#

അജയ് കുമാർ
കൊത്തുനേരം : Feb 17, 2016

പങ്കു വെയ്ക്കൂ !

ബാങ്ക്‌ ലോണ്‍ അടുത്ത് പഠിപ്പിച്ച അപ്പനുള്ള മക്കൾ അറിയാൻ...


ബാങ്ക് ലോണെടുത്ത് അപ്പന്മാര്‍ പഠിപ്പിച്ച മക്കള്‍ സെന്റിമെന്സും സംവരണ വിരുദ്ധതയും സമാസമം ചേര്‍ത്ത് കാറിയും കരഞ്ഞും നടക്കയാണല്ലോ മോന്തപുസ്തകത്തില്‍ .... ടി ചൊറിച്ചിലിനു പ്രത്യേകിച്ച് ഒരു മരുന്നും പറഞ്ഞുതരാനില്ല! പകരം ബാങ്ക് ലോണിനെ കുറിച്ച്ഒരു കഥപറയാം..

2006-07 വര്‍ഷത്തില്‍ കേരളത്തിനു പുറത്തെ അലച്ചിലൊക്കെ കഴിഞ്ഞു, ജോലിക്കായി തിരുവനന്തപുരത്ത് എത്തുന്നത്. യൂറോപ്യന്‍ യൂനിയന്‍റെയും, FNST യുടെയും ഒരു പ്രോജക്റ്റില്‍ ആദ്യ കോഡിനെറ്ററും പിന്നീട് ഡയരക്ട്ടറും ആയാണ് രംഗപ്രവേശം. സാമാന്യം ഭേദപെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓഫീസും താമസവും ഈഞ്ചക്കല്‍ സുഭാഷ്‌ നഗറില്‍ ( ശ്രീ പി ഗോവിന്ദപിള്ളയുടെ വീടിനു തൊട്ടുമുന്നിലെ വീട്ടില്‍). അങ്ങനെയിരിക്കെ ഒരത്യാവശ്യത്തിനു ഒരു 75000/- രൂപ സംഘടിപ്പികേണ്ട വന്നു. തിരുവനതപുരത്ത് കാര്യമായ പരിചയങ്ങള്‍ ഒന്നും ഇല്ല, പത്രങ്ങളില്‍ ആണെങ്കില്‍ മാഗി നൂഡില്‍സിനെക്കാള്‍ വേഗത്തില്‍ ലോണ്‍ കൊടുക്കും എന്നാ ന്യൂജന്‍ ബാങ്കുകളുടെ പരസ്യം. അതിലൊരാളെ വിളിച്ചു.


എന്‍റെ ജോലിയും പ്രൊഫൈലും ഒക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ എനിക്ക് ഒരു 3 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കാന്‍ ഒരുദിവസം പോലും വേണ്ടെന്നും, ഇന്ന് തന്നെ ശരിയാക്കാം എന്നുമായി ടിയാന്‍, സാലറി സ്ലിപ്പും, ബാങ്ക് സ്റേറ്റ്മെന്റും മാത്രം മതിയെന്നും, ബാങ്കില്‍ വരേണ്ടെന്നും ഒരുമണിക്കൂറിനുള്ളില്‍ എന്‍റെ ഓഫീസില്‍ വരാമെന്നും എക്സികുട്ടന്‍ മൊഴിഞ്ഞു. ഒരുമണിക്കൂറിനുള്ളില്‍ കക്ഷിയെത്തി, ഉപചാരങ്ങള്‍ കഴിഞ്ഞു.

ഒരു പുസ്തകം പോലത്തെ അപ്ലികേഷന്‍ ഫോം എന്നെഏല്‍പ്പിച്ചു അത്പൂരിപ്പികണം എന്ന്പറഞ്ഞു. ആദ്യം പേരും അഡ്രസ്സും എഴുതി, അതിനുപുറകെ, മതം, ജാതി എന്നൊക്കെ കോളങ്ങള്‍..

“ ഇതൊക്കെ വേണോ ലോണിനു” എന്ന് ഞാന്‍..

