#

ശ്യാംലാൽ
കൊത്തുനേരം : Apr 28, 2017

പങ്കു വെയ്ക്കൂ !

സിനിമാസ്കോപ്പ് - ഒരു വായനാനുഭവം


( "Annihilation of Caste" ) ജാതിനിർമൂലനത്തിന് ശേഷം ഞാൻ പിന്നെ ഒറ്റയിരുപ്പിനു വായിച്ചു തീർത്ത പുസ്തകം രൂപേഷ് കുമാർ എഴുതിയ സിനിമാസ്കോപ്പ് എന്ന നോവൽ ആണ്


സിനിമാസ്കോപ്പ് ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെയും, തൊണ്ണൂറുകളുടെയും പാലത്തിലൂടെ രണ്ടായിരത്തി പതിനാറു വരെയുള്ള ഒരു സിനിമയാത്രയാണ്.ഒരു ദേശത്തെ ജനങ്ങളുടെ ജീവിതം/ജീവിതമുന്നേറ്റങ്ങളുടെയും രാഷ്‌ട്രീയവും /ചരിത്രവും പറഞ്ഞ് രൂപേഷ് കുമാർ വായനക്കാരെ കൊണ്ടുപോകുമ്പോൾ അത് തികച്ചും ഒരു ദേശത്തെ ജനങ്ങളുടെ ജീവിതം മാത്രമല്ലെന്നും. അതുപോലെ ഉള്ള ദേശങ്ങൾ (പെരിങ്ങീൽ/ചെവിടിച്ചാലും ) കേരളത്തിൽ മുഴുവനായും ഉണ്ടെന്നും എൺപതുകളുടെയും/രണ്ടായിരങ്ങളുടെയുംകാലത്ത് ജീവിച്ച് വന്നവർക്ക് അവരുടെ ദേശങ്ങളുടെ ചരിത്രവും ചേർത്തു കൂടിവായിക്കുമ്പോൾ മനസിലാകും.

നമ്മൾ എത്രമാത്രം ഒളിഞ്ഞും ,തെളിഞ്ഞും ഗ്രാമ ഭാഷകളിലുടെയും വരേണൃ ജാതി അധികാരത്തിലുടെയും ജാതിവ്യവസ്ഥ നിലനിർത്തിയാണ് ഒരു സമൂഹത്തെ കണ്ടിരുന്നത് എന്നും.(ഇപ്പോഴും) എല്ലാതരം ജാതി മലയാളികളെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ നോവൽ.


കില്ലെർ സന്നെക്സ് ജീൻസ് ധരിച്ചു നടന്ന രാജു എന്ന നോവലിലെ നായകൻ, കോളേജ് കാലത്തെ കൗമാരക്കാരന് ഇവിടെ എന്തെങ്കിലും വിപ്ലവം വരണം എന്ന അതിയായ തോന്നലിൽ എസ്.എഫ്.ഐയിൽ ചേരുന്നതും. പക്ഷെ ദളിതൻ എത്ര വന്നാലും അവന് കമ്മ്യൂണിസ്റ്റ് (കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രമല്ല) പ്രസ്ഥാനം കൊടുക്കുന്ന സ്ഥാനം വളരെ നന്നായി നോവലിൽ വിശദീകരിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസ ഇടങ്ങളിൽ പോലും പിന്തുടരുന്ന ജാതിയ ചോദ്യം ചെയ്യലുകൾ, സിനിമകൾ കണ്ട് അതിലെ നായകൻ ധരിക്കുന്ന പോലുള്ള വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങിയാൽ കേൾക്കുന്ന ജാതിയ തമാശകൾ, ഇങ്ങനെ ഉള്ള ഒരു ജാതിസമൂഹത്തിൽ നിന്നും വളർന്നു വരുന്ന യുവാവ്. ഒരു പോസ്റ്ററിൽ നിന്ന് തുടങ്ങുന്ന സിനിമ പ്രണയം ടി.വിയിൽ തുടങ്ങി, പീരുമേട്ടിലെ ഒരു രൂപ ടിക്കറ്റിൽ. തുണി വലിച്ചു കെട്ടി സിനിമ പ്രദർശിപ്പിക്കുന്നത്തിൽ കണ്ടു , വി.സി.പിയിലും ,സി.ഡിയും, ഡി. വിഡിയും, കടന്നു മൊബൈലിലും, ലാപ്ടോപ്പിലും എത്തി നിൽക്കുന്ന ചരിത്രം പറയുമ്പോൾ. ദൂരദർശനിൽ രാമാനന്ദ സാഗർ അവതരിപ്പിച്ച രാമായണവും അത് കഴിഞ്ഞ വന്ന മഹാഭാരതവും അതു കഴിഞ്ഞ് അഞ്ചുവർഷം ആകുമ്പോൾ ബാബറി മസ്ജിദ് പൊളിക്കപ്പെടുന്ന രാഷ്‌ട്രീയവും എല്ലാം തെളിച്ചു പറയുന്നു രാജുവിൻറെ സിനിമയാത്രയിലുടെ ഉള്ള ഈ നോവലിൽ.

