#

ജയേഷ് തോന്നക്കൽ
കൊത്തുനേരം : May 28, 2016

പങ്കു വെയ്ക്കൂ !

കക്കൂസ് ചോദിക്കുന്നവർക്ക് സ്മാർട്ട് സിറ്റി നൽകുന്ന 'വികസനം'


പാർട്ടികൾ വോട്ട് തെണ്ടുമ്പോൾ പറയുന്ന അജണ്ട ഒന്നേയുള്ളൂ :"വികസനം" ! ആരുടെ വികസനം? ടാർജറ്റ് ഗ്രൂപ്പ് ഏത്? ഇതുവരെ ആരെയാണ് വികസിപ്പിച്ചത്? ഈ ചോദ്യങ്ങൾക് ഉത്തരമില്ലെങ്കിലും ഇവരുടെ വികസന പരിപ്രേക്ഷ്യത്തിനുള്ളിലെ ഒളി അജണ്ടകൾ സുവ്യക്തമാണ്. കോർപ്പറേറ്റ് ഫണ്ട് പറ്റി അവർക്ക് ദാസ്യവേല ചെയ്യുന്ന മൃഖ്യധാരാ പാർട്ടികൾ പാവങ്ങളേയും പാർശ്വവൽകൃതരേയും വികസനത്തിൽ നിന്നും പടിയsച്ച് പുറത്താക്കിയിരിക്കുന്നു! ഇരട്ടനീതിയും ഇരട്ട വികസനവും ഭരണത്തിൻ്റെ മുഖമുദ്രയാണ്. രാജ്യം സമ്പന്നമാണെങ്കിലും ജനത ദരിദ്രമായി തുടരുന്നതിന് കാരണവും മറ്റൊന്നല്ല. കക്കൂസും കുടിവെള്ളവും തല ചായ്ക്കാനും ശവമടക്കാനും ആറടി മണ്ണും ചോദിക്കുന്നവർക്ക് സ്മാർട്ട് സിറ്റിയും മെട്രോ റെയിലും കൊടുക്കാമെന്ന് പറയുന്ന ഭരണകൂടം !!


നമ്മുടെ വോട്ടിൽ അവർ ഭരിക്കുമ്പോഴുള്ള " പ്രശ്നമാണിതെന്ന് ഇരകൾ തിരിച്ചറിയപ്പെടാതെ പോകുമ്പോൾ വികസനത്തിൻ്റെ മുൻഗണനാക്രമം (Priority) മാറ്റമില്ലാതെ തുടരുന്നു. പ്രകടനപത്രികയിലെ മുൻഗണനാക്രമം പ്രകടനത്തിലില്ലാതാകുന്നു. വ്യക്തവും ശക്തവുമായ ഭരണഘടനാ ലക്ഷ്യങ്ങളാണ്(Directive principles) യഥാർത്ഥ പ്രകടനപത്രികയെന്ന സത്യം എന്താണ് അംഗീകരിക്കപ്പെടാതെ പോകുന്നത് ? ഇടത്-വലത് - എൻ.ഡി.എ എന്നിവയിൽ ഏതായാലും പ്രത്യയശാസ്ത്ര പ്രതിബദ്ധമല്ലാത്ത തട്ടിക്കൂട്ട് മുന്നണികൾ(ഭരണക്കമ്പനികൾ ) ഭരിക്കുമ്പോൾ, പ്രകടനപത്രികയായി ഭരിക്കുന്നവരുടെ മുന്നിലുണ്ടാവുക സ്വന്തം ജാതി താൽപ്പര്യങ്ങൾ മാത്രമായിരിക്കുമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?

രാഷ്ട്രീയക്കാർക് വേണ്ടത് സാധാരണക്കാരൻ്റെ വോട്ടും സമ്പന്നരുടെ പണവുമാണ്. രാഷ്ട്രീയമിന്ന് പണമെറിഞ്ഞ് പണം വാരുന്ന ഒരു ബിസിനസ് ആണെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. നവ ലിബറൽ കാലം സവർണൻ്റെ സുവർണ്ണകാലമണ്. വൻകിട പദ്ധതികളുടേയും സമ്പന്ന പക്ഷ വികസനത്തിൻ്റേയും ഗുണം ജാതി വ്യവസ്ഥയുടെ മേൽത്തട്ടിൽ നിന്നും കീഴ്ത്തട്ടിലേക്ക് എത്തുന്നില്ല. ഇരകളാക്കപ്പെട്ടവർ ഇന്നും ഇരന്ന് തിന്നുന്നു. അവരിന്നും ഭരിക്കുന്നവരുടെ മുന്നിൽ ഭിക്ഷാപാത്രം നീട്ടി നിൽക്കുന്നു! നീതി ചോദിച്ചെത്തുന്നവരെ തീവ്രവാദിയോ രാജ്യദ്രോഹിയോ ആക്കി വേട്ടയാടുന്നു. സമരം കുറ്റവും ഇരകൾ കുറ്റവാളികളുമായി എണ്ണപ്പെടുന്നു. എതിർക്കുന്നവരെ ഒതുക്കാൻ ഭരണകൂടമെഷണറിയുണ്ട്.

