#

സുബിത തങ്കൻ

കൊത്തുനേരം : Apr 23, 2016

പങ്കു വെയ്ക്കൂ !

EEP

“Education is the most powerful weapon which you can use to change the world” -Nelson Mandela-

രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാല്‍ ധാരാളം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ള മേഖലയാണ് സാര്‍വ്വത്രിക വിദ്യാഭ്യാസമെന്നുള്ളത്. ഒരു വ്യക്തിയുടെയും തദ്വാരാ ഒരു സമൂഹത്തിന്റെയും ഭാവിഭാഗധേയങ്ങള്‍ മൂല്യവത്തായി പരുവപ്പെടുത്തുക എന്ന പരമമായ ലക്ഷ്യം നിറവേറ്റേണ്ട ബാദ്ധ്യതയുണ്ടെന്നതിനാല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എല്ലാം തന്നെ അത്തരം വിമര്‍ശനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഭരണഘടന ഉറപ്പുവരുത്തുന്ന സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുവാന്‍ എത്രത്തോളം നമുക്ക് കഴിയുന്നുണ്ടെന്നത് ഒരു സമസ്യ തന്നെയാണ്. കാരണം, ദലിത്-ആദിവാസി, തീരദേശ, പിന്നാക്ക മേഖലകളിലുള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് ആഗോള മത്സരക്ഷമതക്കനുസരിച്ചുള്ള വിദ്യാഭ്യാസം ഇന്നും അപ്രാപ്യമാണ് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആഗോളവത്കരണം തുറന്നിട്ട വിവരസാങ്കേതികവിദ്യയുടെ അസാമാന്യവേഗവും അനന്തസാദ്ധ്യതകളും ഒരു പ്രത്യേക ജനവിഭാഗം മാത്രം പരമാവധി പ്രയോജനപ്പെടുത്തുകയും അവരുടെ വരുംതലമുറകള്‍ക്ക് കരുതിവക്കുകയും ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങള്‍ ഇതില്‍ നിന്നെല്ലാം ഡിസ്‌കണക്ടഡ് ആണെന്ന് നിസ്സംശയം പറയാം. അവിടെയാണ് Enhanced educational programme എന്ന വിദ്യാഭ്യാസ പദ്ധതിയുടെ കാലിക പ്രസക്തി. Enhanced connecting the disconnected എന്നതാണ് ഇതിന്റെ ആപ്തവാക്യം.

sajith   kumar

ഇതൊരു വിദ്യാഭ്യാസ പരീക്ഷണമല്ല, മറിച്ച് ജീവിതം തന്നെ ഇരുളടഞ്ഞു പോകുമായിരുന്ന പാലക്കാട് ജില്ലയിലെ മുപ്പതിലധികം കുട്ടികള്‍ക്ക് വെളിച്ചംപകര്‍ന്ന ഒരു ചിന്താധാരയുടെ പരിണിതഫലമാണ്. നിശ്ശബ്ദവും നിസ്വാര്‍ ത്ഥവുമായ കര്‍മ്മനിരതയുടെ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കോഴിക്കോട്ടുകാരനും പ്രവാസിയുമായ സി.ഡി.സജിത്കുമാര്‍ എന്ന എന്‍ജിനീയറോടൊപ്പം നൂറുകണക്കിന് യുവതീയുവാക്കളാണ് സേവനതല്‍പരരായി ഇന്ന് കേരളത്തിലുടനീളം ഇഇപി എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഈ വിദ്യാഭ്യാസപദ്ധതിയെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിലൂടെ വിവരിക്കുകയാണ്. തന്റെ ജീവിതത്തിലെ ആദ്യ മാതൃകയായ അമ്മയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ സംഭാഷണത്തിന് അദ്ദേഹം തുടക്കമിടുന്നത്.

''തിരിഞ്ഞുനോക്കുമ്പോള്‍ സ്വന്തം ജീവിതം തന്നെയാണ്, ഇ.കെ.കമല എന്ന എന്റെ അമ്മയെയാണ് ഒരുദാഹരണമായി എനിക്ക് കാണിക്കാനുള്ളത്. കൊയിലാണ്ടിയിലെ വളരെ അരക്ഷിതമായ ഒരു സാഹചര്യത്തില്‍നിന്ന് സ്വന്തം താല്‍പര്യത്തില്‍ സ്‌കൂളില്‍ പോകാന്‍ സന്നദ്ധയായ ആളാണ് അമ്മ. സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ക്കാന്‍പോലും ആരുമുണ്ടായിരുന്നില്ല. പാര്‍ട്ടി നിരോധിച്ച സമയത്ത് പാര്‍ട്ടിയെ സംഘടിപ്പിക്കാന്‍ നാടുമുഴുവന്‍ നടന്നിട്ടുള്ള ഒരു പ്രവര്‍ത്തകനായിരുന്നു അമ്മയുടെ അച്ഛന്‍ ആര്യന്‍ മാസ്റ്റര്‍. കോഴിക്കോടുള്ള ബാലമന്ദിരത്തിലൊക്കെ നിന്നിട്ടാണ് അമ്മ ബിഎസ്‌സി കെമിസ്ട്രി വരെ പഠിച്ച് ജോലി വാങ്ങിച്ചത്. അമ്മ കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി വാങ്ങിയതുകൊണ്ടാണ് ടൗണില്‍ വന്ന് താമസിക്കാനും അടുത്ത തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും അമ്മയ്ക്ക് കഴിഞ്ഞത്. അമ്മയെപ്പോലെ പഠിക്കാന്‍ കഴിയാതിരുന്ന അമ്മയുടെ സഹോദരിമാരുടെ ജീവിതത്തിലൊന്നും ഇങ്ങനെയൊരു മാറ്റം ഉണ്ടായിട്ടില്ല. അതുതന്നെയാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം.

ഇങ്ങനെയൊരു നീണ്ട പ്രോസസിലൂടെ ഒരു തലമുറയെ നമുക്ക് മാറ്റിയെടുക്കാന്‍ കഴിയും. മൂന്ന് സെന്റ് സ്ഥലത്ത് താമസിക്കുന്ന കോളനികളിലെ ആളുകള്‍ക്ക് വേറെന്താണ് പ്രതീക്ഷിക്കാനുള്ളത്, വിദ്യാഭ്യാസമല്ലാതെ. തൊഴിലില്ല, കൃഷിയിടമില്ല, പറയത്തക്ക വരുമാനം പോലുമില്ലാത്തവരുടെ അടുത്ത തലമുറയെങ്കിലും പഠിച്ചേ മതിയാകൂ. സ്ഥിരവരുമാനമുള്ള ഒരു സ്വീപ്പര്‍ജോലി പോലും ആര്‍ക്കുമില്ലാത്ത, ഒരു പാര്‍ട്ടിക്കാരും സഹായിക്കാനില്ലാത്ത, സ്വന്തമായി കൃഷിയിടം പോലുമില്ലാത്ത, വര്‍ഷങ്ങളായി മറ്റുള്ളവര്‍ക്കുവേണ്ടി വേലചെയ്ത് ജീവിക്കുന്ന അവര്‍ക്ക് രക്ഷപ്പെടാന്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന ഒറ്റമാര്‍ഗ്ഗമേയുള്ളു. ഒരു കച്ചവടം ചെയ്യണമെങ്കില്‍ നമുക്ക് മൂലധനം വേണം. കൃഷി നടത്തണമെങ്കില്‍ സ്ഥലം വേണം. അങ്ങനെ ഒരു മൂലധനവുമില്ലാതെ മൂന്ന് സെന്റില്‍ ഇടുങ്ങി ജീവിക്കുന്ന ഒരു ജനതയ്ക്കുള്ള ഒരേയൊരു പ്രതീക്ഷ ഇനി വിദ്യാഭ്യാസമാണ്.''


? എന്താണ് എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാം എന്ന കണ്‍സെപ്റ്റ്? കേരളത്തില്‍ ഉടനീളമുള്ള കുട്ടികള്‍ക്ക് ഏത് രീതിയില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും?


