#

രഞ്ജിത്ത് ആന്റണി
കൊത്തുനേരം : Apr 16, 2017

പങ്കു വെയ്ക്കൂ !

#

ജാതിക്ക് നിറമില്ല.!!2001 ഒക്ടോബർ 2 ന് ഞാൻ നാട്ടിലേയ്‌‌ക്ക് പോകാൻ ന്യുജേഴ്‌‌സി നെവാർക് എയർപ്പോർട്ടിൽ എത്തിയതാണ്. സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് കഷ്ടി മൂന്നാഴ്ചയെ ആയിട്ടുള്ളു. കല്യാണം കഴിക്കാനാണ് പോക്ക്. അതിനാൽ എന്നെ യാത്ര അയക്കാൻ സുഹൄത്തുക്കളുടെ ഒരു നിര കൂടെ ഉണ്ടായിരുന്നു. ഒരു രണ്ട് കാർ നിറയെ ഒരു പത്ത് പേർ യാത്ര അയക്കാൻ വന്നിട്ടുണ്ട്. കല്യാണം കഴിക്കാനുള്ള യാത്ര ആയതിനാൽ കൂടെയുള്ളവർ ചേർന്ന് ലേശം റാഗ്ഗിങ്ങുമുണ്ട്. അതിനാൽ പൊട്ടി ചിരിയും ബഹളവുമാണ്. കല പില മലയാളവും.പെട്ടെന്ന് സീൻ മാറി. ഒരു പതിനഞ്ച് തോക്ക് ധാരികളായ പട്ടാളക്കാർ ഞങ്ങടെ കൂട്ടത്തെ വളഞ്ഞു. എല്ലാവരെയും കൂട്ടത്തിൽ നിന്ന് വേർപെടുത്തി മാറ്റി നിർത്തി ചോദ്യം ചെയ്യൽ തുടങ്ങി. എവിടെ പോകുന്നു, എന്തിനു പോകുന്നു. ഒരു അഞ്ച് മിനിറ്റ് ചോദ്യം ചെയ്തതിനു ശേഷം ഇവർ മാറി നിന്ന് തമ്മിൽ തമ്മിൽ സംസാരിക്കും. പിന്നെയും വരും. ഒരു 20 മിനിറ്റ് നേരം ഇത് തുടർന്നു. അവസാനം ഞങ്ങളെ വെറുതെ വിട്ടു. കൂട്ടുകാർ പിരിഞ്ഞ് പോയി. പിന്നെ ഞാൻ ഒറ്റയ്‌‌ക്ക് സെക്യൂരിറ്റി ക്ലിയറൻസ്സൊക്കെ ചെയ്ത് ടെർമിനലിലെത്തി. അപ്പഴും അദൄശ്യമായി ഇവർ എന്നെ പിന്തുടരുന്നുണ്ടെന്ന് അറിയാം. ഇടയ്‌‌ക്കിടെ റേഡിയൊ ചിലയ്‌‌ക്കുന്നതും, ആൾക്കാർ തിടുക്കപ്പെട്ട് നടന്നടുക്കുന്നതായും എനിക്ക് ഫീൽ ചെയ്യാം. പ്ലെയിനിൽ കയറുന്ന വരെ ഇത് തുടർന്നു. (ഞങ്ങളെ മാറ്റി നിർത്തി ചോദ്യം ചെയ്തത് ഒരു ഇൻററഗേഷൻ ടെക്നിക്കാണ്. എല്ലാവരുടെ കഥയും ഒന്നാണോ എന്ന് വേരിഫൈ ചെയ്യുകയാണുദ്ദേശ്ശം)ആദ്യമായി തൊലി നിറം പാരയായ സംഭവമണിത്. അതു വരെ എൻറെ വംശീയ സ്വത്വത്തെകുറിച്ച് ഞാൻ ബോധവാനേ അല്ല. അതിനൊപ്പം ലഭിച്ച ആനുകൂല്യങ്ങളെകുറിച്ചും ഒട്ടും ബോധവാനല്ല. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ചില ട്രിക്കുകളുണ്ട്. വെറും മൂന്നൊ നാലൊ ചോദ്യങ്ങളിൽ നിന്നും ആരാ എന്താ എന്ന് ആർക്കും തിരിച്ചറിയാം. നിർദ്ദോഷമായ ചോദ്യങ്ങൾ; ഏത് പള്ളിയിലാ പോകുന്നത്, വീട്ട് പേരെന്താ, ആപ്പൻറെ ജോലിയെന്താ, അയാളെ അറിയുമൊ, ഇയാളെ കുറിച്ച് കേട്ടിട്ടുണ്ടൊ എന്ന ചോദ്യങ്ങൾ കൊണ്ട് നമ്മുടെ മൊത്തം പോർട്ട്‌‌ഫോളിയൊ മനസ്സിലാക്കാനുള്ള അതീന്ദ്രീയ ജ്ഞാനം എല്ലാ സുറിയാനി ക്രിസ്ത്യാനികൾക്കുമുണ്ട്. നായമ്മാരിലും ഇതേ സ്വഭാവം കണ്ടിട്ടുണ്ട്. മൂന്നു ചോദ്യങ്ങൾ, അതിൽ നിന്ന് ചെവിയിൽ പൂടയുള്ള നായരാണോ അല്ലയൊ എന്ന് ചോദ്യകർത്താവിന് ഗണിച്ചു പറയാനാകും. ഈ ഇൻറർവ്യുവിന് ശേഷം എനിക്ക് തുറന്നു കിട്ടിയ സാഹചര്യങ്ങളൊക്കെ ഇപ്പൊ തിരിഞ്ഞ് ആലോചിക്കുമ്പോൾ തിരിച്ചറിയുന്നുണ്ട്. അമേരിക്കയിൽ എത്തിയപ്പൊ സ്പോട്ടിൽ കല്യാണോചനകളും, പെണ്ണു കാണലും വരെ നടന്നിട്ടുണ്ട്.ജാതി തരുന്ന ഈ അദൄശ്യമായ പരിഗണന പല മുന്തിയ ജാതിയിൽ ജനിച്ചവർക്കും അദൄശ്യമാണ്. അമേരിക്കയിൽ ഇതിന് വൈറ്റ് പ്രിവിലേജ് എന്ന് പറയും. പക്ഷെ റേസിസവും (വംശീയത) കാസ്‌‌റ്റിസവും (ജാതീയത) വളരെ വിഭിന്നമാണ്. വംശീയതയ്‌‌ക്ക് നിറമുണ്ട്. ജാതീയതയ്‌‌ക്ക് നിറമില്ല. കറുപ്പും വെളുപ്പുമെന്ന് തിരിച്ച് പറയാൻ കഴിയുന്നതാണ് വംശീയത. ജാതീയത കളർ കോഡഡല്ല. അതിനാൽ തന്നെ ജാതി മൂലമുണ്ടാകുന്ന അവസര നഷ്ടങ്ങളോ, അവസര നേട്ടങ്ങളോ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അദൄശ്യമായൊരു പ്രഹേളികയാണിത്. ഈ ബുദ്ധിമുട്ടാണ് സംവരണത്തിൻറെ ഉദ്ദേശ്ശത്തെ വിശകലന ബുദ്ധിയോടെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകുന്നത്.ജാതീയ സ്വത്വം സാമൂഹികമായി നൽകുന്ന അദൄശ്യമായ പരിഗണനയെ കുറിച്ച് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നവരാണ് സംവരണത്തെ എതിർക്കുന്നത്. എതിർക്കുന്നവർ പറയുന്നത് രണ്ട് വാദങ്ങളാണ്. ഒന്ന്, സംവരണം ജാതി വത്യാസം വർദ്ധിപ്പിക്കും. രണ്ട്. ജാതി സംവരണം എതിർക്കുന്നു പകഷെ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നു. ഈ രണ്ട് വാദങ്ങളും ഒറ്റ ശ്വാസത്തിൽ ഉന്നയിച്ച ശേഷം പിന്നെ ഒരു ചെറിയ ഡീറ്റേയിലും കൂടെ ചേർക്കും. “ജാതി എന്നത് തൊഴിൽ പരമായി വിഭജിക്കുന്ന ഒരു സിസ്റ്റം മാത്രമാണ്. അതിനകത്ത് വിവേചനമൊന്നുമില്ല”. ആദ്യത്തെ രണ്ട് വാദങ്ങളും ഡാറ്റയുടെ പിൻബലത്തിൽ വളരെ എളുപ്പം ഖംഢിക്കാം (എൻറെ പഴയ പോസ്റ്റുകൾ കാണുക). പക്ഷെ അവസാനം പറഞ്ഞ വാദം ശുദ്ധ രാഷ്ട്രീയമാണ്. ഈ വാദമാണ് ഇതിലെ ഏറ്റവും വിഷം. ഇതാണ് സംഘ രാഷ്ട്രീയം.ഇതിലെ രസം ഈ ജാതീയത എന്നത് തൊഴിൽ വിഭജനം മാത്രമാണെന്ന വാദത്തിൻറെ ഉപജ്ഞാതാവ് സാക്ഷാൽ മഹാത്മാ ഗാന്ധിയാണ് എന്നതാണ്. 