#

സുദീപ് കെ എസ്
കൊത്തുനേരം : May 01, 2017

പങ്കു വെയ്ക്കൂ !

ഒളിഞ്ഞും തെളിഞ്ഞുമുള്ള സത്യങ്ങൾ

സുദീപ് കെ എസ്


തെഹൽക്ക ലേഖികയായിരുന്ന ശ്രീമതി റാണാ അയ്യൂബ് എഴുതിയ Gujarat Files: Anatomy of a Cover Up എന്ന പുസ്തകത്തെപ്പറ്റിയാണ്. 'ഗുജറാത്ത് ഫയൽ : മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ' എന്ന പേരിൽ പ്രതീക്ഷാ ബുക്സ് കോഴിക്കോട് ഇപ്പോൾ മലയാളത്തിൽ ഈ പുസ്തകം മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു.

തെഹൽക്കയിലെ തന്റെ പത്രാധിപർ ഒരിക്കൽ തന്ന ഒരുപദേശത്തെപ്പറ്റി ശ്രീമതി റാണാ അയ്യൂബ്‌ തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട് : "റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവത്തിലും മനസ്സ് കുരുങ്ങിപ്പോവാതെ തീർത്തും നിസ്സംഗമായും പ്രായോഗിക ബുദ്ധിയോടെയും പ്രവർത്തിക്കുക എന്ന കല സ്വായത്തമാക്കുന്നവർക്കു മാത്രമേ നല്ല പത്രപ്രവർത്തകരാവാൻ കഴിയുകയുള്ളൂ എന്നതായിരുന്നു ആ ഉപദേശം. എന്നാൽ, ഇന്നേ തിയ്യതി വരെ ആ കലയിൽ പ്രാവീണ്യം നേടാൻ എനിക്കു കഴിഞ്ഞിട്ടില്ല." അതിനുള്ള അവരുടെ കാരണവും അവർ വിശദീകരിക്കുന്നുണ്ട്, എന്നാൽ ആ കാരണമെന്തെന്നു വായിക്കും മുമ്പുതന്നെ ആ 'കല'യെ തള്ളിക്കളയുന്ന ഒരു പത്രപ്രവർത്തകയാണ് ഈ പുസ്തകമെഴുതിയത് എന്നത് പ്രധാനമാണ് എന്നെനിക്കു തോന്നി.

ഒരുപക്ഷേ, അവർ ആ കലയിൽ പ്രാവീണ്യമുള്ള ഒരാളായിരുന്നെങ്കിൽ ഇങ്ങനെ ഒരു പുസ്തകം തന്നെ ഉണ്ടാവില്ലായിരുന്നു എന്നു തോന്നുന്നു പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ. എന്തെന്നാൽ അത്തരത്തിലുള്ള ചില കുരുങ്ങിപ്പോവലുകളാണ് ഈ പുസ്തകത്തിന്റെ ജീവൻ. ഗ്രന്ഥകാരിയും തെഹൽക്കയും ലോഭമില്ലാതെ ഉപയോഗിക്കുന്ന 'ഒളിക്യാമറ' പത്രപ്രവർത്തനത്തോട് വലിയ മമതയില്ലാത്ത ഒരാളായിരുന്നിട്ടും എന്റെ ശ്രദ്ധ പിടിച്ചുനിർത്താൻ ഈ പുസ്തകത്തിനു കഴിയുന്നത് അതുകൊണ്ടു തന്നെയാണ്. ഈ പുസ്തകത്തിന്റെ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റും ആ കലയിലെ പ്രാവീണ്യം മാധ്യമപ്രവർത്തനത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണെന്നും പറയാം.

