#

സിമി നാസ്രെത്
കൊത്തുനേരം : Jun 07, 2016

പങ്കു വെയ്ക്കൂ !

P S jaya

ദളിത് പ്രശ്നങ്ങൾ ഹൈലൈറ്റ് ചെയ്യാനാണു താൻ മുഖത്ത് കറുപ്പുനിറവും പൂശി നടക്കാനിറങ്ങിയത് എന്ന് ജയ പി.എസ്. പറയുന്നു. ഇത് ദളിതരെ കളിയാക്കുന്ന പരിപാടിയായിപ്പോയി എന്നാണു എന്റെ തോന്നൽ.

ജാതിയുടെ നിറനിരപേക്ഷത

കേരളത്തിൽ മിക്കവാറും എല്ലാ ജാതിയിലും മതത്തിലും ഇരുണ്ട നിറമുള്ള മനുഷ്യരുണ്ട്. മാത്രമല്ല, കേരളത്തിലെ വിവിധ ജാതികൾ വിവിധ വംശങ്ങളല്ല. കേരളത്തിൽ വംശക്കലർപ്പില്ലാത്ത ജാതികൾ ആദിവാസികളിലെ ചില വിഭാഗങ്ങൾ മാത്രമാണു. ശാസ്ത്രജ്ഞർ നമ്പൂതിരി, നായർ, സിറിയൻ ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഈഴവർ, പുലയർ, തുടങ്ങിയ വിഭാഗങ്ങളുടെ ഡി.എൻ.എ. സീക്വൻസുകൾ പഠിച്ച് കണ്ടെത്തിയത് ഈ വിഭാഗങ്ങൾ തമ്മിൽ ഡി.എൻ.എ. പകർച്ചകൾ ഉണ്ടെന്നാണു. അല്ലീലുകളുടെ പഠനത്തെപ്പറ്റിയുള്ള ലേഖനം എതിരൻ കതിരവൻ എന്ന ബ്ലോഗർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണു.

"പക്ഷെ ശാസ്ത്രം മാജിക് തൊപ്പിയില്‍ നിനും പുറത്തെടുക്കുന്നത് അപ്രിയസത്യത്തിന്റെ വെണ്മുയലുകളെയാണ്. പുലയരുടേയും കുറിച്യരുടേയും ജീനുകളുമായാണ് നമ്പൂതിരി-നായര്‍ ക്രിസ്ത്യന്‍ മുസ്ലീം ഈഴവ പ്രഭൃതികള്‍ വിലസുന്നതെന്നതും ഈ ‘മേല്‍’ജാതിക്കാര്‍ ‘താഴേ‘യ്ക്കും സ്വന്തം ഡി. എന്‍. എ. വീരശൃങ്ഖലകള്‍ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉള്ള സത്യങ്ങള്‍ ഇന്ന് കേരളത്തില്‍ കെട്ടിപ്പടുത്തിരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മൂലഭൂത വ്യവസ്ഥിതികൾക്ക് വേണ്ടതേ അല്ല."

എതിരന്റെ ലേഖനം "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ" ഇവിടെ വായിക്കാം. http://ethiran.blogspot.ae/2008_06_01_archive.html


അപ്പോൾ ചോദ്യം - ജയ പി.എസ്. എന്ന ആർട്ടിസ്റ്റ് മുഖത്ത് ചായം പൂശാതെ രാവിലെ കുളിച്ചൊരുങ്ങി പുറത്തിറങ്ങി നടന്നാലും താൻ കാഴ്ച്ചയിൽ ദളിതയാണെന്ന്, തന്നെക്കണ്ടാൽ ദളിതയെപ്പോലിരിക്കുമെന്ന് അവകാശവാദം ഉന്നയിക്കാമായിരുന്നു. തന്നെക്കണ്ടാൽ നായരെപ്പോലിരിക്കും എന്നോ നമ്പൂതിരിയെപ്പോലിരിക്കും എന്നോ ക്രിസ്ത്യാനിയെപ്പോലിരിക്കുമെന്നോ മുസ്ലീമിനെപ്പോലിരിക്കുമെന്നോ അവകാശവാദം ഉന്നയിക്കാമായിരുന്നു. പിന്നെന്തിനാണു കറുത്ത ചായം ?


സൗന്ദര്യം ഒരു റിസോഴ്സ് ഇഷ്യൂ

കേരളം എന്ന സ്ഥലത്തെ വളരെ ഗോപ്യമായി ജാതി പ്രവർത്തിപ്പിക്കുന്ന, ഇംഗ്ലീഷിൽ പറഞ്ഞാൽ വളരെ nuanced and sophisticated ആയി ജാതി പ്രവർത്തിപ്പിക്കുന്ന സ്ഥലമായി കാണണം. ശരാശരി നോക്കിയാൽ കേരളത്തിലെ ദളിതർക്ക് മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് സ്ഥലമോ പണമോ ഇല്ല. പ്രശസ്ത ചിന്തകനായ സണ്ണി എം. കപിക്കാട് ചോദിക്കുന്നത് കേരളത്തിൽ 18,000-ൽ പരം ദളിത് കോളനികളുണ്ട്, എന്തുകൊണ്ടാണു നായർ കോളനിയോ ഈഴവ കോളനിയോ ക്രിസ്ത്യൻ, മുസ്ലീം കോളനിയോ ഇല്ലാത്തത ? ഇതിനു കേരളം ഉത്തരം പറയണമെന്നാണു.

