#

സുദീപ് കെ എസ്
കൊത്തുനേരം : Oct 05, 2016

പങ്കു വെയ്ക്കൂ !

ജാതിഭേദവും മതദ്വേഷവുമില്ലാത്ത ജീവിതത്തിന്റെ സാധ്യതകൾ

ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ജീവിതം സാധ്യമാണോ? ഇന്ത്യൻ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഒരു ചോദ്യമാണിത്. ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നു തിരിച്ചറിയുമ്പോൾത്തന്നെയും ആ സാധ്യതകൾ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ശ്രീനാരായണഗുരുവിനെ ബി ജെ പിക്കാരും സി പി എം കാരും ഒക്കെ കൊണ്ടുനടക്കുന്ന ഈ കാലത്ത് ഗുരുവിന്റെ ചിന്തകളെ കൂടുതൽ മനസ്സിലാക്കാനും അതിലൂടെ മേൽപ്പറഞ്ഞ ചോദ്യത്തിലെ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാനുമാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ദൈവത്തെയും വിശ്വാസത്തെയും മതങ്ങളെയും പറ്റിയുള്ള എന്റെ ചിന്തകളെ ശ്രീനാരായണഗുരു പരോക്ഷമായി എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നു തിരിച്ചറിയാനും സഹായിക്കുന്നു ഈ എഴുത്ത്.

'നമുക്കു ജാതിയും മതവുമില്ല' എന്നതിലൊതുക്കാമോ ഗുരുവിനെ?

'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല' എന്നു പറഞ്ഞു ശ്രീ നാരായണ ഗുരു 1916 മെയ് 22ന് ‘പ്രബുദ്ധകേരളം’ മാസികയിൽ പരസ്യം നൽകിയതിന്റെ നൂറാം വാർഷികം സി പി എമ്മും പുരോഗമന കലാ സാഹിത്യ സംഘവും വിപുലമായി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. "ശ്രീനാരായണ ഗുരുവിന്‍റെ ’നമുക്കു ജാതിയില്ല’ വിളംബരത്തിന്‍റെ നൂറാം വാര്‍ഷികം നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയവരായ ചട്ടമ്പി സ്വാമിയുടേയും അയ്യന്‍കാളിയുടേയും ജയന്തി ദിനങ്ങളായ ആഗസ്റ്റ് 24 മുതല്‍ ആഗസ്റ്റ് 28 വരെ സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സാംസ്കാരിക ഘോഷയാത്രകളും, സംഗമങ്ങളും, പ്രഭാഷണങ്ങളുമായി സംഘടിപ്പിക്കുന്നതാണ്" എന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നത്. "ജാതിക്കും മതത്തിനും അതീതമായി പ്രവര്‍ത്തിക്കുകയും അതിനെതിരായുള്ള സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ശ്രീനാരായണ ദര്‍ശനത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച് ആശയത്തെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രചരിപ്പിക്കുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിന്‍റെ ഭാഗമായാണ് സി.പി.ഐ (എം) ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്" എന്നും അതിൽ പറയുന്നു. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റും ഗുരുധര്‍മ്മ പ്രചരണസഭയും സംയുക്തമായി സംഘടിപ്പിച്ച 'നമുക്കു ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചതും ഇതേ പ്രഖ്യാപനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സിബിസി വാര്യര്‍ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് സംഘടിപ്പിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതും ഇതിനോടു ചേർത്തു കാണാവുന്നതാണ്.

'മാതൃഭൂമി'യിലും 'ദേശാഭിമാനി'യിലും 'ജന്മഭൂമി'യിലും ഈ പ്രഖ്യാപനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. 'മഠം മാത്രമല്ല, എല്ലാ മനുഷ്യരും ആഘോഷിക്കേണ്ട സുദിനമാണത്' എന്ന് ശ്രീ. രഘുവരൻ 'ജന്മഭൂമി'യിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 'ഒരുപക്ഷേ, അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയ്ക്കുശേഷം ഗുരുവിൽനിന്ന് കേരളത്തിനു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായിരിക്കും അത്' എന്ന് ഈ വിളംബരത്തെപ്പറ്റി ശ്രീ. അശോകൻ ചരുവിൽ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ നിരീക്ഷിക്കുന്നു.

ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ആളല്ല താനെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഈ പരസ്യ വിളംബരത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തിയെ മാനിക്കുമ്പോൾത്തന്നെ ഗുരുവിന്റെ ചിന്തകളിൽ ഈയൊരു വിളംബരത്തിനു മാത്രമായി കിട്ടുന്ന ഈ അംഗീകാരം അല്പം പ്രശ്നമുള്ള ഒന്നാണ് എന്നാണെനിക്കു തോന്നുന്നത്. ഇടതുപക്ഷം, സംഘപരിവാരം എന്നിങ്ങനെ ഗുരുവിന്റെ ജാതിവിരുദ്ധവും മതദ്വേഷത്തിനെതിരുമായ ചിന്തകളെ അംഗീകരിക്കാൻ തയ്യാറാവാതിരുന്നിട്ടുള്ള പലർക്കും ഈയൊരു പരസ്യം മാത്രം അങ്ങേയറ്റം സ്വീകാര്യമാവുന്നു എന്നത് കേവലമൊരു യാദൃച്ഛികതയല്ല എന്നും കരുതേണ്ടിയിരിക്കുന്നു. എസ് എൻ ഡി പി വഴിതെറ്റിപ്പോവുന്നു എന്നുകണ്ട ഗുരു തന്റെ അവസാന കാലത്ത് ഒരു തിരുത്തലായാണ് ഈ പരസ്യം നൽകിയത് എന്ന വാദവും സജീവമാണ് എന്നതുകൊണ്ട് ആ പരസ്യത്തിനു ശേഷമുള്ള ഗുരുവിനെക്കൂടി വായിക്കാനും ജാതി, മതം, ദൈവം തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ചിന്തകളെ കുറച്ചുകൂടി നന്നായി മനസ്സിലാക്കാനും ഒന്നു ശ്രമിച്ചുനോക്കുകയാണ്.

