#

ഫ്രാൻസിസ് നസ്രേത്ത്
കൊത്തുനേരം : Apr 19, 2016

പങ്കു വെയ്ക്കൂ !


AIM കൂട്ടായ്മ സംഘടിപ്പിച്ച , അംബേദ്‌കർ ജന്മദിന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ഫ്രാൻസിസ് നാസ്രെത് നടത്തിയ പ്രസംഗം - പൂര്ണ രൂപം ...

1. ജനാധിപത്യത്തെ നമ്മൾ മനസിലാക്കുമ്പോൾ അതിനെ ഒരു വികലമായ (imperfect) സിസ്റ്റം അയി മനസിലാക്കണം. ജനങ്ങൾ റാഷനൽ ആയ തീരുമാനങ്ങൾ അല്ല എടുക്കുന്നത്, വൈകാരികവും പലപ്പോഴും തെറ്റും ആയ തീരുമാനങ്ങൾ ആണ് എടുക്കുക. തൃശൂർ പൂരം ആകട്ടെ, കസ്തൂരി രംഗൻ റിപ്പോർട്ട്‌ നടപ്പാക്കുന്നത് ആകട്ടെ, ജനാധിപത്യം പലപ്പോഴും അത്ര നല്ലതല്ലാത്ത ഫലങ്ങൾ ഉൽപാദിപ്പിക്കും. The myth of the rational voter എന്നൊരു പുസ്തകം തന്നെയുണ്ട് ഈ വിഷയത്തിൽ. അതേസമയം ജനാധിപത്യത്തിനു മറ്റ് ബദൽ മാർഗങ്ങളില്ല. അപ്പോൾ ഈ സിസ്റ്റത്തെ അതിന്റെ പോരായ്മകളോടെ തന്നെ എങ്ങനെ ദളിതരുടെ ഗുണത്തിനായി ഉപയോഗിക്കാം എന്നു നോക്കേണ്ടിവരും.


ഇതിനു രണ്ട് മുൻമാതൃകകളുണ്ട്. ഒന്ന് ബാബാസഹെബ് Dr. ബി ആർ അംബദ്കറാണു. ദളിത് ചിന്തകൾക്ക് സൈദ്ധാന്തികമായ അടിത്തറ നൽകിയത് അംബദ്കറാണു. ഇംഗ്ലീഷിൽ നമ്മൾ Fountain Head എന്നു പറയുന്ന, ആശയങ്ങളുടെ ചീറ്റിത്തെറിക്കുന്ന നീരുറവയായിരുന്നു ബാബാസഹെബ് Dr. ബി ആർ അംബദ്കർ. രണ്ടാമത്തെ മാതൃക ദാദ സാഹെബ് കൻഷിറാം ആണു. ദളിതർക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ അധികാരം നൽകിയത് കൻഷിറാമാണു. ഉത്തർ പ്രദേശ് എന്ന ആര്യാവർത്തത്തെ ഞാൻ ചമാർവർത്തം ആക്കും എന്ന് പ്രസംഗിച്ചയാളാണു കൻഷിറാം. ഉജ്വലമായി പ്രസംഗിക്കുന്ന ഒരു ദളിത് പെൺകുട്ടി ഉണ്ടെന്ന് കേട്ട് കൻഷിറാം പാതിരാത്രി ആ പെൺകുട്ടിയുടെ വീട്ടിൽ പോയി. പാതിരാത്രിയാണു, വാതിൽ തുറക്കാൻ പറ്റില്ല എന്ന് ആ പെൺകുട്ടിയുടെ പിതാവ് പറഞ്ഞപ്പോൾ അവരെ കണ്ടിട്ടല്ലാതെ താൻ അവിടെനിന്നു പോവില്ല എന്നു പറഞ്ഞ് കൻഷിറാം നിർബന്ധിച്ച് വാതിൽ തുറപ്പിച്ചു. അന്ന് ഐ.എ.എസ്സിനു പഠിക്കുകയായിരുന്ന മായാവതിയോട് നിന്നെ ഞാൻ നൂറു ഐ.എ.എസ്സുകാരെ ഭരിക്കുന്നവളാക്കാം എന്നു പറഞ്ഞു, മായാവതിയെ രാഷ്ട്രീയത്തിൽ ഇറക്കി. നാലുതവണ ബി.എസ്.പി. ഉത്തർ പ്രദേശിൽ - ഹിന്ദി ഹൃദയഭൂമിയിൽ - സർക്കാരുണ്ടാക്കി. ആദ്യ മൂന്നുതവണ ബി.ജെ.പി. പിന്തുണയോടെ ന്യൂനപക്ഷ സർക്കാരുണ്ടാക്കി. നാലാം തവണയാണു ഒറ്റക്ക് ഭൂരിപക്ഷം നേടി അഞ്ച് കൊല്ലം തികച്ചു ഭരിച്ചത്.

