#

പ്രശാന്ത് ഗീത അപ്പുൽ
കൊത്തുനേരം : Mar 18, 2018

പങ്കു വെയ്ക്കൂ !

സംവരണവും സാമ്പത്തിക മാനദണ്ഡവുംസംവരണ വിരുദ്ധരുടെ വാദങ്ങളിൽ എറ്റവും പ്രബലമായതാണ് സാമ്പത്തിക ദാരിദ്ര്യ നിർമാർജ്ജന വാദങ്ങൾ. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നാണ് ഈ വാദത്തിൻ്റെ എറ്റവും അടിസ്ഥാനപരമായ ചുരുക്കെഴുത്ത്. എങ്ങനെയാണ് സംവരണ മണ്ഢലത്തിൽ സാമ്പത്തികം ഒരു മാനധണ്ഢമായി മാറിയത്?
വലിയൊരു ജാതീയമായ ഗുഢാലോചനയാണ് ജാതീയ സംവരണത്തിന്റെ മണ്ഡലത്തിൽ സാമ്പത്തിക മാനദണ്ഡം കുത്തികയറ്റുക വഴി ഉണ്ടായത്. അങ്ങനെ പറയുമ്പോൾ ഗുഢാലോചന എന്നത് ഏതാനും പേർ ചേർന്നെടുത്തതാണ് എന്ന അർത്ഥത്തിൽ അല്ല, മറിച്ച് ജാതീയമായി അത്തരത്തിൽ സംഭവിച്ചതാണ് എന്ന് പ്രത്യേകം പറയട്ടെ.


ഇനി എവിടുന്നാണ് സാമ്പത്തിക സംവരണം സംവരണ മണ്ഡലത്തിലേക്ക് വരുന്നത്?

അത് മനസ്സിലാകണമെങ്കിൽ ഇന്ത്യയുടെ ഭരണഘടന ഒന്ന് പരിശോധിക്കണം. ഇന്ത്യയുടെ ഭരണഘടനയിലെവിടേയും സംവരണത്തിൻ്റെ മാനദണ്ഡം സാമ്പത്തികം ആകണമെന്ന് എഴുതപ്പെട്ടിട്ടില്ല. ഭരണഘടന രൂപപെടുമ്പോൾ തന്നെ പട്ടിക ജാതി/വർഗ്ഗ സംവരണത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരാണ് SC/ST എന്നോക്കെ ഭരണഘടനപരമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് കൊടുക്കേണ്ട സംവരണവും, നിയമസഭ-ലോകസഭകളിൽ കൊടുക്കേണ്ട സംവരണത്തിന്റെ കാലാവധിയും നിർവചിക്കപ്പെട്ടിട്ടുണ്ട് (ശ്രദ്ധിക്കുക... ഇത് നിയമസഭ-ലോകസഭകളിൽ കൊടുക്കേണ്ട സംവരണത്തിന്റെ കാലാവധിയെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ തൊഴിൽ വിദ്യാഭ്യാസ സംവരണത്തെക്കുറിച്ചല്ല കേട്ടോ! അതിന് യാതൊരു കാലവധിയും ഭരണഘടനയിലെങ്ങും ഇല്ല Article 334 ).ചുരുക്കത്തിൽ SC/ST വിഭാഗങ്ങളുടെ സംവരണത്തിന് പൂർണ്ണമായും വ്യക്തമായും ഭരണഘടന അനുശാസിക്കുന്ന രീതിയിൽ തന്നെ മുന്നോട്ട് പോകും.പിന്നെ സാമ്പത്തികം മാനദണ്ഡമാകുന്നത് എവിടെയാണ്?


