#

ദിനിൽ സി എ

കൊത്തുനേരം : Mar 22, 2018

പങ്കു വെയ്ക്കൂ !

സംവരണം : സാമ്പത്തികവും സാമൂഹികവും - ഒരു വിശകലനംസാമുദായിക സംവരണം ജാതി ഉന്മൂലനമെന്ന സാമൂഹ്യ വിപ്ലവത്തിന്‍റെ മുന്‍ ഉപാധിയാണെങ്കില്‍ സാമ്പത്തിക സംവരണം പ്രതിവിപ്ലവമാണ്‌

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേരള കാബിനറ്റ് തീരുമാനം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശീയ തലത്തില്‍ നടപ്പാക്കാന്‍ സംഘപരിവാറിനെ വെല്ലുവിളിക്കുച്ചതോടെ ഒരിക്കല്‍ കൂടി സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ച കേരളത്തില്‍ ചൂട് പിടിച്ചിരിക്കുകയാണ്. അംഗീകരണദ്യോതക നടപടികള്‍ (Affirmative Action) അതിന്‍റെ വ്യാപ്തി കൊണ്ടു തന്നെ ഒരു ബൃഹത്ത് പദ്ധതിയാണ്. സൂക്ഷ്മ വശങ്ങള്‍ പരിശോധിച്ച് കൊണ്ടു മാത്രമേ സംവരണമെന്ന പുരോഗന ജനാതിപത്യ പ്രയോഗത്തെ വിലയിരുത്താന്‍ കഴിയൂ.
വര്‍ഗ്ഗവും ജാതിയുംജാതീയ മര്‍ദ്ദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്‌നം സുദീര്‍ഘ ചരിത്രമുള്ളതും പ്രാങ്‌ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ രൂഢമൂലവുമാണ്‌. ഫ്യൂഡല്‍ ഉല്‍പാദന വ്യവസ്ഥയാണ്‌ ജാതിയെ നിര്‍മ്മിച്ചതെങ്കില്‍ പോലും ജാതിയെന്നതു കേവലമൊരു തൊഴില്‍ വിഭജനമല്ല, മറിച്ചു തൊഴിലാളി വിഭജനം കൂടിയാണ്. മനുഷ്യ ചിന്തയുടെ ചലനം തടയുന്ന അടഞ്ഞ മുറികളാണ് ജാതി. തൊഴിലാളിയെ ജനിച്ച കുലത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുകയും, പരസ്പരം യോജിക്കാന്‍ കഴിയാത്ത വിധം വിശ്വാസത്താല്‍ വിഭജിച്ചു നിറുത്തുന്നതുമായ ശ്രേണീകൃത വിവേചനം ഉള്ളടങ്ങിയിട്ടുള്ള ഫ്യൂഡല്‍ ബന്ധനമാണ് ജാതി. അതു നിലനിറുത്തുന്നത് പ്രത്യുല്‍പാദന ബന്ധങ്ങളില്‍ (വിവാഹം, കുട്ടികള്‍, കുടുംബം എന്നിവ) കൂടിയാണ്. ബ്രാഹ്മണിക്കല്‍ ജാതിയെന്ന സാമൂഹ്യവ്യവസ്ഥക്കു ഇന്ത്യക്ക് പുറത്തു മറ്റു ഉദാഹരണങ്ങളില്ല. അതുകൊണ്ടു തന്നെ ജാതി തൊഴില്‍ ആര്‍ജിത തൊഴിലാകുന്നില്ല, ജനനം കൊണ്ടോരാള്‍ ചെയ്യേണ്ടി വരുന്ന തൊഴിലാകുന്നു. തോട്ടി പണി ചെയ്യുന്ന ബ്രാഹ്മണനെയും ക്ഷത്രിയനേയും കാണാന്‍ കഴിയാത്തതിന്‍റെ കാരണവുമിതാണ്. എന്നാല്‍ ആധുനിക തൊഴില്‍ അത്തരമൊന്നല്ല, അവക്കൊരു തെരഞ്ഞെടുപ്പ് സാധ്യമാണ്. വര്‍ഗമെന്നുള്ളത് ആര്‍ജ്ജിത ഐഡന്റിറ്റിയാകുമ്പോള്‍ ജാതി വിശ്വാസാധിഷ്ഠിതമാകുന്നു. ആധുനിക തൊഴില്‍ വിഭജനത്തില്‍ പ്രമോഷനും തൊഴില്‍ മാറ്റവും സാദ്ധ്യതകളാണെങ്കില്‍ ജാതി തൊഴിലില്‍ തൊഴില്‍ മാറ്റം ഒരു സാദ്ധ്യതയേ ആകുന്നില്ല. ജീവിതകാലം മുഴുവന്‍ അടിച്ചേല്‍പ്പിക്കപെട്ട തൊഴിലില്‍ തുടരാന്‍ ജാതി നിര്‍ബന്ധിക്കുന്നു. അതില്‍ നിന്നും വിടുതല്‍ തേടാന്‍ ശ്രമിക്കുന്ന ഓരോ ഘട്ടത്തിലും വലിയ ആക്രമണം നേരിടേണ്ടി വരുന്നു. ബ്രാഹമണന്‍ ഒഴികെയുള്ള സാമൂഹ്യ ജനവിഭാങ്ങള്‍ക്കു തൊട്ടടുത്ത മര്ദ്ധകനെ (immediate oppressor) സൃഷ്ടിച്ചകൊണ്ടുള്ള ആശയാടിത്തറയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത്. ഈ വ്യത്യാസം മനസിലാക്കാതെയിരുന്നാല്‍ ജാതിയും വര്‍ഗ്ഗവും ഒന്നാണെന്ന അബദ്ധജടിലമായ യുക്തിയിലേക്ക് കൂപ്പുകുത്തും. ജാതിയും വര്‍ഗവും ഒന്നാണെന്ന് പറയുന്നവര്‍ ജാതി തൊഴിലിനെ നീതീകരിക്കുകയാണ് ചെയ്യുകയാണ്. വര്‍ഗ്ഗ വിശകലനത്തില്‍ ജാതിയെന്നുള്ളത് ആധുനിക തൊഴിലിന്‍റെ പാരഡോക്സ് ആണെന്നുള്ള യുക്തി തന്നെ തെറ്റായ വിലയിരുത്തലാണ്. പ്രാങ് മുതലാളിത്ത വ്യവസ്ഥയിയിലെ ഉല്‍പാദന/പ്രത്യുല്‍പാദന ബന്ധങ്ങളെ ആധുനിക മുതലാളിത്തം സംഭാവന ചെയ്ത തൊഴിലുകളില്‍ നിന്നും വിഭിഹ്നമായി വിശകലനം ചെയ്യാന്‍ കഴിയാത്തതു ആരുടെ കുഴപ്പമാണ്?ജാതിയുടെ പ്രശ്നം സങ്കീര്‍ണവും ഗൌരവമെറിയതുമായ ഒന്നാണു. അതിന്‍റെ ഛിദ്ര സ്വഭാവമാണ് ഒരു വശമെങ്കില്‍, നൂറ്റാണ്ടുകളായി സാമൂഹ്യ അസമത്വവും, അനീതിയും വരുത്തിവെച്ചതുമായ അതിന്‍റെ വിവേചനപരവും മാര്‍ദ്ധനപരവുമായ സ്വഭാവവുമാണ് മറുവശം. ജാതിയുടെ നിര്‍മ്മിതിയും അതിന്‍റെ വിശേഷധികാരങ്ങളും ആസ്വദിക്കുന്നത് സവര്‍ണ വിഭാഗങ്ങള്‍ ആണെങ്കില്‍ അതിന്‍റെ മര്‍ദ്ധനവും വിവേചനവും ഇരട്ടി ശക്തിയില്‍ നേരിടുന്നത് കീഴാള ജനവിഭാഗങ്ങളാണ്. അതുകൊണ്ടു തന്നെ ജാതി നിലനിര്‍ത്തുകയെന്നുള്ളത് കീഴാള വിഭാഗങ്ങളെ സംബന്ധിച്ചു ഒരിക്കലും സാധ്യമായ ഒരു കാര്യമേയല്ല. ജാതിയെന്ന അടഞ്ഞ വ്യവസ്ഥയെ വിലയിരുത്തി ജാതി ഉന്മൂലനത്തിനുള്ള ഉപാധികള്‍ സൃഷ്ടിക്കുകയാണ് സമൂഹ്യ വിപ്ലവം നടക്കാത്ത ഒരു സമൂഹത്തില്‍ പുരോഗനമ ജനാതിപത്യ സമൂഹം ആദ്യം ചെയ്യേണ്ടത്. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിത് ജനവിഭാഗങ്ങള്‍ തങ്ങള്‍ ജാതി തൊഴില്‍ ഉപേക്ഷിക്കുകയാണെന്നും കൃഷി ചെയ്യാനായി തങ്ങള്‍ക്കു ഭൂമി വേണമെന്ന് പറയുന്നതും ജാതി ഉന്മൂലനത്തിന്‍റെ മുന്‍ഉപാധികളായി മാറുന്നതു നോക്കൂ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, സമൂഹമെന്ന നിലയില്‍ ജാതി തൊഴിലില്‍ നിന്നും വിടുതല്‍ തേടി കാര്‍ഷിക ഉല്‍പാദനത്തിന്‍റെ കേന്ദ്രത്തിലേക്ക് വരുന്നു. രണ്ടു, ഭൂമിയിന്മേല്‍ (വിഭവങ്ങളില്‍) അധികാരം നേടുകന്‍ ശ്രമിക്കുന്നു.