സിനിമാകാണി ആയി ജീവിച്ച് സിനിമാ സംവിധായകൻ ആയി മാറാൻ ശ്രമിക്കുന്ന ഒരാളുടെ കഥയായി നോവലിൽ പറയുമ്പോൾ തന്നെ. രാജു എന്ന നായകൻറെ രാഷ്ട്രീയ മാറ്റവും/ ദേശത്തെ ചരിത്രവും സത്യസന്ധമായി തന്നെ നോവലിൽ നിറഞ്ഞു നിൽക്കുന്നു . "മാടായിപ്പാറയിൽ" "ഒരണക്കും,രണ്ടണക്കും" പെരിങ്ങീയിൽ പണി എടുക്കാൻ വിറ്റ് വില വാങ്ങിയ അപ്പൂപ്പന്മാരുടെയും, ശ്രീധരൻ നമ്പ്യാരും കൂട്ടരും ഡബിൾ ബാരൽ തോക്ക് ചൂണ്ടി പെരിങ്ങീലിലുള്ള ജനങ്ങളെ പേടിപ്പിച്ചു നിർത്തി ജീവനോടെ ചവുട്ടി താഴ്ത്തി ശാസം മുട്ടിച്ചു കൊന്ന കാര്യവും, പൊട്ടൻ തെയ്യം കെട്ടി ആട്ടുന്നാ ബാപ്പൂട്ടിയുടെയും, ഭാര്യ ആയ നാരാണിയുടെ ചരിത്രവും. ഹിന്ദുമതത്തിന്റെ ജാതിവ്യവസ്ഥയെ തുറന്നു കണ്ടിയിരുന്ന പൊട്ടൻ തെയ്യം പിന്നെ ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമായി മാറ്റിയ സവർണതയും, അച്ഛമ്മയുടെ പേര് വിളിച്ച് ചെറിയ പ്രായമുള്ള നമ്പ്യാർ കമ്മ്യൂണിസ്റ്റുകാരുടെ ജാതി വിരുദ്ധ വിപ്ലവും എല്ലാം തന്നെ നോവലിൽ തുറന്ന് കാട്ടുന്നുണ്ട്. കണ്ടൽകാടുകൾ വെച്ചു പിടിപ്പിച്ചു അംബേദ്കർ രാഷ്ട്രീയം ആണ് ജനങ്ങള്കക്കും പരിസ്ഥിതിക്കും ആവശ്യമെന്ന് പറഞ്ഞ കല്ലേൻ പോക്കുടൻറെയും,മീനാക്ഷി വല്ല്യമ്മയുടെയും/കൃഷ്ണാപ്പൻറെയും/നവാസിൻറെഉമ്മയുടെയും മരണം വലിയൊരു വേദനയായി ഉണ്ട് നോവലിൽ.

ഇങ്ങനെ ഓരോരോ മനുഷ്യൻമാരുടെയും പലതരത്തിലുള്ള സ്ഥലങ്ങളിലുടെയും രാജുവിൻറെ പ്രണയജീവിതവും, സംസാരിക്കാനും എഴുതാനും ഉള്ള ഇടം ഇല്ലാത്ത രാജുവിൻറെ സമൂഹത്തിന് എത്രമാത്രം രാഷ്ട്രീയമുന്നേറ്റഉപകരണങ്ങൾ ആയി സോഷ്യൽ മീഡിയകൾ മാറി എന്നുള്ളതും എല്ലാം തന്നെ ഓർമ്മിപ്പിക്കുന്നു ഈ നോവൽ.


നോവലിൽ ദേശവും/രാഷ്‌ട്രീയവും /ചരിത്രവും /ജീവിതവും/പ്രണയവും എല്ലാം പറയുമ്പോൾ കൂടെ പയ്യന്നൂർ "ശോഭ" ടാക്കീസും, "ആരാധന" ടാക്കീസിലെ തോണ്ണൂറുകളിലെ "ഉഴൈപ്പാളിയും" "ജാക്കി ചാൻ" സിനിമകളും മറ്റ് ഇടങ്ങളിലെ "സാഗരം സാക്ഷിയും" "ഉപ്പുകണ്ടവും" "കിന്നാരത്തുമ്പിയും" "ദളപതിയും" "സപ്തമശ്രീസ്കരഃയും" "കലിയും" "സിനിമ പാരഡീസോയും" "കബാലിയും" "ഗാന്ധി ഉടുപ്പഴിച്ചതിനും അംബേദ്കർ കോട്ട് ഇട്ടതിനും കാരണമുണ്ട് " എന്ന ഡയലോഗും, എല്ലാം തന്നെ നോവലിനോട് ഇഴ ചേർത്ത് പശ്ചാത്തല സീനുകൾ പോലെ വരുന്നുണ്ട്.

മൊത്തത്തിൽ വളരെ പുതിയ ഒരു വായന അനുഭവം തരുന്നു ഇ "സിനിമാസ്കോപ്പ്" .


ഇ.വി. അനിലെട്ടൻറെ വര രാഷ്ട്രീയമായി ഒന്നിന് ഒന്ന് മികച്ച് നിൽക്കുന്നു..

അഭിനന്ദനങ്ങൾ രൂപേഷ് ഏട്ടാ..!
-ആമി ബുക്സിനും..!

Loading Conversation