കമ്മട്ടിപ്പാടം എന്ന പടത്തിൽ ദളിതർ പല്ലുന്തിയ മനുഷ്യരാണു. പല്ലുന്തുന്നത് ദളിതർക്ക് മാത്രമല്ല, എല്ലാവർക്കും പല്ലുന്തും. പല്ലുകെട്ടിക്കാൻ കാശുള്ളവർ പല്ലുകെട്ടിച്ചും പല്ല് നിരപ്പക്കിയും വെളുപ്പിച്ചും ദന്തസൗന്ദര്യം സംരക്ഷിക്കും. അല്ലാത്തവർ ഉന്തിയ പല്ലുമായി ജീവിക്കും. ദന്തസംരക്ഷണവും ഒരു റിസോഴ്സ് ഇഷ്യൂ ആണു.

സ്ഥിരം ബ്യൂട്ടി പാർലറിലും ജിമ്നേഷ്യത്തിലും മറ്റും പോകുന്ന, സ്വന്തം സൗന്ദര്യം സംരക്ഷിക്കാൻ സമയവും ധനവും സൗകര്യവുമുള്ള ഒരു ദളിത് പെൺകുട്ടി വനിതയുടെ കവർ ചിത്ര മോഡലാവില്ലേ ? സിനിമാനടിയാവില്ലേ ? ഒരുപക്ഷേ മലയാളത്തിൽ അല്ലെങ്കിൽ മറ്റ് ഭാഷാസിനിമകളിലെങ്കിലും നടിയാകും എന്നാണു എന്റെ തോന്നൽ. സൗന്ദര്യം രക്ഷിക്കാനും വർദ്ധിപ്പിക്കാനുമുള്ള ഈ ധനവും സൗകര്യവും സമയവും, സ്റ്റാറ്റിസ്റ്റിക്കലി നോക്കിയാൽ, കേരളത്തിൽ ഏതൊക്കെ വിഭാഗങ്ങൾക്കാണു കൂടുതലായുള്ളത് ?


സൗന്ദര്യത്തിന്റെ കറുപ്പും വെളുപ്പും

അതേസമയം മനുഷ്യ ചരിത്രത്തിലൊക്കെയും പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ ഇളം നിറമുള്ള skin tone എന്നത് സ്ത്രീകളുടെ സൗന്ദര്യമാപിനിയായിരുന്നു. കൂടുതൽ വെളുത്തിരിക്കുക, മുഖത്തിനു കൂടുതൽ കോണ്ട്രാസ്റ്റ് വരുത്തുക, എന്നതൊക്കെ ചരിത്രത്തിന്റെ തുടക്കം മുതലേ സൗന്ദര്യ സങ്കല്പങ്ങളാണു.

ഈ വിഷയത്തിൽ വിവാദമായ രണ്ട് ലേഖനങ്ങൾ മനോജ് ബ്രൈറ്റ് എഴുതിയിട്ടുണ്ട്:

1) കറുത്ത സുന്ദരികളുണ്ടോ?

2) വെളുത്ത സുന്ദരികളും ചില മേയ്ക്കപ്പ്, ഫോട്ടോഗ്രാഫി തത്വങ്ങളും

അതുകൊണ്ട് ഇരുണ്ട നിറമുള്ള ഏതെങ്കിലും പെൺകുട്ടി പൗഡറിട്ടോ മേക്കപ്പ് ഇട്ടോ സ്വന്തം മുഖത്തെ കൂടുതൽ വെളുപ്പുനിറമാക്കാൻ നോക്കുന്നെങ്കിൽ ഇതിൽ ഞാനൊരു തെറ്റും കാണുന്നില്ല. അത് സ്വാഭാവികമാണു. ഒരു സുഹൃത്ത് പറഞ്ഞത് കേരളത്തിൽ ഒരുപാട് പെൺകുട്ടികൾ ബ്ലീച്ച് ചെയ്യുന്നുണ്ടെന്നാണു. ബ്ലീച്ച് ചെയ്ത് സ്വന്തം ഇരുണ്ടനിറം കുറയ്ക്കാൻ തോന്നുന്നവർ അത് ചെയ്യട്ടെ, സ്വന്തം നിറം സുന്ദരമാണു, ആ നിറത്തിൽത്തന്നെ ഞാൻ സുന്ദരിയോ സുന്ദരനോ ആണെന്നു തോന്നുന്നവർ അങ്ങനെ ജീവിക്കട്ടെ. ഓരോരുത്തർക്കും അവരുടേതായ സൗന്ദര്യ സങ്കല്പങ്ങളുണ്ട്.