തൊഴിലില്ലായ്മയുടെ തായ്വേ ര്തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക രാഷ്ട്രീയ സംവിധാനമാണ്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ കൂടെ പിറപ്പാണ് തൊഴിലില്ലായ്മയെന്നു ആവര്‍ത്തിക്കുമ്പോള്‍ മാര്‍ക്സിയന്‍ വരട്ടു വാദമാണെന്നു കേള്‍ക്കുന്നവര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല. അതു പറയാതെ മുന്നോട്ടു പോകാന്‍ നിവര്‍ത്തിയില്ല. അമേരിക്കയിലും, യൂറോപ്പിലും തൊഴില്‍ രഹിതരുടെ എണ്ണം കൂടുകയാണ്. തൊഴില്‍ രഹിതരായ അമേരിക്കക്കാരുടെ വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രമ്പിനു ഗുണകരമായി മാറിയതെന്നുള്ള വിലയിരുത്തലുമുണ്ട്. സ്വതന്ത്ര വിപണി വികസനവും തൊഴിലും നല്‍കുമെന്ന് ഇതര രാഷ്ട്രങ്ങളെ പഠിപ്പിക്കാന്‍ നടന്നിരുന്ന അമേരിക്കയിപ്പോള്‍ രാജ്യത്തിനു ചുറ്റും മതില്‍ കെട്ടാന്‍ നടക്കുന്ന വിരോധാഭാസത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ നിന്നുമുള്ള തൊഴിലാളികളുടെ കുടിയേറ്റം തടയുകയെന്നുള്ളതാണ് ലക്‌ഷ്യം. കുടിയേറ്റമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് കുടിയേറ്റക്കാരാല്‍ നിര്‍മ്മിതമായ ഒരു രാജ്യമിന്നു പറയുന്നതു.ഇന്ത്യയും കേരളവും വികസന കാര്യത്തില്‍ പിന്തുടരുന്ന നിയോലിബറല്‍ വികസന മോഡലിന് തൊഴിലില്ലായ്മയെന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. ലിബറല്‍ സാമ്പത്തിക വിദക്തനായ ധനകാര്യ മന്ത്രിക്കു പുറമേ നിയോലിബറല്‍ സാമ്പത്തിക ഉപദേശകകൂടിയുള്ള കേരള സര്‍ക്കാര്‍ പിന്തുടരുന്നതും കോര്‍പ്പറേറ്റ് വികസനവാദമാണ്. പ്രാഥമിക തിളച്ചു മറിയലിനു ശേഷം വികസിത രാജ്യങ്ങളിലെങ്ങും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയാണ് ആഗോളവല്‍ക്കരണം ചെയ്തതു. തൊഴിലിലായ്മ വര്‍ദ്ധിക്കുന്ന ഈ രാഷ്ട്രീയ പരിസരത്തു നിന്ന് പരിശോധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡു നിയമനങ്ങളില്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതു കൊണ്ടു തൊഴിലില്ലായ്മക്ക് പരിഹാരമാകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. നിയോ ലിബറലിസം മുന്നോട്ടു വെക്കുന്ന ചന്ത വികസനമൊരു (market development) ബദലല്ല‍. അതിനായി രാഷ്ട്രീയ സമ്പദ്‌ വ്യവസ്ഥയെ കുറിച്ചു ചിന്തിക്കുകയും ആസൂത്രണ പദ്ധതികള്‍ നടപ്പിലാക്കുകയും വേണം.
അധികാര മണ്ഡലങ്ങളിലെ പ്രാധിനിത്യംസംവരണം തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതിയല്ല. ഇനിയും തകരാത്ത ഫ്യൂഡല്‍ ഉല്പാദന ബന്ധ(ന)ങ്ങള്‍ തകര്‍ക്കുക എന്നുള്ള ലക്ഷ്യത്തോടെ ആധുനിക തൊഴിലുകളില്‍ കീഴാള ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് സംവരണമെന്ന പ്രക്രിയയെ പുരോഗമന ജനാധിപത്യം സ്വീകരിച്ചത്. ജാതിയും വര്‍ഗ്ഗവും രണ്ടായിരിക്കുന്നതു കൊണ്ടാണു പ്രതി വിവേചനം (positive discrimination) ജാതി വിവേചനം നേരിടുന്നവര്‍‍ക്കായി ഉപയോഗിക്കേണ്ടി വരുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വിശേഷിച്ചു അസ്പൃശ്യ ജാതിയില്‍ പെടുന്നവര്‍ക്കു അധികാരസ്ഥാനങ്ങളില്‍ പ്രാതിനിത്യം ലഭിക്കുന്നെന്നേയില്ല എന്ന തിരിച്ചറിവാണ്, അത്തരം വിഭാഗങ്ങള്‍ക്കു പ്രത്യേകമായ പരിഗണന നല്‍കല്‍ എന്ന സംവരണ സങ്കല്‍പം ഇന്ത്യയില്‍ ഉണ്ടായത്. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും തൂത്തെറിയപ്പെടാതിരിക്കാന്‍ ഈ സമുദായങ്ങള്‍ക്ക് സവിശേഷ പ്രാധിനിത്യം ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം ഇന്ത്യയില്‍ നടന്നു. സമൂഹത്തിലെ വിവിധങ്ങളായ അധികാര ഘടനകളില്‍ പ്രാധിനിത്യം ഉറപ്പാക്കുകയെന്നുള്ളതാണ് സംവരണത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ജോലികളില്‍ എന്നതുപോലെ തന്നെ സ്വകാര്യ മേഖലയിലേക്കും സംവരണം വ്യാപിപ്പിക്കേണ്ടത് അനിവാര്യവുമാണ്.