അത് OBC സംവരണത്തിലാണ്. അതിനല്പം കൂടി പുറകിലേക്ക് പോകണം. ബ്രീട്ടിഷുകാർ അവതരിപ്പിച്ച് കമ്യുണൽ ജി ഓ യുടെ ഭാഗമായി 1934ൽ തന്നെ പലയിടത്തും OBCക്കും മുസ്ലീംങ്ങൾക്കും തൊഴിൽ, വിദ്യാഭ്യാസ സംവരണം ഉണ്ടായിരുന്നു. പിന്നീട് ഭരണഘടന രൂപപെടുന്ന കാലത്ത് OBCകളുടെ പ്രാതിനിധ്യം ഹിന്ദുത്വ ശക്തികൾക്കായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭ - ലോകസഭ പ്രാതിനിധ്യം അവർക്ക് അത്തരത്തിൽ കിട്ടും എന്ന് അവർ വാദിച്ചു. അതിനെതിരെ SC/STക്ക് വേണ്ടി അംബേദ്ക്കർ വാദിച്ചത് കൊണ്ട് മാത്രമാണ് SC/STക്ക് നിയമനിർമ്മാണത്തിൽ പ്രാതിനിധ്യം കിട്ടിയത്. നേരത്തെ പറഞ്ഞ കാരണം കൊണ്ട് തന്നെ OBCക്ക് നിയമനിർമ്മാണത്തിൽ പ്രാതിനിധ്യം കിട്ടിയില്ല. എന്നാൽ തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ സംവരണം ഉറപ്പാക്കണം എന്ന് Constituent Assemblyയിൽ വാദമുണ്ടാകുകയും Article 16 (3),(4) ആയി അത് ഉൾപ്പെടുത്തപെടുകയും ഉണ്ടായി. അപ്പോഴും അതിൽ സാമ്പത്തിക പിന്നോക്ക ആവസ്ഥ എന്നത് ഒരു മാനദണ്ഡമായിരുന്നില്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥകളായിരുന്നു മാനദണ്ഡം. അത്തരത്തിലുള്ളവർക്ക് ആവശ്യമായത്ര പ്രാതിനിധ്യം ആ വകുപ്പുകൾ ഉറപ്പാക്കി.Constituent Assemblyയിൽ "ആരാണ് ബാക്ക്വേർഡ്(backward)?" എന്ന ചോദ്യമുയർന്നു. "സ്റ്റേറ്റിൻ്റെ അഭിപ്രായത്തിൽ ആരാണോ ബാക്ക്വേർഡ് അയാൾ തന്നെയാണ് ബാക്ക്വേർഡ് എന്നാണ് അംബേദ്ക്കർ അതിനു മറുപടി പറഞ്ഞത്". ജനാധിപത്യ രീതിയിൽ ഓരോ പ്രദേശവും ചർച്ച ചെയ്തു അതാതിടത്തെ ബാക്ക്വേർഡിനെ തീരുമാനിക്കും എന്നായിരുന്നു സ്വാതന്ത്ര്യത്തിന്റെ ആ പുലരികളിൽ പൊതുവായി തീരുമാനിക്കപ്പെട്ടത്. 5 കൊല്ലം കൊണ്ട് ഹിന്ദുക്കളുടെ ജാതീയത ഇല്ലാതാക്കാനുള്ള ആത്മാർത്ഥത എല്ലാവർക്കും ബോദ്ധ്യമാകും എന്നാണ് ഗാന്ധി പോലും പറഞ്ഞിരുന്നത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ആരാണ് OBC എന്നറിയാൻ ഒരു കമ്മീഷനെ വെക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഇന്ത്യൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നത് Article 340 ആണ്. ഇതനുസരിച്ച് ഒരു OBC നാഷണൽ കമ്മീഷൻ ഉണ്ടകേണ്ടതായിരുന്നു. 1955ൽ ആദായത്തെ SEBC കമ്മീഷനുണ്ടായി.

കാക്ക കാലേക്കർ കമ്മീഷൻ. എന്നാൽ അതിന്റെ ശുപാർശകളൊന്നും സ്വീകരിക്കാതെ അന്നത്തെ ഗവൺമെന്റ് തള്ളി.


