#

വിനീതാ വിജയൻ
കൊത്തുനേരം : Apr 04, 2018

പങ്കു വെയ്ക്കൂ !

ജാതിയും സ്ത്രീകളും മലയാളസിനിമയും

മലയാള സിനിമയിൽ മുൻപില്ലാത്ത വിധം ജാതീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാതൃഭൂമിയോ മലയാളമോ പോലുള്ള മുഖ്യധാരാ മാസികകളോ സവർണ്ണ ചലച്ചിത്ര സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാക്കളയാം സി.എസ്.വെങ്കിടേഷിനെ പോലെയുള്ള അവാർഡു ജേതാക്കളോ അല്ല ഇത്തരത്തിലുള്ള ഒരു പ്രതിരോധത്തിന് നേതൃത്വം നൽകിയത് .അരികു വൽക്കരിക്കപ്പെട്ടവരുടെ സാംസ്കാരിക കൂട്ടായ്മകളും ഓൺലൈൻ മാസികകളും വ്യത്യസ്തങ്ങളായ ദലിത് ബഹുജൻ പ്രസ്ഥാനങ്ങളുമാണ്.

വിഗതകുമാരൻ എന്ന ആദ്യ ചലച്ചിത്രത്തിന്റെ കഥ സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കണ്ടതിനു ശേഷമായിരിക്കണം കേരളീയ സമൂഹം വലിയ ഒരളവിൽ എങ്കിലും പി.കെ.റോസി എന്ന സ്ത്രീ ദലിത് സ്ത്രീയെന്ന നിലയിൽ നിന്ന് അഭിനേത്രിയെന്ന തലത്തിലേക്ക് കടന്നു വന്നപ്പോൾ നേരിടേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ച് അറിയാനും പറയാനും തുടങ്ങിയത്. വളരെ പണ്ടെന്നോ ഉണ്ടായിരുന്ന ഒരു ദുഷിച്ച വ്യവസ്ഥയുടെ ഇരയെന്ന് റോസിയെ വ്യാഖ്യാനിക്കുമ്പോൾ ഈ സിനിമയുടെ നിർമ്മിതിയിൽ പോലും പ്രവർത്തിച്ച,അന്നത്തേക്കാളെന്നോണം ആഴത്തിൽ വേരോടിയിട്ടുള്ള സവർണ്ണ ജാതി ബോധത്തിന്റെ മറച്ചു പിടിക്കൽ കൂടിയാണ് സംഭവിച്ചത്.

ദലിത് സൈദ്ധാന്തികനും എഴുത്തുകാരനും ആയ ഏ.എസ് അജിത് കുമാർ Ajith Kumar A Sസാമൂഹ്യ വ്യവസ്ഥയിലെ കൃത്രിമമായി രൂപപ്പെടുത്തപ്പെട്ട കപട ജാതി നിരപേക്ഷതയെ പരിഹസിക്കുന്നത് കാണുക "ജാതി എന്നത് നായർ മാടമ്പിമാരുടെയും ഭൂപ്രഭുക്കൻമാരുടെയും മാത്രം ഉള്ളിലുള്ള കാര്യമാണല്ലോ? നായന്മാരൊക്കെ ആധുനികയിരായിത്തീർന്നാൽ അവിടെ തീർന്നു പോകുന്ന ഒന്നാണല്ലോ ഈ ജാതി വ്യവസ്ഥ എന്നു പറയപ്പെടുന്ന സംഗതി! ആദ്യ കാലങ്ങളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒക്കെയെങ്കിലും നായന്മാർ അവരുടെ വേഷം കെട്ടാനെങ്കിലും ദലിതരെ അനുവദിച്ചിരുന്നു. ഇപ്പോളിപ്പോളായിട്ട് കറുത്ത തൊലിയുള്ള ഒരു കഥാപാത്രത്തിന് ചേർന്ന നായിക വേണ്ടിവരുമ്പോൾ സവർണ്ണ നായികയെ കറുത്ത നിറമടിച്ചിട്ടാണെങ്കിലും അവർ തൃപ്തരാവുന്നുണ്ട് "... ദലിത് സൈദ്ധാന്തികനും ചലച്ചിത്രകാരനും ആയ രൂപേഷ് കുമാർ Rupesh Kumarസെല്ലുലോയ്ഡ് എന്ന ചലച്ചിത്രം കണ്ടതിനു ശേഷം അഭിപ്രായപ്പെട്ടത്.