കാര്‍ഷിക വിപ്ലവും ജാതി ഉന്മൂലനവുംമാര്‍ക്സിസ്റ്റുകള്‍ കാർഷിക വിപ്ലവം വഴി ഫ്യൂഡല്‍ ഉല്‍പ്പാദന ബന്ധങ്ങൾ മാത്രമല്ല പ്രത്യുല്‍പ്പാദന ബന്ധങ്ങളും കൂടിയാണ് മാറ്റാൻ ലക്ഷ്യമിടുന്നത്. ഉല്‍‍പ്പാദന പ്രത്യുല്‍‍പ്പാദന ബന്ധങ്ങളേയും രാഷ്ട്രീയ അധികാര രൂപത്തേയും മാറ്റാനാണ് എല്ലാ സാമൂഹ്യവിപ്ലവങ്ങളും ഉണ്ടാവുന്നത്; ഫ്രഞ്ച് ബൂർഷ്വാ വിപ്ലവവും അങ്ങിനെത്തന്നെയായിരുന്നു. മാർക്സിന്റെ അമ്മ ജെന്നി വോൺ വെസ്റ്റ് ഫാലൺ എന്ന പ്രഭുകുമാരിയായ മരുമകളെ ‘അങ്ങ്’/Thou , ‘അങ്ങയുടെ’ / Thy എന്നൊക്കെയാണ് വിളിച്ചിരുന്നത് ! ഇക്കാര്യം മാർക്സിനെഴുതിയ കത്തിൽ ജെന്നി തമാശകലർന്ന പരിഭവമായി എഴുതിയിട്ടുണ്ട്. ജനാധിപത്യ വിപ്ലവ പൂർവ്വ കാലത്ത് Commonsന് / സാധാരണ പ്രജകൾക്ക് പ്രഭുക്കളുമായി / Lords and Ladies മായി വിവാഹം ദ്വന്തയുദ്ധം എന്നിവ നടത്താൻ അവകാശമോ അനുമതിയോ ഇല്ലായിരുന്നു. എങ്കിലും, ‘തൊട്ടുകൂടായ്മ’, ‘തീണ്ടിക്കൂടായ്മ’ എന്നത് യൂറോപ്പിൽ സർവ്വസാധാരണമായ നിലയായിരുന്നില്ല.ഇവ യഹൂദർക്കിടയിൽ ഉണ്ടായിരുന്നു. സമരിയക്കാരെ യരൂശലേം ദേവാലയത്തിൽ കയറ്റുകയില്ല; തീൻമേശയിൽ ഇരുത്തുകയില്ല, വിവാഹം കഴിക്കുകയില്ല, കിണറിൽ നിന്ന് വെള്ളം എടുക്കാനോ അയൽപക്കത്ത് താമസിക്കാനോ അനുവദിക്കില്ല. ആഫ്രിക്കയിലെ ഗോത്രങ്ങൾക്കിടയിലും ആമസോണിലെ ഗോത്രങ്ങൾക്കിടയിലും ഇത്തരം (രക്തശുദ്ധി/ഗോത്രശുദ്ധി) ഉച്ചനീചത്വവും വിവാഹബന്ധ നിഷേധവും തൊഴിൽ വിഭജനവും നിലനിൽക്കുന്നുണ്ട്. പൗരോഹത്യം ഇവയെ നീതീകരിക്കുന്നുണ്ട്. ജപ്പാനില്‍ ജാതിയത മറ്റൊരു വിധത്തില്‍ നിലനിന്നിരുന്നു.അതായത്, കേവലം ഉല്‍പ്പാദന/സാമ്പത്തിക ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല; മറിച്ച്, പ്രത്യുല്‍‍പ്പാദന/വൈവാഹിക ബന്ധങ്ങളുടെ നിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ ‘കൂടി’ യാണ് ആഫ്രിക്കയിലും ലത്തിൻ അമേരിക്കയിലും ജനത വിഭജിക്കപ്പെട്ടിരിക്കുന്നത്. പലയിടത്തും അത് തൊട്ടു കൂടായ്മയും കൊലയാളിപ്പകയും വച്ചു പുലർത്തുന്ന തരത്തിൽ പരസ്പ്പര അന്യവൽക്കരണമുള്ള സാമൂഹ്യ വിഭജനത്തേയും നിലനിർത്തിപ്പോരുന്നു. ഇവിടെയെല്ലാം ‘ആധുനിക തൊഴിലാളി വർഗ്ഗം ഉണ്ടാകുന്നതിനെതിരായ മുഖ്യ സാമൂഹ്യ തടസ്സവും’ ഇതാണ്.ഇന്ത്യയിലേക്ക് വരുമ്പോള്‍ വിവേചനത്തിന് ആശയ അടിത്തറ നിര്‍മ്മിക്കപെടുകയും പൗരോഹിത്യാധിപത്യം ഉല്‍പ്പാദന ബന്ധനങ്ങളുടെ മുകളില്‍ പ്രതിഷ്ഠിക്കപെടുന്നുവെന്നും കാണാന്‍ കഴിയും. മുഴുവന്‍ വിഭവങ്ങളുടെയും അധിപനായ ദൈവവും, കക്ഷിയെ പ്രതിഷ്ഠിക്കുവാനും നിയന്ത്രിക്കുവാനും കഴിവും അനുവാദവുമുള്ള പൗരോഹിത്യ കുടുംബങ്ങളില്‍ (ബ്രാഹ്മണ കുടുംബങ്ങള്‍) അധികാരം സ്ഥിരനിക്ഷേപമാക്കി വെയ്ക്കപെട്ടു. അതുകൊണ്ടു തന്നെ ഭൂമിയില്ലെങ്കില്‍ പോലും ബ്രാഹ്മണര്‍ ഫ്യൂഡല്‍ ഉല്‍പ്പാദന ബന്ധങ്ങളിലും/പ്രത്യുല്‍പ്പാദന ബന്ധങ്ങളിലും “മേല്‍തട്ടില്‍” തന്നെ സ്ഥാനമുറപ്പിച്ചു. ദൈവത്തെ പ്രതിഷ്ഠിക്കാന്‍ അനുവാദമുള്ള ഏക വംശമെന്ന അധീശവ്യവഹാരത്തെയാണു ശ്രീനാരായണ ഗുരു തന്‍റെ ശിവ പ്രതിഷ്ഠകൊണ്ടു തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.പ്രത്യുല്‍പ്പാദന ബന്ധങ്ങളിലെ വിവേചനം ഇല്ലാതാകുന്നതിനായി ഉയര്‍ന്നുവരേണ്ട മറ്റൊരു പ്രസ്ഥാനം ‘മിശ്രജാതി വിവാഹ സംഘടനകളാണ്’. അതിനായി മിശ്രജാതി വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മിശ്രജാതി വിവാഹിതരെ സ്വകുടുംബം തന്നെ സാമൂഹ്യ ബ്രഷ്ട് കല്‍പ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മിശ്രജാതി വിവാഹങ്ങലൂടെ ഉണ്ടാകുന്ന പുതുതലമുറയ്ക്കു ജാതി വ്യവസ്ഥയെ ഭേദിക്കാന്‍ കഴിയുന്ന നവസ്വത്വം കൈവരുന്നുവെന്നുള്ളതിനെ ബ്രാഹ്മണിക്കല്‍ ജാതി ഭയക്കുന്നുണ്ട്. മിശ്രമത വിവാഹിതര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഭൂരിപക്ഷം കേസിലും മിശ്രജാതി വിവാഹിതര്‍ക്ക് ലഭിക്കാറില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ദുരഭിമാന കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ അതിനു പുറകില്‍ലെ യഥാര്‍ത്ഥ കാരണം മിശ്രജാതി വിവാഹങ്ങളായിരുന്നുവെന്നു കാണാം. പുരോഗമന ജാനാതിപത്യ പ്രസ്ഥാനങ്ങള്‍ മുന്‍ കൈയെടുത്തു മിശ്രജാതി വിവാഹങ്ങളുള്‍ സംഘടിപ്പിക്കേണ്ടതുണ്ട് (organised inter-caste marriages). പ്രണയവിവാഹങ്ങളെ പ്രോല്‍സാഹിപ്പിക്കലും ഒരു ലക്ഷ്യമാകേണ്ടതുണ്ട്.