ജോലിയുടെ ഭാഗമായി ഞാൻ ആഫ്രിക്കൻ രാജ്യങ്ങൾ പോകാറുണ്ട്. നയ്രോബിയിലും മറ്റും തൊലിവെളുപ്പിക്കാനുള്ള ഒരു ഫെയർ ആന്റ് ലവ്‌ലി പരസ്യവും കണ്ടിട്ടില്ല. അവിടെ ബിൽബോർഡുകളിൽ ഇരുണ്ടനിറമുള്ള കെനിയൻ സുന്ദരിമാരെയാണു.

കറുപ്പ് ആയാലും വെളുപ്പ് ആയാലും താൻ സ്വയം സുന്ദരിയാണു, സുന്ദരനാണു എന്ന് തോന്നുന്ന, സൗന്ദര്യം സംരക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. സ്വന്തം മുഖത്തെയും ശരീരത്തെയും പറ്റിയുള്ള സൗന്ദര്യബോധം എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ വലിയ ഒരു മുതൽക്കൂട്ടാണു. ഒരാളുടെ ആത്മവിശ്വാസവുമായി സ്വന്തം സൗന്ദര്യത്തെപ്പറ്റിയുള്ള ബോധത്തിനു വലിയ ബന്ധമുണ്ട്. ആളുകൾ സ്വന്തം സൗന്ദര്യം സംരക്ഷിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണു. അത് മുടി ചീകി പൊട്ടുതൊട്ട് കണ്ണെഴുതിയിട്ടായാലും ബ്യൂട്ടി പാർലറിൽ ചെന്നിട്ടായാലും.


അപ്പോൾ കരിയോയിലോ?

അങ്ങനെ - മനുഷ്യർ സ്വന്തം സൗന്ദര്യത്തെ പരിപോഷിപ്പിക്കുന്ന - പൗഡറിട്ടും കണ്മഷിയെഴുതിയും ബ്യൂട്ടി പാർലറിൽപ്പോയും അണിഞ്ഞൊരുങ്ങിയും സ്വന്തം സൗന്ദര്യത്തെപ്പറ്റി ബോധവതികളും ബോധവാന്മാരുമായി നടക്കുന്ന, അങ്ങനെ നടക്കാനാഗ്രഹിക്കുന്ന ഒരു സമൂഹത്തിൽ, എവിടെയാണു ജയ, കരിയോയിൽ തേച്ച് ദളിതത്വം അവകാശപ്പെടുന്നതിന്റെ സ്ഥാനം? കരിയോയിലിന്റെ പുറത്ത് എപ്പൊഴെങ്കിലും അല്പം കുട്ടിക്കൂറ പൗഡർ തട്ടിയോ? മേക്കപ്പ് ഇട്ടോ? അങ്ങനെ തട്ടിയാൽ ഈ വേഷംകെട്ട് തീർന്നുപോവില്ലേ?

എന്റെ സംശയം ജയ 125 ദിവസത്തെ കരിയോയിൽ പ്രദർശനത്തിനിടയിൽ എന്നെങ്കിലും കരിയോയിൽ ധരിച്ചെത്തിയ മറ്റൊരു സ്ത്രീയെ കണ്ടോ എന്നാണു. പ്രദർശനവും പുസ്തകമെഴുത്തും ഒക്കെ നടക്കട്ടെ, അതൊക്കെ ദളിത് അനുഭവങ്ങളായി എഴുതിച്ചേർക്കരുത് എന്ന് മാത്രം അപേക്ഷിക്കുന്നു. വെറുതേ മനുഷ്യരെ കളിയാക്കരുത്.

Ambedkar


ഇരുണ്ട നിറമുള്ളവർക്കോ ദളിതർക്കോ കേരളത്തിൽ ഒരു വിവേചനവും നേരിടുന്നില്ല എന്നു വായിക്കരുത്. ആ വിവേചനങ്ങളെ ഹൈലൈറ്റ് ചെയ്യുന്നത് കരിയോയിൽ പുരട്ടിയിട്ടല്ല. തൊലി നിറം കൊണ്ട് വിവേചനങ്ങളുണ്ട്, ഇല്ലെന്നല്ല. പക്ഷേ അങ്ങനെ നേരിട്ടുള്ള വിവേചനങ്ങളെക്കാൾ കടുത്തതാണു തൊലിപ്പുറത്തല്ലാത്ത, ഗോപ്യമായ വിവേചനങ്ങൾ. ആ വിവേചനങ്ങളെ ഒന്നു ചുരണ്ടാൻ പോലും ഈ പ്രദർശനത്തിനു കഴിയില്ല.

Loading Conversation