"1930 കളിൽ സവർണ്ണഹൈന്ദവരുടെ അക്രമം കൊണ്ട് തമിഴ് നാട്ടിലേക്ക് ഓടിപ്പോയ റോസിയെ തിരികെ തിരശ്ശീലയിൽ എത്തിച്ച് കൊല ചെയ്യുകയാണ് സെല്ലുലോയ്ഡ് എന്ന ചലച്ചിത്രം " എന്നാണ്.അജിത്കുമാറിനെയും രൂപേഷിനെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്ന ഘടകം എന്താണ്?

സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിന് ആധാരമായ Vinu Abrahamവിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിലടക്കം പി.കെ റോസി എന്ന നായികാ കഥാപാത്രത്തെ മറന്ന് ജെ.സി.ദാനിയലിനെ ഹൈലൈറ്റ്ചെയ്യാൻ നോവലിസ്റ്റും ദാനിയലിന്റെ കഥാപാത്രത്തിലൂടെ പൃഥ്വിരാജ് എന്ന നായകനെ ഹൈലൈറ്റ് ചെയ്യാൻ കമലും കാണിച്ച അതിവ്യഗ്രതയിൽ സവർണ്ണ നിർദ്ദേശങ്ങൾക്ക് സവിനയം വഴങ്ങുക മാത്രം ചെയ്യുന്ന ആർജ്ജവമില്ലാത്ത കഥാപാത്രമായി ഒതുക്കപ്പെടുകയായിരുന്നു പി.കെ റോസി എന്ന യഥാർത്ഥ നായിക എന്ന തിരിച്ചറിവുതന്നെയാണ് ഈ പ്രതികരണങ്ങളുടെ കാതൽ.ഈ തിരിച്ചറിവിൽ നിന്നു കൊണ്ടാണ് സമകാല മലയാള സിനിമയിൽ ഒരു നായർ നായികയെ അവതരിപ്പിക്കാനുള്ള അവസരം ഒരു ദലിത് സ്ത്രീക്ക് ഇന്നുണ്ടോ ?എന്ന ചോദ്യം ഉയരേണ്ടതും

ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുൻപ് മലയാള സിനിമയിലെ ജാതി ലിംഗ ഘടനകളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം പി.കെ.റോസിയെ കുറിച്ചുള്ള സിനിമ, നോവൽ, ഡോക്യുമെന്ററികൾ, ലേഖനങ്ങൾ, പoനങ്ങൾ തുടങ്ങിയ സമകാലിക ആഖ്യാനങ്ങളിൽ അവർ ഏതു രീതിയിലാണ് സ്ഥാപിക്കപ്പെടുന്നത് എന്നും നിരീക്ഷിക്കേണ്ടതുണ്ട്.

ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ, കുന്നുകുഴി എസ് മണി, ബേബി തോമസ്,K K Babu Rajകെ.കെ.ബാബുരാജ് തുടങ്ങിയവരുടെ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ശ്രമഫലമായാണ് മലയാള സിനിമാ ചരിത്രത്തിലും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലും, അർഹിക്കുന്ന വിധത്തിൽ അല്ലെങ്കിൽ കൂടി പി.കെ റോസി എന്ന പേര് അടയാളപ്പെടുത്തപ്പെട്ടത്. പി.കെ റോസിയെക്കുറിച്ച് ഉണ്ടായ ആദ്യ ലേഖനം ഒരുചലച്ചിത്രമാസികയുടേതായിരുന്നു.മലയാള സിനിമയുടെ ആദ്യ നായിക തിരുവനന്തപുരത്തെ പുല്ലു കച്ചവടക്കാരി - എന്നതായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്.ലേഖനത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന റോസിയുടെ ജീവചരിത്രം ഇങ്ങനെ ചുരുക്കി വായിക്കാം" കൂലിവേല ചെയ്ത് ജീവിച്ചിരുന്ന റോസി എന്ന ദലിത് സ്ത്രീയെ ജേസി ദാനിയൽ തന്റെ ചലച്ചിത്രത്തിൽ നായർനായികാ വേഷത്തിൽ അഭിനയിപ്പിക്കുന്നു. അതിൽ അസ്വസ്ഥരായ തിരുവനന്തപുരത്തെ നായന്മാർ ചിത്രം പ്രദർശിപ്പിച്ച തീയറ്റർ നശിപ്പിക്കുന്നു.. റോസിയുടെ വീടിന് തീവയ്ക്കുന്നു. പ്രാണഭയത്താൽ തമിഴ്നാട്ടിലേക്ക് നാടുവിട്ടോടുന്ന റോസിക്ക് അയ്യങ്കാർ സമുദായത്തിൽ പെട്ട ഒരു ലോറി ഡ്രൈവർ തുണയാകുന്നു. തുടർന്ന് അഗ്രഹാര കോലായിൽ കോലം വരച്ചുകൊണ്ടിരിക്കുന്ന മാമിയാർ പരിവേഷത്തിലേക്ക് റോസി എത്തുന്നു; ലേഖനം അവസാനിക്കുന്നു.