അഭിലഷണീയമല്ല ജാതി

'അതിന്റെ ആദ്യരൂപത്തിൽ അത്യാവശ്യവും അഭിലഷണീയവുമായിരുന്ന, വ്യക്തിവികാസത്തിനും സ്വാതന്ത്ര്യത്തിനും ഉദ്ദേശിച്ചുള്ളതായിരുന്ന' ജാതി 'പിന്നീട്' ചീത്തയായിപ്പോയി എന്നും അതിന്റെ ഉദ്ദേശങ്ങളിൽ നിന്നു വഴിതെറ്റിപ്പോയി എന്നുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 'ഡിസ്കവറി ഓഫ് ഇന്‍ഡ്യ' എന്ന പുസ്തകത്തിൽ പറയുന്നത്. ("Caste, which was necessary and desirable in its early forms, and meant to develop individuality and freedom, had become a monstrous degradation, the opposite of what it was meant to be, and had crushed the masses", Pt. Jawaharlal Nehru, Discovery of India). ഇനി കേരളത്തിലേയ്ക്കു വന്നാലാകട്ടെ, "കേരളത്തിനുമാത്രമല്ല ഇന്ത്യക്കാകെ തന്നെ ആര്യബ്രാഹ്മണരില്‍ നിന്നു കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി" (കേരളം മലയാളികളുടെ മാതൃഭൂമി, പേജ്: 51) "പെരുമാള്‍ ഭരണകാലത്തും അതിന്റെ അവസാന ഘട്ടത്തിലുമായി ജാതി, ജന്മി നാടുവാഴി മേധാവിത്വം നിലവില്‍ വന്നു. കേരളത്തിലെ സമൂഹത്തേയും സംസ്‌കാരത്തേയും വളര്‍ത്താന്‍ ഇതു സഹായിച്ചു. ഈ ജാതിവ്യവസ്ഥയുടെ കീഴിലാണ് മലയാളികള്‍ സ്വന്തം വ്യക്തിത്വമുള്ള ഒരു ജനതയായി രൂപം കൊണ്ടത്." (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍, പേജ് 276) 'ഇന്ത്യക്കാരായ നമുക്ക് അഭിമാനജനകമായ ഈ ചരിത്രം രൂപപ്പെടുത്തിയവരെ 'ആര്യന്മാര്‍' എന്ന പേരില്‍ ചരിത്രം അറിയുന്നു" (വേദങ്ങളുടെ നാട്, പേജ് 8) "ജാതിസമ്പ്രദായം അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്‌കാരം ഉയരുമായിരുന്നില്ല" (കേരളം മലയാളികളുടെ മാതൃഭൂമി, പേജ് 53) എന്നിങ്ങനെയാണ് ശ്രീ. ഇ എം എസ് നമ്പൂതിരിപ്പാട് ജാതിയെപ്പറ്റി തന്റെ പല പുസ്തകങ്ങളിലായി പരാമർശിച്ചിട്ടുള്ളത്. (ശ്രീ. കല്ലറ സുകുമാരൻ 'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം' എന്ന പുസ്തകത്തിൽ ഉദ്ധരിച്ചതാണ് മേൽപ്പറഞ്ഞ ഗ്രന്ഥഭാഗങ്ങൾ. പ്രസിദ്ധീകരിച്ചത് ബഹുജന്‍ സാഹിത്യ അക്കാദമി കോഴിക്കോട്, 2010).

ജാതിപരമായ വിവേചനങ്ങൾ ആവശ്യമായിരുന്നു എന്നും അഭിലഷണീയമായിരുന്നു എന്നും അത് നമുക്കുള്ള ആര്യന്മാരുടെ സംഭാവനയായിരുന്നു എന്നുമൊക്കെ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളായ ബ്രാഹ്മണർ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽപ്പോലും പറഞ്ഞുകൊണ്ടിരുന്നു എന്നോർക്കുമ്പോഴേ ശ്രീനാരായണഗുരുവിന്റെ സന്ധിയില്ലാത്ത ജാതിവിരുദ്ധ നിലപാടുകളുടെ ആഴവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽത്തന്നെ അത്തരമൊരു നിലപാടെടുക്കുന്നതിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാൻ കഴിയൂ.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും ;
സോദരത്വേന വാഴുന്നമാതൃകാസ്ഥാനമാണിത്

എന്ന് 1888-ൽ തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കു സമീപം അദ്ദേഹം എഴുതിവയ്ക്കുകയുണ്ടായി. 'ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' എന്നും 'നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?' എന്നും ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല’ എന്നുമെല്ലാം തന്റെ ജീവിതത്തിലെ പല അവസരങ്ങളിലായി പറഞ്ഞുവച്ച നാരായണഗുരു ജാതീയമായ വ്യത്യാസങ്ങളെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ സമൂഹപുരോഗതി സാധ്യമാവൂ എന്നും ജാതിവ്യവസ്ഥ ഒരുതരത്തിലും അഭിലഷണീയമോ അഭിമാനകരമോ ആയ ഒന്നല്ല എന്നും അന്നേ തിരിച്ചറിഞ്ഞിരുന്നു.

