#

ഷബാസി ഇസെഡ് എസ്സ്
കൊത്തുനേരം : Feb 20, 2016

പങ്കു വെയ്ക്കൂ !

സന്ഘിയും ഫാസ്സിസവും പിന്നെ ചില വേറിട്ട ചിന്തകളും

സംഘികളോട് മത്സരിച്ചു ദേശ സ്നേഹം തെളിയിക്കാനോ ,അവർക്കത്‌ ഇല്ലാ എന്ന് സ്ഥാപിക്കാനോ ആയി മുഖ്യധാര മതേതര വാദികളും സംഘി ഇതര ദേശ സ്നേഹികളും ഇറങ്ങിയെക്കുന്ന ഒരു വേളയിൽ ആണിത് പറയുന്നത് .സംഘികൾ സ്കിപ് ചെയ്യേണ്ടതും നിലവിൽ സംഘികളുമായി മൽപ്പിടുത്തം നടത്തുന്നവർ ചിന്തിക്കേണ്ടതും ഉണ്ട് എന്ന് തോന്നുന്ന കാര്യങ്ങൾ .

നിലവിൽ സംഘി വിരുദ്ധ പക്ഷത്തു / മതേതര-ലിബറൽ പക്ഷത്തു നിന്ന് ഇടപെടുന്ന എല്ലാരോടും പിന്തുണ കൊടുക്കുമ്പോൾ തന്നെ ഇവർക്കൊക്കെ സംഘികളോട് ഉള്ള മെയിൻ പ്രശ്നം സംഘികളുടെ പാരമ്പര്യം മാത്രം ആണെന്ന് തോന്നിപോകും . ഗാന്ധിജിയെ സംഘികൾ വധിച്ചില്ലായിരുന്നു എങ്കിൽ സംഘികൾക്ക് ഇതൊക്കെ ആവാം എന്നോ ,അതല്ല സംഘി അല്ലാത്ത മറ്റേതെങ്കിലും പ്രസ്ഥാനം ആണ് ഇങ്ങനെ ജിങ്കൊയിസ്റ്റ് അതിക്രമം കാണിക്കുന്നത് എങ്കിൽ സാരമില്ലായിരുന്നു എന്നോ ആണ് കണ്ടാൽ തോന്നി പോവുക . മറ്റൊന്ന് സംഘികൾ നിർബന്ധമായും ഒരുവന് ഉണ്ടായിരിക്കേണ്ട മൂല്യങ്ങൾ എന്ന് പറയുന്ന വിട്ടുവീഴ്ച ഇല്ലാത്ത ദേശ ഭക്തി ,കണ്ണടച്ച് പിടിച്ചുള്ള അഖണ്ഡതാ വാദം , ചത്ത്‌ കിടന്നുള്ള ആർമി ഭക്തി ഇവയോടൊക്കെ "ഇതൊക്കെ നിങ്ങളെക്കാൾ ഞങ്ങൾക്കുണ്ട്‌ .ഞങ്ങൾക്ക് മാത്രമേ അതിനുള്ള അവകാശമുള്ളൂ .നിങ്ങൾക്ക് ഇല്ല .നിങ്ങൾ ഗാന്ധിജിയെ വധിച്ചവരാ .." എന്നുള്ള സമീപനം പല ചർച്ചകളിലും കണ്ടു വരുന്നുണ്ട് .ശരിക്കും സംഘികളുടെ മൂല്യങ്ങളെ പൂർണ്ണമായും അംഗീകരിക്കുന്ന എന്നാൽ കക്ഷി രാഷ്ട്രീയപരം ആയി മാത്രം സംഘി അല്ലാത്ത ഒരു മാസ്സ് ഇവിടുണ്ട് എന്നതിന്റെ ഒരു തെളിഞ്ഞ ചിത്രം ഇതിലും വ്യക്തം ആയ ഒരു സാഹചര്യം വേറെയില്ല .

