#

ഫ്രാൻസിസ് നസ്രേത്ത്
കൊത്തുനേരം : Jul 29, 2016

പങ്കു വെയ്ക്കൂ !

ന്യൂസ് 18 എന്ന ചാനലിൽ പ രഞ്ജിത്തുമായി നടത്തിയ അഭിമുഖം :

----------------------------------------------------------------------------------------------------------------------

മൊഴിമാറ്റം - ഫ്രാൻസിസ് നസ്രേത്

അവലംബം : ദളിത് കാമറ - ഇംഗ്ലീഷ് കേട്ടെഴുത്തു

" ഇന്നത്തെ നമ്മുടെ അതിഥി അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മെഗാഹിറ്റ് കബാലി സംവിധാനം ചെയ്ത പാ രഞ്ജിത്ത് ആണു. വണക്കം, അഭിനന്ദനങ്ങൾ. "

" വണക്കം, നന്ദി, മഗിഴ്ച്ചി (ചിരിക്കുന്നു) "

[ചോദ്യം] ഒരു ചോദ്യമുണ്ട്. കബാലി എന്ന ചിത്രം ഒരു വാണിജ്യ ചിത്രമാണോ രാഷ്ട്രീയ ചിത്രമാണോ? ഇത് ഒരു പാ രഞ്ജിത്ത് ചിത്രമാണോ രജനീകാന്ത് ചിത്രമാണോ എന്ന ചോദ്യവുമുണ്ട്. ഈ ചോദ്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഞങ്ങളോടു പറയൂ, ആരാണു കബാലി?

കബാലി... കബാലിയെപ്പറ്റി നമ്മുടെ രചനകൾ വളരെ പ്രാധാന്യമുള്ളതാണു. എനിക്ക് 'കബാലി'യെ പരിചയം സിനിമകളിലൂടെ മാത്രമാണു. തമിഴ് സിനിമകളിൽ കബാലി-കൾ സാധാരണയായി, ആദ്യകാലം മുതൽക്ക് വില്ലന്മാരും ചീത്ത മനുഷ്യരും ഗുണ്ടകളുമാണു. അവർ സാധാരണയായി ചൈന്നൈ സംസാരം സംസാരിക്കും, ആജ്ഞകൾ അനുസരിച്ച് സ്ത്രീകളെ തട്ടിക്കൊണ്ടു വരും, ഇങ്ങനെയുള്ള മോശം കാര്യങ്ങൾ ചെയ്യും. പിന്നീട് കബാലികൾ ഹാസ്യനടന്മാരായി. ഞാൻ കുറച്ചുനാളായി ചെറുപ്പക്കാരുടെ പെരുമാറ്റ രീതികൾ പഠിക്കുകയായിരുന്നു, അവർ എങ്ങനെ പെരുമാറുന്നു, അവരുടെ ഭാഷ, വസ്ത്രധാരണരീതി, അവർ എന്ത് കൊണ്ടുനടക്കുന്നു, അവരുടെ പേരുകൾ, ഇതൊക്കെ.. ഒരുപാട് വാർപ്പുമാതൃകകൾ (സ്റ്റീരിയോറ്റൈപ്പിങ്ങ്) ഉണ്ട്. ഇവരൊക്കെ ഇത് അറിഞ്ഞോ അറിയാതെയോ ആണു ചെയ്യുന്നത് എന്നെനിക്കറിയാത്തതുകൊണ്ട് ഇതൊക്കെ വാർപ്പുമാതൃകകൾ ആണെന്നുപോലും പറയാൻ പറ്റില്ല. ഈ ആളുകൾ ദേ "ഇങ്ങനെയൊക്കെ മാത്രമാണു" എന്നതുപോലെയാണു. ഞാൻ ഇത് നിരീക്ഷിച്ചു, എനിക്ക് ഈ പാറ്റേൺ തകർക്കണമായിരുന്നു. ഈ പാറ്റേൺ തകർക്കണം എന്ന എന്റെ ശ്രമം ആണു മദ്രാസ് (ഭൂമി സംബന്ധമായ സിനിമ), അട്ടക്കത്തി (ജീവിതബന്ധിയായ സിനിമ) എന്നിവ.. ആ ശ്രമത്തിൽ നിന്നാണു ഇതൊക്കെ വരുന്നത്.

[ചോദ്യം] ഈ ചിത്രത്തെ ഒരു വാണിജ്യസിനിമ എന്ന് വിളിക്കണോ രാഷ്ട്രീയസിനിമ എന്ന് വിളിക്കണോ?

ഇതിനെ ഒരു "സിനിമ" എന്ന് വിളിച്ചാൽ മതി (ചിരിക്കുന്നു).. ഈ ഒരു "വാണിജ്യ"-സിനിമ, "രാഷ്ട്രീയ"-സിനിമ, "ചെറിയ"-സിനിമ, "ബിഗ്"-സിനിമ, "ആർട്ട്"-സിനിമ, ഇതിലൊക്കെ എനിക്ക് വിശ്വാസമില്ല. ഇത് ഒരു "സിനിമ" ആണു.

നിങ്ങൾക്കുള്ളിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്തൊക്കെ വികാരങ്ങളാണോ വരുന്നത്, അവയെ സ്വീകരിക്കു. അഥവാ ഒരു വികാരങ്ങളും വന്നില്ലെങ്കിൽ വിട്ടുകളയൂ.

അത്രേയുള്ളൂ.

ഞാൻ ഒരു പോസ്റ്റ് വായിച്ചു. ആരോ എഴുതിയത് 'എന്റെ അച്ഛന്റെ പേരു കബാലി ആണെന്ന് പറയുന്നത് എനിക്ക് വലിയ നാണക്കേടായിരുന്നു.. പക്ഷേ ഇപ്പോൾ ഞാൻ എന്റെ അച്ഛന്റെ പേരു കബാലിയെന്നാണെന്ന് അഭിമാനത്തോടെ പറയുന്നു - ഇത് അയാൾ എനിക്കു മെസ്സേജ് അയച്ചതാണു.. മുൻപ് ആൺകുട്ടികളെ അവരുടെ പേരു കബാലി ആണെന്നതിന്റെ പേരിൽ നിരന്തരം കളിയാക്കിയിരുന്നു. ഈ ചിത്രത്തിനു ശേഷം ഇപ്പോൾ അതേ ആൺകുട്ടികളെ ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണു വിളിക്കുന്നത്.