ജെ.സി.ദാനിയലിന്റെ സിനിമയിൽ അഭിനയിക്കുന്നതിന്നു മുൻപു തന്നെ ധാരാളം തമിഴ്നാടകങ്ങളിലും കാക്കാരിശ്ശി നാടകങ്ങളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയായിരുന്നു പി.കെ.റോസി എന്നും അതുകൊണ്ട് കൂടിയാണ് ദാനിയൽ തന്റെ സിനിമയിൽ അവരെ നായികയാക്കിയതെന്നും ഉള്ള യാഥാർത്ഥ്യം ലേഖനത്തിന്റെ രചനാകാലത്ത് തന്നെ എല്ലാവർക്കും അറിയാമായിരുന്നു .അതു മറച്ചുവയ്ക്കുകയും ഒപ്പം സവർണ്ണ സ്ത്രീയെന്ന വ്യാജ സ്വത്വത്തിൽ അഭിരമിച്ചു ജീവിച്ചു മരിച്ചു പി.കെ റോസി എന്നത് ആഘോഷപൂർവ്വം സ്ഥാപിച്ചു തൃപ്തനാവുകയാണ് ടി.ലേഖകൻ.

കാക്കാരിശ്ശി നാടകങ്ങൾ നൃത്ത പ്രധാനമായ നാടോടി കലാരൂപമാണ്. പുരുഷന്മാർ തന്നെയാണ് അക്കാലം വരേക്ക്അവയിൽ സ്ത്രീ വേഷവും കൈകാര്യം ചെയ്തിരുന്നത്. അത്തരത്തിൽ നിലനിന്നു വന്ന പരമ്പരാഗത കലാരൂപത്തിൽ പോലും സ്ത്രീ വേഷം ചെയ്യാൻ തന്റേടവും കഴിവും ഉണ്ടായിരുന്ന പി.കെ റോസി കാക്കാരിശ്ശി നാടകങ്ങളിൽ സ്ത്രീ വേഷം ചെയ്ത ആദ്യ സ്ത്രീ എന്നുകൂടി കേരളത്തിന്റെ കലാചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാൽ റോസിയെ കുറിച്ച് ഇന്നു വരെ വന്നിട്ടുള്ള സിനിമയും നോവലും ഡോക്യുമെന്ററിയും ഉൾപ്പടെ ഉള്ള മുഖ്യധാരാ ആഖ്യാനങ്ങൾ മുഴുവൻ കാക്കാരിശ്ശി നാടകങ്ങളിൽ തിളങ്ങിയ

പുല്ലുകച്ചവടക്കാരി റോസിയായിരുന്നു മലയാള സിനിമയിലെ ആദ്യ നായിക എന്ന് പറയാൻ മടിച്ച് പുല്ലു വിൽപ്പനക്കാരി എന്ന നിലക്ക് ഒരു ദലിത് സ്ത്രീയുടെ തൊഴിൽ ശരീരം മാത്രമായി പരിമിതപ്പെടുത്തി.അതിനപ്പുറമുള്ള ഒരന്തസ്സിനും അവർക്ക് അർഹതയില്ല എന്നുള്ള സവർണ്ണ ബോധത്തിന്റെ അധീശ മനോഭാവമാണ് അത്തരത്തിലുള്ള ആഖ്യാനങ്ങളിൽ വെളിപ്പെടുന്നത്. പി.കെ റോസി എന്ന സ്ത്രീയെ വ്യക്തി എന്ന നിലയിൽ, നടി എന്ന നിലയിൽ ഇല്ലായ്മ ചെയ്യുകയും തങ്ങളുടെ അപാരമായ സഹതാപം വാരിച്ചെലുത്താൻ പാകത്തിലുള്ള ഒരു ഇര എന്ന രീതിയിൽ പരിണാമപ്പെടുത്തുകയായിരുന്നു കമലും വിനു എബ്രഹാമും ഉൾപ്പെടെയുള്ള ആഖ്യാതാക്കൾ ചെയ്തത്.