ഈ കാലയളവിൽ പല പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും പല പല കമ്മീഷനുകളും സ്ഥാപിക്കപ്പെടുകയും ഇവരോക്കെ അവരുടെ ഇച്ഛാനുസരണം OBC ലിസ്റ്റുകളുണ്ടാക്കി സംവരണം നടപ്പിലാക്കി. കൃത്യമായ ചർച്ചകളോ ഭരണഘടനപരമായ നിർവചനങ്ങളോ ഇല്ലാത്തതിന്റെയും നാഷണൽ കമ്മീഷൻ ഇല്ലാത്തതിന്റെയും പ്രശ്നമായിരുന്നു അത്. ഇത്തരം കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന പല എക്സിക്യൂട്ടിവുകളും സാമ്പത്തിക സംവരണം ശുപാർശ ചെയ്തിരുന്നു. ചില കമ്മീഷൻ അത് കണക്കിലെടുക്കുകയും ചെയ്തു. ചില കമ്മീഷനുകളുടെ വാദം Article 46ൽ പറയുന്നപോലെയാണ് പ്രവർത്തിക്കുന്നത് എന്നതായിരുന്നു.


46. Promotion of educational and economic interests of Scheduled Castes, Scheduled Tribes and other weaker sections. The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation


വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യം സംരക്ഷിക്കപ്പെടണം എന്ന നിർദ്ദേശക തത്വത്തെ അങ്ങനെ അല്ലാത്തവർക്ക് സംരക്ഷണം കൊടുക്കേണ്ടതില്ല എന്ന് വാദിച്ചാണ് ഇതൊക്കെ നടപ്പിലാക്കിയത്. തുടർന്ന് ഇതോക്കെ കോടതി വ്യവഹാരമാക്കപ്പെട്ടു. കൃത്യമായ ഭരണഘടന നിർവചനമില്ലാത്തതിനാൽ ഓരോ കേസിലും ഓരോ തരത്തിലാണ് വിധി ഉണ്ടായത്.  • [1] Balaji Vs. State of Mysore (AIR, 1963 SC 64) എന്ന കേസിൽ ജാതി മാത്രം അടിസ്ഥാനമാക്കി പിന്നോക്കാവസ്ഥ കണക്കാക്കുന്നത് ശരിയല്ല എന്ന് സുപ്രീം കോടതി കണ്ടെത്തി.

  • [2] Chitrelekha Vs State of Mysore AIR 1964, SC 1823) എന്ന കേസിൽ ജാതി മാത്രം അടിസ്ഥാനമാക്കേണ്ടതില്ലെന്നും തൊഴിൽ വരുമാനം മാത്രമാക്കിയാൽ മതിയെന്നും സുപ്രീം കോടതി സാമ്പത്തി സംവരണ വാദം കുറച്ചു കൂടി ശക്തമാക്കി.

  • [3] State of A.P. Vs. Sagar (AIR, 1968 S.C.13791) എന്ന കേസിൽ ജാതി മാത്രം അടിസ്ഥാനമാക്കേണ്ടതില്ല എന്നും എന്നാൽ ജാതിയെ ഒഴിവാക്കരുതെന്നും മധ്യനയം ഇതേ സുപ്രീം കോടതി സ്വീകരിച്ചു.

  • [4] P. Rajendran vs State Of Madras & Ors on 17 January, 1968 എന്ന കേസ് വന്നപ്പോഴേക്കും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുള്ളവരെ ജാതിയെ മാത്രം അടിസ്ഥാനമാക്കി OBC ആയി പരിഗണിക്കാം എന്ന് സാമ്പത്തിക സംവരണത്തെ തള്ളി കോടതി വിധി പുറപ്പെടുവിച്ചു.