ഏത് ജീവിതസാഹചര്യത്തിലുള്ള കുട്ടിക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന, തുല്യമായ അവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയാണ് എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാം. പ്രത്യേക ജീവിതസാഹചര്യങ്ങള്‍ മൂലം ഡിസ്‌കണക്ടഡ് ആയ കുട്ടികള്‍ക്ക് ക്വാളിറ്റിയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് അവരെ ലോകനിലവാരത്തില്‍ എത്തിക്കുകയാണ് ഇഇപിയുടെ ആത്യന്തികമായ ലക്ഷ്യം. നല്ലവിദ്യാഭ്യാസ സാഹചര്യം ഒരുക്കിക്കൊടുത്ത് ഭൂരിപക്ഷം വരുന്ന ശരാശരി വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിലേക്ക് നയിക്കുകയും അതിലൂടെ അവരുടെ വിഭവശേഷി രാജ്യത്തിനുപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു സമ്പ്രദായം കൂടിയാണിത്. ഗ്രാമങ്ങളില്‍ നിന്നായാലും ആദിവാസി ഊരുകളില്‍ നിന്നായാലും കോളനികളില്‍ നിന്നായാലും രാജ്യത്തിന് നഷ്ടമായിപ്പോയേക്കാവുന്ന ഭൂരിഭാഗം വരുന്ന ഡ്രോപ്പൗട്ട് സ്റ്റുഡന്റ്‌സിനെ കാര്യക്ഷമതയുള്ളവരാക്കി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഇഇപിയുടെ ലക്ഷ്യം. നൂതനമായിട്ടുള്ള ടെക്‌നോളജി ഉപയോഗിച്ച് കണക്ട് ചെയ്യുന്നതിനെയാണ് എന്‍ഹാന്‍സ്ഡ് എന്ന് ഉദ്ദ്യേശിക്കുന്നത്. കണക്ട് ദ കിഡ്‌സ് ടു ദ വേള്‍ഡ്.? താങ്കള്‍ മുന്നോട്ടുവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൊങ്ങപ്പാടം എന്ന ദളിത് കോളനിയിലെ കുട്ടികള്‍ വലിയ പഠനപുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അവിടത്തെ രക്ഷിതാക്കളുടെ മനോഭാവത്തിലും അതിശയകരമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. കൊങ്ങപ്പാടത്തെ ഈ വിജയമാണല്ലൊ ദേശവ്യാപകമായി എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാം (ഇഇപി) വിപുലീകരിക്കാന്‍ പ്രചോദനമായത്. എന്തുകൊണ്ടാണ് കോഴിക്കോട് സ്വദേശിയായ താങ്കള്‍ പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തത്?


പാലക്കാട് അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജിലാണ് ഞാന്‍ പഠിച്ചത്. അവിടെ താമസിച്ചായിരുന്നു പഠനം. എന്റെ സീനിയറായിരുന്ന കോട്ടയം സ്വദേശി സുനില്‍ വി.ടി.യ്‌ക്കൊപ്പം ഒരിക്കല്‍ കൊങ്ങപ്പാടത്ത് പോയിട്ടുണ്ട്. അന്ന് അവിടത്തെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് എനിക്ക് ഒരു ധാരണ കിട്ടിയിരുന്നു. അവിടെ ഒരു വിവാഹവീട്ടില്‍, വിവാഹത്തിന് രണ്ട് ദിവസം മുമ്പു പോലും പണം സംഘടിപ്പിക്കാന്‍ കഴിയാതെ അവര്‍ വിഷമിക്കുന്നത് നേരില്‍ക്കാണാനിടയായി. അതൊക്കെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവണം. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം ഈ കോളനിയ്ക്കടുത്ത് ഞാന്‍ താമസമായി. അന്നേ ഈ കോളനിയെ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. എങ്ങനെയാണ് അവരുടെ ജീവിതരീതി, എന്തൊക്കെയാണ് വരുമാനമാര്‍ഗ്ഗങ്ങള്‍, കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടോ ഇങ്ങനെ പുറത്തുനിന്ന് നിരന്തരമായി നിരീക്ഷിച്ചതിന്റെ ഭാഗമായുണ്ടായ ഒരു ചിന്തയാണ് കുട്ടികള്‍ക്കുവേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക എന്നത്. അങ്ങനെയാണ് ഈ വിദ്യാഭ്യാസ പ്രവര്‍ത്തനം മനസ്സില്‍ ഉരുത്തിരിഞ്ഞത്. എന്റെ സുഹൃത്തുക്കള്‍ താമസിക്കുന്നിടത്ത് ഇടയ്ക്കിടെവന്ന് പാട്ടൊക്കെ പാടാറുണ്ടായിരുന്ന, ഓട്ടോ ഡ്രൈവര്‍ കണ്ണേട്ടനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ അദ്ദേഹത്തോട് കോളനിയിലെ അവസ്ഥ ചോദിച്ചു മനസ്സിലാക്കാറുണ്ടായിരുന്നു. പുറത്തുനിന്ന് വന്ന് കോളനിയിലെ വിവാഹങ്ങള്‍ക്ക് പങ്കെടുക്കുന്നവര്‍ അവിടെനിന്ന് ആഹാരം കഴിക്കാതെ പോകുന്ന ഒരു തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതായും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പത്തിരുപത് വര്‍ഷം കഴിഞ്ഞ് ഞാന്‍ അവിടെയെത്തുമ്പോളും ആ കോളനിയ്ക്ക് യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. അവിടത്തെ കുട്ടികള്‍ പഠിച്ച് ഉയര്‍ന്നുവരാത്തതെന്തെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പത്താംക്ലാസ് പോലും പാസ്സാകുന്ന കുട്ടികള്‍ കൊങ്ങപ്പാടത്ത് വളരെ കുറവായിരുന്നു.

guru -   kongapadam

പിന്നീട് അന്വേഷിച്ചപ്പോള്‍ കൊങ്ങപ്പാടത്തെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ആദിവാസി ദലിത് വിഭാഗങ്ങള്‍ക്കിടയിലെയും വിദ്യാഭ്യാസ നിലവാരവും ജീവിതനിലവാരവും വ്യത്യസ്തമല്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ഇവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്നുണ്ടെന്ന് പറയുമ്പോഴും കാലങ്ങളായി മാറ്റങ്ങളില്ലാതെ തുടരുന്ന ഇവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന് പരിഹാരം എന്ന വിധത്തില്‍ ഒരു മാതൃക ഉണ്ടാക്കിയെടുക്കണം എന്ന ചിന്ത എന്നിലുണ്ടായി. ഗവണ്‍മെന്റിനു മുന്നില്‍ ഇവര്‍ക്കുതകുന്ന ഒരു വിദ്യാഭ്യാസരീതി മാതൃകയാക്കി അവതരിപ്പിച്ച് നടപ്പിലാക്കി അതിന്റെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ആ മാതൃക ഉണ്ടാക്കുന്നതിനായി ആദ്യം കൊങ്ങപ്പാടത്തെ തെരഞ്ഞെടുക്കുകയായിരുന്നു. അത് വിജയകരമായി നടപ്പിലാക്കിയതിനു ശേഷം പിന്നീട് കേരളത്തിലെ വിവിധ മേഖലകളിലേക്ക് അത് വ്യാപിപ്പിക്കുകയാണ് പിന്നീട് ചെയ്തത്.? മിടുക്കരായ വിദ്യാര്‍ത്ഥികളെയല്ല, എഴുപത് ശതമാനം വരുന്ന ശരാശരി വിദ്യാര്‍ത്ഥികളെയാണ് ഇഇപി ഫോക്കസ് ചെയ്യുന്നതെന്നതെന്ന് പറഞ്ഞുവല്ലൊ.- ഡിസ്‌കണക്ടഡ് സ്റ്റൂഡന്റ്‌സിനെ. എന്തുകൊണ്ടാണങ്ങനെ? സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനായ ശ്രീ.സണ്ണി എം. കപിക്കാട് പരാമര്‍ശിക്കുകയുണ്ടായി, മാര്‍ജിനലൈസേഷന്‍ പോലുള്ള പദങ്ങള്‍ മാറ്റിനിര്‍ത്തി ഡിസ്‌കണക്ടഡ് എന്ന പുതിയൊരു പദം താങ്കള്‍ കാഴ്ചവച്ചതിനെക്കുറിച്ച്. പാര്‍ശ്വവല്‍ക്കരണത്തിനപ്പുറം ഡിസ്‌കണക്ടഡ് എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കാമോ?


