#

അനുരാജ് ഗിരിജ കെ എ
കൊത്തുനേരം : Apr 26, 2017

പങ്കു വെയ്ക്കൂ !

ബല്ലാത്ത ജാതി സന്തോഷം!

അച്ഛന്റെയും അമ്മയുടെയും സന്തോഷം എന്ന പേരിൽ ഒരു വിവാഹം മുടക്കുമ്പോൾ നിങ്ങൾ അതിനു പുറകിലൂടെ കടത്തുന്ന അദൃശ്യമായ ഒരു സംഗതിയുണ്ട്. തോന്നിയിട്ടുണ്ടോ? കുടുംബക്കാർ എന്ത് പറയും, നാട്ടുകാർ എന്ത് പറയും അങ്ങനെ അങ്ങനെ നൂറു മാറ്റങ്ങൾ വരുത്തി അതെ ചോദ്യം നിങ്ങൾ ചോദിച്ചാലും ആ ചോദ്യത്തിലൂടെ നിങ്ങൾ ഒളിച്ചു കടത്താൻ നോക്കുന്നത് എന്തിനെയാണ്?


എല്ലാവർക്കും ഉത്തരമറിയുന്ന ഒരു ചോദ്യമാണിത്. എങ്കിലും ഉത്തരം വിളിച്ചു പറഞ്ഞാലും മനസിലായില്ല എന്ന് നടിക്കുന്ന ഒരുകൂട്ടം ആളുകൾക്ക് മുന്നിലേക്ക്‌ ആ ഉത്തരം ഒന്ന് കൂടി പറയുകയാണ്‌.

ഒന്ന് നോക്കാം. അച്ഛന്റെയും അമ്മയുടെയും സന്തോഷം. എന്താണത്? മകൻ/മകൾ പ്രണയിക്കുന്ന അന്യജാതിയിലെപ്പെട്ട ഒരാളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് അച്ഛന്റെയും അമ്മയുടെയും സന്തോഷം. (അന്യമതമെന്ന് പറയുന്നതിൽ അർഥമില്ല. മതം ഒരു വിർച്ച്വൽ റിയാലിറ്റിയാണ്. അതുകൊണ്ടാണല്ലോ ഹിന്ദു മതത്തിൽ നിന്നും രണ്ട് പേർ കല്യാണം കഴിച്ചാലും, അവർ ഒരേ ജാതിയല്ലെങ്കിൽ പലരുടെയും നെറ്റി ചുളിയുന്നത്. ഇതരമതങ്ങളിലും ഏറിയും കുറഞ്ഞും ഇതേ പ്രവണതയുണ്ട്. ഇന്ത്യ ജീവിക്കുന്നത് ജാതികളിലാണ്. അതുകൊണ്ട് അന്യമതം എന്ന് പറയാത്തത് മനപ്പൂർവമാണ്‌.) കുടുംബക്കാരുടെയും നാട്ടുകാരുടെയും സന്തോഷവും അതുതന്നെ. കാലാകാലങ്ങളായി അതങ്ങനെതന്നെയാണ്. എന്തുകൊണ്ടാണ് അന്യജാതിയിൽ പെട്ടയൊരാൾ മകനെ/മകളെ വിവാഹം ചെയ്യുമ്പോൾ അച്ഛനും അമ്മയ്ക്കും സങ്കടം വരുന്നത്? സ്വജാതിയിലുള്ള ഒരാളെക്കാൾ അല്ലെങ്കിൽ അയാൾക്കൊപ്പം യോഗ്യനായിരുന്നാലും, അന്യജാതിക്കാരന് എന്താണ് പൊതുവിലുള്ള ആ കുറവ്?

ഈ ചോദ്യത്തിന്റെ ഉത്തരം വളരെ "ശാസ്ത്രീയമായി" തന്നെ തരുന്ന ആളുകളുണ്ട്. വിവാഹം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കാര്യമാണ്. ഒരേ സാഹചര്യങ്ങൾ/സാമൂഹിക ചുറ്റുപാടുകളുള്ള ആളുകൾ തമ്മിലാണ് അത് വേണ്ടത്. കല്യാണം കഴിഞ്ഞാലും ബന്ധുക്കളുടെ സപ്പോർട്ട് വേണം. നാട്ടുകാരുടെ മുന്നിൽ അച്ഛനും അമ്മയും നാണം കെടും. ഇവർക്ക് ജനിക്കുന്ന കുഞ്ഞ് എങ്ങനെ വളരും. അങ്ങനെ ന്യായങ്ങൾ പലവിധം.

ഓരോന്നും എടുത്ത് പരിശോധിക്കാം.

1. വിവാഹം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കാര്യമാണ്. ഒരേ സാഹചര്യങ്ങൾ/സാമൂഹിക ചുറ്റുപാടുകളുള്ള ആളുകൾ തമ്മിലാണ് അത് വേണ്ടത്.