[ചോദ്യം] അതായത് നിങ്ങൾ പറയുന്നത് മുൻപ് പരിഹാസ്യമായിരുന്ന ഒരു പേരിനു ബഹുമാനവും അഭിമാനവും കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചു എന്നാണു.. പക്ഷേ എന്റെ ചോദ്യം - നിങ്ങൾ എന്തുകൊണ്ട് 'കബാലി' പോലെ ഒരു പേരു തിരഞ്ഞെടുത്തു എന്നാണു.

*അതാണു* ഞാൻ കബാലി എന്ന പേരു തിരഞ്ഞെടുത്തതിനുള്ള മൂലകാരണം. എന്തുകൊണ്ട് ഈ പേരുകൾ വില്ലന്മാർക്കും കളിയാക്കാനും മാത്രമാവുന്നു? സുന്ദരപാണ്ഡ്യൻ പോലുള്ള മറ്റ് സാധാരണ പേരുകൾക്ക് ഈ പ്രശ്നമില്ല.. അതുപോലെ ഒരുപാട് പേരുകളുണ്ട് - എന്തിനാണു ഈ പേരുകളെ മാത്രം സ്റ്റീരിയോറ്റൈപ്പ് ചെയ്യുന്നത്? ഈ പേരുകൾക്ക് അവയുടെ അഭിമാനം തിരിച്ചുകൊടുക്കാനാണു ഞാൻ 'കബാലി' എന്ന പേരു തിരഞ്ഞെടുത്തത്.

'കബാലി' എന്ന പേരിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നപ്പൊഴാണു ഈ പേരിനു ഒരു ബുദ്ധമത ബന്ധം പറയാൻ പറ്റും എന്ന് എനിക്കു മനസിലായത് - ബുദ്ധൻ ഭിക്ഷ സ്വീകരിച്ചത് ഒരു തലയോട്ടിയിലായിരുന്നു ('കപാല'). അങ്ങനെയാണു 'കപാലൻ' എന്ന പേരുവന്നത്. ഈ വാക്കിന്റെ ഉൽപ്പത്തി കപാലൻ എന്നതിൽ നിന്നും കൂടി ആണെന്ന് പറയാൻ പറ്റും. കപാലീശ്വര ക്ഷേത്രം ഒരു ബുദ്ധവിഹാരമായിരുന്നു എന്ന് ഒരു രേഖയുണ്ട്. ഇവയെല്ലാം 'കബാലി' എന്ന പേരു തന്നെ തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കാൻ എന്നെ സഹായിച്ചു.

ഞാൻ എപ്പൊ ഒരു കഥ എഴുതിയാലും - പ്രത്യേകിച്ച് അത് ഒരു ഹീറോ-കേന്ദ്രീകൃത കഥയാണെങ്കിൽ - ഞാൻ എപ്പൊഴും തുടങ്ങുന്നത് ആ കഥാപാത്രത്തിനു കബാലി എന്നു പേരുകൊടുത്തുകൊണ്ടാണു.. അത് പ്രൊഡക്ഷൻ കമ്പനികളിലൂടെ കടന്നുപോകുന്നു, അവർ സാധാരണയായി ഈ പേരു വളരെ പഴഞ്ചനാണെന്നു പറഞ്ഞ് പേരുമാറ്റുന്നു. പക്ഷേ രജനി-സർ..

[ചോദ്യം] അതായത് 'കബാലി' എന്ന പേരു താങ്കൾക്ക് ഒരു വളരെ പുതിയ കാര്യമല്ല .. താങ്കൾ ഈ പേരുപയോഗിച്ച് കുറച്ചുനാളായി വർക്ക് ചെയ്യുകയായിരുന്നു..

അതെ.. രജനി-സാറിനോടു ആ പേരു പരാമർശിക്കുമ്പോൾ എനിക്ക് അല്പം സങ്കോചമുണ്ടായിരുന്നു. അതുകൊണ്ട് 'കബാലി' ഉൾപ്പെടെ മൂന്നു വ്യത്യസ്ഥ പേരുകൾ നിർദ്ദേശിച്ചാണു ഞാൻ സ്ക്രിപ്റ്റ് സമർപ്പിച്ചത്. പക്ഷേ രജനി-സർ "കബാലി" ഉഗ്രൻ ആണെന്നു പറഞ്ഞു.. അങ്ങനെയാണു..

[ചോദ്യം] പക്ഷേ രജനികാന്തിനു 'കബാലി'യുടെ രാഷ്ട്രീയം അറിയാമായിരുന്നോ?

അദ്ദേഹം ആദ്യം കണ്ടപ്പോൾ - രണ്ട് ബന്ധങ്ങളെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു - ബുദ്ധമതവും കപാലീശ്വരനും. പക്ഷേ പിന്നീട് ഞാൻ ഈ പേരിനു പിന്നിലെ രാഷ്ട്രീയവും പറഞ്ഞുകൊടുത്തു.

[ചോദ്യം] നിഷ്കളങ്കരും പീഢിതരുമായ ഒരു ജനതയെപ്പറ്റി നിർമ്മിച്ച വാർപ്പുമാതൃകകളിൽ നിന്ന് (സ്റ്റീരിയോറ്റൈപ്പ്) അവർക്ക് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുകൊടുക്കുക എന്നത് താങ്കളുടെ രാഷ്ട്രീയമായിരിക്കാം. പക്ഷേ ഈ പേരിനോടുള്ള രജനീകാന്തിന്റെ പ്രതികരണം എന്തായിരുന്നു?

പുള്ളി വളരെ കമ്ഫർട്ടബിൾ ആയിരുന്നു. പുള്ളി എന്നെ ഈ ചിത്രം ചെയ്യാൻ വിളിക്കുന്നത് എന്റെ 'മദ്രാസ്' എന്ന ചിത്രം കണ്ടു കഴിഞ്ഞിട്ടാണു. 'മദ്രാസ്' എന്ന ചിത്രത്തിൽ കൈകാര്യം ചെയ്ത പ്രശ്നങ്ങളെപ്പറ്റി പുള്ളി ബോധവാനായിരുന്നു. എന്നെ ഈ ചിത്രം ചെയ്യാൻ വിളിച്ചപ്പോൾ ഞാൻ ഈ ചിത്രത്തിൽ എന്തൊക്കെ സാമൂഹിക പ്രശ്നങ്ങളായിരിക്കും കൈകാര്യം ചെയ്യുക എന്ന് പുള്ളിക്ക് വ്യക്തമായി പറഞ്ഞുകൊടുത്തു. അടിച്ചമർത്തപ്പെട്ട സമൂഹത്തിൽ നിന്നും എങ്ങനെ ഒരു നേതാവ് ഉയർന്നുവരുന്നു, അയാളുടെ പേരെന്താണു, അതിനു പിന്നിലെ രാഷ്ട്രീയമെന്താണു, തുടങ്ങിയവ. അദ്ദേഹം ഇവ നന്നായി മനസിലാക്കി, ഇത് യാഥാർത്ഥ്യമാക്കാൻ ചിത്രത്തിലുടനീളം എന്നെ പിന്തുണച്ചു.