വൻകിട ബിസിനസ് ലോബി - രാഷ്ട്രീയം - ഉദ്യോഗസ്ഥ- പോലീസ് - ജുഡീഷറി - മാധ്യമ അവിഹിത കൂട്ടുകെട്ടിനെ നേരിടാൻ ഇന്ന് ഫിഫ്ത് എസ്റ്റേറ്റായ സോഷ്യൽ മീഡിയ മാത്രമേയുള്ളു ! ഇക്കാര്യങ്ങളിൽ ഇടതുപക്ഷത്തിനു് പോലും ഒരു അപവാദമാകാൻ കഴിയാതെ വരുമ്പോൾ ബദൽ എവിടെ എന്ന് ചോദ്യം എന്നത്തേക്കാൾ പ്രസക്തമാകുകയാണ്.

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡയൻസിലെ പ്രഫസറായ ഡോ.എം.കുഞ്ഞമൻ പറയുന്നു:

"1950 കളിലെ പാർട്ടി മുദ്രാവാക്യം കൃഷിഭൂമി മണ്ണിൽ അദ്ധ്വാനിക്കുന്നവർക്ക് എന്നായിരുന്നു. എന്നാൽ, പാർട്ടി അധികാരത്തിൽ വന്നപ്പോൾ ആദ്യം ഉപേക്ഷിച്ചത് ആ മുദ്രാവാക്യമാണ്. വർഗ്ഗ പരമായ അർപ്പണബോധവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഇവരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ദുർബലരെ രക്ഷിക്കാൻ പദ്ധതികളില്ല. തഹസീൽദാർ കൊടുത്ത ജാതി സർട്ടിഫിക്കറ്റുമായി പട്ടിക വിഭാഗങ്ങൾ യാചിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവില്ല. പാവങ്ങൾക്ക് നയരൂപവൽക്കരണത്തിൽ റോളില്ല. അവർക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്നാണ് ഭരണകൂടം പറയുന്നത്. LDF പറയുന്നത് ആരുടെ വികസനമാണ്? ആർക് വേണ്ടിയാണ് വികസനം? അത് എങ്ങനെ? വിജ്ഞാനവും സമ്പത്തുമുളളവൻ്റെ കുത്തകയാണ് ഇന്നത്തെ വികസനചിന്ത.അവരാണ് വികസനം എന്താണെന്ന് തീരുമാനിക്കുന്നത്. അന്താരാഷ്ട്ര ചിന്തകർ ഇന്ന് ചർച്ച ചെയ്യുന്നത് ബദൽ വികസനമല്ല, വികസനത്തിനുള്ള ബദൽ ആണെന്ന് ഇവർ ഓർക്കണം. ഭരണകൂടം നിശ്ചയിക്കേണ്ട കാര്യമല്ല വികസനം.LDF ഭരിച്ചാലും കേരളത്തിൽ ആദിവാസികൾക്ക് രക്ഷയില്ല. ആദിവാസി ഊരുകൾക്കു് സമീപം വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലും സെൻട്രൽ യൂണിവേഴ്സിറ്റിയും വേണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നില്ല. ഭൂമി, വീട്, തൊഴിൽ, വെളളം, ചരിത്രപരമായും ഭരണഘടനാപരമായും അവകാശപ്പെട്ട കാട് എന്നിവയാണ് അവർക്ക് വേണ്ടത്. വംശീയമായി അവരെ തുടച്ചു നീക്കുന്ന വികസനമാണ് കേരളമിന്ന് പിൻതുടരുന്നത് "

കൊട്ടിഘോഷിക്കപെടുന്ന കേരള വികസനത്തിൽ അരിക് വൽക്കരിക്കപ്പെട്ടവർ എവിടെ? കേരളം ഉയരുന്നതും വളരുന്നതും നമ്മേ ഒപ്പം കൂട്ടാതെയല്ലേ?

ചിന്തിക്കുക, പ്രതികരിക്കുക !!

വൈകിയിട്ടില്ല, ബദൽ സാധ്യമാണ് !!!

Loading Conversation