ജാതീയമാനങ്ങൾ മുഴുവനായും മറച്ചു വച്ചു കൊണ്ട് കേവലമൊരു സദാചാര പ്രശ്നമായോസ്ത്രീയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ തടയുന്നതിനുള്ള ശ്രമമായോ മാത്രം റോസിക്കെതിരായുണ്ടായ അക്രമങ്ങളെ ലഘുവായി കാണുന്ന മറ്റൊരുതരം വ്യാഖ്യാനവും ഉണ്ടായി.ആ വാദത്തിന്റെ വക്താക്കളുടെ വാദം ശരിയാണെങ്കിൽ വിഗതകുമാരന് അഞ്ചു കൊല്ലം കഴിഞ്ഞ് ഇറങ്ങിയ മാർത്താണ്ഡവർമ്മ എന്ന ചലച്ചിത്രത്തിൽ സവർണ്ണ സ്ത്രീ കഥാപാത്രങ്ങളെ സവർണ്ണ സ്ത്രീകൾ തന്നെ അവതരിപ്പിച്ചപ്പോളും അത്തരം അതിക്രമങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവേണ്ടിയിരുന്നില്ലേ ? ഒന്നും ഉണ്ടായില്ലല്ലോ? സവർണ്ണ ചലച്ചിത്ര പ്രവർത്തകരും നിരൂപകരും എഴുത്തുകാരും പോസ്റ്റ് കൊളോണിയൽ നിയോ മാർക്സിസ്റ്റ് ബുദ്ധിജീവികളും ചേർന്ന് തനത് സാംസ്കാരിക രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട ഒരു പാശ്ചാത്യ സാങ്കേതികവിദ്യയായി മാത്രം സിനിമയെ പൊതു ഇടത്തിൽ സ്ഥാപിക്കുകയും മറ്റേതു മേഖലയിലും എന്നതുപോലെ ഘട്ടം ഘട്ടമായി അവിടെ സവർണ്ണാധികാരം സ്ഥാപിച്ചെടുക്കുകയുമായിരുന്നു മലയാള സിനിമയിലും .ഭക്ഷണം, വസ്ത്രം, ശരീരം, കല, ബൗദ്ധിക ത തുടങ്ങി എന്തിലും പൊതുബോധമായി പരിണാമപ്പെട്ട സവരണ്ണബോധം മാർത്താണ്ഡവർമ്മ മുതൽക്കിങ്ങോട്ട് ഇന്നോളവും നിലനിൽക്കുന്നു എന്നത് തന്നെയാണ് യാഥാർത്ഥ്യം

റോസി തുടച്ചു നീക്കപ്പെട്ടതിനു ശേഷമുള്ള മലയാള സിനിമാ ചരിത്രത്തിലൊരേടത്തും മറ്റൊരു ദലിത് നായിക പ്രത്യക്ഷപ്പെടുന്നില്ല. ഉന്നതകുലജാതരായ ഹൈന്ദവ - ക്രൈസ്തവ നടികൾ മാത്രം! നായർ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദ്യകാലങ്ങളിൽ തമിഴിൽ നിന്ന് മിസ് കുമാരിയെയും ഷീലയെയും പോലുള്ള സിറിയൻ ക്രിസ്ത്യൻ നായികമാരെയാണ് ഇറക്കുമതി ചെയ്തിരുന്നത് എങ്കിൽ പത്മിനി രാഗിണി നായർ സഹോദരികളിലേക്കും ജയഭാരതി, സീമ, ജയഭാരതി നമ്പ്യാർ നടികളിലേക്കും ആയി അതിന്റെ തുടർച്ച.സീമയ്ക്കു ശേഷം സവർണ്ണ നായികമാരുടെ കുത്തൊഴുക്കായിരുന്നു മലയാള സിനിമയിൽ.അംബിക, ശോഭന, രേവതി, ഉർവ്വശി, കാർത്തിക,പാർവ്വതി, തുടങ്ങി എത്രയോ നായികമാർ! (ജാത്യുന്നതി അവകാശപ്പെടാനില്ലാത്ത സരിതയെപ്പോലുള്ള നായികമാർ സ്വീകരിക്കപ്പെട്ടില്ല എന്നല്ല, അവർ മലയാളിയല്ലായ്കയാൽ മാത്രം സ്വീകരിക്കപ്പെട്ടു എന്നതാണ് കൗതുകകരമായ സത്യം ) .


