#

സിയാർ മനുരാജ്

കൊത്തുനേരം : May 24, 2016

പങ്കു വെയ്ക്കൂ !

കമ്മട്ടിപാടം അഥവാ ഈ എം എസിന്‍റെ മൂന്നു സെന്റ്‌.

പി ബാലചന്ദ്രന്‍ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത സിനിമയാണ് കമ്മട്ടിപാടം.സാമൂഹ്യവ്യവസ്ഥിതിയുടെ പുറമ്പോക്കുകളില്‍ ജീവിച്ച ബഹിഷ്കൃത ജനതകളുടെ കുടിലുകളുടെയും അവരുടെ കൊച്ചു കൃഷിയിടങ്ങളുടെയും മുകളില്‍ നഗരങ്ങള്‍ എങ്ങനെ കെട്ടി ഉയര്‍ത്തപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ കഥാതന്തു. ഈ എം എസ് കര്‍ഷകരായ പുലയരെ മൂന്നു സെന്റ്‌ ചതുപ്പുകളില്‍ ഒതുക്കി. പില്‍ക്കാലത്തെ ''വികസനം '' അവരെ ആ ചതുപ്പില്‍ നിന്നും പുറന്തള്ളി തെരുവോരങ്ങളിലേ കുപ്പതൊട്ടികളിലേക്ക് വലിച്ചെറിഞ്ഞു. ആ ജനതയുടെ അതിജീവനത്തിന്‍റെ വ്യത്യസ്ത മുഖങ്ങള്‍ ആണ് ഈ സിനിമ. എല്ലാ കഥാപാത്രങ്ങളും ഈ ആശയത്തെ വ്യക്തമാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. ''കാക്കമുട്ട '' പാവപെട്ടവന്‍റെ ദൈന്യതകളെ പൈങ്കിളിവല്ക്കരിച്ചപ്പോള്‍ കമ്മട്ടിപാടം അവന്‍റെ പ്രതിഷേധത്തെ വന്യമാക്കുന്നു.

വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമ കാലത്തെയും കഥാപാത്രങ്ങളെയും ,കഥാ പശ്ചാത്തലത്തെയും കൂട്ടിയിണക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. മണികണ്ടന്‍ അവതരിപ്പിച്ച ''ബാലന്‍ '' വിനായകന്‍ അവതരിപ്പിച്ച ''ഗംഗ '' എന്നീ കഥാപാത്രങ്ങളുടെ വികാസത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. കഥാഖ്യാനത്തില്‍ ഒരു സൂത്രധാരവേഷം മാത്രമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ''കൃഷ്ണന്‍'' എന്ന കഥാപാത്രത്തിനുള്ളൂ. മണികണ്ടനും വിനായകനും തങ്ങളുടെ വേഷങ്ങള്‍ ഉജ്വലമാക്കി.

മലയാളസിനിമ കാണിക്കാന്‍ അത്രയൊന്നും ധൈര്യം കാട്ടിയിട്ടില്ലാത്ത പുലയരുടെയും പുലയ ക്രിസ്ത്യാനിയുടെയും ജീവിതപരിസരങ്ങളിലേക്ക് ആഴത്തില്‍ അല്ലെങ്കില്‍ പോലും കടന്നുചെല്ലാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അടിതെറ്റുമോ എന്ന് പേടിയുള്ളതിനാല്‍ ആവും ഒരുറപ്പിനു ദുല്‍ക്കറിനെ ഒപ്പം കൂട്ടിയതെന്നു തോന്നുന്നു.

വിനായകനെയും മണികണ്ടനെയും കയ്യടികളോടെ സ്വീകരിക്കുന്നവരും ,ഈ പുതിയ കഥാപാത്രങ്ങളെയും കഥാപരിസരങ്ങളെയും കണ്ട് നെറ്റിചുളിച്ച് മുഖം വീര്‍പ്പിച്ചിരുന്നവരും,ഇടവേളയ്ക്ക്‌ ഇറങ്ങിപ്പോയവരും ഉണ്ടായിരുന്നു കാണികള്‍ക്കിടയില്‍.