ഇന്ത്യന്‍ മുതലാളിത്തം ഫ്യൂഡല്‍ ഉല്‍പ്പാദന ബന്ധങ്ങള്‍ പരിഹരിക്കുകയുണ്ടായില്ലെന്ന് മാത്രമല്ല ഗ്ലോബലൈസേഷന്‍ അടക്കമുള്ളവ നിര്‍മ്മിച്ച തൊഴിലിടങ്ങളിലേക്കും ജാതിസമവ്യാക്യങ്ങള്‍ ആന്തരികവല്‍ക്കരിച്ചതായി കാണാം. ഐ.ടി ഇന്ഡസ്ട്രിയില്‍ മെരിറ്റോക്രസിയെന്ന അരിപ്പയിലൂടെ കീഴാള സമൂഹത്തില്‍ നിന്നുമുള്ളവര്‍ പുറംതള്ളപെടുകയാണ്. മാത്രവുമല്ല ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇന്ത്യയില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയുമാണ്. പാര്‍ലിമെന്‍റ്റി ഭരണകൂടങ്ങളാണെങ്കില്‍ നിയോലിബറല്‍ സമ്പത്തിക വ്യവസ്ഥയുടെ താല്‍പര്യ സംരക്ഷകാരായി മാറി കഴിഞ്ഞിരിക്കുന്നു.ഇത്തരം ഉല്‍പ്പാദന/പ്രത്യുൽപ്പാദന ബന്ധങ്ങള്‍ (ബന്ധനങ്ങള്‍) അടിസ്ഥാനത്തിലുള്ള സാമൂഹ്യ വേലികളെ ‘മുതലാളിത്ത സാമ്പത്തിക വികാസവും അതിന്റെ ക്യാപ്പിറ്റൽ X ലേബർ വിഭജനവും ‘സ്വാഭാവികമായി പരിഹരിക്കും’ എന്ന് മാർക്സ് പറഞ്ഞു’ എന്ന് ചിലർ പറയുന്നുണ്ട്. അത് വസ്തുതകൾക്ക് നിരക്കുന്നതല്ല. മറിച്ച്, ആധുനിക വർഗ്ഗ വിഭജനവും വ്യവസായിക ഉത്പ്പാദന വ്യവസ്ഥയും മേൽപ്പറഞ്ഞ തരം ജാതി, ഗോത്ര വേലികളെ തകർക്കാൻ ‘അടിസ്ഥാനപരമായി സഹായകരമായിരിക്കുമെന്നാണ്’ മാർക്സ് പറഞ്ഞത്. കുടുംബവും സ്വകാര്യ സ്വത്തും ഭരണകൂടവും തമ്മിൽ, പ്രത്യുല്‍പ്പാദന ബന്ധങ്ങളും ഉല്‍പ്പാദന ബന്ധങ്ങളും രാഷ്ട്രീയ അധികാരവും തമ്മിലുള്ള പാരസ്പ്പര്യത്തെപ്പറ്റിയുള്ള ജ്ഞാനമാണ് മാർക്സും എംഗൽസും നൽകിയത്.
ആധുനിക തൊഴിലുകള്‍ആധുനിക മുതലാളിത്തത്തിന്‍റെ വരവോടെ സൃഷിട്ടിക്കപെട്ട പുത്തന്‍ തൊഴിലുകള്‍ - എന്നു പറയുമ്പോള്‍ വ്യവസായ മേഖല, സേവന മേഖല, കാര്‍ഷികമേഖല, വ്യാപാരം, ബാങ്കിംഗ് മേഖല, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ മേഖല (ബോര്‍ഡുകള്‍, കോര്‍പ്പറെഷന്‍), എഞ്ചിനീയര്‍മാര്‍ (ഐ.ടി ഇന്ടസ്ട്രി അടക്കമുള്ളവ) വൈദ്യശാസ്ത്ര മേഖല, സ്കൂള്‍/കോളേജ്/യൂണിവേര്‍സിറ്റികള്‍, മാധ്യമങ്ങള്‍, സഹകരണ മേഖല തുടങ്ങിയെല്ലാ ആധുനിക തൊഴിലുകളും ജാതി/കുല തൊഴിലുകളില്‍ നിന്നും തീര്‍ത്തും വിഭിഹ്നവും വ്യക്തിക്കു തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നവയാണ്. മേലുദ്ധരിച്ച ആധുനിക തൊഴിലുകളിലേക്ക് ജാതീയമായി വിവേചനം നേരിടുന്നവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക എന്നുള്ള ദൌത്യമാണ് സംവരണം നിര്‍വഹിക്കുന്നത്. കാര്‍ഷിക വിപ്ലവം നടക്കുന്നവരെ ഉപജീവനം നടക്കാനായി കീഴാള ജനവിഭാഗങ്ങള്‍ ഹീനമായ തൊഴിലുകളില്‍ (menial jobs) തന്നെ തുടരണമെന്നാണോ ‘സാമ്പത്തിക സംവരണവാദികള്‍ നിര്‍ദ്ദേശിക്കുന്നത്’? നിലനില്‍ക്കുന്ന ജാതി പ്രശ്നത്തെ (caste question)കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ട്‌ എങ്ങിനെയാണ് മുന്നോട്ട് പോകാകുക?
ആധുനിക തൊഴിലാളിയാകാന്‍ അനുവദിക്കാത്ത വ്യവസ്ഥതോട്ടി പണി ചെയ്യേണ്ടിവരുന്നവര്‍ ആധുനിക തൊഴിലുകളില്‍ ഏര്‍പ്പെട്ടാല്‍ പോലും അയാളെ അംഗീകരിക്കുവാന്‍ ഇന്ത്യന്‍ ജാതിയത തയ്യാറാവുകയില്ല. വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്‍റെ അവസാന കാലത്ത് സെക്രട്ടേറിയേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വന്നയാള്‍ മുറിയില്‍ ഗണപതി പൂജ നടത്തിയത് വിവാദമായിരുന്നു. (തുടര്‍ന്നു വി.എസ് സര്‍ക്കാര്‍ തന്നെ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയായിരുന്നു).