കോഴിക്കോട്ടുള്ള ഒരാളെ കൊല്ലത്തുള്ള സ്വജാതിയിൽ പെട്ട ഒരാൾവിവാഹം കഴിക്കുമ്പോൾ ഈ പ്രശ്നം ആരും ഉന്നയിക്കാറില്ല. ജീവിതരീതിയിൽ, ഭാഷയിൽ ഒക്കെ ഈ രണ്ട് നാട്ടുകാരും വ്യത്യസ്ഥരാണ്. എന്നാലും ആർക്കും ഒരു കുഴപ്പവുമില്ല. ആളുകളെ ജാതി തിരിച്ചു വിൽക്കുന്ന മാട്രിമോണി സൈറ്റുകൾ കൂടിയതിൽ പിന്നെ ഇങ്ങനെയുള്ള ഒരുപാട് വിവാഹങ്ങൾ ആർക്കും ഒരു ചോദ്യവുമില്ലാതെ നടക്കുന്നു. കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം തമ്മിൽ വലിയ അന്തരം ഉണ്ടെങ്കിലും, സ്വജാതിയിൽ പെട്ട രണ്ട് പേർ കല്യാണം കഴിക്കുമ്പോൾ അതത്ര വലിയ കല്ലുകടിയാകില്ല, കുറഞ്ഞപക്ഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമെങ്കിലും. ഇതെല്ലാം പ്രശ്നമാകുന്നത് ജാതി മാറി കല്യാണം കഴിക്കുമ്പോൾ മാത്രമാണ്. അപ്പോൾ "സാഹചര്യങ്ങൾ/സാമൂഹിക ചുറ്റുപാടുകൾ" വാദക്കാർ എത്രമാത്രം സത്യസന്ധരാണ്? അപ്പോൾ അതാണോ യഥാർഥ കാരണം? അതല്ലെങ്കിൽ അദൃശ്യമായ ആ യഥാർഥ കാരണം എന്താണ്?

ഗ്ലോബലൈസേഷന്റെ ഈ കാലത്ത് പല ജാതിയിൽ ഉള്ളവർ ഒരേ സാഹചര്യങ്ങളിൽ ജീവിക്കുന്നുണ്ട്. സമാന സാഹചര്യങ്ങൾ ആണെകിൽ വിവാഹം നടത്താമെങ്കിൽ, അപ്പോൾ ജാതി മാറി വിവാഹങ്ങൾ നടത്താൻ ഈ അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരും മുന്നിട്ടിറങ്ങുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്, ഈ വാദങ്ങൾ നിരത്തുന്നവരുടെ പൊള്ളത്തരം. പിന്നെയും ചോദിക്കട്ടെ. ഇതിനൊക്കെയുള്ള അദൃശ്യമായ ആ കാരണം എന്താണ്?

2. കല്യാണം കഴിഞ്ഞാലും ബന്ധുക്കളുടെ സപ്പോർട്ട് വേണം.

ഈ പറയുന്നത് കേട്ടാൽ തോന്നും, ഈ പറയുന്ന കുടുംബത്തിനെ ബന്ധുക്കൾ ചേർന്ന് സപ്പോർട്ട് ചെയ്ത് സപ്പോർട്ട് ചെയ്ത് ഉയർത്തി കൊണ്ട് വന്നതാണെന്ന്. അണുകുടുംബങ്ങളിലേക്ക് പരിണമിച്ച കുടുംബവ്യവസ്ഥിതിയിൽ ഭൂരിഭാഗം കുടുംബങ്ങളും നിലനില്ക്കുന്നത് കുടുംബത്തിന് ഉള്ളിലുള്ളവരുടെ പരിശ്രമംകൊണ്ടാണ്. ബന്ധുക്കൾ ആഘോഷങ്ങളിലും ചടങ്ങുകളിലുമൊക്കെ കാണുന്ന ജീവികൾ മാത്രമാണ്, ഭൂരിഭാഗം ഇടങ്ങളിലും. എന്നിട്ടും എന്താണ് വിവാഹക്കാര്യം വരുമ്പോൾ മാത്രം അച്ഛനും അമ്മയ്ക്കും ഇത്രനാൾ കൂടെ എല്ലാത്തിനും ഉണ്ടായിരുന്ന മകന്റെ/മകളുടെ സന്തോഷത്തിന് വിലയില്ലാതാവുന്നതും, ബന്ധുക്കളുടെ സന്തോഷം മുൻഗണനയാവുന്നതും? എന്താണ് ഇങ്ങനെ സംഭവിക്കുന്നതിലെ ആ അദൃശ്യമായ ചാലകശക്തി?