സാധാരണ നമ്മള്‍ കണ്ടുവരുന്നൊരു പ്രവണതയാണത് പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് കൊടുക്കുക എന്നത്. എന്റെയൊരു നിരീക്ഷണം പറയാം. ഒരു ക്ലാസ്‌റൂമില്‍ പതിനഞ്ച് ശതമാനത്തോളം കുട്ടികള്‍ നല്ല ഐക്യു ഉള്ള കുട്ടികളായിരിക്കും. എല്ലാ വിഭാഗത്തിലും പെടുന്ന കുട്ടികളുണ്ടാവും അതില്‍. അവരെ നിങ്ങള്‍ പഠിപ്പിച്ചാലും ഇല്ലെങ്കിലും ഏത് സാഹചര്യത്തില്‍നിന്നായാലും അവര്‍ രക്ഷപ്പെടും. പിന്നെ ഒരു പതിനഞ്ച് ശതമാനം എന്ന് പറയുന്നത് ആവറേജ് ഐക്യുവും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നവരുമായ കുട്ടികളായിരിക്കും. ഹാര്‍ഡ് വര്‍ക്കിങ്ങായതുകൊണ്ട് അവരും രക്ഷപ്പെടും. പിന്നെയുള്ളത് ആവറേജ് ഐക്യു ഉള്ള കുട്ടികളായിരിക്കും. ഈ എഴുപത് ശതമാനത്തില്‍ നിന്നാവും കൊഴിഞ്ഞുപോക്കുണ്ടാവുന്നത്. ഇതൊരു വന്‍ഭൂരിപക്ഷമല്ലെ, ഈ ഭൂരിപക്ഷം വരുന്ന കുട്ടികളെയല്ലെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടത്? വിദ്യാഭ്യാസം കൊണ്ട് നമ്മള്‍ മെച്ചപ്പെടുത്തേണ്ടത്? ഈയോരു എഴുപത് ശതമാനത്തെ നമ്മള്‍ എത്രത്തോളം ഉയര്‍ത്തുന്നു എന്നതിലല്ലെ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ശക്തി അളക്കപ്പെടുന്നത്. വന്‍ഭൂരിപക്ഷം വരുന്നകുട്ടികളെ പഠിപ്പിച്ച് ശരാശരിക്ക് മുകളില്‍ എത്തിക്കുക എന്ന വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാകുകയാണ് നമ്മള്‍ ചെയ്യുന്നത്. അതിന് റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്നത് നമ്മള്‍ തെളിയിച്ചുകഴിഞ്ഞതല്ലെ.

sunny m   kapikkadu

നല്ലൊരു ശതമാനം വരുന്ന ശരാശരി വിദ്യാര്‍ത്ഥികള്‍ ഡ്രോപ്പ്ഡ് ഔട്ടാകുമ്പോള്‍, വിദ്യാഭ്യാസധാരയില്‍ നിന്ന് അവര്‍ വേര്‍പെട്ട് പോകുമ്പോള്‍ അവരുടെ ഭാഗത്തുനിന്ന് രാജ്യത്തിന് ഒരുതരത്തിലുള്ള സംഭാവനകളും ഉണ്ടാകാതെവരികയാണ്. ഗുരുതരമായ ഈ പ്രശ്‌നത്തെ അവഗണിച്ചുകൊണ്ട് എങ്ങനെയാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുന്നതിന് ഉത്തരം കാണാന്‍കഴിയുന്നത്? ഗവണ്‍മെന്റ് ശ്രദ്ധചെലുത്തേണ്ട ഒരു വിഷയമാണത്. ആ ഒരു പ്രശ്‌നത്തിന്റെ പരിഹാരം കൂടിയാണ് ഇഇപി. അവരവര്‍ക്കുതന്നെ ഉപകാരപ്രദമാകാതെ വിദ്യാഭ്യാസമേഖലയില്‍നിന്ന് കൊഴിഞ്ഞുപോകുന്ന അനേകരെക്കൂടി രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്ന ഒരു സംവിധാനം കൂടിയാണ് ഇഇപി.

ഡിസ്‌കണക്ടഡ് എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ നല്ല വിദ്യാഭ്യാസം കിട്ടുന്ന ശൃംഖലയില്‍നിന്ന് പുറത്തുനില്‍ക്കുന്നവരെയാണ്. അത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതാവണമെന്നില്ല. കാരണം കൊങ്ങപ്പാടത്തെ കുട്ടികളെ എടുത്തുനോക്കൂ, അവരെങ്ങനെയാണ് മാര്‍ജിനലൈസ്ഡ് ആവുന്നത്? അവരുടെ ചുറ്റുവട്ടത്ത് നല്ല സ്‌കൂളുകളും എഞ്ചിനീയറിംഗ് കോളേജുകളുമൊക്കെയുണ്ട്. അവര്‍ അവിടേയ്ക്ക് എത്തിപ്പെടാന്‍ കഴിയാതെ ഡിസ്‌കണക്ടഡ് ആണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മികച്ച ജീവിതസാഹചര്യങ്ങള്‍ ലഭിക്കാത്ത, നല്ല കുടിവെള്ളം കിട്ടാത്ത അവസ്ഥകളൊക്കെയാണ് ഡിസ്‌കണക്ടഡ് എന്ന പദംകൊണ്ട് അടയാളപ്പെടുത്തുന്നത്.? കൊങ്ങപ്പാടത്ത് ഇത്ര വലിയൊരു വിജയം ഉണ്ടാക്കിയെടുക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഈ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയായിരുന്നു. ഇന്നുകാണുന്നതരത്തില്‍ ഒരു സഹകരണം കുട്ടികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും ഉണ്ടായത് എപ്പോഴാണ്?


വിജയന്‍ എന്ന സുഹൃത്തുവഴി കോളനിയിലെത്തി ഗുരുവായൂരപ്പന്‍, സുബ്രഹ്മണ്യന്‍ എന്ന രക്ഷാകര്‍ത്താക്കളെ കാണുകയും അവരോട് സംസാരിച്ചശേഷം കുട്ടികളോട് സംസാരിക്കാന്‍ അവസരമുണ്ടാക്കുകയുമായിരുന്നു. കുറച്ചു മിഠായിയൊക്കെയായി സുബ്രഹ്മണ്യന്‍ ചേട്ടന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയില്‍ ഇരുന്ന് കുട്ടികളോട് സംസാരിക്കുമ്പോള്‍, ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ അവരെന്നെ അമ്പരപ്പോടെയാണ് നോക്കിയത്. ക്ഷീണിച്ച മുഖമുള്ള പ്രതീക്ഷമങ്ങിയ കുട്ടികളായിരുന്നു. രക്ഷിതാക്കളും സംശയത്തോടെയാണെന്നെ നോക്കിയത്. ഇതെത്രകാലം ഉണ്ടാകുമെന്ന സംശയമായിരുന്നു പലര്‍ക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണവിടെ ഞാന്‍ സംസാരിച്ചത്. അങ്ങനെ നിരവധി കൂടിക്കാഴ്ചകള്‍ക്കു ശേഷമാണ് റിസോഴ്‌സ് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. അതിനായി ചന്ദ്രേട്ടന്റെ മകള്‍ ശ്രീവിദ്യ, കോളേജിലെ സ്റ്റാഫിന്റെ വൈഫ് സജന ഇവരെയൊക്കെ കണ്ട് കൃത്യമായ ലക്ഷ്യബോധം പറയുകയാണ് ആദ്യം ചെയ്തത്. ഈ കോളനിയില്‍നിന്ന് ഒരു കുട്ടിയെങ്കിലും 50 മീറ്റര്‍ ചുറ്റളവിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ പോയി പഠിക്കണമെന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ആത്യന്തികമായ ലക്ഷ്യം, അതിനുവേണ്ടി 8, 9, 10 ക്ലാസുകളിലുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് സയന്‍സ്, മാത്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ക്ലാസ് തുടങ്ങുക എന്ന രീതിയിലാണ് ആദ്യം തീരുമാനത്തിലെത്തുന്നത്.