ശാഹിദ് ആസ്മിയും അമ്മയും : പുസ്തകത്തിനു കാരണക്കാരായവർ

ഗ്രന്ഥകാരിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ശാഹിദ് ആസ്മിയുടെ കൊലപാതകം അവർക്കുണ്ടാക്കിയ നഷ്ടബോധത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. അങ്ങനെ നോക്കിയാൽ ശാഹിദ് ആസ്മിയ്ക്കുള്ള ഒരു സമർപ്പണമാണ് ഈ പുസ്തകം. അതിനു ശേഷമുള്ള അവരുടെ പത്രപ്രവർത്തന ജീവിതം തന്നെയും. 'ദേശദ്രോഹികൾ' എന്നാരോപിക്കപ്പെട്ട് ഇന്ത്യയിലെ തടവറകളിൽ കഴിഞ്ഞിരുന്ന അനേകം നിരപരാധികളുടെ 'രക്ഷകൻ' ആയി കുറഞ്ഞ കാലത്തിനുള്ളിൽ പേരെടുത്ത വക്കീലായിരുന്നു ശാഹിദ് ആസ്മി. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ മരണാനന്തര പുരസ്കാരം റാണാ അയ്യൂബിനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളാണെന്നു പറയാം. അതോടൊപ്പം തന്നെ, 'ആഗ്രഹിച്ച വഴികൾ തെരഞ്ഞെടുക്കുമ്പോൾ കുടുംബത്തിൽ നിന്ന് എതിർപ്പുകളുണ്ടായപ്പോഴൊക്കെ തനിക്കു വേണ്ടി പൊരുതിയ' തന്റെ അമ്മയെയും അവർ ഓർക്കുന്നു. അവരാണ് സൊഹ്റാബുദ്ദീനെക്കുറിച്ചുള്ള വാർത്ത ഗ്രന്ഥകാരിയുടെ ശ്രദ്ധയിൽ പെടുത്തുന്നതും അങ്ങനെ ഈ പുസ്തകത്തിലേക്കുള്ള അവരുടെ യാത്ര തുടങ്ങിവയ്ക്കുന്നതും.

പേടിപ്പിക്കുന്ന ജനക്കൂട്ടങ്ങൾ

ഈ പുസ്തകത്തിൽ -- ഇന്നത്തെ ഇന്ത്യയിലും -- എന്നെ ഏറ്റവുമധികം പേടിപ്പിക്കുന്നത് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ തന്റെ അവതാരികയിൽ സൂചിപ്പിക്കുന്ന ചാരക്യാമറ ദൃശ്യങ്ങളോ മൈക്രോഫോണോ നൽകുന്ന 'ഉൾക്കാഴ്ച'കളല്ല. മറിച്ച്, ഗ്രന്ഥകാരി സൂചിപ്പിക്കുന്ന ചില പൊതു പരിപാടികളിലെ ജനക്കൂട്ട പ്രതികരണങ്ങളാണ്. ഉദാഹരണത്തിന്, ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ശ്രീ. നരേന്ദ്ര മോദി 'സൊഹ്റാബുദ്ദീനെപ്പോലൊരു ഭീകരവാദി'യെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു ചോദിക്കുമ്പോൾ 'അവനെ കൊല്ലുക' എന്നാർക്കുന്ന ആൾക്കൂട്ടം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന ആൾക്കൂട്ടം.

ഉദ്യോഗസ്ഥരുടെ കർത്തവ്യബോധവും മറ്റു വെല്ലുവിളികളും

തെഹൽകയുടെ റിപ്പോർട്ടർ ആയി ഉദ്യോഗസ്ഥരെ സമീപിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട് -- 'കർത്തവ്യബോധത്തോടെ ജോലി ചെയ്യുന്ന ഓഫീസർമാർ സർക്കാരിന്റെ കോപത്തിനിരയായ ഗുജറാത്ത് പോലൊരു സംസ്ഥാനത്ത്' ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നവർ പറയുന്നു. ഇഎന്നാൽ ഇതിനോട് മുഴുവനായി യോജിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. ഗുജറാത്തിൽ അക്കാലത്തെ വംശഹത്യയിൽ ഏതെങ്കിലുമൊക്കെ തരത്തിൽ പങ്കാളികളായ പോലീസുകാരിൽ ചിലരെപ്പറ്റി മാത്രമേ കർത്തവ്യബോധമില്ലാത്തവർ എന്നോ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി കർത്തവ്യബോധത്തെ പണയപ്പെടുത്തിയവർ എന്നോ പറയാൻ പറ്റൂ എന്നു തോന്നുന്നു. ചിലരെങ്കിലും ഈ വംശശുദ്ധീകരണം ഒരു യഥാർത്ഥ ഭാരതീയൻ എന്ന നിലയിലും ഒരു നല്ല പോലീസുകാരൻ എന്ന നിലയിലും തന്റെ കർത്തവ്യത്തിന്റെ ഭാഗമാണ് എന്നുതന്നെ കരുതുന്നവരുണ്ടാവും.

'തെഹൽക'യുടെ റിപ്പോർട്ടർ ആയതുകൊണ്ട് 'ഏതുസമയവും സ്റ്റിങ് ക്യാമറയുമായി നടക്കുന്നവ'ളാണെന്ന ധാരണയും അക്കാലത്ത് പ്രബലമായിരുന്നു, അതും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്നതിൽ ഒരു വെല്ലുവിളിയായിരുന്നു ഗ്രന്ഥകാരിക്ക്.

അതേസമയം, നിർഭയമായി പ്രവർത്തിച്ചാൽ ക്രൂശിക്കുന്നത് ഗുജറാത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ഒരു പതിവായി മാറിയിരുന്നതുകൊണ്ട് ചില ഓഫീസർമാർ അക്കാരണത്താൽത്തന്നെ വിവരങ്ങൾ നൽകി സഹകരിച്ചു എന്നും അവർ പറയുന്നു.

രൂപപ്പകർച്ച

വ്യാജ ഏറ്റുമുട്ടലുകൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഗുജറാത്ത് വംശഹത്യാ കാലത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോൺവിളികളുടെ വിശദാംശങ്ങളും ചില രഹസ്യ രേഖകളും തെഹൽക്കയിലൂടെ ലേഖിക പുറത്തുവിട്ടതും അങ്ങനെ അമിത് ഷാ അറസ്റ്റിലായതുമായ സംഭവങ്ങൾ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. അതിനുശേഷം ബി ജെ പിയുടെ നോട്ടപ്പുള്ളിയായി മാറിയ ലേഖിക പിന്നീട് അമേരിക്കയിൽ പഠിക്കുന്ന കാൺപൂരുകാരിയായ 'മൈഥിലി' എന്ന സിനിമാസംവിധായികയുടെ വേഷത്തിലാണ് പിന്നീടുള്ള തന്റെ അന്വേഷണങ്ങൾ നടത്തിയത്. ഫ്രാൻസിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ആ ദൗത്യത്തിൽ അവരുടെ സഹായിയായി വർത്തിക്കുകയും ചെയ്തു.

'ആ കൂട്ടക്കുരുതിയെ സംബന്ധിച്ച മുഴുവൻ സത്യവും അറിയാമായിരുന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും പുറത്തുപറയാതെ, ആ സംഭവം തങ്ങളുടെ തൊഴിലിന്റെ ഭാഗമേ ആയിരുന്നില്ലെന്ന മട്ടിൽ' ജീവിക്കുകയായിരുന്ന ഓഫീസർമാരിൽ നിന്ന് സത്യങ്ങൾ ചികഞ്ഞെടുക്കാൻ അങ്ങനെ ഒരു മാർഗ്ഗമേ അവരുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഗ്രന്ഥകാരി പറയുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ, ഈ രീതിയുടെ നൈതികതയിൽ എനിക്കത്ര വിശ്വാസമില്ല എന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ ഓരോരുത്തർക്കും അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അവരുടേതായ ന്യായങ്ങളുണ്ടാവും. ഒരു വിധി പറയാൻ ഞാനാളല്ല എന്നുഞാൻ മനസ്സിലാക്കുന്നു.