ദൈവമുള്ള, മതമുള്ള, മതദ്വേഷമില്ലാത്ത ലോകം

ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ കേരളം കേട്ട ആദ്യത്തെ 'secular sermons' ആണെന്നാണ് 'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന പുസ്തകത്തിൽ ശ്രീ. കെ പി അപ്പൻ നിരീക്ഷിക്കുന്നത്. എന്നാൽ ആ വചനങ്ങൾ 'സെക്കുലർ' ആവുന്നത് നാം ആ വാക്കിനെ ഇന്നറിയുന്ന അർത്ഥത്തിലല്ല. യൂറോപ്പിൽ രൂപപ്പെട്ട 'മതത്തിൽ നിന്നു മുക്തമായ രാഷ്ട്രം' എന്ന അർത്ഥത്തിലുള്ള സെക്കുലറിസത്തിത്തിൽ നിന്നും അതിനെ തങ്ങളുടെ സമൂഹത്തിലെ ജാതി / മത അധികാര സ്ഥാപനങ്ങളെ നോവിക്കാത്ത രീതിയിൽ 'എല്ലാ മതങ്ങളുടെയും പുരോഹിത വർഗ്ഗത്തെ മാനിക്കുന്ന' ഒന്നായി രൂപാന്തരപ്പെടുത്തിയ നെഹ്രുവിയൻ 'ഇന്ത്യൻ സെക്കുലറിസ'ത്തിൽ നിന്നും ഒരേ സമയം വേറിട്ടു നിൽക്കുന്നു ഗുരുവിന്റെ ഈ 'സെക്കുലർ' സുവിശേഷങ്ങൾ. ജാത്യാധികാരത്തിൽ അധിഷ്ടിതമായ പുരോഹിതവർഗ്ഗങ്ങളുടെ മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നതും അതേസമയം ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുമായ ഒന്നാണത്. മേലുദ്ധരിച്ച അരുവിപ്പുറത്തെ പ്രശസ്തമായ ആലേഖനം തന്നെ നോക്കുക -- മതം പാടില്ല എന്നോ മതഭേദം പാടില്ല എന്നോ അല്ല അതിൽ പറയുന്നത്, 'മതദ്വേഷം' കൂടാതെ 'സോദരത്വേന വാഴുന്ന' സ്ഥലമാണിത് എന്നാണ്. അതോടൊപ്പം തന്നെ ജാതിഭേദമില്ല എന്നുറപ്പിക്കുകയും ചെയ്യുന്നു അത്.

ഒരു ദശകത്തിനുള്ളിൽ നൂറിലേറെ ആരാധനാ കേന്ദ്രങ്ങൾ ശ്രീ നാരായണഗുരു സ്ഥാപിച്ചതായി The Word of the Guru എന്ന പുസ്തകത്തിൽ നാരായണ ഗുരുവിന്റെ ശിഷ്യനായ ശ്രീ. നടരാജഗുരു പറയുന്നുണ്ട്. ("Within a period of less than a decade he established more than a hundred places of worship on the west coast of India alone" -- Nataraja Guru, The Word of The Guru, D.K. Printworld, New Delhi, 2003). ജനജീവിതത്തിൽ ആരാധനാലയങ്ങൾക്കുള്ള പ്രസക്തി മനസ്സിലാക്കിയ ഒരാളാണ് ഗുരു എന്നാണ് ഇതിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത്. അതും 'സെക്കുലർ' എന്ന വാക്കിന്റെ ഉപയോഗിച്ചുറച്ച അർത്ഥങ്ങൾക്കു പുറത്താണ്.

"മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കുമനുസരിച്ചു ഭിന്നമതങ്ങള്‍ കൂടിയേ തീരൂ. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഒറ്റമതം ഉണ്ടാവാന്‍ പ്രയാസമാണ്. എന്റെ മതം സത്യം, മറ്റുള്ളവരുടെ മതം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായിട്ട് നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യുവാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറയുന്നതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അര്‍ത്ഥമുള്ളൂ.."

അച്യുതന്‍ മേസ്തിരി എന്നൊരാൾ കൊല്ലം പട്ടത്താനത്ത് പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ അവസരത്തില്‍ ഗുരു നടത്തിയ പ്രസംഗമാണിത്. കുമാരനാശാന്‍, സി വി കുഞ്ഞുരാമന്‍, ടി കെ മാധവന്‍ തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. 'ജാതിയില്ലാ വിളംബര'ത്തിനു ശേഷം ഒന്നുരണ്ടു മാസത്തിനുള്ളിൽ നടന്ന ഈ പ്രസംഗത്തിലെ ചില വരികൾ ആ വിളംബരത്തിലെ വരികളെ ഒന്നുകൂടി വിശദീകരിക്കുന്നതായി കാണാം. 1916 ജൂലായ് 16-ലെ 'സ്വദേശാഭിമാനി' പത്രത്തിൽ ഇതു പ്രസിദ്ധീകരിച്ചുവന്നു (സി ആർ കേശവൻ വൈദ്യർ, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, ഡി സി ബുക്സ് കോട്ടയം, 1990).