[ചോദ്യം] അതായത് അതിന്റെ പശ്ചാത്തലം മനസിലാക്കിക്കൊണ്ടാണു അദ്ദേഹം ഈ ചിത്രം ചെയ്യാൻ സമ്മതിച്ചത്.. അദ്ദേഹം ഇതിനെപ്പറ്റിയൊന്നും മുൻപ് അറിഞ്ഞിരുന്നില്ല എന്ന് പറയാൻ പറ്റില്ല..

ഇല്ല, തീർച്ചയായും ഇല്ല.

[ചോദ്യം] അതായത് രഞ്ജിത്ത് സ്വന്തം രാഷ്ട്രീയ പ്രസരണത്തിനു രജനീകാന്തിനെ ഉപയോഗിച്ചു എന്ന് പറയാൻ പറ്റില്ല..

ഞാൻ അദ്ദേഹത്തിനു പുസ്തകം മൊത്തം കൊടുത്തു.. പൂർണ്ണ സ്ക്രിപ്റ്റും, എല്ലാ ആവശ്യമായ പശ്ചാത്തലവും വിശദീകരിച്ചുകൊടുത്തു.. സിനിമ ചിത്രീകരിക്കുമ്പോൾ ചർച്ച ചെയ്തത് അദ്ദേഹത്തിനു കൊടുത്ത സ്ക്രിപ്റ്റിൽ നിന്നുള്ളവ മാത്രമായിരുന്നു.. അദ്ദേഹം അത് മുഴുവനും വായിച്ചു. അദ്ദേഹം വായിച്ചു, താണു സാറിനും (നിർമ്മാതാവ്) പൂർണ്ണ സ്ക്രിപ്റ്റും കൊടുത്തിരുന്നു. ഇവരുടെ അറിവില്ലാതെ ഒരു വാക്യവും പുതുതായി കൊണ്ടുവന്നില്ല.

[ചോദ്യം] ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുപോലത്തെ വലിയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ മാത്രം ബാക്കിയില്ലെന്ന് നമുക്ക് പറയാൻ പറ്റും.. നമ്മൾ ഏകദേശം തുല്യത നേടിയെന്ന്.. ഇന്ന് നിലവിലുള്ള പൊതുധാരണ ഇങ്ങനെയാണെന്നിരിക്കേ .. ഇത്തരം ഒരു വർത്തമാനത്തിന്റെ കാര്യമെന്തായിരുന്നു?

[ചിരിക്കുന്നു]... ആരാ നിങ്ങളോടിത് പറഞ്ഞത്? [ചിരിക്കുന്നു] ഇവിടെ ഒരു തുല്യതയും ഒട്ടുമില്ല. ഈ ദേശം ഒട്ടും തുല്യതയില്ലായ്മയുടെ ദേശമാണു. തുല്യതയെപ്പറ്റിയുള്ള ആശങ്കകൾ തന്നെ കപടമാണു.

നമ്മളെല്ലാം ഉള്ളിൽ എന്തോ പേറുന്നു, എന്നിട്ട് പുറത്ത് പൂർണ്ണമായും മറ്റൊന്നായി അഭിനയിക്കുന്നു. നമ്മളെല്ലാം കാമ്പുവരെ ജാതിവാദികളാണു. നമ്മളെല്ലാം കാമ്പുവരെ വികാരജീവികളാണു. നിങ്ങളെ വികാരഭരിതനാക്കാനും അടിതെറ്റിക്കാനും ഒരു വാക്കുമതി. നിങ്ങളുടെ മതത്തെയോ ജാതിയെയോ പറ്റി ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പറയുന്നു, നിങ്ങൾ ചാടിയെഴുന്നേറ്റ് എന്നെ നേരിടുന്നു. ഇതിൽ എന്ത് തുല്യതയാണുള്ളത്? എന്ത് സംഭാഷണമാണു ഇവിടെ? നമ്മളെല്ലാം ആത്യന്തികമായി വികാരജീവികളാണു, റാഷണൽ വ്യക്തികളല്ല. ഒരു വാക്കു മതി, ഒരാളെ കൊല്ലാനോ ലോകം നശിപ്പിക്കാനോ.. ഇങ്ങനെ എല്ലാ സാദ്ധ്യതകൾക്കും.

[ചോദ്യം] ഗൗരവമായ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കുന്ന ചിത്രമാണു കബാലി. സിനിമയുടെ തീം, ഡയലോഗുകളുടെ മൂർച്ച,.. വയലൻസ് മാറ്റി നിർത്തിയാൽ, സിനിമയിൽ ഗൗരവമുള്ള രാഷ്ട്രീയമുണ്ട്. പക്ഷേ രജനീകാന്തിനുവേണ്ടി നിങ്ങൾ ഇങ്ങനെ ഒരു രാഷ്ട്രീയ ചിത്രത്തെ മയപ്പെടുത്തി എന്ന ആരോപണമുണ്ട്. അതായത് നിങ്ങൾ രജനീകാന്തില്ലായിരുന്നെങ്കിൽ വളരെ ശക്തമാകുമായിരുന്ന പല രംഗങ്ങളെയും രജനീകാന്തിനു വേണ്ടി മയപ്പെടുത്തി എന്ന്.. ചിത്രത്തിലെ രാഷ്രീയത്തിനു ഉണ്ടാകുമായിരുന്ന ഖനത്തെ / ഗൗരവത്തെ ദുർബലപ്പെടുത്തിയെന്ന്.. ഇത് സത്യമാണോ?