കൻഷിറാം പ്രസംഗിക്കുന്ന വേദികളിൽ ദളിത് ജാതികളിൽ നിന്നുള്ള ഹീറോകളുടെ കഥകളും മിത്തുകളും പ്രിന്റ് ചെയ്ത് ലഘുലേഖകളായി വിതരണം ചെയ്യുമായിരുന്നു. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ദളിതരുടെ കഥകൾ. ചരിത്രവും മിത്തുകളും കൂട്ടിക്കലർത്തിയ കഥകൾ. ദളിത് ജനങ്ങൾക്ക് ആത്മാഭിമാനം ഉണ്ടാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.

അംബദ്കറിന്റെ പല സിദ്ധാന്തങ്ങളെയും തിരിച്ചിട്ടയാളാണു കൻഷിറാം. ഉദാഹരണത്തിനു അംബദ്കർ ജാതി ഉന്മൂലനത്തെപ്പറ്റി പറഞ്ഞപ്പോൾ കൻഷിറാം ജാതിയെ ഒരു ആയുധമായി ഉപയോഗിച്ചു. ജാതി ഉപയോഗിച്ച് അധികാരം പിടിച്ചടക്കി. എനിക്ക് പറയാനുള്ളത് ജനാധിപത്യത്തിൽ ദളിതർക്ക് അധികാരം വരണമെങ്കിൽ കൻഷിറാമിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നാണു. കൻഷിറാമിനെ കൂടുതൽ വായിക്കുന്ന, പഠിക്കുന്ന അവസ്ഥ വരണം.


3. ഉദാഹരണത്തിനു കൻഷിറാം ഉപയോഗിച്ചതുപോലെ ദളിത് ഹീറോകളുടെ കേരളത്തിലെ അവസ്ഥ നോക്കു. മഹാത്മാ അയ്യങ്കാളിക്കു ശേഷം ഒരു ദളിത് ഹീറോ എന്ന് പറയാൻ കേരളത്തിൽ ആരാണുള്ളത്. കൂടിപ്പോയാൽ ഒരു പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോൺ ജോസഫ്. ഇതിനപ്പുറം ഓർമ്മയിൽ നിന്നും കാണെക്കാണെ മറഞ്ഞുപോവുന്ന പലരും ഉണ്ട്. ഉദാഹരണത്തിനു കല്ലറ സുകുമാരൻ. മഹാത്മാ അയ്യങ്കാളിയുടെ കൂടെ പ്രവർത്തിച്ച ചോതി. ടി.ച്ച്.പി. ചെന്താരശ്ശേരി.