ദൈവവിശ്വാസത്തെക്കുറിച്ച് ഗുരു നടത്തിയിട്ടുള്ള നിരീക്ഷണങ്ങളും പ്രസക്തമാണ്. ശ്രീ. സി വി കുഞ്ഞിരാമനുമായുള്ള പ്രശസ്തമായ ഒരു സംഭാഷണത്തിൽ "നാസ്തികവാദം ചില വ്യക്തികൾ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം മാത്രമാണ്. അതൊരിക്കലും ഒരു സമുദായത്തിന്റെ മതമായിരുന്നിട്ടില്ല" എന്നും "ബുദ്ധമതം നാസ്തികമതമായിരിക്കാൻ ഇടയില്ല. ശുദ്ധനാസ്തികമതത്തിൽ ഒരു ജനസമുദായത്തിന് ഇത്ര ദീർഘകാലം നിലനിൽക്കുക എന്നുള്ളതു സംഭവ്യമല്ല" എന്നും ശ്രീനാരായണഗുരു പറയുന്നു. "എല്ലാ മതങ്ങളുടെയും ഉദ്ദേശം ഒന്നുതന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടൽ എന്നുമുണ്ടോ? ജീവാത്മാക്കൾക്ക് ഊർദ്ധ്വമുഖത്വം ഉണ്ടാക്കാനുള്ള അധികാരമേ മതങ്ങൾക്കുള്ളൂ, അതുകഴിഞ്ഞാൽ സൂക്ഷ്മം അവർ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും" എന്നും. ശ്രീ. സി. വി. കുഞ്ഞുരാമൻ ലേഖനരൂപത്തിൽ എഴുതിയ ഈ സംഭാഷണം 1925 ഒക്ടോബർ 8-ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചുവന്നു. (കെ. ദാമോദരൻ, ശ്രീനാരായണഗുരുസ്വാമി ജീവചരിത്രം. ശ്യാം ബാലകൃഷ്ണൻ സമന്വയം നിർവ്വഹിച്ച 'മൗനപ്പൂന്തേൻ' എന്ന പുസ്തകത്തിൽ പുനഃപ്രസിദ്ധീകരിച്ചത്).

മതം മാറ്റത്തെപ്പറ്റി

മതം മാറ്റത്തെപ്പറ്റി വളരെ ഉദാരമായ ഒരു മനോഭാവമായിരുന്നു ശ്രീനാരായണഗുരു വച്ചുപുലർത്തിയത്. "ഹിന്ദുമതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളിൽ അറിയപ്പെടുന്ന മതങ്ങളിൽ ചേർന്നിരിക്കുന്നവരിൽ ഒരാൾക്ക് ആ മതത്തിൽ വിശ്വാസമില്ലെന്നു വന്നാൽ ആ മതം മാറുക തന്നെയാണു വേണ്ടത്. വിശ്വാസമില്ലാത്ത മതത്തിൽ ഇരിക്കുന്നതു ഭീരുതയും കപടതയുമാണ്. അവൻ മതം മാറുന്നത് അവനും നന്നാണ്, വിശ്വാസമില്ലാതായ മതത്തിനും നല്ലതാണ്" എന്നാണ് മേൽസൂചിപ്പിച്ച സംഭാഷണത്തിൽ അദ്ദേഹം ശ്രീ. സി വി കുഞ്ഞിരാമനോടു പറയുന്നത്.

1923 മെയ് 30-ന്, കേരളത്തിലെ ഈഴവർക്കിടയിൽ മതപരിവർത്തനത്തെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും ചൂടുപിടിച്ചുനിന്ന കാലത്ത്, സഹോദരൻ അയ്യപ്പനുമായി ഗുരു നടത്തിയ സംഭാഷണവും പ്രശസ്തമാണ്. അതിൽ അദ്ദേഹം പറയുന്നു, "മതം മാറണമെന്നു തോന്നിയാൽ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം.. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകന് ഇഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്, അതാണു നമ്മുടെ അഭിപ്രായം." (കോട്ടുക്കോയിക്കൽ വേലായുധൻ, ശ്രീനാരായണഗുരു, കറന്റ് ബുക്സ് കോട്ടയം, 2007).

സെമിറ്റിക് മതങ്ങളിലേക്കുള്ള മതം മാറ്റത്തെ വലിയൊരു കുറ്റമായും രാജ്യദ്രോഹമായും കാണാൻ ശ്രമിക്കുകയും ബലം പ്രയോഗിച്ചും അല്ലാതെയുമുള്ള 'ഘർ വാപ്പസി' ആഘോഷമാവുകയും ചെയ്യുന്ന ഇക്കാലത്ത് മതം മാറ്റത്തെപ്പറ്റിയുള്ള ഈ 'ലിബറൽ' ചിന്തകൾ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

മതാതീതമായ സ്വീകാര്യതയുടെ രാഷ്ട്രീയം

മതങ്ങളുടെ പരസ്പര വിദ്വേഷമില്ലാത്ത സഹവർത്തിത്വത്തെക്കുറിച്ച് ധാരാളമായി ചിന്തിക്കുകയും പറയുകയും ചെയ്ത ആളായതുകൊണ്ടുകൂടി ആകണം ശ്രീനാരായണഗുരു കേരളത്തിൽ 'ഹിന്ദു'മതത്തിനു പുറത്തും സ്വീകാര്യനായത്. ശ്രീനാരായണഗുരുവിനെ പ്രവാചകരിൽ ഒരാളായി കണ്ടുകൊണ്ട് 'ശ്രീനാരായണഗുരു - പ്രവാചകസങ്കല്പത്തിന്റെ കേരളീയ ആവിഷ്കാരം' എന്ന പേരിൽ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ഒരു പുസ്തകം തന്നെ എഴുതുകയുണ്ടായി (1993). 'ദൈവദശക'ത്തിലെ 'നാവികൻ നീ ഭവാബ്ധിക്കൊരാവിവൻതോണി നിൻപദം' എന്ന വരിയിലെ ദൈവസങ്കല്പം സെമിറ്റിക് മതങ്ങളോട് സാദൃശ്യമുള്ള ഒന്നാണ് എന്ന് കവി ശ്രീ. പി എൻ ഗോപീകൃഷ്ണൻ നിരീക്ഷിക്കുകയുണ്ടായി ('ഗുരുവിന്റെ ലോകം' സെമിനാർ, കൊടുങ്ങല്ലൂർ, ഒക്ടോബർ 2015). ഗുരുവിന്റെ ഏകദൈവസങ്കല്പം ഇസ്‌ലാമിലെ ദൈവസങ്കല്പത്തോട് സാദൃശ്യമുള്ള ഒന്നാണ് എന്ന് ശ്രീ. കെ സുകുമാരനും അഭിപ്രായപ്പെട്ടിട്ടുണ്ട് ("ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല..' - കെ. സുകുമാരൻ, അവർണർക്ക് നല്ലത് ഇസ്‌ലാം, ബഹുജൻ സാഹിത്യ അക്കാദമി കോഴിക്കോട്, 2005)

