#

ഷഫീക് സുബൈദ ഹക്കിം

കൊത്തുനേരം : Oct 19, 2016

പങ്കു വെയ്ക്കൂ !

"ജാതിയെന്നത് പണ്ട് ഹിന്ദുമതത്തിനുള്ളിലെ ഒരു കാര്യം മാത്രമായിരുന്നുവെങ്കില്‍ ഇന്ന് എല്ലാ മതങ്ങളിലേയ്ക്കും എല്ലാ സ്ഥാപനങ്ങളിലേയ്ക്കും പടര്‍ന്നുകയറിയിട്ടുള്ള ഒരു വ്യവസ്ഥയാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്."
-സണ്ണി എം കപിക്കാട്.കണ്ണടച്ച് ആവര്‍ത്തിച്ചു പറഞ്ഞാല്‍ തീരുന്നതല്ലല്ലോ വിവേചനങ്ങള്‍, വ്യത്യാസങ്ങള്‍, പ്രിവിലജുകള്‍, അയിത്തം, എന്‍ഡോഗമി അങ്ങിനെയുള്ള ഒന്നും. വിശ്വാസം അതല്ലേ എല്ലാം എന്ന് പ്രസംഗിച്ചോണ്ടിരുന്നാലും യാഥാര്‍ത്ഥ്യം തെളിഞ്ഞുതന്നെയിരിക്കും എന്നതല്ലേ സത്യം. മുസ്ലീങ്ങള്‍ക്കിടയിലും ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വൃത്തിക്ക് പറഞ്ഞാല്‍, ഇസ്ലാം-ദളിത് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ വരുന്ന ഗൂഢാലോചന എന്ന ലേബല്‍ വരും, ഇസ്ലാംവിരുദ്ധരെന്ന ലേബല്‍വരും.. അങ്ങനെ പലേ ലേബലുകളും വരും. ദളിതരാണ് പറയുന്നതെങ്കില്‍ പിന്നെ അവര്‍ക്ക് ക്ലാസെടുക്കലും കൂടിയാവും. [ഇപ്പോഴും ദളിതര്‍ക്ക് ക്ലാസെടുത്തുകൊടുത്ത് നന്നാക്കേണ്ട അവസ്ഥയാണെന്നാണ് ഇവരുടെയെല്ലാം ഉള്ളിലിരിപ്പ്. അത് ഗവേഷകവിദ്യാര്‍ത്ഥിയായ ദളിതര്‍ക്കായാലും, സാമൂഹിക വിഷയത്തില്‍, വിശിഷ്യ ജാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നെ ഡോക്ടറേറ്റ് എടുത്ത ദളിതര്‍ക്കായാലും എന്നതാണ് അതിലെ രസം. (അത്രയൊക്കെയെ ഈ ദളിതരുള്ളു!!!)] അതല്ലെങ്കില്‍ ദാ നോക്കൂ ദളിത്-മുസ്ലീം സംയുക്തസഖ്യത്തെ അനുവദിക്കുന്നില്ല എന്നുള്ള നിലവിളി ശബ്ദങ്ങളും.ഇനി ദളിത്-മുസ്ലീം ഐക്യമെന്ന കാര്യത്തിലേയ്ക്ക് തന്നെ വരാം. ദളിത്-മുസ്ലീം ഐക്യങ്ങള്‍ വിമര്‍ശനാതീതമായിരിക്കണമെന്ന വാശി ആരുടേതാണ്? അത് ആരെയായിരിക്കും സഹായിക്കുന്നത്? അധികാരമില്ലാത്ത ജനസമുദായമല്ല കേരളത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ എന്നീ സമുദായങ്ങള്‍. എല്ലാ കോണ്ടക്‌സ്റ്റുകള്‍ക്കും എല്ലാം വഴങ്ങണമെന്ന് വാശിപിടിക്കുന്നത് തന്നെ പ്രിവിലജ് ആണ് എന്നതാണ് സത്യം. ന്യൂനപക്ഷ സമുദായങ്ങളില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ രാഷ്ട്രീയാധികാരത്തില്‍ ശക്തമായ പ്രാതിനിധ്യമുള്ളവരാണ്. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ സംവിധാനങ്ങളിലും, സംഘടനകളില്‍ പോലും അര്‍ഹമായ പ്രാതിനിധ്യം അവര്‍ക്കുണ്ട്. (അത് മോശമായ കാര്യവുമല്ല.) അതേ സമയം ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ കാര്യം അങ്ങനെയാണോ? കേരളത്തിന്റെ ഏത് അരികിലാണ് ദളിതര്‍/ആദിവാസികള്‍ അധികാരത്തില്‍ പങ്കാളികളായിരിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് ഈ അന്തരത്തിന്റെ പ്രസക്തി. (സംവരണ സീറ്റുകള്‍ക്കപ്പുറം അവരെ കയറ്റിവിടാതിരിക്കാന്‍ സദാ ജാഗ്രത കാണിക്കുമല്ലോ നമ്മുടെ സമൂഹവും. അതില്‍ തന്നെ എന്തൊക്കെ കളികളാണ് എന്ന് പറയേണ്ട കാര്യവുമില്ല.)