അങ്ങനെയല്ല. ഞാൻ ഈ ചിത്രത്തിനു ആവശ്യമായ ചേരുവയിൽ രാഷ്ട്രീയം കൊടുത്തിട്ടുണ്ടെന്നാണു എനിക്ക് തോന്നുന്നത്. പ്രൊപ്പഗാൻഡ (ചിത്രങ്ങളിൽ) എനിക്ക് വിശ്വാസമില്ല. ഇത്രയും കാലം പ്രൊപ്പഗാൻഡകൾ ഉണ്ടായിട്ടും ഒരു പ്രത്യക്ഷ മാറ്റവും വരാതിരിക്കേ, ഇനി ഞാനും കൂടി അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രൊപ്പഗാൻഡ പരാജയപ്പെട്ടിടത്ത് മനശാസ്ത്രത്തിലൂടെ സമീപിക്കാനാണു ഞാൻ താല്പര്യപ്പെടുന്നത്. പാമ്പ് പാലുകുടിക്കും എന്നതിനു ഒരു തെളിവും ഇല്ല, പക്ഷേ നമ്മളെല്ലാം പാമ്പ് പാലുകുടിക്കും എന്ന് സമ്മതിക്കുന്നു. ഇപ്പൊഴും ആളുകൾ പാമ്പിൻ പുറ്റുകളിൽ പാല് നിവേദിക്കുന്നു.. പക്ഷേ പാമ്പ് പാലുകുടിക്കും എന്ന് ഒരു തെളിവും ഇല്ല. നമ്മൾ കേൾക്കുന്ന കഥകളിലൂടെ, കാണുന്ന സിനിമകളിലൂടെ, നമ്മൾ ഇത് നിർമ്മിച്ചെടുക്കുന്നു. നമ്മൾ കുട്ടിക്കാലം മുതൽക്കേ കേൾക്കുന്നു. ഇത് നിർമ്മിച്ചെടുക്കാൻ അവർക്ക് പ്രൊപ്പഗാൻഡയുടെ ആവശ്യം പോലുമില്ല. ഒരു വിശ്വാസമായി നിർമ്മിക്കപ്പെടുന്നു. അതുപോലെ ഈ വാക്കർത്ഥങ്ങളെയും (ഈ കേസിൽ പേരുകൾ തുടങ്ങിയവ) ഞാൻ കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിവർത്തിക്കാൻ ശ്രമിക്കുന്നു. എന്റെ വിശ്വാസവും പ്രതീക്ഷയും ആളുകൾ ഇവയിലൂടെ ഈ പേരുകളെ ആന്തരികമായി സ്വീകരിക്കും എന്നാണു. അതുകൊണ്ടാണു ചില സ്ഥലങ്ങളിൽ ഞാൻ ഡയലോഗുകളെ മന:പൂർവ്വം ഒരുപാട് ചുരുക്കിയത്. അത്യാവശ്യമുള്ളിടത്ത് മാത്രം ഡയലോഗുകൾ ഉപയോഗിച്ചത്. ഞാൻ ഒരുപാട് നിയന്ത്രിച്ചു, ഒരുപാട് ഡയലോഗുകൾ എടുത്തുകളഞ്ഞു, ചിത്രം എഡിറ്റ് ചെയ്യുമ്പോൾ രജനീകാന്തിന്റെ പല സംഭാഷണങ്ങളും ഒരുപാട് മുറിച്ചുകളഞ്ഞു.

[ചോദ്യം] താങ്കൾ ഇങ്ങനെ എഡിറ്റ് ചെയ്ത / എടുത്തുകളഞ്ഞ ചില ഡയലോഗുകൾ പറയാമോ?

ഒരുപാടുണ്ട്.. എനിക്ക് ഇപ്പോൾ പറയാൻ പറ്റുന്നില്ല, അതിപ്പോൾ ഓർമ്മ കിട്ടുന്നില്ല..

[ചോദ്യം] താങ്കൾ പറയുന്നു താങ്കൾ പ്രൊപ്പഗാൻഡയിൽ വിശ്വസിക്കുന്നില്ലെന്ന്. അതേസമയം താങ്കൾ പറയുന്നു ഒരു പ്രത്യേക രാഷ്ട്രീയം സംസാരിക്കാൻ താങ്കൾ താല്പര്യപ്പെടുന്നെന്ന്. ഇന്ന്, തമിഴ്നാട്ടിൽ, പ്രൊപ്പഗാൻഡ ഇല്ലാതെ ഒരു പ്രത്യേകതരം രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന് താങ്കൾക്ക് സത്യത്തിൽ തോന്നുന്നുണ്ടോ?

തീർച്ചയായും! ഒരാൾ നിർത്താതെ സംസാരിക്കുകയും മറ്റെയാൾ മിണ്ടാതെ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു തരം പ്രഖോഷണത്തിലും എനിക്ക് ഏർപ്പെടാൻ വയ്യ. ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നതിലാണു എനിക്ക് താല്പര്യം.

[ചോദ്യം] ഒരു സംഭാഷണം? ..

അതെ, ഒരു സംഭാഷണം. എനിക്കു തോന്നുന്നത് നമ്മുടെ സമൂഹത്തിൽ ഒരു സംഭാഷണം ഇതുവരെ നടന്നിട്ടില്ലെന്നാണു. ഞാനും നിങ്ങളും ഇരുന്ന് സംസാരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

[ചോദ്യം] ഈ "ഞാൻ", "നിങ്ങൾ", എന്ന് താങ്കൾ പറയുന്നത് ആരെക്കുറിച്ചാണു? എന്ത് സംഭാഷണത്തിൽ ഏർപ്പെടണം എന്നാണു താങ്കൾ ആഗ്രഹിക്കുന്നത്?

അടിച്ചമർത്തുന്നവനും അടിച്ചമർത്തപ്പെടുന്നവനും. മുതലാളിയും തൊഴിലാളിയും. സ്ത്രീയെ ചവിട്ടിത്താഴ്ത്തുന്നവനും സ്ത്രീയും. ന്യൂനപക്ഷങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നവനും ന്യൂനപക്ഷങ്ങളും. ഇങ്ങനെയുള്ള എല്ലാ അടിച്ചമർത്തലുകളും. എല്ലാ രീതിയിലും. അടിച്ചമർത്തുന്ന സമൂഹങ്ങളും അടിച്ചമർത്തപ്പെടുന്ന സമൂഹങ്ങളും തമ്മിലുള്ള ഒരു സംഭാഷണമായിരിക്കണം അത്.

[ചോദ്യം] താങ്കൾ പറയുന്നത് ഒരു സംഭാഷണം നടക്കണമെന്നാണു. അതിന്റെ അർത്ഥം സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടേണ്ടതായി ഒരു പ്രശ്നം ഉണ്ടെന്നാണു.

ആ സംഭാഷണം എന്റെ ആന്തരിക പ്രശ്നമാണു. ഞാൻ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. അത് അവനിലേക്ക് (പ്രേക്ഷകനിലേക്ക്) എത്തുന്നില്ലെങ്കിൽ ഞാൻ പരാജയപ്പെട്ടു എന്നാണു അർത്ഥം. അതുകൊണ്ട് ഞാൻ തുടർച്ചയായി ഈ കണക്ഷൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു, എന്റെ ചിത്രങ്ങളിലൂടെ.