ഇന്ത്യയിലെ ദലിത് ബഹുജൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും എടുത്തു പറയേണ്ടതാണ്. ബഹുജൻ സമാജ് പാർട്ടി തങ്ങളുടെ രാഷ്ട്രീയത്തിന്റെ പ്രചോദനമായി ഉയർത്തിക്കാട്ടുന്ന വ്യക്തിത്വങ്ങളിൽ ഡോ. ബി ആർ

Dr Ambdkar Park

അംബേഡ്കറിനും മഹാത്മാ ജ്യോതിബാ ഫുലെയ്ക്കും ഛത്രപതി ഷാഹുജി മഹാരാജിനും പെരിയാർ ഇ വി രാമസ്വാമിയ്ക്കും ഒപ്പം ഗുരുവിന്റെ പേരുമുണ്ട്. 'ശ്രീനാരായണ പ്രസ്ഥാനത്തിന്റെ കീഴാളപക്ഷം' എന്ന ലേഖനത്തിൽ ശ്രീ. കെ കെ കൊച്ച് ഈ സ്വീകാര്യതയെ സ്വാതന്ത്ര്യസമരകാലത്ത് ഗുരു ഹിന്ദു ദേശീയതയുടെ 'പ്രൊജക്റ്റി'നെ തള്ളിക്കളഞ്ഞതുമായി കൂട്ടിവായിക്കുന്നു : "ദേശീയപ്രസ്ഥാനത്തിന്റെ ധാർമ്മിക കർമ്മം ജാതിവ്യവസ്ഥ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ മറച്ചുവച്ചുകൊണ്ടുള്ള ഹിന്ദുസമുദായ രൂപവൽക്കരണമായിരുന്നു. അഖണ്ഡ രാഷ്ട്രവാദത്തെയും ഹിന്ദുമത/സമുദായ രൂപവൽക്കരണങ്ങളെയും ഗുരു പ്രതിരോധിക്കുന്നത് ദേശീയ പ്രസ്ഥാനത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മതപരവും മതവിരുദ്ധവും ഭാഷാപരവും പ്രാദേശികവുമായ അധ:സ്ഥിതോന്മുഖമായ സ്വത്വരൂപവൽക്കരണങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ്.." "ശ്രീനാരായണ മൂല്യമണ്ഡലം ദലിതർക്കും സ്വീകാര്യമാവുന്നത് സമുദായ സ്വത്വരൂപവൽക്കരണത്തിന് അതു നൽകിയ സംഭാവനകളിലൂടെയാണ്." (നാരായണഗുരു പുനർവായനകൾ, എഡി. പ്രദീപൻ പാമ്പിരിക്കുന്ന്, പ്രോഗ്രസ് പബ്ലിക്കേഷൻ കോഴിക്കോട്, 2016).

കേരള 'നവോത്ഥാന'ത്തിൽ അദൃശ്യരായിപ്പോയവരുടെ തുടർച്ച

നമ്മുടെ ചരിത്രപുസ്തകങ്ങളിൽ കേരളത്തിലെ 'നവോത്ഥാന'ത്തെക്കുറിച്ചു പറയുമ്പോഴൊന്നും ശ്രീനാരായണഗുരുവിന്റെ പേര് പരാമർശിക്കാതെ പോവാറില്ല. ചട്ടമ്പി സ്വാമികൾ, വി ടി ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭൻ എന്നിങ്ങനെയുള്ള ചില പേരുകളും മിക്കപ്പോഴും കേൾക്കാറുള്ളതാണ്. എന്നാൽ അതല്ല അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും അടക്കമുള്ള മറ്റുപല നവോത്ഥാന നായകരുടെയും അവസ്ഥ. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന പുസ്തകത്തിൽ അയ്യൻകാളിയുടെ പേരു 'വിട്ടുപോയ'തിന് ഇ എം എസ് പറഞ്ഞ ന്യായം അദ്ദേഹത്തിന് അതെഴുതുന്ന സമയത്ത് അയ്യൻകാളിയെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ്. അങ്ങനെ അറിയപ്പെടാതെ പോയ പലരുടെയും സമരങ്ങളുടെയും സാമൂഹ്യ പരിഷ്കരണങ്ങളുടെയും തുടർച്ചയായി വേണം ശ്രീനാരായണഗുരുവിന്റെ 'നവോത്ഥാന'ത്തെയും മനസ്സിലാക്കാൻ. 'ആധുനിക കേരളം ആരുടെ ഭാവനയാണ്' എന്ന ലേഖനത്തിൽ ശ്രീ. പ്രദീപൻ പാമ്പിരിക്കുന്ന് ഇങ്ങനെ പറയുന്നു : "കേരളത്തിലെ ആധുനിക വ്യവഹാരമണ്ഡലങ്ങൾ സൃഷ്ടിച്ചതാരാണ് എന്ന ചോദ്യത്തിന് നമുക്ക് സാധാരണ ലഭിക്കുന്ന ഉത്തരം 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങുന്ന നവോത്ഥാന പ്രക്രിയകളാണ് എന്നാണ്. എന്നാൽ വസ്തുനിഷ്ഠമായി അന്വേഷിക്കുമ്പോൾ നാരായണഗുരു ഒരു തുടക്കമല്ല എന്നും ഒരു തുടർച്ച മാത്രമാണ് എന്നും നമുക്ക് മനസ്സിലാവും." (നാരായണഗുരു പുനർവായനകൾ, എഡി. പ്രദീപൻ പാമ്പിരിക്കുന്ന്, പ്രോഗ്രസ് പബ്ലിക്കേഷൻ കോഴിക്കോട്, 2016).