  • പിന്നീട് വന്ന [5] Triloki Nath Vs State of Jammu Kashmir (1969 SC 103, AIR, 1969 SC), [6] Periakaruppan Vs. State of Tamil Nadu (AIR 1971 SC 2303), [7] Balarman Vs. Andhra Pradesh (AIR, 1972 SC 1376) എന്നീ കേസുകളിലും രജേന്ദ്രൻ കേസിന്റെ അതേ രീതി കോടതി പിന്തുടർന്നു ഫലം ജാതിയെ മാത്രം അടിസ്ഥാനമാക്കി പിന്നോക്കാവസ്ഥ കണക്കാക്കി. അതായത് Caste is Class എന്നായി മാറി.

  • പിന്നീട് [8] Jaysree Vs. State of Kerala (1976) എന്ന കേസിൽ സാമൂഹിക പിന്നോക്കാവസ്ഥക്ക് സാമ്പത്തികമായ. പിന്നോക്കാവസ്ഥ പങ്കു വഹിക്കുന്നുണ്ടെന്നും അത് കൊണ്ട് സാമ്പത്തിക അവസ്ഥ കൂടി കണക്കാക്കണം എന്നും കോടതി വിധിച്ചു (ഈ പോയിന്റ് ശ്രദ്ധിക്കണേ)

  • 1971ലെ Sattanathan Commission ക്രീമിലെയറിനെ സിവിൽ പോസ്റ്റിലെ നിയമനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു.

  • [9] Vasanth Kumar Vs State of Karantaka (AIR, 1985 Suppl. (1) SCR 352, AIR 1985 SC 1495) എന്ന കേസിൽ അഞ്ചംഗ ബെഞ്ചുണ്ടായിരുന്നു അഞ്ചു പേരും അഞ്ചു വിധി പുറപ്പെടുവിച്ചു. ജ. ചിന്നപ്പ റെഡ്ഡിയും വെങ്കടരമണ്ണയ്യയുടം ജാതി മാത്രം കണക്കാക്കി OBC യെ കണ്ടു പിടിക്കാം എന്ന് പറഞ്ഞപ്പോ ജ. ദേർസായി സാമ്പത്തികം മാത്രം മാനദണ്ഡം ആക്കി OBC യെ മനസ്സിലാക്കാം എന്ന് വിധിച്ചു. ജ. സെൻ ജാതിയെ അടിസ്ഥാനമാക്കി കണ്ടു പിടിക്കണം എന്നും എന്നാൽ സാമ്പത്തികം കൂടി പരിഗണിക്കണം എന്നും അഭിപ്രായപ്പെട്ടു. ജ.ചന്ദ്ചൂഡ് സംവരണം ഇനിയും നീട്ടണം എന്നും അഭിപ്രായപ്പെട്ടു. അതോടെ സാമ്പത്തിക സംവരണ മണ്ഡലത്തിലെ ഒരു പ്രധാന വാദമായി മാറിയിരുന്നു.


1955 ലെ കാലേക്കർ കമ്മീഷൻ ശുപാർഷ തള്ളിയ സർക്കാർ പിന്നീട് OBC കണ്ടുപിടിത്തം അട്ടത്ത് വെച്ചു. പിന്നെ അതെടുക്കുന്നത് 1978ലെ മോറാർജി സർക്കാരാണ്, അവർ രണ്ടാം SEBC കമ്മീഷൻ അഥവ മണഡൽ കമ്മീഷൻ രൂപീകരിക്കുന്നു. അതിനുമുമ്പേ നടന്നു പോയവയാണ് ആദ്യം പറഞ്ഞ 8 കേസുകളും. അതുകൊണ്ട് ആ വിധികളെ കൂടി പരിഗണിച്ച് മാത്രമേ കമ്മീഷന് പ്രവർത്തിക്കാൻ സാധിക്കൂ. കമ്മീഷൻ അതോടെ OBC മാനദണ്ഡത്തിൽ വെയ്റ്റേജ്കു റച്ചാണേലും ഒരു മാനധണ്ഡമായി സാമ്പത്തികാവസ്ഥ ഉൾപ്പെടുത്തുന്നു. എതാണ്ട് 1979 ശുപാർശ ചെയ്യപ്പെടുന്ന മണ്ഡൽ കമ്മീഷൻ നിർദ്ദേശങ്ങൾ പിന്നേയും 10 കൊല്ലം അട്ടത്ത് വെക്കപ്പെടുന്നു. അതായത് കേന്ദ്ര സർക്കാർ നിയമനങ്ങളിൽ ഈ കാലമത്രയും 40 വർഷത്തോളം OBC സംവരണം ഇല്ല എന്ന് മനസ്സിലാക്കണം. തുടർന്ന വരുന്ന വിപി സിങ്ങ് ഗവൺമെൻ്റാണ് മണ്ഡൽ കമ്മീഷൻ നടപ്പിലാക്കുന്നത് 50 ശതമാനം വരുന്ന OBC ക്ക് 27 ശതമാനം സംവരണം നടപ്പിലാകുന്നു തുടർന്ന് ബന്ദ് ഹർത്താൽ അത്മാഹൂതി എന്നിവ നടക്കുന്നു. ബിജെപി പിന്തുണ പിൻവലിക്കുന്നതോടെ വിപിസിങ്ങ് സർക്കാർ വീഴുന്നു.