കേരളത്തില്‍ മുസ്ലീം മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ അദ്ധ്യാപക സംവരണ നിലയെ കുറിച്ച് ഒരിക്കല്‍ ഒ.പി രവീന്ദ്രന്‍ (O P Raveendran ) ഒരു ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ മുസ്ലീം സംഘടനകളോ മാനേജ്‌മെന്റ് പ്രതിനിധികളോ തയ്യാറായതായി അറിവില്ല. "രാഷ്ട്രീയത്തെ കുറിച്ചും സമഭാവനയെ കുറിച്ചും സംസാരിക്കുമ്പോഴും പ്രാധിനിധ്യത്തിന്റെ കാര്യത്തില്‍ അത് പാലിക്കപ്പെടുന്നില്ല/പിന്തുടരുന്നില്ല" എന്നാണ് ഇതേകുറിച്ച് അദ്ദേഹം (ഇപ്പോഴും) ഉന്നയിക്കുന്ന ഒരു ഗൗരവമായ വിമര്‍ശനം. അദ്ദേഹം അത് വ്യക്തമാക്കിയത് കണക്കുകള്‍ നിരത്തിക്കൊണ്ടായിരുന്നു. കേരളത്തില്‍ 180 കോളേജുകളില്‍ 84 എണ്ണം (46.66%) ക്രിസ്ത്യന്‍ മാമേജ്‌മെന്റിനു കീഴിലാണ്. 35 എണ്ണം (19.44%) മുസ്ലീം മാനേജ്‌മെന്റിന്റെ കീഴില്‍, 21 എണ്ണം (11.6%) എസ്.എന്‍ ട്രസ്റ്റിന്റെ കീഴിലും, 18 എണ്ണം (10%) എന്‍.എസ്.എസിന്‌റെ കീഴിലും, 7 എണ്ണം (3.38%) ദേവസ്വം മാനേജ്‌മെന്റിന്റെ കീഴിലും 15 എണ്ണം (8.33) ഏകാംഗ മാനേജ്‌മെന്റിന്റെ (അതില്‍ ഭൂരിപക്ഷവും ഹിന്ദുമാനേജ്‌മെന്റ് ആണ്) കീഴിലുമാണ്. ഇതില്‍ മറ്റെല്ലാ മാനേജ്‌മെന്റുകളെയും മാറ്റി നിര്‍ത്താം. കാരണം അവര്‍ ദളിത് ഐക്യം പ്രസംഗിക്കുന്നില്ലല്ലോ.ദളിത് ഐക്യത്തിനു കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നവര്‍ മുസ്ലീം സംഘടനകളും പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളുമാണല്ലോ. അത് വളരെ പ്രധാനപ്പെട്ട മുദ്രാവാക്യവുമാണ്. അത്തരത്തില്‍ ഒരൈക്യത്തിന്റെ അനിവാര്യത മനസിലാക്കിക്കൊണ്ട് തന്നെ ചില ചോദ്യങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. ഐക്യം രാഷ്ട്രീയപരമായ മര്യാദകളുടെ കൂടി ഉല്‍പന്നമാണ്. അല്ലെങ്കില്‍ അത് വീണ്ടും അനീതിയായിരിക്കും അധികാരനിലയില്‍ താഴെയുള്ളവര്‍ക്ക് പ്രദാനം ചെയ്യുക.ഈ മുസ്ലീം സംഘടനകള്‍ കേരളത്തിലെ മുസ്ലീം മാനേജ്‌മെന്റുകളില്‍ ദളിത്ആദിവാസി സംവരണനില ഉറപ്പിക്കാനുള്ള ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ടോ? ഈ സംഘടനകളുടെ തന്നെ നേതൃത്വത്തില്‍ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നിരിക്കെ അവിടങ്ങളില്‍ സംവരണം ഉറപ്പാക്കാന്‍ തയ്യാറായിട്ടുണ്ടോ? ഒപി രവീന്ദ്രന്‍ തന്നെ ഇത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്; 'മുസ്ലീം മാനേജ്‌മെന്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനം എം.