#

ശ്യാംലാൽ
കൊത്തുനേരം : Feb 18, 2016

പങ്കു വെയ്ക്കൂ !

ഫാസ്സിസത്തെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് ...


ഇന്ത്യയിൽ ഫാസ്സിസം കൊണ്ടുവന്നത് നരേന്ദ്രമോഡി ഭരണകൂടം അല്ല. അസഹിഷ്ണുത ഇന്നലെ പൊട്ടിമുളച്ചതും അല്ല. ഇന്ത്യൻ ഫാസ്സിസം ബ്രാഹ്മണ- ഹിന്ദുത്വയിൽ അടിസ്ഥാനമാക്കിയതാണ്. അത് സംഘപരിവാരത്തിന്റെ മാത്രം കുത്തകയല്ല, മാർക്സിസ്റ്റ്‌ / കോൺഗ്രസ്‌ / മുസ്ലിം / ക്രിസ്ത്യൻ അങ്ങിനെ രാഷ്ട്രീയ - സാമൂഹിക രൂപങ്ങളിലെല്ലാം ആഴത്തിൽ വേരോടിയ വിഷം ആണ്.

അതുകൊണ്ടാണ് സംവരണവിഷയത്തിൽ ഓ അബ്ദുറഹ്മാനും ജൂട് ആന്റണിക്കും ഒരേ സ്വരം വരുന്നത്. അത് കൊണ്ടാണ് കുമ്മനത്തിനു സിറിയൻ പാതിരിയുടെ കാലിൽ വീഴാൻ കഴിയുന്നത്‌, അത് കൊണ്ടാണ്, ക്രിസ്ത്യാനി ആയിട്ടും പള്ളിയിൽ ശവമടക്കാൻ സമ്മതിക്കാത്തതു, അത് കൊണ്ടാണ് ഒസ്സാൻ, പൂസ്സുലാൻ, അജ്ലിസ് എന്നൊക്കെ സാമൂഹിക സ്വത്വങ്ങൾ ഉണ്ടാകുന്നത്.. അത് കൊണ്ടാണ്, സ്ത്രീവിഷയത്തിൽ, സദാചാരത്തിൽ ഗോമൂത്രവും പോത്തിറച്ചിയും കൂട്ടികുഴച്ചു ഒരുമിച്ചിരുന്നു തിന്നുന്നത്.അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ അപലപിച്ചു കൊണ്ട് അഭിപ്രായം പറഞ്ഞ മാർകാണ്ഡയ കട്ജുവിനും, കന്നയ്യ കുമാറിനും, രോഹിത് വെമുലക്കും നേരിടേണ്ടി വരുന്ന ഫാസ്സിസ്റ്റ് അതിക്രമങ്ങളിൽ, ആ അതിക്രമങ്ങളുടെ രൂപഭാവങ്ങളിൽ വ്യത്യാസം വരുന്നത് യാദ്രിശ്ചികം ആണോ ?

ഇന്ത്യൻ ഫാസ്സിസ്സം, ബ്രാഹ്മനിസ്റ്റ് -ഹിന്ദുജാതീയതയുടെ ഒരു ഉപഫലം മാത്രമാണ്. പ്രശ്നം കിടക്കുന്നത് ബ്രാഹ്മനിസ്റ്റ്-ഹിന്ദു ആശയത്തിലാണ്. കൊട്ടകണക്കിന് നിരാഹാരം നടത്തിയ മോഹന്ദാസ് കരം ചന്ദ് ഗാന്ധി, ഒരിക്കൽ മാത്രം ആണ് മരണം വരെ നിരാഹാരം കിടന്നത്. അത് ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി അല്ല, ഇന്ത്യയിലെ പട്ടിക - അടിസ്ഥാനജനതയ്ക്ക് സ്വതന്ത്ര വോട്ടവകാശം കൊടുക്കാതിരിക്കാൻ വേണ്ടി മാത്രം ആയിരുന്നു. അതും ഒന്നാം നമ്പർ ഫാസ്സിസം ആയിരുന്നു.


ഇന്ന് മാർക്സിസ്റ്റ്‌ ആശയത്തിൽ നിൽകുന്നവർ ഫാസ്സിസ്സം എന്ന് മാത്രം ഒച്ചവെക്കുമ്പോൾ, സ്വന്തം ആശയത്തിന്റെ പാപ്പരത്തം കൊണ്ട്, അതിനെ മറികടക്കാൻ ഏറ്റെടുക്കുന്നത് അമ്ബെട്കരിസം ആണെന്നത് മനപൂർവ്വം അല്ല. കാരണം ഇന്ത്യൻ ഫാസ്സിസ്സത്തെ, അതിന്റെ മൂലകാരണത്തെ പഠിച്ചു നേരിട്ട് പ്രതിരോധിക്കുന്ന ഒരേ ഒരു രാഷ്ട്രീയ ആശയം അമ്ബെട്കരിസം മാത്രമാണ്. ഇത്ര വര്ഷം ആയിട്ടും ഇന്ത്യയിലെ ജാതിയുടെ അവതാരഅന്തരാള രൂപമാറ്റങ്ങളെ കുറിച്ച് മാർക്സിസ്റ്റ്‌ / കമ്മ്യൂണിസ്റ്റ്‌കാര്ക്ക് ഒരു പിടിയും ഇല്ല. അല്ലെങ്കിൽ ബ്രാഹ്മനിസ്റ്റ് ജാതീയത കമ്മ്യൂണിസ്റ്റ്‌ മർക്സിസതെ എന്നെ കീഴടക്കി കഴിഞ്ഞു..