ഇങ്ങനെ പലരെയും നമ്മൾ ചരിത്രത്തിൽ നിന്നും വീണ്ടെടുക്കേണ്ടതുണ്ട്. ചരിത്രവും മിത്തുകളും കൂട്ടിക്കുഴച്ച് ഇവരെ പുനർനിർമ്മിക്കേണ്ടത് ദളിത് അഭിമാനത്തിനു ആവശ്യമാണു. അവരെപ്പറ്റി നിങ്ങൾ പുസ്തകം എഴുതണം എന്നല്ല. നവ മാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ ഉപയോഗിക്കു. ഫെയ്സ്ബു ക്കിലും റ്റ്വിറ്ററിലും എഴുതൂ. ഓഡിയോ ക്ലിപ്പുകൾ ഉണ്ടാക്കി വാട്ട്‌സ് ആപ്പിൽ പ്രചരിപ്പിക്കു. യൂറ്റ്യൂബിൽ വീഡിയോകൾ നിർമ്മിക്കു. പറയുമ്പോൾ സണ്ണി എം. കപിക്കാട് സാറും കൻഷിറാമും തമ്മിലുള്ള ഒരു സാമ്യം ഇരുവരും അധികം പുസ്തകങ്ങൾ എഴുതിയില്ല എന്നതാണു. കൻഷിറാം ആകെ ഒരു പുസ്തകമേ എഴുതിയുള്ളൂ - Age of Chamchas.

4. ഇങ്ങനെയുള്ള സാംസ്കാരികവും ബൗദ്ധികവുമായ മൂലധനം (intellectual and cultural capital) ഒരു സമുദായ നിർമ്മിതിക്കും സമുദായത്തിന്റെ ആത്മാഭിമാനത്തിനും ആവശ്യമാണു. നമ്മൾ പഠിക്കുന്ന കേരള ചരിത്രത്തിൽ ദളിതർ ഇല്ലാത്തത് എന്തുകൊണ്ടാണു എന്ന് ചിന്തിക്കണം. ശ്രീധരമേനോന്റെയും പത്മനാഭമേനോന്റെയും ഇളംകുളം കുഞ്ഞൻപിള്ളയുടെയും ചരിത്ര പുസ്തകങ്ങൾ വായിച്ചാൽ അത് അറിയാൻ പറ്റില്ല. അവർ അത് എഴുതില്ല. കേരള നവോത്ഥാനം തുടങ്ങുന്നത് ക്രിസ്ത്യൻ മിഷനറിമാർ ദളിതരെയും അവർണ്ണജാതികളെയും വിദ്യ അഭ്യസിപ്പിച്ചതിൽ നിന്നാണു. ഇങ്ങനെ വിദ്യാഭ്യാസം നേടിയ ചാന്നാട്ടികളാണു മാറുമറക്കാനുള്ള അവകാശത്തിനായി ചാന്നാർ ലഹള നടത്തിയത്. അതിനു പിന്നാലെയാണു വൈകുണ്ഠ സ്വാമികൾ അനുയായികളെയും കൂട്ടി ശുചീന്ദ്രം ക്ഷേത്രത്തിനു ചുറ്റും അവർണ്ണരെ പുറത്തു നിർത്താനായി കെട്ടിയ കയറിൽ ചെന്നു പിടിച്ചത്. ഇങ്ങനെയുള്ള പ്രവൃത്തികളെത്തുടർന്നാണു സ്വാതിതിരുന്നാൾ 70 ദിവസത്തോളം വൈകുണ്ഠസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതൊന്നും മേൽപ്പറഞ്ഞവരുടെ കേരള ചരിത്ര ഗ്രന്ഥങ്ങളിൽ വായിക്കാൻ പറ്റില്ല. ദളിത് ചരിത്രം എഴുതാൻ അക്കാഡമിക്ക് ആയി ആകെ ഒരു എ.എസ്. ജയപ്രകാശ് ഉണ്ടായിരുന്നു. പുള്ളി മരിച്ചുപോയി. ഞാൻ പറയുന്നത് ദളിത് ചരിത്രത്തെ വീണ്ടെടുക്കണം എന്നാണു.


5.