ഇ.എസ് ആണ്. അവിടെ 65% സീറ്റുകളും മുസ്ലീം സംവരണം ആണ് എന്ന് ഫസല്‍ ഗഫൂര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.'അവിടെ എങ്ങനെയാണ് എസ്.സി/എസ്.ടി സംവരണം കൃത്യമായ അളവില്‍ പാലിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ മറ്റ് മുസ്ലീം മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ സ്ഥിതി എന്താകും? അപ്പോള്‍ ദളിത്-മുസ്ലീം ഐക്യം സാധ്യമാകാനുള്ള സാമൂഹ്യാടിത്തറ ഒരുക്കാനുള്ള ഒരു രാഷ്ട്രീയ ബാധ്യതകൂടി അധികാരമുള്ള മുസ്ലീം സമുദായത്തില്‍ നിന്നും കേരളത്തില്‍ ഉണ്ടാവേണ്ടതല്ലേ? 3.38 ശതമാനം വരുന്ന ദേവസ്വം ബോര്‍ഡ് മാന്‍ജ്‌മെന്റിന്റെ കീഴിലുള്ള കോളേജുകളില്‍ 64 ശതമാനവും നായന്മാര്‍ക്കാണ് എന്നതാണ് സ്ഥിതിയെങ്കില്‍, അവരുമായി എന്ത് വ്യത്യാസമാണ് ഇതില്‍ മുസ്ലീം മാനേജ്‌മെന്റുകള്‍ക്ക് നിലനില്‍ക്കുന്നത്. നിങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സുബര്‍ക്കത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇടമുണ്ടോ എന്നതാണ് ചോദ്യം. കാരണം ഇത്തരം സുബര്‍ക്ക വാഗ്ദാനങ്ങള്‍ ഏറെ കണ്ട, കേട്ട മനുഷ്യരാണ് അവര്‍. അനുഭവങ്ങളില്‍ ഇപ്പോഴും സോഷ്യലിസ്റ്റ് സുബര്‍ക്കത്തില്‍ എപ്രകാരമാണ് ഈ മനുഷ്യര്‍ ട്രീറ്റ് ചെയ്യപ്പെട്ടത് എന്ന് മനസിലാകാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല, രോഹിത് വെമുലയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കണ്ണോടിച്ചാല്‍ മതി.നിങ്ങള്‍ രാഷ്ട്രീയ ഐക്യമാണ് മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐക്യമുന്നണിക്കുള്ളിലെ നൈതികതയെ കുറിച്ചും അധികാര പങ്കാളിത്തത്തെ കുറിച്ചും അവസര/അവസ്ഥാതുല്യത ഉറപ്പാക്കുന്നതിനെ കുറിച്ചും വിഭവവിതരണതുല്യത ഉറപ്പാക്കുന്നതിനെ കുറിച്ചും ജാഗ്രത്താകേണ്ടതുണ്ട്, സംസാരിക്കേണ്ടതുണ്ട്. (ഈ തുല്യതയ്ക്ക് തുല്യമായ വിതരണമമെന്നല്ല അര്‍ത്ഥം. ചരിത്രപരമായും നിലവിലെ അധികാര വിതരണത്തിലെ തുല്യതയില്ലായ്മയും പരിഗണിച്ചുകൊണ്ടുള്ള വിഭവവിതരണത്തിലെ അഭാവത്തെ (lack) നികത്തലും ഇതില്‍ വരണമല്ലോ. അപ്പോള്‍ കൂടുതല്‍ ദളിത്-ആദിവാസികള്‍ക്ക് അര്‍ഹമാണ് എന്ന് വരുന്നു. അതു പോകട്ടെ. :) ) അത് മിനിമം രാഷ്ട്രീയ മര്യാതയാണ്. കമ്മ്യൂണിസ്റ്റ് കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കോമണ്‍ മിനിമം പ്രോഗ്രാമാണ്. അത് ഔദാര്യമല്ലല്ലോ, അവരുടെ അവകാശമല്ലേ, അത് മുസ്ലീം രാഷ്ട്രീയ സംഘടനകള്‍ തന്നെ സമ്മതിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും അത് ഉറപ്പാക്കാനുള്ള സമരങ്ങളും സമാന്തരമായി നടത്തേണ്ടതുണ്ട്. അതില്ലാതെ ഐക്യത്തെ കുറിച്ചുള്ള പ്രസംഗങ്ങള്‍ തീര്‍ച്ചയായും ഉള്ളുപൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമായിരിക്കും. അതിനെ എന്തിന് ഇവിടുത്തെ ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ മുഖവിലക്കെടുക്കണം? എന്താ ഐക്യമെന്നത് മുസ്ലീങ്ങളുടെ പ്രിവിലജും ദളിതരുടെ/ആദിവാസികളുടെ ബാധ്യതയുമാണോ? അത്തരം ബാധ്യതയൊന്നും ഒരിടത്തും ഇല്ല. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ദളിത് വ്യക്തിത്വങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ സംഘിയാക്കിത്തീര്‍ക്കുന്ന മായാജാലക്കാരോട് തര്‍ക്കിക്കാനില്ല. മറിച്ച് ഐക്യങ്ങള്‍ സാധ്യമാകാനുള്ള സമരത്തോടൊപ്പമാണ് നിലകൊള്ളുന്നത്. ഒ.പി രവീന്ദ്രന്‍ തന്നെ പറയുന്നത്; 'മുസ്ലീം-ദളിത് ഐക്യമെന്നത് ഒരനിവാര്യത തന്നെയാണ്. അത് ഈ മുസ്ലീം മാനേജ്‌മെന്റുകള്‍ സംവരണം പാലിക്കുന്നില്ലെങ്കിലും ഇവിടെ നിലനിര്‍ത്തും. മുസ്ലീം സമുദായത്തോട് ഐക്യപ്പെടുകയും ചെയ്യും. എന്നാല്‍ സോഴ്‌സ് വെച്ച്ച്ച് കാര്യങ്ങള്‍ സംസാരിക്കുകയും വേണം. ഐക്യത്തിനുള്ളിലും നീതി ഉറപ്പാക്കപ്പെടണമല്ലോ. കാര്യങ്ങള്‍ സുതാര്യമാകണം. അതല്ലേ ജനാധിപത്യമര്യാദ.'ഹിന്ദുത്വ ഇന്ത്യയില്‍ ദളിത് -മുസ്ലീം-കീഴാള ഐക്യത്തെ തന്നെയാണ് ഇന്ന് മുന്നോട്ട് കൊണ്ടുവരേണ്ടത്. അവര്‍ക്ക് തന്നെയാണ് സാമൂഹ്യചാലകശക്തിയാകാന്‍ കഴിയുന്ന ഒരവസ്ഥയുള്ളു. എന്നാല്‍ അതിന് അന്തരീക്ഷത്തില്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങളുടെ മാത്രം പിമ്പലം പോര. ആഴത്തിലുള്ള രാഷ്ട്രീയ അധികാര നീക്കുപോക്കുകളും അനിവാര്യമാണ്. അതിലൂടെ മാത്രമേ അത്തരമൊരു ഐക്യത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും സാധിക്കുകയുള്ളു. അല്ലാതെ ഐക്യബാധ്യത തലയില്‍ കയറ്റിവെച്ചിട്ട് ജാനുവേച്ചിയെ ഇപ്പോള്‍ തെറിവിളിക്കുന്നപോലെ ദളിതരെ തെറിവിളിച്ചിട്ട് കാര്യമില്ല. അധികാരമെന്നത് ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അത് ഉറപ്പാക്കപ്പെടേണ്ടതും അത്യാവശ്യമാണ്. അതിനെ അഭിസംബോധനചെയ്യാതെ ജാതിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സത്യത്തില്‍ വെറും ഓരിയിടല്‍ മാത്രമായിപ്പോകും. എന്തായാലും മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് ചിരിത്രപരമായബാധ്യതയായി തിരിച്ചറിവായിരിക്കുമ്പോള്‍ തന്നെ ഈ രാഷ്ട്രീയ പ്രശ്‌നത്തെ സത്യസന്ധമായി സമീപിക്കേണ്ടതും ചരിത്രപരമായ അനിവാര്യതയാണ്.

Loading Conversation