ചരിത്രഗവേഷകർ എത്ര അലസമായാണ് കേരള 'നവോത്ഥാന'ത്തെ കണ്ടത് എന്നതിനൊരുദാഹരണമാണ് ഡോ. ധർമ്മരാജ് അടാട്ട് എഴുതിയ 'നവോത്ഥാനത്തിന്റെ സുവർണ്ണശോഭകൾ' എന്ന പുസ്തകം (ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം, 2006). ഈ പുസ്തകത്തിലെ പതിനാലു പേജുള്ള ആദ്യ അദ്ധ്യായം ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ളതാണ്, അറുപത്തി രണ്ടു പേജുള്ള രണ്ടാം അദ്ധ്യായം ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെക്കുറിച്ചും 'സാംസ്കാരിക നവോത്ഥാനത്തിന്റെ തുയിലുണർത്ത്' എന്ന മൂന്നാമത്തെ അദ്ധ്യായം ഇ കെ നായനാരെക്കുറിച്ചും നാലാമത്തെയും അവസാനത്തെയും അദ്ധ്യായം ഭഗത് സിങ്ങിനെയും ഇന്ത്യൻ നിരീശ്വരവാദത്തെയും കുറിച്ചുമാണ്.

സി പി എമ്മിന്റെ നിലപാടുകൾ

ഇപ്പോഴത്തെ സി പി എമ്മിന്റെയും ഏതാണ്ട് അവരുടെ ഒരു പോഷകസംഘടന പോലെ പ്രവർത്തിച്ചുപോരുന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും പെട്ടെന്നുള്ള ഗുരുസ്നേഹം കാണുമ്പോൾ ഗുരുചിന്തയെപ്പറ്റി സി പി ഐ (എം) നേതാക്കൾ ഇതിനു മുമ്പ് പലപ്പോഴായി എടുത്തിട്ടുള്ള നിലപാടുകളും പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തെപ്പറ്റി പരാമർശിക്കുമ്പോൾ 'ഗുരു' എന്ന വാക്കുപയോഗിക്കരുത് എന്നു വാശിയുണ്ടായിരുന്നവരായിരുന്നു പാർട്ടിയുടെ 'മേൽജാതി' ബുദ്ധിജീവികളിലും നേതാക്കളിലും നല്ലൊരു പങ്കും.

1995-ൽ ശിവഗിരിയിലേക്ക് ശ്രീ. ഇ എം എസിനെ ക്ഷണിച്ച സമയത്ത് ആ ക്ഷണം സ്വീകരിക്കാതിരിക്കാനുള്ള തന്റെ തീരുമാനത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി : "..എന്നാൽ അദ്ദേഹത്തിന്റെ സന്ദേശങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളർച്ചയ്ക്ക് ശ്രീനാരായണൻ വഴി കാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്കു യോജിക്കാൻ കഴിയുകയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീർത്ഥാടന പരിപാടികളുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുടെ മുന്നിൽ എന്നെപ്പോലുള്ളവർ വരുന്നത് അവിവേകമായിരിക്കും." (ദേശാഭിമാനി വാരിക, 1995 ജാനുവരി 15-21).

ഒരുപടി കൂടി കടന്ന് 'സവർണ്ണ സമുദായങ്ങളുടെ' ഒരു പേടി പങ്കുവയ്ക്കുകയാണ് അദ്ദേഹം തന്നെ രണ്ടു വർഷങ്ങൾക്കു ശേഷം ശ്രീനാരായണ ഗുരുവിനെയും സഹോദരൻ അയ്യപ്പനെയും പറ്റി എഴുതിയ ഒരു ലേഖനത്തിൽ : "എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട ബഹുജനങ്ങളെ സാമ്രാജ്യാധിപത്യത്തിനും ഫ്യൂഡലിസത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനു പകരം അവർണ്ണ സമുദായങ്ങളിലെ ഈ ജനലക്ഷങ്ങളെ സവർണ്ണ സമുദായങ്ങൾക്കെതിരെ അണിനിരത്തുകയാണ് അവർ ചെയ്തത്." (ദേശാഭിമാനി വാരാന്തപ്പതിപ്പ്, 30 മാർച്ച് 1997). കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിഭാവനം ചെയ്യുന്ന 'വർഗ്ഗവിപ്ലവ'ത്തിൽ തങ്ങൾക്കു കിട്ടുന്ന സൗകര്യവും സുരക്ഷിതത്വവും ഗുരുവും സഹോദരൻ അയ്യപ്പനും വിഭാവനം ചെയ്ത 'ജാതിയില്ലാത്ത ലോക'ത്ത് തങ്ങൾക്കു ലഭിക്കില്ല എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാൻ.