പിന്നീട് വരുന്ന ഒരു ഭരണ മാറ്റത്തിനു ശേഷം നരസിംഹറാവു സർക്കാർ SEBC യിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് സംവരണത്തിൽ പ്രാമുഖ്യം കൊടുക്കണമെന്നും, മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണത്തിനും ഉത്തരവിടുന്നു.ഇത് ഇന്ദിരസാഹ്നി കേസിലേക്ക് നീങ്ങുകയും മണ്ഡൽ കമ്മീഷനിലെ സാമ്പത്തിക മാനദണ്ഡവും മറ്റു സർക്കാർ ഉത്തരവുകളും കണക്കിലെടുത്ത് ക്രീമിലെയറിനെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. റാവു സർക്കാർ പറഞ്ഞ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കാർക്കുള്ള 10 ശതമാനം ഭരണഘടന വിരുദ്ധമാണെന്നും സാമ്പത്തിക അടിസ്ഥാനം മാത്രം കണക്കാക്കി സംവരണം കൊടുക്കാൻ പാടില്ല എന്ന് അന്ന് തന്നെ കോടതി അസന്നിഗ്ദമായി വിധിച്ചിരുന്നു. എന്നാൽ ക്രീമിലെയറിനെ ഒഴിവാക്കാമെന്ന വാദം കോടതി അംഗീകരിക്കുകയും ചെയ്തു. സാമ്പത്തിക സംവരണമെന്ന വാദത്തിന് ബലം കൊടുക്കുന്ന ഒരു തീരുമാനമായിരുന്നു അത്. ഒരേ സമയം വിരുദ്ധമായ രണ്ട് തീരുമാനം ഒരേ വിധിയിൽ നേരത്തെ പറഞ്ഞ Article 46 ലെ Scheduled Castes, Scheduled Tribes and other weaker sectionsന്റെ
സാമ്പത്തിക വിദ്യാഭ്യാസ താല്പര്യങ്ങളുടെ പരിരക്ഷ എന്നത്. ഇവിടെയെത്തിപ്പോ സാമ്പത്തിക പരാധീനതയില്ലാത്തവർക്ക് യാതൊരു പരിരക്ഷയും വേണ്ടെന്ന രീതിയിൽ വ്യഖ്യാനിക്കപ്പെട്ടു. അതേ പോലെ നേരത്തെ പറഞ്ഞ Jaysree Vs. State of Kerala (1976)ലെ പോയിന്റ്. സാമൂഹിക പിന്നോക്കാവസ്ഥക്ക് സാമ്പത്തികമായ പിന്നോക്കാവസ്ഥ പങ്കു വഹിക്കുന്നുണ്ടെന്ന വാദം പിന്നീട് മാറ്റി സാമ്പത്തിക പിന്നോക്കാവസ്ഥ ഇല്ലാത്തവർക്ക് സാമൂഹിക പിന്നോക്കാവസ്ഥ ഇല്ല എന്ന രീതിയിൽ വ്യഖ്യാനിച്ചു.