V. S. Achuthanandan at payyanur railway stationഅധികാര സ്ഥാനങ്ങളില്‍ അസ്പ്രുശ്യ ജാതികളില്‍ പെടുന്നവര്‍ എത്തുമ്പോള്‍ പോലും സവര്‍ണ ജാതി ബോധമെങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്നുള്ളതിന്‍റെ ഏറ്റവുമടത്ത ഉദാഹരണമാണിത്. അപ്പോള്‍ പിന്നെ ഒന്നാം തലമുറ സംവരണം കൊണ്ടു ഈ പദ്ധതി ഉപേക്ഷിക്കുന്നതില്‍ എന്താണ് അര്‍ത്ഥം. തിരുത്തേണ്ടത് സവര്‍ണരാണ്, അവരിലെ വിവേചന ചിന്ത കൂടിയാണ്. നശിപ്പിക്കേണ്ടത് ജാതീയതയും.1)സാമ്പത്തിക സംവരണം, 2)സാമുദായിക സംവരണം, 3)ക്രീമിലെയര്‍ഇവ മൂന്നും മൂന്ന്‍ വിഷങ്ങളാണ് . ഇതില്‍ 1ഉം 3ഉം സമീകരിച്ചു കണ്ടു സംവാദത്തില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. ക്രീമിലെയര്‍ എന്നുള്ളതു സാമുദായിക സംവരണത്തിന്റെ ഉപഗണമാണെന്നു (subset) കാര്യം പലരും തിരിച്ചറിയുന്നുപോലുമില്ല. OBC വിഭാഗങ്ങള്‍ക്കുള്ളിലെ പിന്നാക്ക അവസ്ഥയെ മുന്‍ഗണന നല്‍കി സ്വീകരിക്കുക എന്നുള്ളതാണ് ക്രീമീലെയറെന്ന സി.പി.എം നിര്‍ദ്ദേശം. അതുതന്നെ മുന്‍ഗണനക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും ‘വിവേചനപരമായി’ ഉപയോഗിക്കരുതെന്നും സി.പി.എം പറയുന്നുമുണ്ട്. വിശദമാക്കിയാല്‍, ക്രീമിലെയറില്‍ (സാമ്പത്തിക പാളി)പെടാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ അതെ സമുദായത്തിലെ ക്രീമിലെയറില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു തന്നെ സംവരണം നല്‍കുക എന്നുള്ളതാണ് ആ തത്വം; എപ്പോഴെങ്കിലും തികയാതെ വന്നാല്‍ സ്പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് നടത്തണമെന്നുമാണ് ക്രീമിലെയര്‍ വാദത്തിന്‍റെ കാതല്‍. OBC വിഭാഗങ്ങളില്‍ പെടുന്നവരില്‍ നിന്നും സാമ്പത്തിക പാളിക്ക് മുകളില്‍ വരുന്ന വ്യക്തികള്‍ക്ക് നിയമനം നല്‍കാതെ ആ ഒഴിവുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റണമെന്നുള്ള സുപ്രീം കോടതി വിധിയെ തള്ളികളയണമെന്നും സി.പി.എം നിര്‍ദ്ദേശിക്കുന്നു. ഇതെഴുതുന്നയാള്‍ എന്തായാലും ക്രീമിലെയര്‍ വാദത്തിനൊപ്പമല്ലെന്ന് ആദ്യമേ പറയട്ടെ. അതിന്‍റെ കാരണം, അടിച്ചമര്‍ത്തപെട്ട സാമൂഹ്യ വിഭാഗങ്ങള്‍ക്കു സാമൂഹികമായ ചലനശക്തി (social mobility) ലഭിച്ചതു ആ വിഭാഗങ്ങളിലെ തന്നെ സാമ്പത്തികമായി മുന്നാക്കം നിന്നിരുന്ന ആളുകള്‍ക്കായിരുന്നു. ഡോക്റ്റര്‍ പല്‍പു, സഹോദരന്‍ അയ്യപ്പന്‍, സി.കെ. കുമാരപണിക്കര്‍ എന്നിവരെല്ലാം ക്രീമിലെയര്‍ വിഭാഗത്തില്‍ നിന്നുമുള്ളവരായിരുന്നു. പല്പുവിനു വിദ്യഭ്യാസമുണ്ടായിട്ടു പോലും തിരുവതാംകൂറില്‍ ഡോക്ടറാകാന്‍ കഴിയാതിരുന്നത് ജാതീയമായ വിവേചനം മൂലമായിരുന്നു. കീഴാള സമുദായങ്ങളില്‍ നിന്നും വിദ്യാഭ്യാസം ലഭിച്ചാല്‍ പോലും തൊഴില്‍ ലഭിക്കണമെങ്കില്‍ സാമ്പത്തികമായ മുന്നാക്കം ആവിശ്യമാണെന്നു ചരിത്രം നമ്മോടു പറയുന്നുണ്ട്. അതുകൊണ്ടു തന്നെ കീഴാള സമൂഹ ങ്ങളില്‍ നിന്നും കൂടുതല്‍ പ്രതിനിധികള്‍ അധികാരത്തിന്‍റെ വിവിധ മണ്ടലത്തിലേക്ക് കടന്നു വരുന്നതിനു സാമ്പത്തികമായ മുന്നാക്ക അവസ്ഥയുള്ള കുടുംബങ്ങള്‍ സമുദായങ്ങളെ സഹായിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നു.സാമ്പത്തിക സംവരണമെന്ന ആശയം അഭിസംബോധന ചെയ്യുന്നത് വ്യക്തിയുടെ ദ്രാരിദ്ര്യത്തെയാണ്. അതില്‍ കൂടി സംവരണം നല്‍കുന്നത് വ്യക്തിക്കായിരിക്കും. സാമൂഹ്യമായ പിന്നാക്കാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ‘പലതുകളില്‍ ഒരു ഘടകം മാത്രമാണ് ദാരിദ്ര്യം’. സാമൂഹിക മൂലധനവും, സാംസ്ക്കാരിക മൂലധനവും കൈവശമുള്ള സവര്‍ണ വിഭാങ്ങളില്‍ പെട്ടവരില്‍ തന്നെ സാമ്പത്തിക മൂലധനം കുറവുള്ളവരുണ്ടാകം. എന്നുള്ളതുകൊണ്ടു അവര്‍ സാമൂഹ്യമായ പുറംതള്ളല്‍ അഥവാ അയിത്തം നേരിടേണ്ടി വരുന്നവരാകുന്നില്ല. എന്നാല്‍ സാമുദായികമായ പിന്നാക്കാവസ്ഥ നേരിടുന്ന സമുദായങ്ങള്‍ സാമ്പത്തിക മൂലധനവും, സാംസ്ക്കാരിക മൂലധനവും, സാമൂഹിക മൂലധനവും ഒരു പോലെ കൈവശമില്ലാത്ത അവശ വിഭാഗങ്ങളാണ്. ഇന്ത്യയുടെ സാംസ്ക്കാരിക അസ്ഥിയെ ബാധിച്ചിരിക്കുന്ന അര്‍ബുദമായ (പൗരോഹിത്യ നിര്‍മ്മിതമായ) ജാതിയതയാണ് സാമൂഹ്യമായ പിന്നാക്ക അവസ്ഥയിലേക്ക് കീഴാള സമുദായങ്ങളെ തള്ളിവിട്ടതു.അതുകൊണ്ടു തന്നെ ജാതിയെ തകര്‍ക്കുവാനുള്ള ‘മുന്‍ഉപാധിയായും സാമുദായിക സംവരണത്തെ’ ഉപയോഗിക്കുന്നു. (കാര്‍ഷിക വിപ്ലവം നടക്കുകയും ഉല്‍പ്പാദന/പ്രത്യുല്‍പ്പാദന ബന്ധങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതോട് കൂടി മാത്രമേ ജാതിയെ നിര്‍മൂലനം ചെയ്യാന്‍ കഴിയുകയുള്ളൂ മാര്‍ക്സിസ്റ്റ് കാഴ്ച്ചപാട് കാണാതെയല്ല ഇതെഴുതുന്നത്) കീഴാള ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരത്തിന്‍റെ വിവിധ സ്ഥാനങ്ങളില്‍ ഉറപ്പിക്കുകയെന്നുള്ളതാണ് സംവരണത്തിന്റെ പ്രാഥമിക ലക്‌ഷ്യം. വ്യക്തിയുടെ ദാരിദ്ര്യത്തിന് പകരം ഒരു സമുദായം മൊത്തത്തില്‍ നേരിടുന്ന സാമൂഹികമായ കീഴാള അവസ്ഥയേയും പുറം തള്ളലിനെയും മറികടക്കാനായാണ് സാമുദായിക സംവരണം ഇന്ത്യയില്‍ നടപ്പിലാക്കിയത്. സാമ്പത്തിക സംവരണം നീതീകരിക്കപെടുന്ന മുറക്ക് സാമുദായിക സംവരണം തന്നെ അട്ടിമറിക്കപെടും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സാമുദായിക സംവരണം ജാതി ഉന്മൂലനമെന്ന സാമൂഹ്യ വിപ്ലവത്തിന്‍റെ മുന്‍ ഉപാധിയാണെങ്കില്‍ സാമ്പത്തിക സംവരണം പ്രതിവിപ്ലവമാണ്.