ഇ എം എസിൽ നിന്ന് പിണറായി വിജയനിലേക്കു വരുമ്പോൾ ആ പേടികൾ ഒഴിവായിപ്പോയിരിക്കുന്നു എന്നത് നല്ല സൂചനയാണ്. 2016 ജൂലായ് 16-ന് ദേശാഭിമാനി ദിനപത്രത്തിൽ ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് ഉദ്ധരിച്ച ശ്രീനാരായണഗുരുവിന്റെ പട്ടത്താനം പ്രസംഗത്തെക്കുറിച്ച് 'നൂറ്റാണ്ടിന്റെ പ്രസംഗം' എന്ന പേരിൽ ശിവഗിരിമഠം ഗുരുധര്‍മപ്രചാരണസഭ സെക്രട്ടറിയായ സ്വാമി ഗുരുപ്രസാദിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചുവന്നു എന്നതും സി പി എമ്മിന്റെ നിലപാടുമാറ്റത്തെ സൂചിപ്പിക്കുന്നു. അതേസമയം 'മതമില്ലാത്ത', 'ജാതിയില്ലാത്ത' ആളുകളെയും അവരുടെ ജീവിതത്തെയും 'കൂടിയ' ഒന്നായും അങ്ങനെയല്ലാത്തവരുടേത് മോശപ്പെട്ട ഒന്നായും ചിത്രീകരിക്കുന്ന രീതിയിലാവുന്നോ സി പി എമ്മിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും 'നമുക്കു ജാതിയും മതവുമില്ല' എന്ന 'പരസ്യവാചക'ത്തെ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള കാമ്പെയിൻ എന്നുഞാൻ ഭയക്കുന്നു. മതങ്ങളും മതഗ്രന്ഥങ്ങളും മതവിശ്വാസങ്ങളുമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന രീതിയിലുള്ള ചില യുക്തിവാദികളുടെ സമീപനത്തെയെന്ന പോലെത്തന്നെ. അങ്ങനെ വരികിൽ ഫലത്തിൽ അതെല്ലാം പല തരത്തിലുള്ള മതദ്വേഷം ചീറ്റൽ മാത്രമായി മാറുന്നു.

ഗുരുചിന്തയുടെ വിജയപരാജയങ്ങൾ

"ഗുരുവിന്റെ ചിന്ത എന്ന ഭൗതിക ശക്തിക്ക് പുതിയ പ്രവർത്തന ശേഷി നൽകി ലോകത്തെ മാറ്റിപ്പണിയുന്ന വിപ്ലവമായി അതിനെ രൂപപ്പെടുത്തുന്ന കാര്യത്തിൽ ഒരു ജനത എന്ന നിലയിൽ നാം വിജയിച്ചില്ല" എന്ന് ശ്രീ. കെ പി അപ്പൻ അഭിപ്രായപ്പെടുന്നു (ചരിത്രത്തെ അഗാധമാക്കിയ ഗുരു, ഡി സി ബുക്സ് കോട്ടയം, 2011). അക്കാര്യത്തിൽ നാം ഒരു പൂർണ്ണ പരാജയമായിരുന്നു എന്നുഞാൻ കരുതുന്നില്ല. മതദ്വേഷമില്ലാതെ -- അധികമില്ലാതെ -- ജീവിക്കുന്ന കാര്യത്തിലെങ്കിലും.

'ഗോധ്രയും അഹമ്മദാബാദും കാരണമാണ് മോദിയെ ജനങ്ങൾ ബഹുമാനിക്കുന്നത്' എന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ശിവസേനാ എം പി സഞ്ജയ് റൗത് പറഞ്ഞതോർക്കുക. മുസ്ലീങ്ങളെ കൊന്നൊടുക്കിയതിലുള്ള സന്തോഷമാണ് ആ ബഹുമാനപരാമർശത്തിനു പിറകിലുള്ളത്. അതൊരു വാക്കബദ്ധമല്ല എന്നും ഇന്ത്യയിൽ പലയിടത്തും 'ഹിന്ദു' ജനവിഭാഗങ്ങൾ പൊതുവായി പങ്കുവയ്ക്കുന്ന ഒരു വികാരത്തിന്റെ പ്രതിഫലനമാണത് എന്നുമാണ് കേരളത്തിനു പുറത്ത് പലയിടങ്ങളിലായി പതിനേഴു കൊല്ലം ജീവിച്ചതിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. കേരളത്തിലാകട്ടെ, പല മതങ്ങളിൽ പെട്ടവർ തമ്മിൽ കല്യാണം കഴിക്കലൊക്കെ ബുദ്ധിമുട്ടാണെങ്കിലും മതങ്ങൾ തമ്മിലൊരു പരസ്പര ബഹുമാനം ഉപരിപ്ലവമായെങ്കിലും നിലനിന്നിരുന്നു എന്നുകാണാം. (ഇതു കുറഞ്ഞുവരുന്നുണ്ട് എന്നതു കാണാതിരിക്കുന്നില്ല). ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മതദ്വേഷം കേരളത്തിൽ കുറവാണ് എന്നതിന് ചരിത്രപരമായി പല കാരണങ്ങളുണ്ടാവും. അതിലൊന്ന് ഗുരുവിന്റെ ചിന്തകൾക്ക് കേരളത്തിലുണ്ടായ സ്വീകാര്യത കൂടിയാകണം.