കൂടിക്കാഴ്ചകൾ, കുറ്റബോധങ്ങൾ, സത്യങ്ങൾ

ഗുജറാത്തിലെ സിനിമാതാരങ്ങളിലൂടെ തുടങ്ങി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരിലേക്കും മായാ കോഡ്‌നാനി പോലുള്ള രാഷ്ട്രീയ പ്രവർത്തകരിലേക്കും എല്ലാം നീണ്ട മൈഥിലിയുടെ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ബാക്കിയുള്ള ഭാഗം. ചില സംഭാഷണങ്ങൾ ഏതാണ്ട് പൂര്ണരൂപത്തിൽത്തന്നെ പുസ്തകത്തിൽ പങ്കുവയ്ക്കപ്പെടുന്നു. ഓരോരുത്തരുടെയും മനസ്സിലെ ദുർബലമായ ഭാഗങ്ങൾ കണ്ടെത്തി അതിനെ മുതലെടുത്തുകൊണ്ടുള്ള ഈ അന്വേഷണങ്ങൾ ഇടയ്ക്കെങ്കിലും ഗ്രന്ഥകാരിയെത്തന്നെ കുറ്റബോധത്തിലാഴ്‌ത്തിയിരുന്നതായി അവർ ഏറ്റുപറയുന്നുണ്ട്. വിശേഷിച്ചും ഈ സംഭാഷണങ്ങളുടെ 'ഇര'കൾ ലേഖികയുമായി സൗഹൃദവും വളർത്താൻ ശ്രമിക്കുന്ന സമയങ്ങളിൽ. അമ്മയെ ഫോൺ വിളിച്ചാണ് അവർ അത്തരം ആശയക്കുഴപ്പങ്ങളിൽ നിന്ന് മുക്തി തേടിയിരുന്നത് എന്നവർ പറയുന്നുണ്ട്.

'എളുപ്പത്തിൽ വഴങ്ങുന്ന' ഉദ്യോഗസ്ഥരെ, മിക്കവാറും എല്ലായ്‌പോഴും ദലിത്-പിന്നോക്ക ജാതികളിൽപ്പെട്ട ഉദോഗസ്ഥരെ, ആണ് അന്നത്തെ സംസ്ഥാനഭരണകൂടം ഏറ്റവുമധികം ഉപയോഗിച്ചത് എന്ന് ലേഖിക നിരീക്ഷിക്കുന്നു. 'ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിക്കുന്ന'തിനെപ്പറ്റി ജി എൽ സിംഗാൾ ലേഖികയുമായുള്ള സംഭാഷണത്തിൽ പരാതിപ്പെടുന്നുണ്ട്. നാല് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ പങ്കിന്റെ പേരിൽ ജയിലിൽപ്പോയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനായ ഡി ജി വൻസാരെ ആകട്ടെ, ഇക്കാര്യം ഗുജറാത്ത് സർക്കാരിനെഴുതിയ ഒരു കത്തിൽ പരാതിയായിത്തന്നെ ഉന്നയിച്ചിട്ടുണ്ട് എന്നും പുസ്തകത്തിൽ പറയുന്നു.

