് പറഞ്ഞുകൊടുക്കുന്ന ഡൊറോത്തിയിൽ, ഒരു പക്ഷെ പൊതുവഴിയിൽ കൂടി നടക്കാൻ ഏതു മനുഷ്യനും അവകാശം ഉണ്ട്, അതിനാരുടെയും അനുവാദം വേണ്ട, എന്ന അയ്യങ്കാളി ചിന്ത വായിച്ചെടുക്കാം.

ഒരു എഞ്ചിനീയർ ആകാനുള്ള എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും ഓരോ തവണ അപേക്ഷിക്കുമ്പോഴും തസ്തികയുടെ മാനദണ്ഡം ഉയർത്തി അധികൃതർ മേരി ജാക്സൺ നെ അവഗണിക്കുന്നു. കോടതിവിധിയുടെ ബലത്തിൽ എഞ്ചിനീയറിംഗ് പഠനത്തിന് വേണ്ട ഉത്തരവും സമ്പാദിച്ചു ആദ്യമായി നാസയിലെ കറുത്ത വംശജയായ എഞ്ചിനീയർ ആകുകയാണ് മേരി,

ഇങ്ങിനെ പലവിധമായ അവഗണനകളെയും വേർതിരിവിനെയും അതിജീവിച്ചു, പലയിടത്തും ആദ്യത്തെ വനിതാ / ആദ്യത്തെ കറുത്തവംശജ എന്നടയാളപ്പെടുത്തുന്ന, ചരിത്രനിര്മിതികളാണ് ഈ സിനിമയുടെ കാതൽ .

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, മറച്ചുവെക്കപ്പെട്ട രൂപങ്ങളിൽ നിന്നും വെളിച്ചത്തിലേയ്ക്കു വന്നുകയറുന്ന രൂപങ്ങൾ ആയി കഥാപാത്രങ്ങൾ മാറുന്നുണ്ട്. സാമൂഹ്യ പുരോഗതിക്കും സാങ്കേതിക വികസനത്തിനും വർണ / വർഗ വിവേചനങ്ങൾ എങ്ങിനെ തടസ്സം നിൽക്കുന്ന എന്ന് പാഠം കൂടി ചിത്രം നൽകുന്നു. ഒരുപ പക്ഷെ ഇന്ത്യൻ സാമൂഹിക യാഥാർഥ്യത്തിലേക്ക് വരച്ചുവെക്കാവുന്ന ഒരു കണ്ണാടി കൂടി ആണ് ഈ ചിത്രം.

Loading Conversation