എന്നാൽ ജാതിഭേദത്തിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഗുരുവിന്റെ ചിന്തകൾ കേരളത്തിൽ അത്രത്തോളം 'പച്ചപിടിക്കാതെ' പോയത് എന്നതും ആലോചിക്കേണ്ടതുണ്ട്. ജാതിചിന്ത നമ്മുടെ സമൂഹത്തെ ഭരിക്കുന്നതിന്റെ ധാരാളം സൂചനകൾ എന്നും നമ്മുടെ ജീവിതങ്ങളിൽ വന്നുമുട്ടുകയും എന്തെങ്കിലുമൊക്കെ അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. 'പന്തിഭോജന'ത്തിന്റെ കാര്യത്തിൽപ്പോലും ദലിത സമുദായങ്ങളിലുള്ളവർ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്തവർ നമ്മുടെ സമൂഹത്തിൽ വിരളമല്ല. പുലയ സമുദായത്തിലെ വീടുകളിലെ കല്യാണത്തിന് തലേന്നു വൈകുന്നേരം വന്ന് ബേക്കറി സാധനങ്ങൾ മാത്രം കഴിച്ചു പോകുന്ന പുരോഗമനവാദികളെപ്പറ്റി ശ്രീ. രൂപേഷ് കുമാർ 'അഴിമുഖ'ത്തിൽ ഒരിക്കൽ എഴുതിയത് ഇവിടെ ഓർക്കുന്നു. മതപരമായ പ്രൊഫൈലിങ്ങും കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി നമ്മുടെ നാട്ടിൽ വൻതോതിൽ കൂടിവരുന്നതായി കാണാം. പോലീസ് സ്റ്റേഷനുകളും ജയിലുകളും വിദ്യാലയങ്ങളും സർവ്വകലാശാലകളും തൊഴിലിടങ്ങളും പത്രങ്ങളും സിനിമകളും എല്ലാം ഇത്തരം വിവേചനങ്ങളുടെ വിളഭൂമികളായി മാറുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു ലോകം വിഭാവനം ചെയ്യാനും അതിനുവേണ്ടി പ്രവർത്തിക്കാനുമുള്ള ഊർജ്ജമാകുവാൻ ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും ജ്യോതിബാ ഫുലെയുടെയും അംബേഡ്കറുടെയുമെല്ലാം ചിന്തകൾക്ക് ഇനിയും ബാല്യമുണ്ട്.

* * *(കുറേയധികം പേർക്ക് കടപ്പാട് : എന്റെ അമ്മ ഏ വി പുഷ്‌പാർജിനി, അമ്മയും അച്ഛനും അവരുടെ കുടുംബങ്ങളും, തൃശൂർ നെടുപുഴയിലെ അമ്മയുടെ വീട്ടിലുണ്ടായിരുന്ന ശ്രീനാരായണഗുരുവിന്റെ പടം, സുദേഷ് എം ആർ, ശങ്കരനാരായണൻ മലപ്പുറം, 'മൗനപ്പൂന്തേൻ' എന്ന പുസ്തകം -- അത് compile ചെയ്തു പ്രസിദ്ധീകരിച്ച ശ്യാം ബാലകൃഷ്ണനും എനിക്കാ പുസ്തകം എത്തിച്ചുതന്ന റോബിനും (കേരളീയം), കൊടുങ്ങല്ലൂരിലെ ഫിറോസ് ഹസനും മീഡിയാ ഡയലോഗ് സെന്ററും അവർ കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ സംഘടിപ്പിച്ച 'ഗുരുവിന്റെ ലോകം' സെമിനാറും, കെ പി അപ്പന്റെ 'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന പുസ്തകം സജസ്റ്റ് ചെയ്ത മുഹമ്മദ് ജൂനീം, 'ശ്രീനാരായണഗുരു - പ്രവാചകസങ്കല്പത്തിന്റെ കേരളീയ ആവിഷ്കാരം' എന്ന പുസ്തകത്തെപ്പറ്റിയുള്ള യാക്കോബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, കോഴിക്കോട് സർവ്വകലാശാലയിൽ ഈ വർഷം നടന്ന സ്റ്റുഡന്റ് പാർലമെന്റിലേക്ക് സെക്കുലറിസം, പ്ലൂറലിസം എന്നിവയെപ്പറ്റി സംസാരിക്കാൻ എന്നെ വിളിച്ച അതിന്റെ സംഘാടകരും എന്റെ സുഹൃത്ത് മുസ്തുജബും, കല്ലറ സുകുമാരന്റെ 'വിമോചനത്തിന്റെ അർത്ഥശാസ്ത്രം' എന്ന പുസ്തകം എനിക്കു തന്ന എൻ ഐ ടിയിലെ ശ്രീ. വാസു, ആ പുസ്തകത്തിൽ ഇ എം എസിനെ ഉദ്ധരിച്ചെഴുതിയ വരികൾ ഇതെഴുതുന്ന സമയത്ത് എന്നെ ഓർമ്മിപ്പിച്ച ജീവചൈതന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, 'നാരായണഗുരു പുനർവായനകൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച പ്രോഗ്രസ് ബുക്സ് കോഴിക്കോട്, 'നവോത്ഥാനത്തിന്റെ സുവർണ്ണശോഭകൾ' എന്ന പുസ്തകം എനിക്കു തന്ന സുഹൃത്ത് സതീശൻ, പിന്നെ ഈ എഴുത്തിൽ എന്റെ കൂടെ നിന്ന ബേന, എന്റെ പല സുഹൃത്തുക്കളും..)

Loading Conversation