“വേണം, സാറ് ധൈര്യമായിട്ടു ഫില്ല്ചെയ്യ്” എന്ന്എക്സികുട്ടന്‍

ജാതിക്കെതിരെയുള്ള കോളത്തില്‍ ഞാന്‍ ‘പുലയന്‍’ എന്നെഴുതി മുഴുമിച്ചില്ല, ‘അയ്യോ’ എന്ന് എക്സികുട്ടന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ഒരുശബ്ദം പുറത്തുവന്നു .(ധൈര്യമായിട്ടു ജാതിയെഴുതാന്‍ പറഞ്ഞപ്പോ പുള്ളിക്കാരന്റെ വന്യഭാവനയില്‍ പോലും ഒരുപുലയന്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തം.)

ഒന്നും മനസിലാവാത്ത പോലെ ഞാനിരുന്നു. “സാര്‍ വേണമെങ്കില്‍ നായര്‍ എന്നോ പിള്ള എന്നോ എഴുതിക്കോ” എന്ന് ഒരു ക്ലാസിക്കല്‍ നിര്‍ദ്ദേശം എക്സികുട്ടന്‍ മുന്നോട്ടുവച്ചു. ( സെല്‍ഫ് ഡിക്ലരേഷന്‍ ആണെന്നും അതിനു സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടെന്നും ടിയാന്‍ ഉപദേശിച്ചു)

പറ്റില്ലെന്ന് ഞാന്‍. എന്നാല്‍ ജാതിമത കോളം ഫില്ല്ചെയ്യേണ്ടെന്ന് എക്സികുട്ടന്‍.

ആവശ്യം എന്‍റെത് ആയതുകൊണ്ട് സമ്മതിച്ചു. എല്ലാ കടാസുംകൊണ്ട് എക്സികുട്ടന്‍ പോയി, ചെക്ക് വാങ്ങാന്‍ നാളെ തന്നെ വരണം എന്നും ടിയാന്‍ പറയാന്‍ മറന്നില്ല...

ഒരുദിവസം കഴിഞ്ഞു.............ഒരാഴ്ച കഴിഞ്ഞു........ എക്സികുട്ടനെ കുറിച്ച് ഒരുവിവരവുംഇല്ല.... ക്ഷമകെട്ട് ഞാന്‍ അങ്ങോട്ടു വിളിച്ചു...

“ചില പ്രശ്നങ്ങള്‍ ഉണ്ട്സാര്‍, ലോണ്‍പാസാക്കാന്‍ കഴിയില്ല” എന്ന്എക്സികുട്ടന്‍

“ ശരി എന്താ കാര്യം” - ഞാന്‍

സാറിന്‍റെ അഡ്രസ്സില്‍ ‘വള്ളകടവ്’ എന്നാണ് സ്ഥലപേരു കൊടുത്തിരിക്കുന്നത്, അത് ഞങ്ങളുടെ ബാങ്കിലെ നെഗറ്റീവ് ലിസ്റ്റില്‍പെടുന്ന സ്ഥലമാണ്.

“നെഗറ്റീവ് സ്ഥലമോ?

“അതെ സാര്‍, ഒരു ‘വക’ ആളുകള്‍ ആണ്, അതുകൊണ്ടാണ് ബാങ്ക് നെഗറ്റീവ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.

(വള്ളകടവ് കൂടുതല്‍ മുസ്ലീങ്ങളും ബാക്കി ദളിത്‌ കോളനികളും അടങ്ങിയ പ്രദേശമാണ്)

അതായത് മക്കളെ, നിങ്ങളുടെ ഒക്കെ അപ്പന്മാരുടെ സാമൂഹ്യവും, മതപരവും, സ്ഥലപരവുമായ “ലൊക്കേഷനില്‍’ അല്ല ഞങ്ങളും ഞങ്ങളുടെ അപ്പന്മാരും ജീവിച്ചതും ജീവിക്കുന്നതും.....


Note: As per RBI guideline, every bank both public sector and new gen. privet banks set aside 10% of their total loans should be given to weaker section, including Dalits and Adivasis and certain groups among minority communities etc, but this never met, in Kerala Dalit and Aadivasi access to bank credit is pathetic. RIGHTS now working on a report on subject.


credits

Loading Conversation