[ചോദ്യം] അടിച്ചമർത്തൽ, ജാതി വൈരുദ്ധ്യങ്ങൾ, അഴിമതി, ഇവയെ ഒക്കെ ഇന്ത്യയിൽ ചിത്രീകരിക്കാൻ പ്രയാസമാണെന്ന് ചിന്തിച്ചിട്ടാണോ താങ്കൾ താങ്കളുടെ ചിത്രത്തെ മലേഷ്യയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചത്?

ഗോവയിൽ ഷൂട്ട് ചെയ്യുമ്പോൾ (വെങ്കിട്ടിന്റെ കൂടെ പ്രവർത്തിക്കവേ) ഞാൻ 35 ദിവസത്തേക്ക് ഗോവയിൽ ആയിരുന്നു. നമ്മൾ ചെല്ലുന്ന സ്ഥലങ്ങളിലും ജോലിചെയ്യുന്ന സ്ഥലങ്ങളിലും നിന്ന് നമ്മൾ കഥകൾ കണ്ടെടുക്കുന്നു. കബാലിയുടെ കഥ ആ സമയത്തായിരുന്നു നിർമ്മിച്ചത്. അവിടത്തെ തമിഴരെ നോക്കുമ്പോൾ, തമിഴരുടെ ജീവിതം നോക്കവേ.. എന്തുകൊണ്ടാണു മലേഷ്യയിൽ ഇത്രമാത്രം തമിഴർ? നിങ്ങൾക്ക് തമിഴരെ എല്ലായിടത്തും കാണാൻ കഴിയും. അവരെല്ലാവരും തമിഴരായിരിക്കേതന്നെ, അവരുടെ സംസ്കാരവും സ്ഥലങ്ങളും ജീവിതരീതിയും വളരെ വ്യത്യസ്ഥമായിരുന്നു. ഈ നിരീക്ഷണം എന്നെ വളരെ പ്രചോദിപ്പിച്ചു. നമ്മൾ അവരെപ്പറ്റി പറയുന്ന രാഷ്ട്രീയം ലോകത്തിന്റെ എവിടെയുമുള്ള തമിഴരെപ്പറ്റിയും പറയാൻ പറ്റും. അവർ ലോകത്ത് എവിടെയായാലും തമിഴർ തമിഴരായിരിക്കും.

[ചോദ്യം] മലേഷ്യൻ തമിഴർക്ക് ജാതി പ്രശ്നം ഇല്ല. അവർക്ക് സാമ്പത്തിക വിവേചനമുണ്ട്, പക്ഷേ മലയ് നിയമം അവർക്ക് ഒരളവ് തുല്യത കൊടുക്കുന്നുണ്ട്.

ഇല്ല, അത് സത്യമല്ല. ഞാൻ അവരിൽ പലരുമായി സംസാരിക്കുകയും അവരെപ്പറ്റി പഠിക്കുകയും ചെയ്തു. മലേഷ്യയിലേക്ക് ആദ്യം കുടിയേറിയവരിൽ ഭൂരിപക്ഷവും ദളിതരായിരുന്നു. ഇന്നുവരെ - അവിടെ കൂലിപ്പണിയെടുക്കുന്ന, ഇതുവരെ കൊലാലമ്പൂർ സന്ദർശിച്ചിട്ടില്ലാത്ത തമിഴരുണ്ട്. അവർക്ക് നിർമ്മാണത്തൊഴിലാളികളായി, കൂലിത്തൊഴിലാളികളായി, ജീവിക്കാൻ നിർമ്മിച്ച കുടിലുകളിൽത്തന്നെ അവരുടെ ജീവിതം ഒടുങ്ങുന്നു. വളരെ വിരളം കുട്ടികൾ മാത്രം പഠിച്ച് ഉയരുന്നു. അവിടെ വിദ്യാഭ്യാസ അവസരങ്ങൾ പോലും അത്ര മികവുള്ളതല്ല.

ഇന്ന് അവിടെ ഒരുപാട് ജാതി സംഘടനകളുണ്ട്. കാശുള്ളവരുടെ ഇടയിൽ ജാതി ഒരു പ്രധാന റോൾ വഹിക്കുന്നു. ജാതി ഇവിടെനിന്നും അവിടെപ്പോയതാണു. ഞാൻ എല്ലായിടത്തും ജാതി അടിസ്ഥാനമായ സംഘടനകളെ കണ്ടു. അവർ ഇവിടെനിന്നും അവരുടെ സ്വന്തം ജാതിയിൽപ്പെട്ട പ്രമുഖ ആളുകളെ വിളിച്ചുകൊണ്ടുപോയി പരിപാടികൾ നടത്തുന്നു! ഈ അടുത്തകാലത്തും അത്തരം ഒരു പരിപാടി അവിടെ നടന്നു.

[ചോദ്യം] താങ്കൾ പറയുന്നത് മലയ് തമിഴ് സമൂഹവും ജാതി അടിസ്ഥാനമായ സമൂഹം ആണെന്നാണോ?

തമിഴ് സമൂഹം എന്നും ജാതി അടിസ്ഥാനമാക്കിയ സമൂഹം ആയിരുന്നു. മലയ് തമിഴ് സമൂഹം ഇതിനു അപവാദമല്ല.

[ചിരിക്കുന്നു].. മൗറീഷ്യസിൽ തമിഴരുടെ ഇടയിൽ ജാതി വളരെ കുറവാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. തമിഴർ എവിടെപ്പോയാലും അവർ ജാതിയും കൂടെക്കൊണ്ടുപോവും. കഷ്ടമായ അവസ്ഥയാണിത്. ഭീകരമായ സാഹചര്യങ്ങൾക്കും യുദ്ധങ്ങൾക്കും ഇടക്കു വരെ കുടിയേറ്റം നടത്തിയിട്ടും, അവർ പറയുന്നത് അവർ ഇന്നയിന്ന ജാതികളിൽ നിന്നേ വിവാഹം കഴിക്കൂ എന്ന് അവർ പറയും. ഇതിലും കഷ്ടമായ ഒരു അവസ്ഥ വരാനില്ല. ഇത് എന്ന് മാറും എന്ന് എനിക്കറിയില്ല.