സി.പി.ഐ നിലപാട്ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എണ്‍പത് വര്‍ഷങ്ങള്‍ എന്ന കൃതിയില്‍ ‘ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യം വര്‍ഗ്ഗവും ജാതിയും അതിന്‍റെ രണ്ടു വശങ്ങള്‍’ എന്ന അധ്യായത്തില്‍ എ.ബി ബര്‍ദന്‍ പറയുന്നത് നോക്കൂ. “ജനതാദള്‍ ഗവന്മേന്റ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് 27 % സംവരണം ഏര്‍പ്പെടുത്തിയതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ, സംവരണം സംബന്ധിച്ച മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും അവരനുഭവിക്കുന്ന സാമ്പത്തിക — സാമൂഹ്യ പിന്നോക്കാവസ്ഥ തരണം ചെയ്യാന്‍ സമഗ്രമായ ഭൂപരിഷ്കരണമുള്‍പ്പെടെ മറ്റു പല നടപടികളും സ്വീകരിക്കണമെന്നും ആദ്യം ആവശ്യപെട്ട പാര്‍ട്ടികളിലോന്നു സി.പി.ഐ ആയിരുന്നു. 1982ല്‍ സി.പി.ഐയുടെ ദേശീയ കൌണ്‍സില്‍ ഈ നിലപാടെടുത്തിരുന്നു…”“ഉദ്യോഗ കാര്യങ്ങളില്‍ ഈ ജനവിഭാഗം അനുഭവിക്ക്ന്നക്കുന്ന അവശതകള്‍ക്ക് അറുതിവരുത്തുന്നതിന്റെ പ്രശ്നം മാത്രമല്ല ഇതെന്നും, അവശവിഭാഗങ്ങളെ അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും, ആത്മാഭിമാനത്തെകുറിച്ചും ബോധവാന്മാരാക്കുന്നതിന്റെ അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെയും, ശാക്തീകരണത്തിന്റെയും പ്രശ്നമാണെന്നു സി.പി.ഐ ഊന്നി പറയുന്നു…..”“സ്വകാര്യ മേഖലയിലേക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും സംവരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടി സി.പി.ഐ കാമ്പയിന്‍ ചെയ്യുന്നു. സമത്വത്തിലും അവസര സമത്വത്തിലും നീതിയിലും അധിഷ്ടിതമായ ഒരു വര്‍ഗ്ഗ രഹിത സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം, ജനമനസുകളില്‍ നിന്നും ജാതി ബോധം പിഴുതെറിയാനുള്ള സുദീഘവും സര്‍വതോമുഖവും വാശിയേറിയതുമായ ഒരു പോരാട്ടമാണ്.”സാമുദായിക സംവരണത്തെയാണ് (മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്) സി.പി.ഐ പിന്തുണക്കുന്നതു. സാമ്പത്തിക സംവരണത്തെ സി.പി.ഐ പിന്തുണക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവായിരുന്ന എന്‍.ഈ ബാലറാമും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം നിലപാട്ഒരു വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടിയാലോചിച്ചു തീരുമാനിക്കുന്നതുവരെ ആ പാര്‍ട്ടിയിലെ വ്യക്തികള്‍ക്ക് വ്യത്യസ്ഥ നിലപാടുണ്ടാകാം. തീരുമാനമെടുത്തു കഴിയുന്ന മുറക്ക് പിന്നീട് അതായിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. വ്യക്തികള്‍ക്കു സ്വന്തം നിലപാട് തുടരാമെങ്കിലും അതു വ്യക്തിയുടെ മാത്രം ഉത്തരവാദിത്വമായിരിക്കും. ബി.ടി.ആര്‍ന്‍റെ ജീവിതം അതിനൊരു ഉദാഹരണമാണ്.‘1991ലെ’ കാരാട്ടിന്‍റെ ലേഖനവും (OBC Reservations), ‘90ലെ’ കേന്ദ്രകമ്മിറ്റി പ്രമേയത്തിലും, ‘91ലെ’ ലോകസഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ സവര്‍ണ സംവരണമെന്ന ആവിശ്യമുണ്ടായിരുന്നുവെന്നുള്ള കോടിയേരിയുടെ പ്രസ്ഥാവനയുമാണല്ലോ സാമ്പത്തിക സംവരണത്തെ സി.പി.എം പിന്തുണയ്ക്കുന്നുവെന്ന് വാദിക്കുന്നവരുടെ തെളിവുകള്‍. ‘2003ലെ’ വാജ്പേയ് സര്‍ക്കാര്‍ സവര്‍ണ സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം പോളിറ്റ് ബ്യൂറോ തന്നെ പുറത്തിറക്കിയ പ്രസ്ഥാവന ആദ്യം പരിശോധിക്കാം. The Union Cabinet decision to accord reservations to economically backward classes amongst the upper castes is an unfiltered electoral gimmick. This issue has been under discussion since the Mandal Commission days. The CPI(M) opined that this merits consideration and a national consultation process must be initiated.- മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പു തന്ത്രമാണ്. മണ്ഡല്‍ കമ്മീഷന്‍ കാലഘട്ടം മുതല്‍ ഇത് ചര്‍ച്ച ചെയ്യുന്നതാണ്. യോഗ്യത നിര്‍ണ്ണയത്തിനായി ദേശീയതലത്തില്‍ കൂടിയാലോചന നിര്‍ബന്ധമായും തുടങ്ങണമെന്നു സി.പി.ഐ.(എം) ആവിശ്യപെടുന്നു. ദേശീയതലത്തില്‍ ഇത്തരമൊരു കൂടിയാലോചന പിണറായി വിജയന്‍ മന്ത്രിസഭ തീരുമാനമെടുത്തപ്പോള്‍ നടത്തികയുണ്ടായോ? ഇല്ല എന്നാണു ഉത്തരം.സംവരണ വിഷയത്തില്‍ സി.പി.