രാജൻ പ്രിയദർശി എന്ന മറ്റൊരുദ്യോഗസ്ഥന്റെ കഥ ഗുജറാത്തിലെ ജാതീയതയുടെ തീക്ഷ്ണതയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. ആ ഐ പി എസ് ഓഫീസർ ഉന്നതനായ പോലീസ് ഓഫീസറായിട്ടും തന്റെ ഗ്രാമത്തിൽ തൊട്ടുകൂടാത്തവനായിരുന്നു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പിന്നോക്കവിഭാഗത്തിൽ നിന്നുതന്നെയുള്ള ഗുജറാത്തിലെ പ്രശസ്തയായ വനിതാ പോലീസ് ഓഫീസർ ഉഷാ റാഡയും ഗ്രന്ഥകാരിയുമായുള്ള സംഭാഷണങ്ങളിലൂടെ ഈ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്. ഗ്രന്ഥകാരി ഏറ്റവുമധികം പേടിച്ചത് അവരുമായുള്ള ഇടപെടലുകൾക്കിടയിലായിരുന്നു. 'തെഹൽക്ക' എന്ന 'തെമ്മാടിക്കൂട്ട'ത്തെപ്പറ്റിയുള്ള ഉഷാ റാഡയുടെ കമന്റുകളും അതിനു കാരണമാവുന്നുണ്ട്. എന്നാൽ ആ പോലീസ് ഉദ്യോഗസ്ഥയും മൈഥിലിയെ സംശയിച്ചതേ ഇല്ല എന്നതാണ് സത്യം.

അശോക് നാരായൺ, ജി സി റായ്ഗർ, പി സി പാണ്ഡെ, ചക്രവർത്തി, മായാ കോഡ്‌നാനി എന്നിവരുമായെല്ലാം നടത്തിയ സംഭാഷണങ്ങൾ പുസ്തകത്തിലെ ബാക്കിയുള്ള പ്രധാന അധ്യായങ്ങളാണ്. ഇതിൽ അശോക് നാരായണന്റെ കുടുംബം മൈഥിലിയുമായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.

സംഭാഷണങ്ങളുടെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. അതെല്ലാം ഒരു സിനിമയെന്ന പോലെ വായിക്കാവുന്ന തരത്തിൽ 'ആക്ഷൻ' നിറഞ്ഞതും അതേസമയം പേടിപ്പിക്കുന്നതുമാണ്.

ആന്റി ക്ളൈമാക്സ്

എന്നാൽ 'വിധി വൈപരീത്യം' എന്നൊക്കെ പറയാവുന്നതുപോലെ, ഈ സംഭാഷണങ്ങളൊന്നും പുറത്തുവിടേണ്ടതില്ല എന്നാണ് ഒടുവിൽ തെഹൽക്ക എഡിറ്റർമാരായ തരുൺ തേജ്പാലും ഷോമ ചൗധരിയും തീരുമാനിച്ചത്. നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യനാവാൻ പോവുകയാണ് എന്ന 'തിരിച്ചറിവാ'ണ് അതിനുള്ള കാരണമായി അവർ പറഞ്ഞത്. ഈ പുസ്തകം പുറത്തിറങ്ങുന്നതുവരെ സാഹസികമായ ആ രഹസ്യാന്വേഷണം രഹസ്യമായിത്തന്നെ തുടരുകയും ചെയ്തു. സ്വന്തം നിലയ്ക്ക് അവർ ഈ പുസ്തകം പുറത്തിറക്കുന്നത് 2016-ലാണ്. ചരിത്രപരമായ ഒരു ദൗത്യം തന്നെയാണ് ഈ പുസ്തകം നിർവ്വഹിക്കുന്നത്, അതിന്റെ മലയാള പരിഭാഷയും. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത അബൂബക്കർ കാപ്പാടും പ്രതീക്ഷാ ബുക്‌സും ആ ദൗത്യത്തിൽ പങ്കാളികളാവുന്നു.

റാണാ അയ്യൂബ് എഴുതിയ 'ഗുജറാത്ത് ഫയൽ : മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ' എന്ന പുസ്തകത്തിന്റെ ഒരു നിരൂപണം / ആസ്വാദനം. മാർച്ച്-ഏപ്രിൽ ലക്കം 'ജനപക്ഷം' ദ്വൈമാസികയിൽ പ്രസിദ്ധീകരിച്ചതാണ്.


Loading Conversation