ഒരു വ്യക്തി എന്ത് സംസാരിക്കുമ്പോഴും എഴുതുമ്പോഴും മുദ്രാവാക്യം വിളിക്കുമ്പോഴും ഉള്ള അടിസ്ഥാന മാനദണ്ഡം എന്ന് പറയുന്നത് "ദേശീയതയ്ക്ക് മുറിവേൽക്കാതെ ,ഇരിക്കണം " എന്നും "ശരിക്കും അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ .." അവനെ ബോയ്ക്കോട്ട് ചെയ്യുന്നതിലോ തൂക്കി കൊല്ലുന്നതിലോ പ്രശ്നമില്ല എന്നും മാത്രമല്ല ,അതിലൊക്കെ നിങ്ങളെക്കാൾ ശുഷ്കാന്തി ഞങ്ങൾക്കുണ്ട്‌ എന്ന് കൂടി ചർച്ചയിൽ സംഘി വിരുദ്ധ debatar മാർ പറയുന്നുണ്ട് !ഇതൊക്കെ കഴിഞ്ഞിട്ട് ഞങ്ങൾക്ക് സംഘികളുടെ രാജ്യസ്നേഹ സർട്ടിഫിക്കട്ട് വേണ്ട എന്നും കൂടി പറയും (സർട്ടിഫിക്കട്ട് അല്ല ആൾറെഡി ജിങ്കൊയിസ്ട്ടു ഫാഷിസ്റ്റ്‌ മൂല്യങ്ങളിൽ phd എടുത്തിട്ടാണ് നിങ്ങൾ സംസാരിക്കുന്നത് ).

മതം, ജാതി, പാട്ട്രിയാർക്കി, ലിംഗം തുടങ്ങീ എസ്റ്റാബ്ലിഷ്മെന്റുകളെ കാൽപ്പനികതയ്ക്കൊ "വികാരം വ്രണപ്പെട്ടാലോ .." എന്നീ ഭയങ്ങൾക്കോ വിട്ടു കൊടുക്കാതെ അങ്ങേയറ്റം ഒബ്ജെക്റ്റീവ് ആയി ഇഞ്ചോടിഞ്ച് വിചാരണ ചെയ്യുന്ന, എല്ലാ കാര്യത്തിലും യുക്തിയും മനുഷ്യത്വവും മാത്രം മാനദണ്ഡം ആക്കുന്നവർ പോലും അവർ ഏറ്റവും വെറുക്കുന്ന "പക്ഷെ " എന്ന വാക്ക് വാരിക്കോരി ഉപയോഗിക്കുന്ന അവസ്ഥ കാണുന്നുണ്ട് . ശരിക്കും മേൽപ്പറഞ്ഞ എസ്റ്റാബ്ലിഷ്മെന്റുകളെക്കാൾ കാൽപനികവൽക്കരിക്കപ്പെട്ടു "വിശുദ്ധ പശു " വൽക്കരിക്കപ്പെട്ടു പോയി ദേശീയതയും പട്ടാള ഭക്തിയും എന്നതിന്റെ തെളിവാണ് അത്തരം മൂല്യങ്ങളെ ഒബ്ജെക്റ്റീവ് ആയി വിചാരണ ചെയ്യാൻ സാധിക്കാതെ കേവലം സംഘി വിരുദ്ധ കക്ഷി രാഷ്ട്രീയ ചർച്ചകളിലും "ഭരണഘടന എന്ത് പറയുന്നു എന്ന് നോക്കട്ടെ " എന്ന തീർപ്പിലും കിടന്നു അവർ കറങ്ങുന്നത് .