1932ൽ ബ്രിട്ടീഷുകാർ ദളിതർക്കും, ഷെഡ്യുൾ ട്രൈബുകൾക്കും, മുസ്ലീങ്ങൾക്കും പ്രത്യേകം ഇലക്ടറേറ്റ് പ്രഖ്യാപിച്ചപ്പഴാണ് ഗാന്ധിയുടെ ഉള്ളിലിരുപ്പ് വെളിയിൽ വന്നത്. ഗാന്ധിജിയുടെ വാദം, ദളിതർ (അദ്ദേഹം വിളിച്ചത് ദൈവത്തിൻറെ മക്കൾ എന്ന അർത്ഥമുള്ള ഹരിജനം എന്നാണ്), ചാതുർവർണ്ണ്യത്തിൻറെ സീമയ്‌‌ക്ക് വെളിയിൽ നിൽക്കുന്ന ദളിതരെ ചാതുർവർണ്ണ്യ സിസ്‌‌റ്റത്തിൽ എത്തിക്കണം എന്നാണ്. ചാതുർവർണ്ണ്യം ഹൈന്ദവതയുടെ ആണിക്കല്ലൊണെന്നാണ് ഗാന്ധിജിയുടെ വിശ്വാസം. ജാതീയത നിർത്തലാക്കാനാല്ല, അവർണ്ണരെ വർണ്ണ വ്യവസ്ഥയ്‌‌ക്കുള്ളിലേയ്‌‌ക്ക് കൊണ്ട് വരുക മാത്രമായിരുന്നു ഗാന്ധിജിയുടെ ഉദ്ദേശ്ശം. ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻറെ ലക്ഷ്യങ്ങളും ഗാന്ധിജിക്കുണ്ടായിരുന്നു. മുസ്ലീങ്ങളെയും ബ്രിട്ടീഷുകാർ പ്രത്യേക ഇലക്ടറേറ്റിൻറെ പരിധിയിൽ നിർവ്വചിച്ചതിൻറെ ദേഷ്യമാണ് ഗാന്ധിജിയുടെ ഈ നിലപാടിൻറെ യതാർത്ഥ പ്രചോദനം. കോണ്ഗ്രസ്സ് രഹസ്യമായും, ബി.ജെ.പി പരസ്യമായും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഒരു എത്തിനിക് ഗ്രൂപ്പിനെ ഒരു ജോലിയ്‌‌ക്ക് മാത്രം പരിഗണിക്കുന്ന സംവിധാനം ഒരു ക്യാപ്പിറ്റലിസ്റ്റ് സൊസൈറ്റിക്ക് അനുകൂലമല്ല. ഇതിന് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ട്. ഏത് എത്തിനിക് ഗ്രൂപ്പിന് പതിച്ചു നൽകുന്ന ജോലികൾക്കും ഈ പ്രശ്നമുണ്ട്. ഉദാഹരണം, പട്ടാളത്തിലെ ജോലി എടുക്കുക. ഒരു എത്തിനിക് ഗ്രൂപ്പിനു മാത്രമായി പട്ടാളത്തിൽ ജോലി നൽകുക എന്നത് ആത്മഹത്യാപരമാണ്. ഒരു പട്ടാള അട്ടിമറി പ്രൂഫല്ല അത്തരം സിസ്‌‌റ്റം. ബ്രിട്ടീഷ് പട്ടാളത്തിൽ പഞ്ചാബികളും, പഠാൻമ്മാരുമായിരുന്നു 70%. സ്വാതന്ത്ര്യം കിട്ടി ആദ്യ വർഷങ്ങളിൽ തന്നെ നെഹൄ ചെയ്തത് പട്ടാളത്തെ ഉടച്ചു വാർക്കുക എന്നതായിരുന്നു. എല്ലാ എത്തിനിക് റെജിമെൻറിലേയ്‌‌ക്കും മറ്റ് എത്തിനിക് വിഭാഗങ്ങളെയും കുത്തി നിറച്ചാണ് ഇൻഡ്യൻ പട്ടാളം നെഹൄ അട്ടിമറി പ്രൂഫ് ആക്കിയത്. ഇത് പോലെ തന്നെയാണ് വ്യാപാരവും. ബെന്യകളും, മാർവാർഡികളും മാത്രം കൈയ്യടിക്കി വെച്ചിരിക്കുന്ന ഒരു ഇക്കണോമിക് സിസ്‌‌റ്റം സ്കെയിൽ ചെയ്യില്ല. രാജ്യ പുരോഗതിയെ തന്നെ ഈ ഒരു ഘടനാ രീതി ബാധിക്കും.