#

മുരളി തോന്നയ്ക്കൽ
കൊത്തുനേരം : Apr 13, 2017

പങ്കു വെയ്ക്കൂ !

ഡോ.ഭീംറാവു അംബേദ്ക്കർ :ഇന്ത്യൻ ജനാധിപത്യത്തിന്റെ രചയിതാവ്


1920 കളോടെ ഇന്ത്യൻ നവോത്ഥാന - രാഷ്ട്രീയ ഭൂമികയിലേക്ക് ബാബാസാഹേബ് കടന്നു വരുമ്പോൾ ജനാധിപത്യമെന്ന വാക്ക് പോലും ഇന്ത്യക്കന്യവും അജ്ഞാതവുമായിരുന്നു. ജാതിയിൽ ജനിച്ച്, ജാതിയിൽ ജീവിച്ച്, ജാതിയിൽ മരിക്കുന്നവരുടെ രാജ്യത്ത് എന്ത് ജനാധിപത്യം? പ്രാകൃത ജാത്യാചാരചങ്ങലകളിലും അയിത്തത്തിലും കുരുങ്ങിക്കിടന്ന സമൂഹം. നിയമവാഴ്ച്ച എന്നത് ഒരു വിദൂര സ്വപനം പോലുമായിരുന്നില്ല ! അവിടേയ്ക്കാണ് നീതിയുടേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങളുമായി ബാബാസാഹേബ് കടന്നു വരുന്നത്. പൗരസ്വാതന്ത്യത്തേയോ മനുഷ്യാവകാശങ്ങളേയോ സംബന്ധിച്ചുള്ള ശ്രേഷ്ഠ മൂല്യസങ്കൽപ്പങ്ങളെല്ലാം കേവലം സങ്കൽപ്പങ്ങൾക്കും അപ്പുറമായിരുന്ന കെട്ട കാലം. ജാതിയുടെ ഇരകൾ നയിച്ച നവോത്ഥാന-ജാതി വിരുദ്ധ പോരാട്ടങ്ങളിൽ മാത്രമാണ് തുല്യനീതിയുടെ,മാനവികതയുടെ ഉജ്വലശബ്ദം മുഴങ്ങിക്കേട്ടത്. കോൺഗ്രസിന് പോലും സ്വാതന്ത്ര്യമെന്നാൽ കേവലം രഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നു. കോൺഗ്രസും ഗാന്ധിജിയും രാഷ്ട്രീയ ജനാധിപത്യത്തെക്കുറിച്ച് വാചാലമായപ്പോൾ, ഡോ.അംബേദ്ക്കർ പോരാടിയത് സാമൂഹിക ജനാധിപത്യത്തിന് വേണ്ടിയായിരുന്നു. സാമൂഹിക നീതി പുലരുന്ന ജാതിരഹിതവും മതേതരവുമായ ബഹുസ്വര സംസ്കൃതി ബാബായുടെ ചിരന്തന സ്വപ്നമായിരുന്നു.പ്രമുഖ ദേശീയ സ്വാതന്ത്ര്യ സമര നായകർക്ക് പോലും സ്വതന്ത്ര -ഭാവി ഇന്ത്യയെ സംബന്ധിച്ച് സുവ്യക്തമായ കാഴ്ച്ചപ്പാട് ഇല്ലായിരുന്നു.

സാമൂഹികവും സംസ്കാരികവുമായ ഏകതയും ഐക്യവും രൂപപ്പെടുത്തുന്ന ഒരു ദേശീയത അക്കാലത്തും അന്യമായിരുന്നു. ഒരു ഐക്യഭാരതവും അഖണ്ഡഭാരതവും എന്ന ആശയം ശക്തിപ്പെടുന്നത് ഡോ.അംബേദ്ക്കറുടെ കയ്യൊപ്പ് പതിഞ്ഞ മഹത്തായ ഭരണഘടനക്ക് കീഴെ ഇന്ത്യ ഭരിച്ചു തുടങ്ങുമ്പോൾ മാത്രമാണ്. അതെ, ആധുനിക സ്വതന്ത്ര ഇന്ത്യ ആദ്യം വിടരുന്നത് ബാബാസാഹേബിന്റെ കാവ്യാത്മക ഭാവനയിലായിരുന്നു എന്നതാണ് സത്യം .ജനാധിപത്യ ഇന്ത്യക്ക് പറന്നുയരാൻ ശക്തമായ ചിറകുകൾ നൽകിയത് ബാബാസാഹേബായിരുന്നു.

ഇന്ത്യൻ ജനാധിപത്യം 70 ആണ്ടിലെത്തിയെങ്കിൽ,ആ മഹത്തായ വിജയത്തിന്റെ ക്രഡിറ്റ് ഡോ.അംബേദ്ക്കർക്ക് സ്വന്തം. അക്കാരണത്താലാണ്, 2012ൽ CNN - IBN TV നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഇന്ത്യക്കാരൻ പദവി നൽകി ബാബാ ആദരിക്കപ്പെട്ടത് അർഹതയ്ക്കുള്ള അംഗീകാരം കൂടിയായി മാറി.

ജനാധിപത്യത്തിന്റെ ആധാരശിലകളായി നിർമ്മാണ സഭയേയും എക്സിക്യുട്ടീവിനേയും ജുഡീഷ്യറിയേയും സൃഷ്ടിക്കുകയും അവയുടെ കടമകളും കർമ്മങ്ങളും നിർവ്വചിക്കുകയും ചെയ്തു, ധൈഷണിക മികവിന്റെ ഉത്തുംഗതയിലേയ്ക്ക് ഉയർന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിദുർഗ്ഗങ്ങളായി മാറിയ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടേയും നിർമ്മിതിയ്ക്ക് പിന്നിൽ ബാബാസാഹേബിന്റെ ധൈഷണികതയുടെ കരുത്തുണ്ടായിരുന്നു.

ഇന്ത്യയുടെ വിധി നിർണ്ണയിച്ച മഹത്തായ ദേശീയ ഗ്രന്ഥമായി ഭരണഘടന നിലകൊള്ളുമ്പോൾ, അതിന് നാം ബാബായുടെ ഉജ്ജ്വല പ്രതിഭാ വിലാസത്തോട് കടപ്പെട്ടിരിക്കുന്നു. പകരക്കാരില്ലാത്ത അക്കാദമിക് പണ്ഡിതൻ, സാമ്പത്തിക വിദഗ്ധൻ, ചരിത്രകാരൻ, രാഷ്ട്രീയ മീമാംസകൻ, സാമൂഹിക ചിന്തകൻ, ഭരണഘടനാ വിദഗ്ധൻ, കിടയറ്റ പാർലമെന്റേറിയൻ, ഉജജ്വല വാഗ്മി, തത്വചിന്തകൻ, മാനവികതാവാദി, തികഞ്ഞ ദാർശനികൻ എന്നിങ്ങനെ ലോക ധൈഷണിക മേഖലയിൽ ഇത്രയേറെ ആദരവും അംഗീകാരവും നേടിയ മറ്റൊരു ഇന്ത്യക്കാരനെവിടെ ??

ഏവർക്കും ഭീം ജയന്തി ആശംസകൾ


N.B : പോസ്റ്റർ ഡിസൈൻ കടപ്പാട് - പ്രദീപ് പി ജി

Loading Conversation