കോളനിനിവാസികളായ ഗുരു, അംബിച്ചേട്ടന്‍, ഷണ്‍മുഖന്‍ചേട്ടന്‍ ഇവരൊക്കെ ഒരു ഇംഗ്ലീഷ് മാഷിനെ കൊണ്ടുവരികയും ശ്രീദേവിയും സജനയും ഇവരുടെ കൂടെ പഠിച്ച ആബിദ, ബിജിന എന്നിങ്ങനെ രണ്ട് ടീച്ചേഴ്‌സിനെ കൊണ്ടുവരികയുമുണ്ടായി. എല്ലാ ടീച്ചേഴ്‌സിനും കൃത്യമായ അവബോധം നല്‍കി. അങ്ങനെ റിസോഴ്‌സസ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം ഇരുന്ന് പഠിക്കാനുള്ള സ്ഥലം അന്വേഷിച്ചു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസറെ വിളിച്ച് സംസാരിച്ചതിനുശേഷം അവിടെയുള്ള അംഗന്‍വാടി കെട്ടിടം ഉപയോഗിക്കാനുള്ള അനുമതികിട്ടി. പിന്നെ ക്ലാസുകള്‍ തുടങ്ങി. ആറ് മാസത്തോളം കുട്ടികള്‍ വരാതിരിക്കുക, രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലാതിരിക്കുക അങ്ങനെ ഒരു തുടര്‍ച്ചയില്ലായ്മ നിലനിന്നു. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്നുണ്ടായിരുന്നില്ല. പിന്നെ തുടര്‍ച്ചയായി ഞാന്‍ അവിടെപ്പോയി അവരെ കാണുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നെ എന്റെ അഭാവത്തില്‍ ജൂനിയറായി പഠിച്ച ജറാള്‍ഡ് വില്‍സ് എന്നയാളെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയുമുണ്ടായി. കോളേജുമായി ബന്ധപ്പെട്ട് മാത്‌സ് ടീച്ചറെ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ എന്റെ അധ്യാപകന്‍ സുരേഷ് സാര്‍ കൃഷ്ണപ്രസാദ് എന്നൊരു കുട്ടിയെ വിടുകയുണ്ടായി. എല്ലാ ടീച്ചേഴ്‌സും വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആദ്യത്തെ വര്‍ഷം തന്നെ നൂറ് ശതമാനം വിജയമുണ്ടായി. അതുപോലെ ഗുരുവും അംബിയേട്ടനും വഹിച്ച പങ്ക് വളരെ വളരെ വലുതാണ്. സജന ടീച്ചറിന്റെ പരിശ്രമം വിസ്മരിക്കാനാവാത്തതാണ്. ടീച്ചര്‍ കുട്ടികളെ വീട്ടിലേക്ക് വിളിച്ച് പഠിപ്പിക്കുമായിരുന്നു. ടീച്ചറിന്റെ ഇടപെടലില്‍നിന്ന് ഇതുവരെ ലഭിക്കാതിരുന്ന ഒരു സ്‌നേഹവും പരിഗണനയും അംഗീകാരവുമൊക്കെയാണ് കുട്ടികള്‍ക്ക് ലഭിച്ചത്. ടീച്ചറോടുള്ള ഒരു കടപ്പാടുപോലെ കുട്ടികള്‍ നല്ല മാര്‍ക്കുവാങ്ങുന്നു എന്നുപോലും തോന്നിയിട്ടുണ്ട്. നന്നായി പഠിപ്പിക്കുക എന്നതിലുപരിയായി അവരെ സ്‌നേഹിക്കാനും മനസ്സിലാക്കാനും ഇടപഴകാനും കഴിയുന്ന അദ്ധ്യാപകരെത്തന്നെയാണ് ഞാന്‍ ആഗ്രഹിച്ചതും.

ടീച്ചേഴ്‌സിനെ സെലക്ട്‌ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെവേണമെന്ന് ഞാന്‍ പറയാറുണ്ട്, അവരുടെ കപ്പാസിറ്റി മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടു തന്നെയാണ് അങ്ങനെ പറഞ്ഞത്. കാരണം കൊങ്ങപ്പാടത്തെ വിജയത്തിനു പിന്നില്‍ ടീച്ചേഴ്‌സായി വന്ന നാല് പെണ്‍കുട്ടികളായിരുന്നു. വളരെ താഴ്ന്ന നിലവാരത്തില്‍നിന്ന് ഇപ്പോഴുള്ള നിലയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തിയത് ടീച്ചേഴ്‌സിന്റെ പരിശ്രമം തന്നെയാണ്.


? എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്താണ്?


ഇഇപിയുടെ രാഷ്ട്രീയം എന്നുപറയുന്നത് 2020-ഓടെ എല്ലാ കുട്ടികളിലും നല്ല വിദ്യാഭ്യാസം എത്തിക്കുക എന്നുള്ളതാണ്. കമ്മ്യൂണിറ്റി ലേണിങ്ങിലൂടെ കുട്ടികളെ ഓണ്‍ലൈനുമായി കണക്ട്‌ചെയ്യുക, ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസുമായി കണക്ട് ചെയ്യുക, ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക അതുവഴി ലോകവുമായി കുട്ടികളെ കണക്ട് ചെയ്യുക എന്നതാണ് ലോകനിലവാരത്തിലുള്ള ജോലിലഭ്യമാകണമെങ്കില്‍ ഇംഗ്ലീഷ് വളരെ പ്രാധാന്യമുള്ള ഘടകമാണ്. അതുകൊണ്ട് ഓണ്‍ലൈന്‍വഴി ഇംഗ്ലീഷിന് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളെ ഡവലപ് ചെയ്‌തെടുക്കുക. സംവരണത്തിന്റെകൂടി സഹായത്തോടെ ജോലിനേടിയ ആളുകളുടെ ഉത്തരവാദിത്തമാണ് സമൂഹത്തിലേക്ക് തിരിച്ചു കൊടുക്കുക എന്നത്. രണ്ട് കുട്ടികള്‍ക്കെങ്കിലും മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അവര്‍ക്ക് കഴിയണം. ചര്‍ച്ചകള്‍ മാത്രം ചെയ്യാതെ വര്‍ക്ക്‌ചെയ്യുക, അതോടൊപ്പം വര്‍ക്കുചെയ്യുന്ന ധാരാളംപേരെ സൃഷ്ടിക്കുക. അങ്ങനെ ഇതൊരു രാഷ്ട്രീയപ്രവര്‍ത്തനമാക്കിമാറ്റാന്‍ നമുക്ക് കഴിയും, അതായത് ഒരു സഹായിക്കല്‍ പ്രക്രിയ.


? ആദിവാസി മേഖലയില്‍ ഇഇപി എങ്ങനെ വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കും?

കല്‍പ്പറ്റയിലെ ചീപ്രം, ചേകാടി ഊരുകള്‍ ധന്യാരാമനൊപ്പം സന്ദര്‍ശിച്ചിരുന്നു. അവിടത്തെ അവസ്ഥ വളരെ മോശമാണ്. കറന്റില്ല, മറ്റു സൗകര്യങ്ങളൊന്നുമില്ലാത്ത ഇടമാണ് പൊതുവെ ആദിവാസിഊരുകള്‍. എന്നിരുന്നാലും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള ഒരു താല്‍ക്കാലിക ഷെഡ് അവര്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. നവോദയ പരിശീലകനായ ശ്രീ. സുഗതന്‍, അജയന്‍ എന്നീ അദ്ധ്യാപകര്‍ അവിടെ പോവുകയും ടീച്ചേഴ്‌സിന് പരിശീലനം നല്‍കുകയുമുണ്ടായി. എങ്കിലും മറ്റുള്ള സ്ഥലങ്ങളിലെ പഠനപ്രക്രിയ ഊരുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. പ്രാക്തന ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ളവരില്‍ ഇഇപിയ്ക്കുവേണ്ടി ഒരു പഠനം നടത്തേണ്ടതായുണ്ടെന്ന് നിലമ്പൂരില്‍നിന്നുള്ള ശ്രീ ശ്യാംജിത്ത് അഭിപ്രായപ്പെട്ടിരുന്നു. ഊരുകളില്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ പോലൊരു സംവിധാനമാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.