ഐ(എം) ചര്‍ച്ച ചെയ്തിട്ടുള്ളതു ‘1995ല്‍’ നടന്ന പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിലാണ്. സംവരണം വിശദമായി ചര്‍ച്ച ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസ്. ചണ്ഡീഗഢിൽ വെച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയും ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പൂരി ഠാക്കൂര്‍ ഫോര്‍മുല സ്വീകരിക്കാവുന്ന മോഡലാണെന്നു വിലയിരുത്തുകയുമുണ്ടായി. ഇതിനായി ‘ദേശീയ തലത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകണമെന്നും’ സമ്മേളനവും ആവിശ്യപെട്ടിരുന്നു.മാത്രവുമല്ല, ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് എഴുതിയ പതിനഞ്ചാം കോൺഗ്രസിലെ റിപ്പോര്‍ട്ടിലെ വരികള്‍ നോക്കുക. - “മുന്നാക്ക സമുദായങ്ങളില്‍ പെട്ടവരെല്ലാം തന്നെ ക്ഷേമമുള്ളവരല്ല. അവരിലും പരാധീനതയുള്ള വിഭാഗങ്ങളുണ്ട് ഉദാഹരണത്തിന് ഹീന ജോലികള്‍ ചെയ്യാന്‍ വിധിക്കപെട്ട ഉത്തരാഗണ്ഡിലെ ചില സവര്‍ണ സമുദായങ്ങളെന്നു വിളിക്കപെടുന്നവര്‍.” (This will prove very dangerous, because it not only disrupts the unity of the toiling people, but also because all those belonging to the upper castes are not well off. They include poor sections as well, for example the so-called upper castes of Uttarakhand who are mostly engaged in menial jobs.) നോക്കൂ, ഹീനമായ ജാതി തൊഴിലുകളില്‍ ഏര്‍പ്പെടെണ്ടി വരുന്ന സമുദായങ്ങളുടെ പിന്നാക്ക അവസ്ഥയെ കുറിച്ചാണ് സുര്‍ജിത്തും ഉദാഹരിക്കുന്നത്. അത്തരം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആധുനിക തൊഴിലുകളില്‍ ഇടം നല്‍കി അവരുടെ പ്രാതിനിധ്യവും ഉറപ്പാക്കണം എന്നാണു സി.പി.എം പാര്‍ട്ടി കോണ്ഗ്രസ് ചര്‍ച്ചയുടെ ആകെ തുകയെന്നു കാണാന്‍ കഴിയും. ഒരിടത്തും സാമ്പത്തികമായ പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമാക്കണമെന്നു (economic criterion) പറയുന്നില്ല. സാമ്പത്തിക സംവരണം പാര്‍ട്ടി കോണ്‍ഗ്രസോ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടോ സാധൂകരിക്കുന്നില്ല.കേരളത്തില്‍ ഇത്തരത്തില്‍ ഹീനമായ തൊഴിലില്‍ ഏര്‍പ്പെടുന്ന സവര്‍ണ്ണ ജാതികളില്‍ പെടുന്നവര്‍ക്ക് സംവരണം നല്കുന്നുണ്ടോയെന്നു പരിശോധിക്കുക. ആന്ധ്ര നായര്‍ (കുശവന്മാര്‍), വെളുത്തേടത്തു നായന്മാര്‍, വിളിക്കതല നായന്മാര്‍ എന്നിവര്‍ സവര്‍ണ ജാതിയില്‍ പെടുന്നവരാണെങ്കിലും അവര്‍ ചെയ്തു പോന്നിരുന്ന ഹീനമായ ജാതി തൊഴിലുകളും കീഴാള സാമൂഹ്യാവസ്ഥയും പരിഗണിച്ചു OBC (Other Backward Classes) കാറ്റഗറിയില്‍ പെടുത്തിയിട്ടുണ്ടെന്നും കാണാം. എന്നു പറയുമ്പോള്‍ സുര്‍ജിത്തും പാര്‍ട്ടി കോണ്‍ഗ്രസും പറയുന്ന സംവരണ തത്വം കേരളത്തില്‍ നിലവില്‍ പ്രാബല്യത്തിലുണ്ടെന്നു അര്‍ത്ഥം. പിന്നെ എവിടെ നിന്നുമാണ് പുതിയ സാമ്പത്തിക സംവരണ നയം സി.പി.എമ്മിന്‍റെ കേരള ഘടകം കൊണ്ടുവന്നതെന്ന് പറയേണ്ട ഉത്തരവാദിത്വം ചിന്ത പണയം വെച്ചിട്ടില്ലാത്ത പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് വിടുന്നു. സവര്‍ണ വിഭാഗങ്ങളില്‍ പെട്ടവരെങ്കിലും ‘സാമൂഹിക പിന്നാകാവസ്ഥ’ പരിഹരിക്കണമെന്നു പറയുന്ന തത്വത്തെ വക്രീകരിച്ചു ‘സാമ്പത്തിക പിന്നാക്കാവസ്ഥയെന്നു’ മാറ്റി പറയുന്ന റിവിഷനിസ്റ്റുകളെ സി.പി.ഐ(എം) എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നു കാണുവാന്‍ ഈയുള്ളവനും ആഗ്രഹമുണ്ട്.ഒരു മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെ സംഘടന സംവിധാനമനുസരിച്ച് കേന്ദ്രകമ്മിറ്റിക്കു മുകളിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ഒരു പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസ് തിരുത്തുന്നതുവരെ അന്തിമ തീരുമാനമായിരിക്കും. ‘90ലെ’ കേന്ദ്രകമ്മിറ്റി പ്രമേയം ‘95ലെ’ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെക്കാള്‍ ബലമുള്ളതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ അവകാശപെടുന്നുവെങ്കില്‍ അതില്‍ നിലപാട് പറയേണ്ടതു സി.പി.എം നേതൃത്വമാണ്. രേഖകള്‍ സംസാരിക്കട്ടെ. ഇല്ലെങ്കില്‍ സംവരണം അട്ടിമറിക്കുന്ന പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കെതിരെ സംഘടന നടപടിയെടുക്കട്ടെ. (സി.പി.എം കേരള ഘടകത്തെ നന്നാക്കുകയെന്നുള്ളത് ഇതെഴുതുന്ന ആളുടെ ലക്ഷ്യമേയല്ലെന്നും ഈയവസരത്തില്‍ എഴുതികൊള്ളട്ടെ. എന്നിരുന്നാലും കേരള നേതൃത്വം സംവരണ വിഷയത്തില്‍ സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണകള്‍ ഉറച്ചു പോകുമെന്നുള്ളതു കൊണ്ടും അതിന്‍റെ ഗുണഫലം സംവരണവിരുദ്ധ ബ്രിഗേഡിനായിരിക്കുമെന്നു ബോധ്യമുള്ളതു കൊണ്ടും ഇത്ര കൂടി എഴുതുന്നു).
കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസിലെ പ്രശ്നങ്ങള്‍  • വി.എസ് മന്ത്രിസഭയുടെ കാലത്ത് പി.എസ്.സിക്ക് വിട്ടിരുന്ന നിയമനം കോണ്‍ഗ്രസ് സര്‍ക്കാരാണ് റിക്രൂട്ട്മെന്‍റ് ബോര്‍ഡിനു വിട്ടതുതെന്നാണല്ലോ കോടിയേരിയും പറഞ്ഞു വെക്കുന്നത് - എന്തുകൊണ്ടു ഈ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപടികളെ പിന്തുടര്‍ന്ന്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ കൂടി തന്നെ നിയമനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു? എന്തുകൊണ്ടു നിയമത്തില്‍ ആവിശ്യമായ ഭേദഗതികള്‍ വരുത്തി നിയമനം തിരികെ പി.എസ്.എസിക്ക് തന്നെ വിട്ടില്ല?


  • 2. പി.എസ്.എസി വഴിക്കാക്കിയാല്‍ സാമ്പത്തിക സംവരണം നടപ്പാക്കാനാകില്ല - സാമ്പത്തിക സംവരണത്തെ സി.പി.എം അനുകൂലിക്കുന്നില്ല. പിന്നെയെന്തിനാണ് കോടിയേരി ഇത്ര വേവലാതിപ്പെെടുന്നതും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കുറുക്കു വഴികള്‍ നോക്കുന്നതും?


  • 3. ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെങ്കില്‍ ബോര്‍ഡിലെ തൊഴില്‍ നിയമനങ്ങളില്‍ സംസ്ഥാന കാബിനറ്റ് കൂടി തീരുമാനമെടുക്കുന്നതെന്തിനു?


  • 4. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കല്ല, ഹീന ജോലികളില്‍ (menial jobs) ഏര്‍പ്പെട്ടിട്ടുള്ള സവർണ്ണരെന്ന് വിളിക്കപ്പെടുന്ന സമുദായങ്ങള്‍ക്ക് സംവരണം നല്കണമെന്നാണ് സി.പി.എം നിലപാട്. സാമ്പത്തികമല്ല അവിടെയും മാനദന്ധം, മറിച്ചു സാമൂഹ്യ നിര്‍മ്മിതിയായ പിന്നാക്ക അവസ്ഥയാണ്.


  • 5. സ്വകാര്യമേഖലയിലെ സംവരണം വേണമെന്ന പ്രഖ്യാപിത നയമുണ്ടായിരിക്കെ അധികാരമുണ്ടായിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് അത്തരമൊരു നിയമ നിര്‍മ്മാണം നടത്താത്തത്? ബോര്‍ഡുകള്‍, കോര്‍പ്പറെഷനുകള്‍, യൂണിവേര്‍സിറ്റികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്തുകൊണ്ടു സംവരണം വ്യാപിപ്പിക്കുന്നില്ല?
    പിന്തിരപ്പന്‍ തെരഞ്ഞെടുപ്പ് തന്ത്രംസംവരണം സംബന്ധിച്ച് സി.പി.ഐ(എം) 21ാം പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ച പ്രധാന കാര്യമുണ്ട്: ദളിത് കൃസ്ത്യാനികൾക്ക്‌, (മറ്റ് ഇതര മതങ്ങളിലെ ദളിതരെപ്പോലെത്തന്നെ) പട്ടികജാതി സംവരണം നൽകണം. ഇത് ഭരണഘടനാ ഭേദഗതി വേണ്ടതായ വിഷയമല്ലേ? എന്തുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ച് സംഘപരിവാറിനെയും അതിന്റെ സവര്‍ണ അധീശ്വത്വ ബോധം പേറുന്ന ഇതര സംഘടനകളേയും സി.പി.എം വെല്ലുവിളിക്കാത്തത്? കേരളത്തിലെ ദലിത് കൃസ്ത്യാനികളുടെ ജീവിതാവസ്ഥ അതിഭീകരമാണെന്നിരിക്കെ എന്തുകൊണ്ടായിരിക്കും ഈ സാമൂഹ്യ ജനവിഭാഗങ്ങളെ കാണാതെ പാര്‍ട്ടി രേഖകളില്‍ പറയാത്ത വിധം സവര്‍ണര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സി.പി.എം കേരളഘടകം ഇറങ്ങി തിരിച്ചത്? സവര്‍ണ വിഭാഗത്തെ കൂട്ടു പിടിച്ചു ഇനിയുമൊരു തെരഞ്ഞെടുപ്പു വിജയം മാത്രം ലക്‌ഷ്യം വെക്കുന്ന വിധം പാര്‍ലിമെന്‍ററിസം പിടിപെട്ട ഒരു സംസ്ഥാന ഘടകമായി കേരള നേതൃത്വം മാറിയെന്നു ഇതില്‍ നിന്നെല്ലാം തിരിച്ചറിയാന്‍ കഴിയും. സി.പി.എം തിരുത്തിയാലും ഇല്ലെങ്കിലും സാമ്പത്തിക സംവരണവാദം പുരോഗമന ജനാതിപത്യ വിശ്വാസികള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും തള്ളികളഞ്ഞേ പറ്റൂ.സവര്‍ണരിലെ ദരിദ്രവിഭാഗങ്ങളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്. വീട് നല്‍കല്‍, സ്വയം തൊഴില്‍ പരിശീലനം, തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ ഈ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്താനാവിശ്യമായ സത്വരനടപടികള്‍ സ്വീകരിക്കട്ടെ. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലികളില്‍ നിലവില്‍ 96% സവര്‍ണ പ്രാതിനിധ്യമുണ്ടെന്ന കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. അപ്പോള്‍ പിന്നെ അതേ സാമൂഹ്യ ജനവിഭാഗങ്ങള്‍ക്ക് വീണ്ടുമൊരു സംവരണം (സാമ്പത്തിക സംവരണമെന്ന പേരില്‍) അതെ ബോര്‍ഡില്‍ നല്‍കുന്നതിലെ സാമൂഹ്യ നീതിയെന്താണ്? അതിനായി സംവരണ മൂല്യങ്ങള്‍ കൂടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ഇരുപാര്‍ട്ടികളുടെയും കേരള നേതൃത്വം. അടുത്ത നിയമ സഭ തെരഞ്ഞെടുപ്പു വിജയം മുന്നില്‍ കണ്ടുകൊണ്ടു കേരളത്തിലെ സവര്‍ണ വിഭാഗളേയും, മദ്ധ്യവര്‍ഗ, ഉപരിവര്‍ഗ്ഗ താല്‍പര്യങ്ങളെയും പ്രീണിപ്പിച്ചു നിറുത്തുകയെന്നുള്ള വോട്ടു ബാങ്ക് രാഷ്ട്രീയമാണ് സി.പി.എമ്മും, സി.പി.ഐയും ഇപ്പോള്‍ പയറ്റുന്നത്.സാമ്പത്തിക സംവരണത്തെ ഇന്ത്യയിലെ വലതുപക്ഷ പാർട്ടികൾ തുടക്കം മുതലെ പിന്തുണക്കുന്നുണ്ട്. പുതിയതായി ഒന്നും എഴുതാനില്ലാത്തത് കൊണ്ടുമാണ് അവരെ ഒഴിവാക്കിയത്. ആ നിരയിലേക്കാണു സി.പി.എമ്മും, സി.പി.ഐയും ഇപ്പോൾ കയറി നിൽക്കുന്നത്.

Loading Conversation