ഇനി ബന്ധുക്കൾക്ക് മുൻഗണന കൊടുത്തു എന്നിരിക്കട്ടെ. എന്തുകൊണ്ടാണ് അന്യജാതിയിലുള്ള ഒരാളെ തന്റെ ബന്ധു വിവാഹം കഴിച്ചാൽ അവരുടെ സന്തോഷം തകരുന്നത്? അതിനുള്ള ആ അദൃശ്യമായ കാരണം എന്താണ്?

ഇനിയിതെല്ലാം നോക്കി സ്വജാതിയിൽ നിന്നും കല്യാണം കഴിച്ചു കഴിഞ്ഞാലും, ഈ പറഞ്ഞ ബന്ധുക്കൾ ഏതൊക്കെ കാര്യങ്ങൾക്കു ഈ വിവാഹിതരെ സപ്പോർട്ട് ചെയ്യും? പിന്നെയും ആഘോഷത്തിനും മറ്റു ചടങ്ങുകൾക്കും വന്നു ഭക്ഷണം കഴിക്കും എന്നതല്ലാതെ?

3. നാട്ടുകാരുടെ മുന്നിൽ അച്ഛനും അമ്മയും നാണംകെടും.

ഒരു അണുകുടുംബത്തിന്റെ നിലനിൽപ്പിൽ ബന്ധുക്കളോളം പോലും വ്യാകുലപ്പെടാത്ത നാട്ടുകാർ എന്ന ഈ ജീവിവർഗ്ഗമാണ് ഒരു വിവാഹ തീരുമാനത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് എന്നത് വലിയൊരു കോമഡിയാണ്. വീടിനകത്ത് മുൻപെല്ലാം പ്രശ്നങ്ങൾ കുമിഞ്ഞു കൂടിയപ്പോഴൊക്കെ "അങ്ങനെയൊന്നു സംഭവിച്ചോ" എന്ന് പോലും അറിയാത്ത ഇതേ നാട്ടുകാരുടെ ഇഷ്ടത്തിനാണ് അച്ഛനും അമ്മയും വിലവയ്ക്കുന്നത്, ആ പ്രശ്നത്തെ ഒക്കെ ഒരുമിച്ചു നിന്ന് നേരിട്ട മകന്/മകൾക്ക് ഒക്കെ പുല്ലു വില! ബലെ ഭേഷ്! കണ്ണ് തുറന്നു നോക്കിയാൽ തിരിയുന്ന ഈ യുക്തിയെ ഇതേ അച്ഛന്റെയും അമ്മയുടെയും കണ്ണിൽ കാണിക്കാത്ത രീതിയിൽ മറച്ചു പിടിക്കുന്ന അദൃശ്യമായ ആ സംഗതി എന്താണ്?

രണ്ടുപേർ വിവാഹം കഴിക്കുമ്പോൾ ഒരേ ജാതിയിൽ പെട്ടവരല്ല എന്ന ഒറ്റ കാരണംകൊണ്ട്‌ അവർ ഇരുവരും മനുഷ്യർ എന്ന നിലയിൽ തുല്യരല്ല എന്ന് നാട്ടുകാരെക്കൊണ്ട്‌ വിധിയെഴുതിപ്പിക്കുന്ന, അവരെക്കൊണ്ട് അച്ഛനെയും അമ്മയെയും നാണംകെടുത്താൻ പ്രാപ്തരാക്കുന്ന, ആ അദൃശ്യമായ സംഗതി എന്താണ്?

4. ഇവർക്ക് ജനിക്കുന്ന കുഞ്ഞ് എങ്ങനെ വളരും.

ആ ചോദ്യത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക. കുട്ടിയുടെ ഭാവിയെപ്പറ്റിയുള്ള ആകുലത എന്നൊക്കെ ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും, ജാതി കൃത്യമായി അറിയാത്ത ഒരു കുട്ടിയെ ഏറ്റെടുക്കാൻ സമൂഹമെന്ന നിലയിൽ തങ്ങൾക്കു താത്പ്പര്യമില്ല എന്ന കാര്യം വെട്ടിത്തുറന്നു പറയുന്നതാണ് ഇവിടെ. ഒരാളെ അക്സെപ്റ്റ് ചെയ്യാൻ ഈ പറയുന്ന കൂട്ടർക്ക് ജാതി കൂടി അറിയണം എന്നാണ് പറഞ്ഞ് വരുന്നത്. അന്യജാതിയിൽ നിന്നും വിവാഹം കഴിച്ചവർ ഒരുപാടുണ്ട് എന്നും, അവർക്കൊക്കെ കുട്ടികൾ ഉണ്ട് എന്നും അറിയാത്തവരല്ല ഇവർ. അവരുടെ കുട്ടികളെ മനുഷ്യ കുട്ടികളായി ഇവർ അംഗീകരിക്കുന്നുണ്ടായിരുന്നെങ്കിൽ ഈ ചോദ്യം ഇവർ ചോദിക്കുമായിരുന്നില്ല. ജാതിയില്ലാത്തവർ എന്തോ കുറഞ്ഞ മനുഷ്യരാണ് എന്ന് അവരെക്കൊണ്ടു തോന്നിപ്പിക്കുന്ന ആ അദൃശ്യമായ കാരണം എന്താണ്?