ഞാനൊരു അഭിമാനിയായ തമിഴനാണു. എന്റെ മകളുടെ പേരു 'മഗിഴ്' (സന്തോഷം എന്നതിന്റെ ദ്രാവിഢ പേരു) എന്ന് ഇടുന്നതുപോലും.. എന്റെ ഇനിഷ്യൽ പോലും - പി അല്ല, പാ എന്നാണു ഞാൻ എഴുതുന്നത്. എനിക്ക് അത്ര ആഴത്തിൽ തമിഴ് ബോധമുണ്ട്. പക്ഷേ എനിക്ക് ഞാനൊരു താഴ്ന്ന ജാതിയിൽ നിന്നുള്ളതാണെന്ന് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ ഒരു തുല്യതയ്ക്കു വേണ്ടിയാണു ഞാൻ പോരാടുന്നത്, സംസാരിക്കുന്നത്. അത്രമാത്രം.

[ചോദ്യം] ഒരു മലയ്-അധിഷ്ഠിത ചിത്രത്തിനു വേണ്ടി താങ്കൾ എത്രമാത്രം ഗവേഷണം നടത്തി?

ഇതിനെപ്പറ്റി ഒരുപാട് പുസ്തകങ്ങളുണ്ട്, നമുക്ക് യാത്രചെയ്യാം. അതുകൊണ്ട് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നതിനു അത്ര ബുദ്ധിമുട്ടില്ല. ഒരിക്കൽ നിങ്ങൾ ഒരു സിനിമ എടുക്കാൻ പോകുന്നു, ഒരു പ്രോജക്റ്റ് ചെയ്യാൻ പോകുന്നു എന്ന് തീരുമാനിച്ചാൽ, അതിനാവശ്യമായ ഗവേഷണം ചെയ്യുന്നത് വളരെ എളുപ്പമാണു. ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചു, ഞാൻ ഒരുപാട് നേതാക്കളെ കണ്ടു, എല്ലാത്തരം നേതാക്കളെയും. ഞാൻ അവിടത്തെ ഒരുപാട് സാധാരണക്കാരായ ആളുകളോട് സംസാരിച്ചു, അവരുടെ സംസ്കാരം നിരീക്ഷിച്ചു. അവരുടെ ഉൽസവങ്ങളിൽ -ക്ഷേത്ര ഉൽസവങ്ങളിൽ പങ്കുകൊണ്ടു. അവരുടെ ക്ഷേത്ര ഉൽസവങ്ങളൊക്കെ നമ്മുടെ ക്ഷേത്ര ഉൽസവങ്ങൾ തന്നെയാണു. അവിടത്തെ പ്രധാന ലഹളകളൊക്കെ നടന്നത് ക്ഷേത്ര ഉൽസവങ്ങൾക്കിടയ്ക്കാണു. ഞാൻ അവരുടെ ഭക്ഷണത്തെപ്പറ്റി ഗവേഷണം ചെയ്തു. അവരുടെ തോട്ടങ്ങളിലെ രാഷ്ട്രീയത്തെപ്പറ്റി ഗവേഷണം ചെയ്തു.

[ചോദ്യം] ഈ ചിത്രം മലേഷ്യൻ തമിഴരുടെ ജീവിതത്തോട് എത്ര തന്മയത്വം കാണിക്കുന്നു എന്ന ചോദ്യമുണ്ട്. ഒരു റ്റിപ്പിക്കൽ രജനീകാന്ത് ചിത്രത്തിൽ മസാലയുണ്ട്, വാണിജ്യ ഘടകങ്ങളുണ്ട്. താങ്കളുടെ ചിത്രത്തിൽ താങ്കൾ അതിനെ യാഥാർത്ഥ്യത്തോട് അടുത്തു നിർത്താനുള്ള ഒരു ശൈലിയാണു സ്വീകരിക്കുന്നത്. ഇ ചലച്ചിത്രം മലയ് തമിഴരുടെ ജീവിതത്തെ എത്രമാത്രം യഥാർത്ഥമായി കാണിക്കുന്നുണ്ട്?

കുറവാണു. ഞാൻ അവരുടെ പുസ്തകങ്ങൾ ഉപയോഗിച്ചു, അതല്ലാതെ പുതുതായി ഒന്നും കൊണ്ടുവന്നില്ല. ഞാൻ 'മദ്രാസ്' എടുക്കുമ്പോൾ എല്ലാ ചെറിയ കാര്യവും ഉള്ളുകള്ളികളും എനിക്കറിയാം. ഒരു ചെറിയ - മ്മ് ശബ്ദം വരെ എങ്ങനെ നിർത്തണം എന്ന് എനിക്കറിയാം. അത്രമാത്രം എനിക്ക് മദ്രാസിനെ അറിയാം. പക്ഷേ മൊത്തത്തിൽ ഒരു പുതിയ ഭാഷയിൽ വരുമ്പോൾ - എനിക്ക് ഒരു പുതിയ ദേശത്തെയും ആഹാരത്തെയും വസ്ത്രത്തെയും ഒക്കെപ്പറ്റി ഒത്തുചേരലുകളും തിരുത്തലുകളും വരുത്താനുണ്ട്.. അതിനു ശേഷമേ ഞാൻ ഭാഷയെ തൊടുന്നുള്ളൂ. എനിക്ക് അവരുടെ ഭാഷയെ യാഥാർത്ഥ്യത്തോടെ കൊണ്ടുവരാൻ പറ്റിയില്ല. മലയ്-തമിഴ് ആയതുകൊണ്ട് ഇന്ത്യൻ പ്രേക്ഷകർക്ക് മനസിലാക്കാൻ പ്രയാസം ഉണ്ടാവരുതെന്ന് എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു. അതുകൊണ്ട് മലയ്-തമിഴിൽ നിന്ന് ചുരുക്കം പ്രധാന വാക്കുകൾ മാത്രം ഞാൻ ഉപയോഗിച്ചു. ഞാൻ ലളിതവും പ്രധാനവുമായ യഥാർത്ഥ വശങ്ങളെയും പ്രതിപാദിച്ചു - ഞാൻ ഒരുപാട് ആഴത്തിൽ പോയില്ല. എനിക്ക് ഈ ചിത്രത്തിനു അതിന്റെ ആവശ്യമില്ല എന്ന് തീരുമാനിച്ചു.