വളരെ വസ്തുതാപരമായ ഒരു വീക്ഷണം നടത്തിയ പ്രമോദ് ശങ്കരൻ ഈ വിഷയത്തിൽ പറഞ്ഞത് നോക്കുക

"ആധുനിക കേരളത്തില്‍ ബ്രാഹ്മിണ്‍,നമ്പൂരി ,നായര്‍, മേനോന്‍ മുതലായ ജാതി പേരുകള്‍ മനുഷ്യന്‍ എന്ന വാക്കിന്‍െറ പര്യായം പോലെ ലയിപ്പിച്ച് ചേര്‍ക്കാന്‍ നമ്മുടെ പുരോഗമന ദ്രാവകത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈഴവന്‍, ആശാരി, കൊല്ലന്‍, പറയര്‍, പുലയര്‍ ഒക്കെ ജാതികള്‍ ആയ് തന്നെ ഇപ്പോഴും അവശേഷിക്കുന്നു.അതുകൊണ്ടാണ് നമ്പൂരി ഹോട്ടല്‍, ബ്രാഹ്മിണ്‍സാമ്പാര്‍ പൊടിയെന്നോ കേള്‍ക്കുമ്പോള്‍ നമ്മുക്ക് അസ്വസ്ഥത തോന്നാത്തതും , പുലയന്‍ എന്നോ പറയാൻ എന്നോ കേള്‍ക്കുമ്പോള്‍, "നിങ്ങളിങ്ങനെ ജാതി പറയുല്ലെ" എന്ന് കഷ്ട്ടം വെക്കുന്നതും ."

രോഹിത് വെമുലയിലൂടെ ഉയർന്നു വന്ന അംബേദ്‌കർ രാഷ്ട്രീയത്തിന്റെ ഉണര്ച്ചയെ, മൂര്ച്ചയെ തടയാൻ പറ്റാതെ നട്ടം തിരിയുന്ന സന്ഘപരിവാരുകാർക്ക്, അതിൽ നിന്നും ഒളിച്ചോടാൻ പറ്റുന്ന ഒരു വഴിതെറ്റിക്കൽ മാത്രം ആണ് ഇപ്പോൾ JNU വിഷയം ഇങ്ങിനെ പോക്കിപിടിക്കുന്നത്
പ്രശ്നം ഫാസ്സിസം അല്ല, അതിനകത്തെ ജാതീയത ആണ്. പ്രശ്നം അസഹിഷ്ണുത അല്ല, അതിനുള്ളിലെ ബ്രഹ്മനിസ്റ്റ് ഹിന്ദുത്വം ആണ്.


ഇന്ത്യയുടെ ചരിത്രം തന്നെ അസഹിഷ്ണുതയും സഹിഷ്ണുതയും തമ്മിലുള്ള >> ഫാസ്സിസവും ജനാധിപത്യവും തമ്മിലുള്ള >> ബ്രാഹ്മനിസവും ബുദ്ധിസവും തമ്മിലുള്ള >> ഗാന്ധിസവും അമേബ്ദ്കരിസവും തമ്മിലുള്ള പോരാട്ടം ആണെന്നത് വസ്തുത ആണ്.


ജാതീയത സമൂഹത്തെ പലതട്ടിൽ തിരിച്ചു വെള്ളം കയറാത്ത അറകൾ ആയി മാറ്റി വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്നു. രാജ്യത്തിനകത്തു രാജ്യങ്ങൾ ഉണ്ടാക്കുന്നത് ബ്രാഹ്മനിസ്റ്റ് ജാതീയ ഹിന്ദുത്വം ആണ്. ഇന്ത്യയുടെ പുരോഗതിയെ തകർക്കുന്ന, സാമൂഹിക വളർച്ചക്ക് തടസ്സം നില്കുന്ന, വീട്/ സ്ഥാപനം എന്നിവയെ ജാതി അതിരുകൾ കെട്ടിതിരിചു വിഘടനവാദം മുന്നോട്ടു വെക്കുന്ന ബ്രാഹ്മനിസ്റ്റ് ഹിന്ദുത്വ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദം, ഏറ്റവും അപകടകരമായ രാജ്യദ്രോഹം !!
സംഘപരിവാറിന്റെ ജാതീയഹിന്ദുത്വം ഗാന്ധിസത്തിൽ നിന്നും പശുദൂരം മാത്രമേയുള്ളൂ. സംഘപരിവാറിന്റെ അസഹിഷ്ണുത / ഫാസ്സിസം സ്റ്റാലിന്റെ ഫാസിസ്സത്തിൽ നിന്നും ഒരു ചുറ്റിക ദൂരം മാത്രമേയുള്ളൂ.. ഇവിടെ ഒരു വശത്ത് അംബേദ്‌കർ നിൽകുമ്പോൾ മറുവശത്ത് ഇ എം എസ് / ഗാന്ധി / ഗോൾവാൾക്കർ എന്നിവർ കൈചേർത്ത് നില്ക്കുകയാണ്. ഇതിൽ എവിടെക്കാണ്‌ നമ്മൾ പോകേണ്ടത് എന്നതാണ് പ്രശ്നം ! ആ തിരഞ്ഞെടുപ്പാണ് പ്രശ്നം !!
Loading Conversation