ഇക്കഴിഞ്ഞ ദശകങ്ങളിൽ മലയാള സിനിമയിലെ നായികാ നടിമാർക്കുണ്ടായ മറ്റൊരു ശ്രദ്ധേയമായ മാറ്റം തങ്ങളുടെ പേരിനൊപ്പം ജാതി വാലുകൂട്ടിച്ചേർത്തുപയോഗിക്കുന്ന രീതിയിൽ ഉണ്ടായ 'പുരോഗമന "മാണ്. മഞ്ജു വാര്യർ, സംയുക്താ വർമ്മ ,നവ്യാ നായർ, ശ്വേതാ മേനോൻ ,പ്രിയാ പിള്ള, നിത്യാ മേനോൻ,കാർത്തികാ നായർ തുടങ്ങി എത്രയോ 'ജാതി നായികമാർ "! ദലിത്, കീഴാള സ്ത്രീ കഥാപാത്രങ്ങളെ തിരശ്ശീലയിൽ അവതരിപ്പിക്കുമ്പോൾ പോലും തങ്ങൾ ആരെന്നും എവിടെ നിൽക്കുന്നുവെന്നും അവർ തങ്ങളുടെ പേരിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.

മുക്കാൽ നൂറ്റാണ്ടിനിപ്പുറവും സവർണ്ണ ഹിന്ദു / സിറിയൻ ക്രിസ്ത്യൻ നടിമാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരുന്ന മലയാളത്തിലെ നായികാ പദവിയിലേക്ക് ഈഴവരോ മറ്റു പിന്നോക്ക സമുദായ അംഗങ്ങളോ ആയ നടിമാർക്ക് പോലും പ്രവേശനം കിട്ടുന്നത് ഈ അടുത്ത കാലത്താണ്. സവർണ്ണ ആചാരാനുഷ്ഠാനങ്ങൾ നിഷ്ഠയോടെ പിന്തുടരുന്ന പിന്നോക്കക്കാരിലെ ഉന്നത വിഭാഗം എന്നു പറയാവുന്ന വിഭാഗമാണ് ചാലിയാർ സമുദായം .കാവ്യാ മാധവൻ ആ സമുദായാംഗമാണ്. എന്നാൽ നായരേക്കാൾ നായർ സാദൃശ്യമുള്ള രൂപമാകയാൽ കൂടിയാണ് കാവ്യ സ്വീകരിക്കപ്പെട്ടത്. കൃത്യമായ നായർ രൂപം ഉണ്ടായിട്ടു പോലും സംവൃതാ സുനിലിനെ പോലെ ഒരു ഈഴവ പെൺകുട്ടിക്ക് അർഹമായ വേഷങ്ങൾ കിട്ടുന്നില്ല എന്നതും പാതി ദലിത് എന്നു പറയാവുന്ന റിമാ കല്ലിങ്കൽ, ലൈംഗിക സദാചാരമില്ലാത്തവരായ വില്ലത്തി പരിവേഷമുള്ള വേഷങ്ങളിൽ തളച്ചിടപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല.

സമാനമായ തരത്തിൽ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനങ്ങൾ പരിശോധിച്ചാൽ ഒരു നദിയാ മൊയ്തുവിനെയോ സുരേഖയെയോ (തകരഫെയിം ) കണ്ടു കിട്ടിയേക്കാം. എങ്കിൽ പോലും അവരിരുവരും ഒരു കാലത്തും ആഘോഷിക്കപ്പെടുന്ന തരത്തിലുള്ള ഒരു നായികാ താരപദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല.മലയാള സിനിമയിൽ ഇന്നു നാം കാണുന്ന മുസ്ലീം സ്ത്രീ കഥാപാത്രങ്ങളൊക്കെയും അവതരിപ്പിക്കുന്നത് മുസ്ലീം ഇതര നടിമാരാണ്.തട്ടത്തിൻ മറയത്ത് പോലുള്ള സിനിമകളിൽ അതിസുന്ദരികളായ അന്യഭാഷാ നടിയാണ് മലയാളി മുസ്ലീം പെൺകുട്ടിയെ അവതരിപ്പിച്ചത്.മുസ്ലീം സ്ത്രീകളുടെ അവസ്ഥ ഇതായിരിക്കേ ആദിവാസി / ദലിത്സമൂഹത്തിൽ നിന്നുംഭിനേത്രി എന്നത് എത്ര വിദൂരമായ സ്വപ്നമാണ് എന്നതിൽ സംശയിക്കേണ്ടതില്ലല്ലോ.

മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദലിത് സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത് അതി ലൈംഗികത കുത്തിച്ചെലുത്തിയ രൂപ വേഷഭൂഷാദികളോട് കൂടിയ സവർണ്ണ സ്ത്രീകൾ തന്നെയായിരുന്നു. സിനിമ കളിലെ ദലിത് സ്ത്രീ കഥാപാത്രങ്ങളാവട്ടേ സദാചാര നിഷ്ഠയില്ലാത്ത വിവാഹപൂർവ്വ വിവാഹേതര ബന്ധങ്ങൾ സൂക്ഷിക്കുന്നവരായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.ചെമ്മീനിലെ കറുത്തമ്മ,കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ, അനുഭവങ്ങൾ പാളിച്ചകളിലെ നായികയായ ദലിത് സ്ത്രീ കഥാപാത്രം കുട്ടിക്കുപ്പായത്തിലെ മുസ്ലീം സ്ത്രീ തുടങ്ങി ഷീല എന്ന നടി അവതരിപ്പിച്ചിട്ടുള്ള കീഴാള സ്ത്രീകഥാപാത്രങ്ങൾ മാത്രം ഒന്നെടുത്തു നോക്കൂ.. 22 ഫീമെയിൽ കോട്ടയത്തിലും ചാപ്പാ കുരിശിലും ഡയമണ്ട് നെക് ലേസിലും അന്നയിലും റസൂലിലും വിഭിന്ന രൂപങ്ങളിൽ ഇതേ കഥകൾ ആവർത്തിക്കപ്പെട്ടു കൊണ്ടേ യിരിക്കുന്നു.

ഏതുതരം തൊഴിൽ സാഹചര്യങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീകളും ആവട്ടേ വെളുത്ത അഴകളവുകൾ ഒത്ത, അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ഒരുതരത്തിലും നീതി പുലർത്താനാവാത്ത ശരീരങ്ങളോടെയാണ് തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത്.അന്നയും റസൂലും എന്ന ചലച്ചിത്രത്തിലെ അന്ന തുണിക്കടയിലെ സെയിൽസ് ഗേളാണ്, ഉടലും നിറവും മോഡലിന്റേതും.!


ഇരുണ്ട നിറമുള്ള ഒന്നിലധികം സെയിൽസ് ഗേളുകൾ ചിത്രത്തിൽ പലയിടങ്ങളിലും ദൃശ്യരാണ്. എന്നാൽ അവർക്കാർക്കും ചിത്രത്തിൽ പേരോ ശബ്ദമോ ഇല്ല തന്നെ !പാപ്പിലിയോ ബുദ്ധ പോലെ ചുരുക്കം ചില സിനിമകൾ ദലിത് സ്ത്രീ സ്വത്വാ വിഷ്കാരത്തിന്റെ സവർണ്ണ നിർമ്മിത പരിമിതികളെ വിജയകരമായി മറികടക്കുന്നുണ്ട്. എന്നാൽ മുഖ്യധാരയിൽ ആ ചിത്രത്തിത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടതും നാം കണ്ടു കഴിഞ്ഞിരിക്കുന്നു. പി.കെ റോസിക്കു മുന്നിൽ വലിച്ചു കീറപ്പെട്ട തിരശ്ശീല ഇന്നും അതുപോലെ അവശേഷിച്ചിരിക്കുന്നു, മലയാള സിനിമയിൽ എന്നു പറയാതെ വയ്യ!

[ പി.കെ റോസി അവാർഡ് കെ.പി.എസി.ലളിതക്ക് സമ്മാനിച്ച വേദിയിൽ ജെനി റൊ വിനോ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗത്തിന് കടപ്പാട് ]

Loading Conversation