ഇന്നു രാവിലെയും റ്റിവിയിൽ കേട്ടത് നമ്പീശൻസ് അച്ചാറിന്റെ പരസ്യമാണു. മീൻ പിക്കിളിന്റെയും ചിക്കൻ പിക്കിളിന്റെയും പരസ്യം. എന്നെ എപ്പൊഴും കുഴക്കുന്ന ഒരു സംശയമാണു എന്തുകൊണ്ട് ഒരു പുലയൻസ് റെസ്റ്ററന്റോ പുലയൻസ് പുട്ടുപൊടിയോ ഉണ്ടാകുന്നില്ല എന്നത്. കേരളത്തിൽ ദളിതർ കൃഷിപ്പണി ചെയ്യുന്നവരാണു. ദളിതർ നെല്ലുവിതച്ച് കിളച്ച് നെല്ലുകൊയ്ത് മെതിച്ച് പൊടിച്ച് മാവുണ്ടാക്കുന്നു. എന്നിട്ട് ബ്രാഹ്മിൺസ് പുട്ടുപൊടി എങ്ങനെ വരുന്നു, എന്തുകൊണ്ട് പുലയൻസ് പുട്ടുപൊടി വരുന്നില്ല? നിങ്ങൾ പുട്ടുപൊടി വിൽക്കണ്ട, ഒരു പരസ്യം ഉണ്ടാക്കി ഒരാഴ്ച്ച ടിവി ചാനലുകളിൽ കൊടുക്കു. ഞാനും നൂറു ദിർഹം ഇടാം. അത് കേരളത്തിൽ കോളിളക്കമുണ്ടാക്കും. ഇത് എന്താണു വരാത്തത്? ഇത് റിസോഴ്സസിന്റെ മാത്രം പ്രശ്നമല്ല - ആത്മവിശ്വാസമില്ലായ്മയുടെ പ്രശ്നവും കൂടിയാണു. അവിടെയാണു മേൽപ്പറഞ്ഞ മിത്തുകളുടെയും ചരിത്രത്തിന്റെയും ഹീറോകളുടെയും പ്രാധാന്യം.
6.

എന്റെ തോന്നൽ ദളിതർ ജാതിയുടെ പേരിൽത്തന്നെ സംഘടിച്ച് അവകാശങ്ങൾ പിടിച്ചുവാങ്ങണം എന്നാണു. മീഡിയ, ജുഡീഷ്യറി, അക്കാദമിയ, തുടങ്ങിയ രംഗങ്ങളിൽ ദളിതർക്ക് പ്രാതിനിധ്യം പിടിച്ചു വാങ്ങാൻ പറ്റണം. ഇത് ആരും കൊണ്ടുത്തരാൻ പോകുന്നില്ല. ദളിത് കേസുകൾ നടത്താനായി ഒരു ലീഗൽ സെൽ ഉണ്ടാക്കണം. ദളിത് വിഷയങ്ങളിൽ താല്പര്യമുള്ള ജേണലിസ്റ്റുകളെ ഉൾക്കൊള്ളിച്ച് ഒരു മീഡിയ സെൽ ഉണ്ടാക്കണം. കേരളത്തിലും ദളിത് വ്യവസായികളുടെ കൂട്ടായ്മ - ദളിത് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി - വേണം. ഇങ്ങനെയുള്ള സോഷൽ സ്ട്രക്ച്ചറുകൾ ഉണ്ടാക്കാൻ പറ്റണം. കെ.പി.എം.എസ്സിനു ഒരു കോളെജ് കിട്ടിയത് ഞാൻ വളരെ സന്തോഷത്തോടെയാണു കണ്ടത്. ഇതുപോലെ കൂടുതൽ എയ്ഡഡ് കോളെജുകൾ പിടിച്ച് വാങ്ങാൻ പറ്റണം.


7.