ആപ്പിള്‍ എന്താണെന്നറിയാത്ത കുട്ടികളോട് എ ഫോര്‍ ആപ്പിള്‍ എന്ന് എങ്ങനെ പറയാന്‍കഴിയും? ഭാഷ ഒരു പ്രശ്‌നമായിരിക്കെ അവരുടെ ചുറ്റുപാടിനനുസൃതമായ പാഠഭാഗങ്ങള്‍ നമ്മള്‍ നിര്‍മ്മിക്കേണ്ടതായുണ്ട്. ഉദാഹരണത്തിന് വൈദ്യുതി ഒഴുകുന്നതെങ്ങനെയാണ്? പുഴയൊഴുകുന്നതെങ്ങനെയാണ്? പൊട്ടെന്‍ഷ്യല്‍ ഡിഫറന്റ്‌സ് എന്താണ്? ആ തരത്തിലൊക്കെയുള്ള വിദ്യാഭ്യാസം നല്‍കണമെങ്കില്‍ ഗ്രാഫിക്കല്‍ റെപ്രസെന്റേഷനിലും പിക്ചറൈസേഷനിലും കൂടിയൊക്കെയുള്ള ഓണ്‍ലൈന്‍ എജ്യുക്കേഷനാണ് അവിടെ കൂടുതല്‍ ഫലപ്രദമാകുക എന്നാണ് എനിക്ക് തോന്നുന്നത്. ഭാഷ ഒരു പ്രശ്‌നമായതുകൊണ്ടുതന്നെ ഭാഷയെ ഒഴിച്ചുനിര്‍ത്തി ആശയങ്ങളെ ചിത്രങ്ങളായി അവരിലേക്കെത്തിക്കാന്‍ നമുക്ക് കഴിയും.

സാധാരണ നാട്ടിന്‍പുറങ്ങളെ അപേക്ഷിച്ച് കുറച്ച് ടഫ് ആയിരിക്കുമെങ്കിലും നമ്മള്‍ ശ്രമിച്ചുനോക്കണം. ആദ്യം എല്ലാ സ്ഥലങ്ങളും നമ്മള്‍ സന്ദര്‍ശിക്കണം. എങ്കില്‍ മാത്രമെ അവരുടെ കള്‍ച്ചറല്‍ ഡൈവേഴ്‌സിറ്റി മനസ്സിലാക്കാനും എന്താണ് അവിടെ അപ്ലൈ ചെയ്യേണ്ടതെന്ന് തീരുമാനിക്കാനും നമുക്ക് കഴിയു.

cheerpam

പല പദ്ധതികളും ട്രൈബല്‍ മേഖലയില്‍ വിജയിക്കാതെപോകുന്നതിന്റെ കാരണം അവരുടെ പരിത:സ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലാതെ, കൃത്യമായ പഠനം നടത്താതെ തോന്നുന്നപോലെ പ്രയോഗിക്കുന്നതിനാലാണ്. അതുകൊണ്ട് ഇഇപി ഡയറക്ടായി അപ്ലൈ ചെയ്യണമെന്ന് ഞാന്‍ പറയില്ല. പരിശ്രമിച്ചുനോക്കാം. ഇമോഷണല്‍ ഫഌക്‌ച്വേഷന്‍സ് അവിടെനിന്നുള്ള കുട്ടികള്‍ക്കുണ്ടാകുന്നുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ സ്‌കൂളിംഗ് പോലും അവിടെ സാധ്യമാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്. അവര്‍ എജ്യുക്കേറ്റഡ് ആകുന്നതിന്റെ ആവശ്യകതയുണ്ട്. ഓരോ സെറ്റില്‍മെന്റിലും അഞ്ച്കുട്ടികള്‍ വീതം വിദ്യാഭ്യാസം ചെയ്തുവരട്ടെ, അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ കൈകാര്യം ചെയ്‌തോളും . ഭൂമിക്കുവേണ്ടിയുള്ള പരിഹാരം അവര്‍ ഉണ്ടാക്കിക്കൊള്ളും, നിയമപരമായിട്ടാണെങ്കില്‍ അങ്ങനെ. വിദ്യാഭ്യാസം അനിവാര്യമാണ്. ഏതുരീതിയില്‍ എന്നതാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്. ഇഇപി പ്രായോഗികമാക്കാന്‍ ധാരാളം വിഷമങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടതായിവരും. അതിനെ സോള്‍വ് ചെയ്ത് മുന്നോട്ടുപോകാന്‍ സാധിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇഇപിയുടെ പ്രാരംഭഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ചെയ്തുവരുന്ന നവോദയ പരിശീലനം എത്രയുംവേഗം ഓണ്‍ലൈന്‍ ആക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.


? എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാമില്‍ ഏത് വിദ്യാഭ്യാസ പരിപാടിയുടെയും പ്രധാനപ്പെട്ട ഒരു സംഗതിയാണല്ലൊ സോഷ്യലൈസിംഗ്? എന്താണതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്?

പലരും വളരെ നിസ്സാരമായിക്കാണുന്ന ഒന്നാണ് സോഷ്യലൈസിംഗ്. എന്നാല്‍ നമ്മള്‍ പോലുമറിയാതെ നമ്മള്‍ എംപവര്‍ ചെയ്യപ്പെടുന്നൊരു കാര്യമാണ് സോഷ്യലൈസിംഗ്. ആരും നമ്മെ നേരിട്ട് പഠിപ്പിക്കാതെ ആരും ഒന്നും പറഞ്ഞുതരാതെ നമ്മള്‍ കുറെയേറെ പഠിക്കുന്നു- അതാണ് സോഷ്യലൈസിംഗ്. നമ്മള്‍ നവോദയ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്നത് കുട്ടികള്‍ സോഷ്യലൈസ് ചെയ്യപ്പെടണം എന്നുള്ളതുകൊണ്ടാണ്. പല തരത്തിലുള്ള ആളുകളുമായി ഇടപെടാനും എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാനും പുറത്തുപോയി ഒരു ക്രോസ്‌കള്‍ച്ചറില്‍ ജോലിചെയ്യാനുമൊക്കെ സാധിച്ചതിലൂടെ എനിക്ക് സോഷ്യലൈസ് ചെയ്യപ്പെടാന്‍ സാധിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്. ആ ചിന്തയിലൂടെയാണ് നമ്മള്‍ കോളനിയുടെ നാല് ചുറ്റുമതിലുകള്‍ ഭേദിക്കുന്നത്. കോളനിയുടെ, അല്ലെങ്കില്‍ ഡിസ്‌കണക്ടഡ് സൊസൈറ്റിയുടെ നാല് ചുവരുകള്‍ക്കു പുറത്തുവന്ന് നമ്മുടെ കുട്ടികള്‍ സോഷ്യലൈസ് ചെയ്യപ്പെടേണ്ടതുണ്ട്.


? ഇഇപി പ്രാവര്‍ത്തികമാകാന്‍ എത്ര വര്‍ഷം വേണ്ടിവരും? താങ്കളുടെ ഭാവനയില്‍ അതിന്റെ റിസള്‍ട്ട് എങ്ങനെയായിരിക്കും?

ഇഇപിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോവുകയുണ്ടായി. അവിടെയൊക്കെ പ്രശ്‌നങ്ങള്‍ ഏകദേശം ഒരുപോലെയാണെങ്കില്‍പ്പോലും കള്‍ച്ചറല്‍ വേരിയേഷന്‍ ഉണ്ട്. ഇത്ര വര്‍ഷംകൊണ്ട് ഇഇപി പൂര്‍ണമാകുമെന്ന് പറയാനാകില്ല. നമ്മള്‍ ചെയ്യുന്നത് ഒരു കമ്മ്യൂണിറ്റി എന്‍വയര്‍മെന്റ് ഉണ്ടാക്കുകയാണ്. അത് ഏറ്റെടുക്കാന്‍ അതാതിടങ്ങളില്‍ ആളുകള്‍ ഉണ്ടാകുകയാണെങ്കില്‍ പെട്ടെന്നുതന്നെ നമുക്ക് ഇഇപിയിലേക്ക് കയറാന്‍ സാധിക്കും. ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ അവിടെ ലാന്റ് ചെയ്ത് രണ്ട് വര്‍ഷത്തോളം അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ അതിന്റെ ഭാഗമായിക്കൊള്ളും. പിന്നെ നമ്മുടെ ജോലി കഴിഞ്ഞു. നമ്മള്‍ കണക്ട് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് കൃത്യമായൊരു സമയം പറയാന്‍ കഴിയില്ലെങ്കിലും ഒരു ആറ് വര്‍ഷമെങ്കിലും നമ്മള്‍ വര്‍ക്ക് ചെയ്യേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. അതുകഴിഞ്ഞാല്‍ വ്യത്യാസം കാണാന്‍ പറ്റും എന്നുള്ളതാണ്. കൊങ്ങപ്പാടത്തൊക്കെ കുട്ടികളിലും അതുപോലെ രക്ഷാകര്‍ത്താക്കളിലും കാര്യമായ വ്യത്യാസം വന്നുകഴിഞ്ഞു. അത് ഏറ്റെടുക്കുന്നവരുടെ കാര്യക്ഷമതയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.? ഖത്തറില്‍ നിന്നുകൊണ്ട് അങ്കമാലിയില്‍ സംഘടിപ്പിച്ച എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാമും ശേഷം കേരളത്തിലുടനീളം ദൈനംദിനമുള്ള അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും കാണുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ വരുന്നുണ്ട്, എങ്ങനെയാണ് താങ്കള്‍ക്ക് ഇങ്ങനെയൊരു കോഡിനേഷന്‍ സാധ്യമാകുന്നത്? വിദേശത്തായിരിക്കുമ്പോഴും നാട്ടിലുള്ള ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് ഊര്‍ജ്ജമായി മാറാന്‍ താങ്കള്‍ക്ക് കഴിയുന്നതെങ്ങനെയാണ്?

ഇഇപിയുടെ വിജയത്തില്‍ സോഷ്യല്‍ മീഡിയയെ പോസിറ്റീവ് ആയി നമ്മള്‍ ഉപയോഗിച്ചുവെന്നതാണ് എടുത്തുപറയേണ്ട സംഗതി. ഒരുപോലെ ചിന്തിക്കുന്ന കുറച്ചുപേരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും ഇഇപിയെക്കുറിച്ച് കാമ്പെയിനിംഗ് നടത്താനും സോഷ്യല്‍മീഡിയ വഹിച്ച പങ്ക് വളരെ വലുതാണ്.


പദ്ധതിയുടെ ബെനിഫിറ്റ് എല്ലാവര്‍ക്കും ലഭ്യമാകണമെന്ന ആഗ്രഹമാണ് ഇത് നടപ്പാക്കിയതിന്റെ പിന്നില്‍. ഇതൊരു പ്രതീക്ഷയായി മറ്റുള്ളവര്‍ക്ക് കൊടുക്കാമെന്ന ബോധ്യം മനസ്സിലുള്ളതുകൊണ്ടാണ് നമുക്കിത് ചെയ്യണമെന്ന് തോന്നുന്നത്. നമ്മളൊക്കെ എത്ര ദൂരത്തായിരുന്നാലും കണക്ടഡായി നില്‍ക്കാമെന്നതിന്റെ ഒരു ഉദാഹരണമാണ് 2015 ഡിസംബര്‍ 27-ന് അങ്കമാലിയില്‍ നടത്തിയ ഇ.ഇ.പി. സമ്മേളനം. അത് ഗംഭീരമായി നടത്താന്‍ കഴിഞ്ഞത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. എല്ലാവരും ഒരു ടീംവര്‍ക്കായി നില്‍ക്കുകയും ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയുമൊക്കെ ചര്‍ച്ചചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തതിലൂടെ, ഒരു വെര്‍ച്വല്‍വേള്‍ഡിലൂടെ നമുക്ക് കാര്യങ്ങളെല്ലാം സുഗമമായി ചെയ്യാന്‍ കഴിയും എന്നുതന്നെയാണ് കാണിക്കുന്നത്.? കൊങ്ങപ്പാടത്ത് താങ്കള്‍ ചെയ്തത് സ്വന്തംപണം ചെലവാക്കി അദ്ധ്യാപകരെ നിയമിച്ച് കുട്ടികള്‍ക്ക് തീവ്ര പരീശീലനം കൊടുക്കുകയായിരുന്നല്ലൊ. കേരളത്തിലുടനീളം ഇഇപി പടര്‍ന്നു പന്തലിക്കുന്ന ഈ സാഹചര്യത്തില്‍ അത് അസാധ്യമാണ്. പിന്നെ എങ്ങനെ ഇഇപി പ്രായോഗികമാകും?

കൊങ്ങപ്പാടത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നല്ലൊ. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്ന അവിടത്തേയ്ക്കായി പുറത്തുനിന്ന് അദ്ധ്യാപകരെ കണ്ടെത്തേണ്ടിയിരുന്നു. മറ്റിടങ്ങളില്‍ ഇഇപിയ്ക്കുവേണ്ടി പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള കുട്ടികളെ നമുക്ക് ഉപയോഗിക്കാന്‍ കഴിയും. അല്ലെങ്കില്‍ അടുത്ത് എഞ്ചിനീയറിംഗ് കോളേജ് ഉണ്ടെങ്കില്‍ അവിടത്തെ കുട്ടികളുടെ സഹായം തേടാവുന്നതാണ്. ഇന്റലക്ച്വല്‍ വേസ്റ്റ് കുറയ്ക്കുക, അവര്‍ക്ക് അറിയുന്നത് തിരിച്ച് അപ്ലൈ ചെയ്യുക എന്ന സിസ്റ്റത്തിലൂടെ നമുക്കിത് പ്രായോഗികമാക്കാം. ഇങ്ങനെ പരസ്പര സഹായത്തിലൂടെ വലിയൊരു മാറ്റമുണ്ടാക്കാന്‍ നമുക്ക് പറ്റും.

സുഹൃത്തായ കുഞ്ഞികൃഷ്ണന്റെ സഹായത്തോടെ ഇഇപിയ്ക്കുവേണ്ടി 17 പേജുള്ള ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു, ഇതൊരു സര്‍ക്കാര്‍ പ്രോജക്ടായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ നന്നാകും. അത് പരിഗണനയിലാണ്. അതു നടപ്പാകാന്‍ കാത്തുനില്‍ക്കാതെ ഒരു ഗ്രൗണ്ട്‌വര്‍ക്ക് ആദ്യം ചെയ്തുവയ്ക്കുന്നത് നന്നായിരിക്കും. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പതിനഞ്ച് ഇടങ്ങളില്‍ ഇതിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.


? ദളിത് ആദിവാസി സമൂഹത്തെ മാത്രം ലക്ഷ്യമാക്കിയാണോ, അല്ലെങ്കില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നും ഡിസ്‌കണക്ട് ആയിട്ടുള്ളവര്‍ക്ക് ഇഇപി പ്രയോജനപ്പെടുത്താന്‍ കഴിയുമൊ?

ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട പദ്ധതിയല്ല ഇഇപി. ഇതിന്റെ പേര് തന്നെ എന്‍ഹാന്‍സ്ഡ് എജ്യുക്കേഷണല്‍ പ്രോഗ്രാം ഫോര്‍ ഡിസ്‌കണക്ടഡ് സ്റ്റൂഡന്റ് കമ്മ്യൂണിറ്റീസ് എന്നാണ്. നല്ല വിദ്യാഭ്യാസം കിട്ടുന്ന ശൃംഖലയില്‍നിന്ന് ഡിസ്‌കണക്ടഡായ കുട്ടികളെ കണക്ട്‌ചെയ്യുന്ന സംവിധാനമാണ്. എല്ലാകുട്ടികള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണിത്. എന്റെ സുഹൃത്തായ ഹാഷിഫ് എറണാകുളത്ത് അവര്‍ പഠിച്ച സ്‌കൂളില്‍ ഇഇപി അപ്ലൈ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് എങ്ങനെ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെയ്യാന്‍ കഴിയുന്നൊരു സംഗതിയാണ്. ജീവിതത്തില്‍ പ്രതീക്ഷയറ്റവര്‍ക്ക് വിദ്യാഭ്യാസം എന്ന ഒരു പോസിറ്റീവ് ചിന്ത കൊണ്ട് ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് ഓര്‍മപ്പെടുത്തുന്ന, അവര്‍ക്ക് ധൈര്യംപകരുന്ന പദ്ധതിയാണിത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമായി ഇതിനെ വിലയിരുത്തേണ്ടതില്ല.? ഇന്നത്തെക്കാലത്ത് പലരുടെയും ഒരു പരാതിയാണ് ഒന്നിനും സമയം തികയുന്നില്ല എന്നത്. ഒരുദ്യോഗസ്ഥനായിരിക്കുമ്പോഴും ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്താന്‍ താങ്കള്‍ക്കെങ്ങനെയാണ് കഴിയുന്നത്?

ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ അതു നടന്നുകാണണമെന്ന ഒരാഗ്രഹമാണത്. അതിലൂടെ ചെറിയമാറ്റങ്ങള്‍ അല്ലെങ്കില്‍ ഗുണങ്ങള്‍ അനുഭവപ്പെടുകയും അത് ആസ്വദിക്കാന്‍ കഴിയുകയുമൊക്കെ ചെയ്യുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. സമയം നമ്മുടെ താല്‍പര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആളുകളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുക എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.


? വിദ്യാഭ്യാസ പുരോഗതി മാത്രമാണോ ഇഇപിയിലൂടെ ലക്ഷ്യമിടുന്നത്?

ഇഇപിയിലൂടെ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസം മാത്രമല്ല, ഒരുകൂട്ടം ആളുകള്‍ക്കിടയിലേക്ക് നമ്മള്‍ എത്തുകയും അവരെ സോഷ്യലൈസ് ചെയ്യുകയും ജീവിതത്തില്‍ എത്തിപ്പെടാന്‍ കഴിയാതിരുന്ന പലകാര്യങ്ങളിലേക്കും അവരെ കണക്ട്‌ചെയ്യിക്കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. കൊങ്ങപ്പാടം തന്നെ നോക്കിയാല്‍ അവരെ നാലുചുമരുകള്‍ക്കകത്തുനിന്ന് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് പ്രാധാന്യമുള്ള കാര്യമാണ്.? ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്തങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ ദുരന്തങ്ങളെ മറികടക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഇഇപിയ്ക്ക് സാധിക്കുമോ?

ദളിതരുടെ ഇടയില്‍ ഇത്രയും മിടുക്കരായ കുട്ടികള്‍ ഉണ്ടെന്നറിയണമെങ്കില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു എന്നത് ഒരു മഹാദുരന്തമാണ്. ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ ഏത് ഗവണ്‍മെന്റ് ഭരിച്ചാലും ഇത്തരത്തില്‍ ഒരു സിസ്റ്റം നിലനില്‍ക്കുന്നുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു സ്‌ക്രീനിംഗ് പോലെ. ദളിത് കുട്ടികളെ സ്‌ക്രീന്‍ ചെയ്യുക, വൈവയില്‍ പ്രശ്‌നമുണ്ടാക്കുക, സൂപ്പര്‍വൈസറെ കൊടുക്കാതിരിക്കുക ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മള്‍ കാണേണ്ടതായിട്ടുണ്ട്. എങ്കില്‍പ്പോലും രോഹിത്തിന്റെ മരണം ഒരുസമരമാകുന്നത് അത്തരത്തില്‍ ഒരു നല്ല ഭാഷ ഉപയോഗിക്കുകയും നല്ല കാഴ്ചപ്പാടുണ്ടാകുകയുമൊക്കെ ചെയ്തതിന്റെ ഭാഗമായിട്ടാണ്. ഇതുകൊണ്ടൊന്നും നമ്മള്‍ നിരാശപ്പെട്ടുപോകരുത്. ഭാഷ പ്രധാനപ്പെട്ട ഒരു സംഗതിയാണെന്നുള്ളത് നമ്മള്‍ മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഉണ്ടാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പെര്‍സന്റേജ് കൂട്ടുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. എങ്കില്‍ മാത്രമെ നമുക്കവിടെ ഐക്യപ്പെടാന്‍ കഴിയു.

രോഹിത് വെമുല യഥാര്‍ത്ഥത്തില്‍ ഒരു ക്രീമാണ്. ക്രീമിനെത്തന്നെ ഫോക്കസ് ചെയ്യുക എന്ന ജാതീയമായ ഒരപകടം കൂടി പതിയിരിക്കുന്നുണ്ട്. ഈ അവസരത്തില്‍ നമ്മള്‍ തളരുകയല്ല വേണ്ടത്. ഭാഷയും വളരെ നൂതനമായ അറിവുകളും നല്‍കി റൂറല്‍ ഏരിയകളില്‍നിന്നും ഇത്തരത്തിലുള്ള കുട്ടികളെ ഡവലപ് ചെയ്‌തെടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
സിലബസിന് പുറത്തേക്ക് പഠനം വ്യാപിക്കുക, നെറ്റ് നല്ല രീതിയില്‍

കൈകാര്യം ചെയ്യുക, കൂടുതല്‍ ഡാറ്റാസ്, ഇന്‍ഫര്‍മേഷന്‍സ് കളക്ട് ചെയ്യുക

അങ്ങനെ മാതൃകാപരമായ പഠനരീതി പിന്തുടര്‍ന്നുവന്ന, വളരെ അഡ്വാന്‍സ്ഡ്

ആയിരുന്നയാളാണ് രോഹിത്ത് എന്നാണ് അദ്ദേഹത്തെക്കുറിച്ച് പഠിക്കുമ്പോള്‍

നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊരു

വിദ്യാര്‍ത്ഥിയെ അറിയാന്‍ അദ്ദേഹത്തിന്റെ മരണം സംഭവിക്കേണ്ടിവന്നു.

രോഹിത്തിനെപ്പോലെ നിരവധി വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍

കണ്ടെത്തി പരിശീലിപ്പിച്ച് വിടേണ്ട ഉത്തരവാദിത്തം ഇഇപിയിലൂടെ നമ്മള്‍

ഏറ്റെടുക്കണം. രോഹിത് മാതൃകയാകണം കുട്ടികള്‍ക്ക്. രോഹിതിന്റെ പേരില്‍

സയന്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും ഇംഗ്ലീഷ് ഡ്രാമ, ചിത്രരചന പോലുള്ളവ

കുട്ടികളെ പരിശീലിപ്പിക്കുകയും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരെ

പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ പഠനത്തിനു പുറത്തേക്കും

കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സാധിക്കും.


? കേരളത്തിനു പുറത്തും ഇഇപി പടര്‍ന്നുപന്തലിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചോദിക്കട്ടെ, സ്ഥാപനവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ഇഇപി-യുടെ മുന്നോട്ടുള്ള ഭാവി എങ്ങനെയായിരിക്കും? ഇതിനെ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് ആക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. പഠനം എന്ന ഒരു പ്രക്രിയ വിദ്യാര്‍ത്ഥികളുടെ ശീലമാവുകയും അത് സമൂഹത്തിന്റെ കള്‍ച്ചര്‍ ആയി മാറുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഇഇപിയെന്ന സംവിധാനത്തിന്റെ ആവശ്യമേയില്ല. കൃത്യമായ രീതിയില്‍ ഈ പഠനപ്രക്രിയ നടന്നുകഴിഞ്ഞാല്‍ ഒരു പത്തു വര്‍ഷത്തിനപ്പുറത്തേക്ക് ഇഇപി ഉണ്ടാവാനേ പാടില്ല. അവിടെയാണ് ഇഇപി ഒരു വിജയമാകുന്നത്. വ്യത്യസ്തമായ രീതിയില്‍ ആറ്റിറ്റിയൂഡ് ബില്‍ഡപ്പ് ചെയ്യുന്ന, മാറ്റങ്ങള്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന ഒരു സംഗതിയാണ് ഇഇപി. തുടരെത്തുടരെ സമ്മേളനങ്ങളോ സെമിനാറുകളോ പ്രസംഗമോ നടത്തി പൊതുജനശ്രദ്ധയാകര്‍ഷിക്കേണ്ട ഒന്നല്ല ഇത്. നവമാധ്യമങ്ങളുടെ സഹായത്തോടെ കൂടുതല്‍ ആളുകളിലേക്ക് ഇതിനകം ഇഇപി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇനി ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാതെ, പരസ്യപ്പെടുത്തലുകളില്ലാതെ വളരെ നിശബ്ദമായി രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.


? താങ്കള്‍ സമൂഹത്തോട് സംവദിക്കാന്‍ സിനിമയും ചിത്രകലയും മാധ്യമമാക്കിയ വ്യക്തിയാണെന്നുകൂടി കേട്ടിട്ടുണ്ട് അതിനെക്കുറിച്ച്?