മനുഷ്യ ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ മതം, കുടുംബം, ഗോത്രം എന്നിവയൊക്കെ പോലെ തന്നെ രൂപം കൊണ്ട് ഒരു എസ്ട്ടബ്ലിഷ്മെന്റ്റ് തന്നെയാണ് ദേശീയതയും. വ്യക്തികളിൽ derived ആയി വരുന്ന ദേശീയ ബോധം എന്നത് സ്വാഭാവികവും പരസ്പര സ്നേഹത്തിനും സഹകരണത്തിനും മറ്റൊരുവന്റെ തുല്യതയെ അംഗീകരിക്കുന്നതിനും ഒരു പരിധിവരെ മനുഷ്യ സമൂഹത്തിനു ഗുണകരവും ആണ് . പക്ഷെ derived ആയി അതില്ലാത്തവനെ അതിലേക്കു വലിചിഴയ്ക്കുന്ന, അതിനെ അംഗീകരിച്ചില്ലെങ്കിൽ കൊല്ലുന്ന, ഏക ശിലാത്മകത ആവശ്യപ്പെടുന്ന, പട്ടാള ശക്തിയുടെ ബലത്തിൽ മാത്രം ഒരു ജനവിഭാഗത്തെ മാപ്പിൽ കൂട്ടി ചേർക്കുന്ന നിർബന്ധിത ദേശീയത എന്നത് മത ഫാഷിസം പോലെ ഫാഷിസം ആണ് . കാര്യങ്ങളുടെ crux ഇതാണ് എന്ന് ഒരു തലമുറയെ മനസ്സിലാക്കി കൊടുക്കാൻ കഴിയാതെ വന്നാൽ മൌലികം ആയ ഒരു മാറ്റവും തങ്ങൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നില്ല എന്നതാണ് മുഖ്യ ധാര ഫാഷിസ്റ്റ്‌ വിരുദ്ധർ / സംഘി വിരുദ്ധർ മനസ്സിലാക്കേണ്ടത് .(‪#‎JNU‬ വിഷയത്തിൽ മുഖ്യധാര രാഷ്ട്രീയ പാര്ട്ടികളുടെ ഇടപെടലുകളെ പൂർണ്ണമായും വില വെയ്ക്കുന്നു. കക്ഷി രാഷ്ട്രീയപരം ആയി സംഘപരിവാറിനു എതിർ നിക്കുന്നവർക്ക് എല്ലാം അവരവരുടെത് ആയ റോൾ ഉണ്ട് . വിമർശനം ഉന്നയിച്ചത് അതെ തുടർന്ന് വരുന്ന ചർച്ചകളുടെ പോക്കിനെയാണ് .)

ഇന്ത്യയിൽ ആണെങ്കിൽ ഇതിന്റെ പ്രധാന പ്രശ്നം ഒരു ശരാശരി പൌരന്റെ ദേശീയതയെ പറ്റിയുള്ള കാൽപ്പനികവൽക്കരിക്കപ്പെട്ട ബൈനറി ആയ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് വല്ല മാതൃഭൂമിയും മനോരമയും വായിച്ചോ അല്ലെങ്കിൽ വല്ല പട്ടാള സിനിമകളും കണ്ടും ആയിരിക്കും . നോർത്ത് ഈസ്ട്ടിന്റെ ഒക്കെ അവസ്ഥകൾ സത്യവും ആയി പുലബന്ധം പോലും ഇല്ലാത്ത വിധം ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്ന് മാത്രമല്ല, മറിച്ചൊന്നു പറയുന്നതിന് ഒരു അപ്രഖ്യാപിത വിലക്കും ഇവിടുണ്ട്. ചെറിയൊരു ഉദാഹരണം പറഞ്ഞാൽ, മീഡിയ വണ്ണിലെ സനീഷിന്റെ ഇടപെടൽ കൊണ്ട് ഫേമസ് ആയ ഒരു ചർച്ച വീഡിയോഅതിൽ JNU അധ്യാപകൻ സച്ചിൻ നാരായണനും സംഘി പ്രതിനിധിയും തമ്മിലെ ഇഷ്യു നോക്കൂ. ദേശീയതയെ പറ്റി ഒരു വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാനും ഒരിടം വേണ്ടേ ഒരു ജനാധിപത്യ വ്യവസ്ഥയിൽ എന്നാണു അദ്ദേഹം ചോദിച്ചത്. മറ്റു എതിരാളികളോട് സാമാന്യം പ്രതിപക്ഷ ബഹുമാനം പുലർത്തിയ സംഘി പ്രതിനിധി മർമ്മത്ത് അടിയേറ്റ പാമ്പിനെ പോലെ ചീറിയത് അത് കേട്ടപ്പോഴാണ്. അതാണ്‌ പറഞ്ഞത് പ്രശ്നവൽക്കരിക്കേണ്ടത് സംഘപരിവാറിന്റെ യോഗ്യതയെ അല്ല, അത് ഊർജ്ജം വലിച്ചെടുക്കുന്ന ജിങ്കൊയിസ്ട്ട് മൂല്യങ്ങളെ തന്നെയാണ്.

("നിങ്ങളൊക്കെ കരുതും പോലെ മീഡിയ വൺ ചർച്ചയിലെ യഥാർത്ഥ ഹീറോ സനീഷ് അല്ല ,അത് സച്ചിൻ നാരായണൻ ആണ്" -മണിച്ചിത്രത്താഴ് / മോഹൻലാൽ .JPEG )

Loading Conversation