[ചോദ്യം] താങ്കൾ പറയുന്നു ഈ ചിത്രം യാഥാർത്ഥ്യവുമായി അത്ര അടുത്തുനിൽക്കാത്തതാണെന്ന്. പക്ഷേ താങ്കൾ ഇവിടത്തെ അവസ്ഥ ഉപയോഗിച്ചത് - ജാതി, വിവേചനം, ഇതൊക്കെ - "ഞാൻ ഇങ്ങനെ ഇരിക്കും, ഞാൻ കോട്ടും സ്യൂട്ടും ഇടും, ഞാൻ ഭരിക്കാൻ പിറന്നവനാണു", ഇതൊക്കെ - ഈ ചിത്രത്തിനു മർമ്മപ്രധാനമാണു. താങ്കൾ ഇത് മനപൂർവ്വം ഈ ചിത്രത്തിനെ ദളിത് ചിത്രം എന്ന് വിളിക്കാൻ ചെയ്തതാണോ? അതോ സിനിമയുടെ ഒഴുക്ക് സ്വാഭാവികമായി കൊണ്ടുവന്ന ഒന്നാണോ ഇത്?

ആദ്യമായി - കബാലിയെ ഒരു ദളിത് ചിത്രം എന്നു വിളിക്കുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. ഈ വർഷങ്ങളത്രയും പല ചിത്രങ്ങളും വന്നു - ചിന്ന ഗൗണ്ടർ, തേവർ മഗൻ, തുടങ്ങിയവ. നിങ്ങൾ അവയെ ഗൗണ്ടർ ചലച്ചിത്രം എന്നോ തേവർ ചലച്ചിത്രം എന്നോ വിളിച്ചോ? ഇല്ലെങ്കിൽ ദളിത് ചിത്രം എന്ന ചോദ്യം തന്നെ എവിടെന്നാണു വന്നത്?

രണ്ടാമതായി, വേഷവും വേഷത്തെപ്പറ്റിയുള്ള രാഷ്ട്രീയവും കീഴാള സമൂഹങ്ങൾക്ക് വളരെ പ്രധാനമായ ഒന്നാണു. ദളിതർക്ക് മാത്രമല്ല, ഇവിടെ ദളിത് സമൂഹങ്ങളെപ്പോലെ, പുറത്തുള്ള തമിഴ് സമൂഹം മൊത്തത്തിൽ ഒരു അടിച്ചമർത്തപ്പെട്ട സമൂഹമാണു. കറുത്തവർഗ്ഗക്കാരെ വെളുത്തവർ അടിച്ചമർത്തുന്നതുപോലെ.

അടിച്ചമർത്തപ്പെട്ടവർ എപ്പൊഴൊക്കെ അവരുടെ വരമ്പുകൾ ഭേദിച്ചിട്ടുണ്ടോ - അത് ഭക്ഷണമായാലും വസ്ത്രമായാലും ഭാഷയാലും - അത് എപ്പൊഴും പ്രശ്നമായിട്ടുണ്ട്. മലേഷ്യയിൽ മലയ്കൾ വെളുത്തവരാണു. ചൈനീസ് വെളുത്ത നിറമുള്ളവരാണു. തമിഴർ മാത്രമാണു കറുത്തവർ. അപ്പോൾ മലയ് കളും ചൈന വംശജരും തമിഴരെ എങ്ങനെ കാണുന്നു എന്ന് നമ്മൾ മനസിലാക്കണം. തമിഴർ മുന്നോട്ടുവന്ന് തുല്യത ആവശ്യപ്പെടുമ്പോൾ, അവർ നന്നായി വസ്ത്രം ധരിക്കുമ്പോൾ, നന്നായി ഭക്ഷണം കഴിക്കുമ്പോൾ, നന്നായി സമൂഹത്തിൽ ഇടപഴകുമ്പോൾ - അപ്പോൾ പ്രശ്നം ഉണ്ടാവുന്നു. ഇവിടത്തെ അവസ്ഥയുമായി തുലനം ചെയ്യാൻ എളുപ്പമാണു. താഴ്ന്ന ജാതികളെ നന്നായി വസ്ത്രം ധരിക്കാൻ സമ്മതിക്കുന്നില്ല. തമിഴ് സമുദായങ്ങളിൽ, ഇന്ത്യൻ സമുദായങ്ങളിൽ. അപ്പോൾ ഈ അവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കാൻ എളുപ്പമാണു. ഇതേ വിഷയങ്ങൾ ഞാൻ 'മദ്രാസ്' സിനിമയിലും സംസാരിച്ചിട്ടുണ്ട്, ചെറുതായി വ്യത്യസ്ഥമായ വഴികളിൽ. കബാലിയിൽ വസ്ത്രത്തിന്റെ രാഷ്ട്രീയം തമിഴ് സമുദായത്തിനു മൊത്തത്തിൽ പ്രാധാന്യമുള്ളതാണു. അത് ഇവിടത്തെ മൊത്തം സമുദായവുമായും ബന്ധപ്പെടേണ്ടതാണു. അത് എന്തുകൊണ്ട് ദളിത് സമുദായവുമായി മാത്രം ബന്ധപ്പെടുത്തുന്നു? ഇതാണു എന്റെ ചോദ്യം.

[ചോദ്യം] തമിഴ്നാട്ടിൽ എല്ലാ തമിഴ് നേതാക്കളും സാധാരണ ധരിക്കുന്ന വസ്ത്രം വെട്ടി-ശട്ടൈ ആണു. പക്ഷേ ദളിത് സംഘടനകളുടെ നേതാക്കൾ - ഡോ. കൃഷ്ണസ്വാമിയെയും തലൈവർ തിരുമാളവനെയും പോലുള്ളവർ - എപ്പൊഴും റ്റിപ്പ്-റ്റോപ്പ് നിറങ്ങളുള്ള ഷർട്ട്, പാന്റ്, ജീൻസ് ഇതൊക്കെ ധരിക്കുന്നു..