ആ മേഖലയില്‍ ഒരു ശ്രമം നടത്തി എന്നുള്ളതേയുള്ളു. ഷോട്ട് മൂവി ചെയ്തിരുന്നു, 'മെഷീന്‍സ്'. ഖത്തറിലാണത് ചെയ്തത്. സിനിമയോട് താല്‍പര്യമുണ്ട്. പിന്നെ ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. സുഹൃത്ത് ജീവ അതുവച്ച് ഷോട്ട് മൂവി ചെയ്യും, 'ഞാവല്‍പ്പഴങ്ങള്‍'. ഒരു സിനിമയെക്കുറിച്ചും ആലോചനയുണ്ട്, മഹാത്മാ അയ്യന്‍കാളിയെക്കുറിച്ചൊരു സിനിമ. ജീവയുടെ തന്നെ ഡയറക്ഷനില്‍. അത്തരത്തിലൊക്കെയുള്ള ആലോചനകളേയുള്ളു. അല്ലാതെ സിനിമ എന്നുപറയാന്‍ മാത്രം ഒന്നും ചെയ്തിട്ടില്ല. അതേപോലെതന്നെ ചിത്രകലയും. ഇടയ്‌ക്കൊക്കെ ചെയ്യാറുണ്ട്.


? ഒരു വ്യക്തിയ്ക്ക് സമൂഹത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാന്‍ കഴിയണമെങ്കില്‍ ഫാമിലി സപ്പോര്‍ട്ട് അത്യന്താപേക്ഷിതമാണ്. കുടുംബത്തിന്റെ പിന്തുണ എപ്രകാരമാണ്?

വീട്ടില്‍ ഭാര്യ രശ്മിയും മക്കളായ തഥാഗതും താരംഗും അച്ഛനും മാത്രമാണുള്ളത്. ഭാര്യ വലിയ പിന്തുണയാണ് നല്‍കുന്നത്. അച്ഛന്‍ ഒരു പ്രവര്‍ത്തനങ്ങള്‍ക്കും എതിരല്ല. ഒന്നരമാസം കൂടുമ്പോള്‍ എനിക്ക് നാട്ടിലെത്താന്‍ കഴിയുമെങ്കിലും അവധി കിട്ടുന്ന പതിനഞ്ച് ദിവസത്തിന്റെ മുക്കാല്‍ഭാഗവും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മാറിനില്‍ക്കുകയാണ് പതിവ്. എങ്കിലും ഒരിക്കല്‍പ്പോലും പരാതിപറഞ്ഞ് കേട്ടിട്ടില്ല. നന്നായി അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും മനസ്സുകൊണ്ട് തയ്യാറാവാനും കഴിയുന്നത്. അവരുടെ സപ്പോര്‍ട്ട് ഒരു അവിഭാജ്യഘടകം തന്നെയാണ്. എന്റെ ഭാര്യ രശ്മി നല്ലരീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, അത് എടുത്തു പറയേണ്ടതാണ്.


? മാതാപിതാക്കള്‍ ഉദ്യോഗസ്ഥരായിരുന്നതുകൊണ്ട് നല്ലവിദ്യാഭ്യാസം ലഭിക്കുകയും അതുവഴി ഒരുവിദേശ കമ്പനിയില്‍ എഞ്ചിനീയറായി ജോലിനേടുകയും ചെയ്ത സാഹചര്യത്തില്‍ എങ്ങനെയാണ് ഇങ്ങനെയൊരു ട്വിസ്റ്റ് ജീവിതത്തില്‍ ഉണ്ടാകുന്നത്? മറ്റുള്ളവരെ സഹായിക്കാനുള്ളൊരു ടെന്റന്‍സി ചെറുപ്പത്തിലെ മനസ്സിലുള്ളതാണോ അതോ ഒരു സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണോ ഇതെല്ലാം?

''കൃത്യമായ ഒരുത്തരം പറയാന്‍ കഴിയുന്നില്ല. എങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കൂടിയുംകുറഞ്ഞുമൊക്കെ ഞാനും അനുഭവിച്ചിട്ടുള്ളതാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ സമയത്ത് കുട്ടികളെ പഠിപ്പിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്. അപ്പോള്‍ വളരെ പിന്നോക്കംനില്‍ക്കുന്ന കുട്ടികളെവരെ പഠിപ്പിച്ച് നല്ല രീതിയില്‍ റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടേതല്ല പ്രശ്‌നം എന്നാണ് അതില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കുട്ടികള്‍ക്കുവേണ്ടി ഒരു പ്രോഗ്രാം ഇവിടെ കാണുന്നില്ല. കുട്ടികളാണല്ലൊ അടുത്ത തലമുറ. അങ്ങനെയാണ് കുട്ടികള്‍ക്കുവേണ്ടി എഫക്ടീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സില്‍ കടന്നുകൂടിയത്. ചില കാര്യങ്ങള്‍ ചെയ്തുനോക്കി റിസള്‍ട്ടുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അതൊരുരീതിയായി സ്‌പ്രെഡ് ചെയ്യാന്‍ കഴിയും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. ആ ചിന്തയില്‍ നിന്നായിരിക്കണം ഇങ്ങനെയൊന്ന് രൂപപ്പെട്ടതെന്ന് കരുതാം.''- അദ്ദേഹം പറഞ്ഞുനിര്‍ത്തി.നവോദയ സ്‌കൂളുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി മൂല്യവര്‍ദ്ധിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി എജുക്കേഷണല്‍ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവ കൂടാതെ ധാരാളം എന്‍.ജി.ഒ.കളും നമുക്കുണ്ട്. പക്ഷേ, പാര്‍ശ്വവത്കൃതരുടെ വിഭാഗങ്ങള്‍ക്ക് പ്രാപ്യമായ വിധത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇഇപി എന്ന ആശയം യാതൊന്നിനോടും കലഹിക്കുന്നില്ല എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. വിവിധങ്ങളായ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും വേര്‍പെട്ടുപോയ അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെട്ടുപോയ വിദ്യാര്‍ത്ഥികളെ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളിലൂടെ സോഷ്യലൈസ് ചെയ്യുകയും ആഗോള അവസരങ്ങളുടെ സാധ്യതകളിലേക്ക് ബന്ധിപ്പിക്കുകയുമാണ് ഇഇപി ലക്ഷ്യമിടുന്നത്. സാമൂഹ്യനന്മ മാത്രം ലക്ഷ്യമിടുന്ന ഏവര്‍ക്കും ഏറ്റെടുത്ത് വിജയിപ്പിക്കാവുന്ന ഒരു ലളിതമായ പദ്ധതിയാണ് ഇഇപി. നിലവില്‍ ആറോളം ജില്ലകളില്‍ മാതാപിതാക്കളും യുവജനങ്ങളും നെഞ്ചേ റ്റിയ ഈ പദ്ധതി മറ്റു ജില്ലകളിലേ ക്കും വ്യാപിക്കുകയാണ്. വ്യക്തിതാല്‍പര്യങ്ങള്‍ക്കും സംഘടനാ താല്‍പര്യങ്ങള്‍ ക്കും വേണ്ടി മാത്രമായി ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടില്ല എന്നു നമുക്ക് പ്രത്യാശിക്കാം. കാരണം വിദ്യാര്‍ത്ഥികള്‍ കേവലം വ്യക്തികള്‍ മാത്രമല്ല... ഒരു രാഷ്ട്രത്തിന്റെ ഭാവിയും കൂടിയാണ്.

ഇഇപി-യുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക

സി.ഡി.സജിത്കുമാര്‍-97433473608

സുബിത തിരുവനന്തപുരം- 7558907918

കൃഷ്ണന്‍ കാസര്‍ഗോഡ്- 9048180578

ധീരേഷ് അന്‍സേര- 9496656362more details https://www.facebook.co m/groups/1725658421003166

EEP പ്രോഗ്രാം ഡയറക്ടർ മാന്യ സജിത്ത് കുമാർ സി. ഡി യുമായി മാന്യവതി സുബിത തങ്കൻ നടത്തിയ അഭിമുഖസംഭാഷണം. കടപാട് : ഒന്നിപ്പ് മാസിക

Loading Conversation