ലോകസിനിമകളോട് കിടപിടിക്കാവുന്ന ആഖ്യാനശൈലി പുലര്‍ത്തുന്ന ഒരു നല്ല സിനിമയാണ് കമ്മട്ടിപ്പാടം. ചാര്‍ളി കാണുന്ന മനസുമായി ഈ പടം കാണാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം.ഒരു കാര്യം ഉറപ്പിച്ചുപറയാം ദലിത് വിരുദ്ധതകള്‍ പിന്‍വാതിലിലൂടെയും മുന്‍ വാതിലിലൂടെയും ഈ പടത്തില്‍ കൊണ്ടുവരുന്നുണ്ട്.

ദലിത് കഥാപാത്രങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന യുവാക്കള്‍ എല്ലാവരും കീഴാള സ്വത്വബോധം പേറുന്നവരോ ആ രാഷ്ട്രീയം താലോലിക്കുന്നവരോ ആകണം എന്നില്ല. ''ഒരു പക്ഷെ ശത്രുവിന്‍റെ അടിവയറ്റില്‍ കത്തി കുത്തികയറ്റി കരിക്കിന്‍ കാമ്പ് വടിച്ചെടുക്കുന്നതുപോലെ അവന്‍റെ കുടല്‍മാല പുറത്തെടുക്കണം '' എന്ന് പറയുന്ന സാഹസികത ആയിരിക്കണം കൌമാരക്കാരുടെ കയ്യടിയുടെ പിന്നിലെ ചേതോവികാരം.

റാമ്പിലെ സുന്ദരികളായ ഷോണ്‍ റോമിയും,അമല്‍ദ ലിസും പൂര്‍ണ്ണമായും കഥാപാത്രങ്ങള്‍ ആയി എന്നത് ഒരു വിസ്മയം തന്നെയാണ്.എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്. ഈ സിനിമയില്‍ കൂട്ടത്തില്‍ ചേരാതെ നില്‍ക്കുന്ന ഒരേയൊരു കഥാപാത്രം ദുല്‍ക്കറിന്‍റെതാണ്. അതിനുള്ള കാരണം സംവിധായകന്‍റെ വാണിജ്യ താല്‍പ്പര്യം മാത്രമാണ്. കരുത്തുറ്റ കഥാപാത്രങ്ങളായി വിനായകനും മണികണ്ടനുമൊക്കെ അരങ്ങു വാഴുമ്പോള്‍ ചാര്‍ളി മോഡല്‍ രൂപഭാവവുമായി ദുല്‍ക്കറിനെ സ്ക്രീനില്‍ കാണിച്ചത് യഥാര്‍ഥത്തില്‍ ദുല്‍ക്കര്‍ എന്ന നടനോട് ചെയ്ത ദ്രോഹം ആയി എന്നെ ഞാന്‍ പറയൂ. വെപ്പ് പല്ലും കൊടുത്ത് മണികണ്ടനെയും വിനായകനെയും വിരൂപര്‍ ആക്കാന്‍ മടികാണിക്കാത്ത സംവിധായകന്‍ പക്ഷെ ദുല്‍ക്കറില്‍ എത്തുമ്പോള്‍ മുട്ടിടിക്കുന്നത് കാണാം.കമ്മട്ടിപാടത്തില്‍ വിനായകനില്ല ''ഗംഗ'' മാത്രമേയുള്ളൂ. കമ്മട്ടിപാടത്തില്‍ മണികണ്ടനില്ല ''ബാലന്‍ '' മാത്രമേയുള്ളൂ. എന്നാല്‍ കമ്മട്ടിപാടത്തില്‍ ദുല്‍ക്കര്‍ അവതരിപ്പിച്ച ''കൃഷ്ണന്‍'' എന്ന കഥാപാത്രം ഇല്ല ''ദുല്‍ക്കര്‍'' മാത്രമേയുള്ളൂ. ഈ സിനിമയുടെ പരാജയം അതാണ്‌. പക്ഷെ അഭിനയമികവ് കൊണ്ട് ദുല്‍ക്കര്‍ തന്‍റെ ഗ്ലാമര്‍ മറികടക്കുന്നുണ്ട് ,പൂര്‍ണ്ണമായി അല്ലെങ്കില്‍ പോലും.