അതായത് OBC വിഭാഗത്തിലേ ഒരാൾ സാമ്പത്തിക മുന്നോക്കാവസ്ഥയുണ്ടെങ്കിൽ അയാൾക്ക് മറ്റൊരു പിന്നോക്കാവസ്ഥയും ഇല്ലെന്ന് കണക്കാക്കും.

ഇവിടെയാണ് കളി! OBC സംവരണം കിട്ടണമെങ്കിൽ നോൺക്രീമിലെയറായിരിക്കണം. അല്ലെങ്കിൽ സംവരണം കിട്ടില്ല .ഇനി എന്താണ് സംഭവിക്കുന്നത്?ഇത് കൃത്യമായി നടക്കുന്നത് ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലയിലാണ്. അതായത് ദീർഘനാൾ പഠനവും തയ്യാറെടുപ്പും വേണ്ടി വരുന്ന മെഡിക്കൽ എഞ്ചിനീയറിംഗ് സിവിൽ സർവ്വീസ് മേഖലകളിൽ OBC യുടെ 27 ശതമാനം സീറ്റുകളിലേക്ക് ഇവിടെ സംവരണം കിട്ടാൻ സാദ്ധ്യതയുള്ളത് സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്ന ഉദ്യോഗാർത്ഥികളോ വിദ്യാർത്ഥികളോ ആയിരിക്കും. അങ്ങനെ വരുന്ന OBC വിദ്യാർത്ഥികളെ ക്രീമീലെയറെന്ന് പറഞ്ഞ് ഒഴിവാക്കും. പിന്നീട് നോൺക്രിമീലെയർ വിഭാഗത്തിൽ നിന്ന് തുഛമായ Candidates മാത്രമേ കാണൂ. ഫലമോ? ഭൂരിഭാഗം OBC സീറ്റും ഒഴിഞ്ഞു കിടക്കും. അതൊക്കെ പിന്നീട് ജനറലിലേക്ക് മാറ്റപ്പെടും. അവിടെ ഇത് ആരാണ് കൊണ്ടു പോകുന്നതെന്ന് വളരെ വ്യക്തമാണ്. അത് എത് മേഖലയിലും കണക്കെടുത്ത് നോക്കിയാൽ മനസ്സിലാക്കാവുന്നതാണ്.ചുരുക്കത്തിൽ സാമ്പത്തിക സംവരണം, സാമ്പത്തിക മാനദണ്ഡം എന്നത് ജാതി സംവരണം തകർക്കാനുള്ള ഒരു "ആട്ടിൻതോൽവാദം" മാത്രമാണ്. കൃത്യമായ ജനാധിപത്യ ചർച്ചകളിലൂടെ അല്ല സാമ്പത്തികം അഥവ ക്രീമീലെയർ ഇന്ത്യൻ സംവരണ മണ്ഡലത്തിലേക്ക് കടന്നു വരുന്നത്. മറിച്ച് അത് എക്സിക്യൂട്ടീവുകൾ വഴി പല പല കമ്മീഷനുകൾ വഴി കോടതി വ്യവഹാരങ്ങളിലൂടെ മണ്ഡൽ കമ്മീഷൻ വഴി ഇന്ദിര സാഹ്നി കേസ് വഴി ഉറപ്പിക്കപ്പെട്ടതാണ്. സത്യത്തിൽ അത് ഒരു "ബാക്ക് ഡോർ എൻട്രിയാണ്". ക്രീമിലെയർ സംവരത്തിലെ ഒരു പാളിച്ചയാണ്.ഇപ്പോൾ SC/STയിൽ കൂടി ക്രീമിലെയർ
നടപ്പിലാക്കണമെന്നാണ് സംവരണവിരുദ്ധരുടെ വാദം... ഹൌ !Source:
[1] Mandal Commission Report
[2] Indira Sahni Case

Loading Conversation