അന്യജാതിക്കാരനെ/ക്കാരിയെ വിവാഹം ചെയ്യുമ്പോൾ "ഉപദേശിച്ചു" നേരെയാക്കാൻ വരുന്നവർ എടുത്തിടുന്ന സ്ഥിരം പല്ലവിയാണ് "ഇത്രനാൾ വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും സന്തോഷം നോക്കണ്ടേ" എന്നുള്ളത്. ഇതൊരു റീബ്രാന്റിംഗ് (rebranding) ആണ്. "ജാതിവ്യവസ്ഥ ഇനിയും നിലനിർത്തേണ്ടേ നമുക്ക്" എന്ന ചോദ്യത്തിന്റെ റീബ്രാന്റ് ചെയ്ത മൃദുരൂപമാണ് ഈ പറയുന്ന "അച്ഛന്റെയും അമ്മയുടെ സന്തോഷം നോക്കണ്ടേ" എന്നുള്ളത്.

അതെ. നിങ്ങൾ തേടുന്ന, നിങ്ങൾക്കൊരു പരിചയം പോലുമില്ലാത്ത, മാടംപള്ളിയിലെ ആ അദൃശ്യ കാരണം, ജാതി തന്നെയാണ്. അക്ഷരങ്ങൾ അച്ചടിച്ച സർട്ടിഫിക്കറ്റുകളിൽ മഷികൊണ്ട് മാത്രം എഴുതിവച്ച വെറുമൊരു വാക്കല്ല ജാതി. ഞാനും നിങ്ങളും ഈ ഇന്ത്യൻ സമൂഹത്തെ നോക്കി കാണുന്ന മനോഭാവമാണ് ജാതി. അത് നിലനിർത്താൻ നമ്മൾ മുകളിൽ പറഞ്ഞതും പറയാത്തതുമായ രീതിയിൽ ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നിട്ട് "ഇവിടെയെവിടെ ജാതി" എന്നും "എല്ലാ വിശുദ്ധ പുസ്തകങ്ങളും പഠിപ്പിക്കുന്നത് സ്നേഹമാണെന്നും" കൃത്യമായി ഉരുവിടുന്നുമുണ്ട്.


#

ഐ ആം സോറി. നമ്മൾ ചിന്തിക്കുന്നത് ജാതിയിലാണ്. സ്നേഹത്തെപ്പറ്റി പൊതുവായി എന്തൊക്കെ രീതിയിൽ പോളിഷ് ചെയ്ത് വാചാടോപങ്ങൾ നടത്തിയാലും, നമ്മുടെ സ്നേഹം വിതരണം ചെയ്യപ്പെടുന്നത് ജാതി തിരിച്ചാണ്. "മനുഷ്യത്വം" എന്ന പദം ഉച്ഛരിക്കാൻ യോഗ്യത നേടാൻ ഇനിയും നമ്മൾ നൂറ്റാണ്ടുകൾ കാത്തിരുന്നാലും മതിയാകില്ല.

അതുകൊണ്ട് "അച്ഛന്റെയും അമ്മയുടെയും സന്തോഷം" എന്നൊക്കെ പറഞ്ഞ് പോളിഷ് ചെയ്യാതെ ഇനിയെങ്കിലും "നമുക്ക് ജാതി നിലനിർത്താം" എന്ന് വ്യക്തമായി പറഞ്ഞ് തുടങ്ങൂ. ജാതി തിരിച്ചു സ്നേഹം വിതരണം ചെയ്ത് സായൂജ്യമടയൂ...

(കൂട്ടുകാരീ, ഇത് നിനക്ക് വേണ്ടിയാണ്. ഇഷ്ടപ്പെടുന്നവന്റെ കൂടെ ജീവിക്കാൻ, സ്നേഹം പറഞ്ഞ് കുടുംബത്തെ ജയിക്കാൻ നോക്കി, ജാതികൊണ്ട്‌ ദിവസവും തോൽപ്പിക്കപ്പെടുന്നവളേ, ഇത് നിനക്ക് വേണ്ടിയാണ്. നിന്നെ പോലെ ഒരുപാട് പേർക്ക് വേണ്ടിയാണ്. നിന്റെ ജീവിതത്തിനും, സ്നേഹംകൊണ്ട് നീ ജയിക്കാൻ നോക്കുന്ന സമരത്തിനും വേണ്ടിയാണ്.)

Loading Conversation