ബാലനും ഗംഗയ്ക്കും വേണ്ടി പ്രതികാരം ചെയ്യാന്‍ കൃഷ്ണനെ ഇറക്കുന്ന സംവിധായകന്‍ ദലിതര്‍ക്ക് വേണ്ടത് ''രക്ഷാകര്‍തൃത്വം '' ആണെന്ന ഇടതുപക്ഷ പൊതുബോധം തന്നെയാണ് ആവര്‍ത്തിക്കുന്നത്. സംവിധായകനോട് Rupesh Kumar ന്‍റെ വാക്കുകള്‍ കടമെടുത്ത് ഒരു വാക്ക് ഇനിയെങ്കിലുംനായകനെ വെച്ച് കഥാപാത്രങ്ങളുടെ മേല്‍ ''തന്ത കളിക്കാന്‍'' നോക്കരുത്. പ്രതികാരം ചെയ്യുന്ന കൃഷ്ണനെക്കാള്‍ ബലിയാകുന്ന ബാലനും ഗംഗയും തന്നെയാണ് കാണികള്‍ക്കൊപ്പം തീയേറ്റര്‍ വിട്ടു പുറത്തേക്ക് വരുന്നവര്‍ എന്നത് മാറുന്ന ദലിത് സമൂഹത്തിനൊരു പ്രചോദനം ആകട്ടെ.

സിനിമയുടെ തുടക്കം മുതല്‍ സവര്‍ണ്ണര്‍ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന ദലിതര്‍ ആണ് ബാലനും ഗംഗയും .എന്നാല്‍ സിനിമാന്ത്യത്തില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തങ്ങളുടെ തന്നെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന്‍ തിരിച്ചറിയുന്ന ബാലനേയും ഗംഗയേയും എങ്ങനെയാണ് സവര്‍ണ്ണര്‍ നേരിടുന്നത് എന്നത് ''ഇന്ന് സംഘപരിവാര്‍ ശക്തികളുടെ ഗുണ്ടകളായി നടക്കുന്ന ദലിതര്‍ക്ക് ഒരു വലിയ പാഠം ആണ് ''

സിനിമക്കിടയില്‍ എപ്പോഴോ ഗംഗ പറയുന്ന ഒരു ഡയലോഗുണ്ട് ''ഇനി ഒരു കല്യാണം കഴിക്കണം എന്നിട്ട് റേഷനരിയൊക്കെ വാങ്ങി കഞ്ഞി വെച്ച് കഴിച്ചു ജീവിക്കണം '' . വലിയ ഫ്ലാറ്റും കാറും ഭൂമിയും ഒക്കെ സമ്പാദിച്ച് സമ്പാദിച്ച് ദരിദ്രവാസികള്‍ ആകുന്ന പണക്കാര്‍ ഓര്‍ക്കണം ''ഗംഗ പറഞ്ഞത്രയും മതി ജീവിക്കാന്‍ ബാക്കിയൊക്കെ അനാവശ്യം മാത്രമാണ്.


ഇയ്യോബിന്‍റെ പുസ്തകം എന്ന സിനിമയ്ക്ക് ശേഷമുള്ള ഒരു ''ഇതിഹാസ മോഡല്‍ സിനിമ '' ( Epic Movie ) അതാണ്‌ കമ്മട്ടിപാടം.ഇതൊരു ദലിത് പക്ഷ സിനിമ അല്ല പക്ഷെ ഈ സിനിമയില്‍ ദലിത് കഥാപാത്രങ്ങള്‍ ആണ് നായകരും നായികയുമൊക്കെ.

Loading Conversation