രട്ടമലൈ ശ്രീനിവാസൻ എപ്പൊഴും കോട്ട്-സ്യൂട്ട് ധരിച്ചു. ഡോ. അംബദ്കർ എപ്പൊഴും ധരിച്ചു. വസ്ത്രം എന്നത് അടിച്ചമർത്തപ്പെട്ടവരുടെ ഉയർപ്പിന്റെ ഒരു പ്രധാന ഘടകമാണു. കുട്ടി ഇളവരശൻ (കുട്ടി രാജകുമാരൻ) എന്നൊരു നോവലുണ്ട്. മരുഭൂമിയിൽ വഴിതെറ്റുന്ന കാപ്റ്റനും പുള്ളി അവിടെ കണ്ടെത്തുന്ന കുട്ടി രാജകുമാരനും തമ്മിൽ ഒരു സംഭാഷണമുണ്ട്. ഒരുപാട് കഷ്ടപ്പെടുന്ന, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുള്ള, ശാസ്ത്രജ്ഞൻ ഒരു ഗ്രാമത്തിലെത്തിയിട്ട് താൻ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി എന്നു പറയുന്നു. പക്ഷേ ആരും പുള്ളിയെ ഗൗനിക്കുന്നില്ല. കുട്ടി രാജകുമാരൻ പറയുന്നത് - നിങ്ങൾ എന്തു പറയുന്നു എന്നത് ഒരു വലിയ കാര്യമേയല്ല (ഇവിടെ: ഒരു പുതിയ ഗ്രഹം കണ്ടെത്തി എന്നുള്ളത്). പക്ഷേ ആരു പറയുന്നു (അതായത് എന്ത് ധരിക്കുന്നു) എന്നതിലാണു കാര്യമെന്ന്. നിങ്ങൾ വളരെ മികവോടെ വസ്ത്രം ധരിച്ച് അവരോട് ഒരു ഗ്രഹം ഇല്ലെന്നോ ഉണ്ടെന്നോ പറഞ്ഞാൽ അവർ നിങ്ങളെ വിശ്വസിക്കും! അത് എന്നെ ഒരുപാട് സ്വാധീനിച്ചു.

നമ്മൾ വസ്ത്രത്തെപ്പറ്റി സംസാരിക്കുമ്പോൾ, സ്വാഭാവികമായി അവിടെ സ്മാർട്ട്നെസ്സ്, അഭിമാനം എന്നീ വിഷയങ്ങൾ വരുന്നു. താങ്കൾ പറയുന്നത് അടിച്ചമർത്തപ്പെട്ടവർക്ക്, അഭിമാനം നിഷേധിക്കപ്പെട്ടവർക്ക്, നന്നായി വസ്ത്രം ധരിക്കുന്നത് വളരെ പ്രധാനമാണെന്നാണു. പക്ഷേ അത് പറയാൻ താങ്കൾ ഒരു ഡയലോഗ് ഉൾക്കൊള്ളിച്ചു - "മഹാത്മാഗാന്ധി വസ്ത്രം വേണ്ടെന്ന് വെച്ച് ഒരു തോർത്ത് ഉടുത്തതിൽ രാഷ്ട്രീയം ഉള്ളതുപോലെ, ഡോ. അംബദ്കർ ത്രീ-പീസ് കോട്ട്-സ്യൂട്ട് ധരിച്ചതിലും രാഷ്ട്രീയമുണ്ട്". ഒരു പ്രധാന മാസിക എന്തിനാണു മഹാത്മാവിന്റെ പേരു വലിച്ചിഴച്ചത് എന്ന് താങ്കളെ വിമർശിക്കുന്നു. താങ്കൾ എന്തിനാണു അദ്ദേഹത്തെ ഇങ്ങനെ അപമാനിച്ചത്?

എനിക്ക് മഹാത്മാഗാന്ധിയെ വിമർശിക്കണം എന്ന ഒരു ഉദ്ദേശവും ഇല്ല. രാഷ്ട്രീയത്തിൽ വസ്ത്രത്തിന്റെ പ്രാധാന്യം ഇവിടെ കാണിക്കണമായിരുന്നു. സമൂഹത്തിൽ ഒരു പ്രത്യേക വസ്ത്രം ധരിക്കണമോ വേണ്ടയോ എന്നതിനെപ്പറ്റി രണ്ട് അഭിപ്രായങ്ങളുണ്ടെങ്കിൽ, എനിക്ക് തോന്നുന്നത് കോട്ട്-സ്യൂട്ട് ധരിക്കുന്നതാണു എന്നെ തുല്യതയുടെ ദിശയിലേക്ക് കൊണ്ടുപോവുന്നത് എന്നാണു. കീഴാളർ സ്മാർട്ട് വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ രാഷ്ട്രീയം പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

[ചോദ്യം] - വസ്ത്രത്തിനു പുറമേ, സിനിമയുടെ മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന ഘടകമുണ്ട് - സോഫ. ചിത്രത്തിൽ പല നിറങ്ങളിലും വലിപ്പത്തിലും രൂപത്തിലും വരുന്നെങ്കിലും അത് സിനിമയിൽ ഉടനീളം ദൃശ്യവും പ്രത്യക്ഷവുമാണു. അത് താങ്കൾ അധികാരത്തിന്റെ ചിഹ്നമായി മന:പൂർവ്വമായി ഉൾക്കൊള്ളിച്ചതാണോ?

ഞാൻ നിങ്ങളുടെ മുന്നിൽ, ദാ ഈ ഇരിക്കുന്നത്, അതുതന്നെ ഒരു അധികാരത്തിന്റെയും അവകാശത്തിന്റെയും ഒരു പ്രധാന സ്റ്റേറ്റ്മെന്റ് അല്ലേ?

[മൗനം][ചിരിക്കുന്നു]

[ചോദ്യം] ഡോ. അംബദ്കർ പറഞ്ഞത് - എന്റെ ജീവിതസമരം മനുഷ്യരുടെ അഭിമാനവും അടിച്ചമർത്തപ്പെട്ട ജാതികൾക്ക് ബഹുമാനവും പുനസ്ഥാപിക്കുന്നതിനുള്ള സമരമാണെന്നാണു. താങ്കൾക്ക് തോന്നുന്നുണ്ടോ, ആ ദിശയിലേക്കുള്ള ഒരു ചെറിയ കാൽവെയ്പ്പെങ്കിലും ഈ സിനിമ കൊണ്ട് സാധിച്ചെന്ന്?

തീർച്ചയായും. അതുകൊണ്ടാണു എന്നെ വിമർശിക്കാൻ ഇത്രയും ആൾക്കാർ വന്നത് [ചിരിക്കുന്നു]. അവർ എന്നെ വഴക്കുപറയുന്നു. അവർ എന്നെ ജാതിവാദിയെന്ന് ഒറ്റപ്പെടുത്താൻ നോക്കുന്നു. അത് സത്യത്തിൽ രസകരമാണു. ഇതൊക്കെ പറയുന്നത് ഞാൻ ശരിയായ ദിശയിൽ എന്തോ ചെയ്തെന്നാണു!
(പാ രഞ്ജിത്ത് "മദ്രാസ്", "അട്ടക്കത്തി", "കബാലി" എന്നീ വിജയകരമായ ചിത്രങ്ങളുടെ സംവിധായകനാണു. തന്റെ വിഷയങ്ങളെ യാഥാർത്ഥ്യത്തോടെ സമീപിക്കുന്നതിനു പ്രശസ്തനാണു പാ രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അംബദ്കറൈറ്റ് സിംബളിസം സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു).
Loading Conversation