സംവരണം നിർത്തലാക്കാൻ എളുപ്പമാർഗ്ഗമുണ്ട്. ഇൻറർ കാസ്‌‌റ്റ് വിവാഹങ്ങൾക്ക് മുതിർന്ന ജാതികൾ തയ്യാറാകുക. അത്രയ്‌‌ക്ക് ദൂരം പോകണ്ട. ചുരുങ്ങിയത് എല്ലാ ജോലികൾ ചെയ്യാനും മുതിർന്ന ജാതിക്കാർ തയ്യാറായാലും മതി. പക്ഷെ, എത്ര പട്ടിണി കിടന്നാലും ഒരു നമ്പൂതിരിയൊ, പട്ടരൊ, സുറിയാനി ക്രിസ്ത്യാനിയൊ, നായരൊ, തെങ്ങു ചെത്താൻ പോവില്ല. അടുക്കള പണിക്ക് പോയാലും ഗവണമെൻറ് ജോലിയായ മാനുവൽ സ്കാവഞ്ചിങ്ങിന് ഇവരൊന്നും തയ്യാറാകില്ല. ഒരു പുലയ ക്രിസ്ത്യാനിയെയും സുറിയാനി പള്ളിയിലെ വികാരിയാക്കില്ല. പുലയന് ഒരിക്കലും ഗുരുവായൂർ അമ്പലത്തിലെ പൂജാരിയാകാനും കഴിയില്ല. ഇത് സാമൂഹിക യാതാർതഥ്യമാണ്. അതിനാൽ ആകെപ്പാടെ ചെയ്യാവുന്നത് ജോലികളിലെങ്കിലും സംവരണം തുടരുന്നത് എതിർക്കാതിരിക്കുക എന്നത് മാത്രമാണ്.നിലവിൽ ഇൻഡ്യയിൽ ജനസംഖ്യയുടെ 18% ദളിതരും, 6% ഷെഡ്യുൾ ട്രൈബുകളുമുണ്ട്. ഈ 24% ത്തിലെ 6% പേർക്ക് മാത്രമേ സംവരണാനുകൂല്യം എത്തിക്കാനായിട്ടുള്ളു. ബാക്കി 94% ദളിതരും, ഷെഡ്യുൾ ട്രൈബുകളും ഇന്നും സംവരണ സീമയ്‌‌ക്ക് പുറത്താണ്. ശരിയാണ്, സംവരണം എന്ന ആശയം ഉദ്ദേശിച്ച ഫലം നൽകാൻ വൈകുന്നു. ഇതിനു പകരം വേറൊരു സമ്പ്രദായം ആവിഷ്കരിക്കാതെ ഇത് നിർത്തുന്നത് ആത്മഹത്യാപരമാണ്. ഇവരൊന്നും എല്ലാ കാലത്തും സിസ്റ്റത്തിനു വെളിയിൽ തന്നെ നിൽക്കുമെന്ന് വിചാരിക്കരുത്. ഒരു സിവിൽ വാറിനു സമാനമായ സാഹചര്യമാണ് സംവരണം നിർത്തലാക്കിയാൽ ഉടലെടുക്കുക. 1987 ൽ ബീഹാറിൽ ദളിതർ സംഘടിച്ച് ഒരു ഗ്രാമത്തിലെ 1000 ലേറെ മുന്തിയ ജാതിക്കാരെ ആക്രമിച്ച്, നൂറിലധികം പേരെ കൊന്നതും അനേകരെ വെട്ടി പരിക്കേൽപ്പിച്ചതും ഒരു ഒറ്റപ്പെട്ട സംഭവമായി ചരിത്രത്തിൽ അവശേഷിക്കുന്നുമുണ്ട്.ഇനി അവശേഷിക്കുന്ന ചോദ്യം ജാതി സംവരണത്തിന് പകരം എന്ത് എന്നതാണ്. സാമ്പത്തിക സംവരണം കൊണ്ട് ജാതി സിസ്റ്റം നിർത്തലാക്കാൻ കഴിയില്ല. ഫിനാൻഷ്യൽ മൊബിലിറ്റി കൊണ്ട് സോഷ്യൽ മൊബിലിറ്റി ഉറപ്പാക്കാനാവില്ല എന്നതാണ് കാരണം. പിന്നെ ഒരു വഴിയുണ്ട്. ദളിതർക്ക് സെപ്പറേറ്റ് ഇലക്ടറേറ്റ് സംവിധാനം ഏർപ്പെടുത്തുക. ഇതിലൂടെ മാത്രമേ ഭരണത്തിൽ ദളിത് പ്രാതിനിധ്യം ഉറപ്പാക്കാൻ ആവു. ഭരണത്തിൽ ജനസംഘ്യാനുപാതികമായി പ്രാതിനിധ്യം ഇവർക്ക് ലഭിക്കുന്നത് വരെ സംവരണം തുടരണം.

Loading Conversation