ഒരു കാര്യം കൂടി : ദളിത് - മുസ്ലീം ഐക്യത്തെപ്പറ്റി അംബുജാക്ഷൻ സറും മറ്റ് പലരും പറഞ്ഞു. എന്റെ അഭിപ്രായത്തിൽ - എല്ലാ ബന്ധങ്ങളിലും രണ്ടുപേർക്കും ഗുണമുണ്ടാവണം. ഇപ്പോൾ ഞാൻ ഈ പ്രസംഗിക്കുന്നു, ഇത് എനിക്ക് സന്തോഷവും സെൽഫ് റെസ്പക്റ്റും തരുന്നില്ലെങ്കിൽ ഞാൻ ഇവിടെ പ്രസംഗിക്കില്ല. എല്ലാ ബന്ധത്തിലും സ്വാർത്ഥതയുണ്ട്. ഭാര്യാ ഭർതൃബന്ധത്തിലുണ്ട്. രണ്ടു കൂട്ടർക്കും ഗുണമുള്ള ബന്ധങ്ങൾ വേണം. ദളിത് - മുസ്ലീം ഐക്യത്തിലും ദളിത് - ക്രിസ്ത്യൻ ഐക്യത്തിലും ഒക്കെ അത് ബാധകമാണു. ഐക്യങ്ങൾ എപ്പൊഴും വിൻ-വിൻ ആയിരിക്കണം. അതേസമയം ഈ ഐക്യത്തെ പ്രതി - മുസ്ലീങ്ങൾ പ്രതിസ്ഥാനത്ത് വരുമ്പോൾ നിങ്ങൾക്ക് അത് വിളിച്ചു പറയാൻ പറ്റുന്നില്ലെങ്കിൽ ആ ബന്ധങ്ങൾ ദോഷമാണു. കല്ലമ്പലത്ത് ഒരു മൈനർ, ദളിത് പെൺകുട്ടി മാസങ്ങളോളം ബലാൽസംഗം ചെയ്യപ്പെട്ടു, ഇതിലെ പലരുടെയും പ്രതികരണം കണ്ടപ്പോൾ ഇങ്ങനെയാണു എനിക്ക് പറയാൻ തോന്നുന്നത്. കോട്ടൺ ഹിൽസിലെ ഊർമ്മിള റ്റീച്ചറെ മിനിസ്റ്റർക്ക് ഗേറ്റ് തുറന്നു കൊടുക്കാൻ താമസിച്ചതിന്റെ പേരിൽ അവരെ സ്ഥലം മാറ്റിയത് പി.കെ. അബ്ദുറബ്ബ് ആണു. ഇതിലെ ജാതി ദളിത് - മുസ്ലീം ഐക്യത്തിന്റെ പേരിൽ വിളിച്ചു പറയാതിരിക്കരുത്.


8. ഇപ്പോൾ എല്ലാവർക്കും അംബദ്കറിനെ വേണം. ബി.ജെ.പി.ക്കും കോൺഗ്രസിനും സി.പി.എമ്മിനും - എല്ലാവർക്കും അംബദ്കറിനെ വേണം. അംബദ്കറിനു വേണ്ടി പിടിവലിയാണു. ബി.ജെ.പി. സവർണ്ണ ഫാസിസ്റ്റ് പാർട്ടിയാണു, പക്ഷേ കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ആണു അധികാരം കയ്യാളുന്നത്. ബി.ജെ.പി.യോടുള്ള എതിർപ്പിന്റെ പേരിൽ കേന്ദ്ര സർക്കാർ തുറന്നു തരുന്ന അവസരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്താതിരിക്കരുത്. ഉദാഹരണത്തിനു ദളിത് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ, കേന്ദ്ര സർക്കാർ ദളിതർക്ക് ബിസിനസ് തുടങ്ങാൻ ലോണുകൾ കൊടുക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം.

ബാബാസഹെബ് Dr. ബി ആർഅംബദ്കർ നിർമ്മിച്ച സൈദ്ധാന്തിക അടിത്തറയിൽ വിട്ടുവീഴ്ച്ചകൾ ചെയ്യാതെ തന്നെ ദളിതർക്ക് അധികാരം പിടിച്ചെടുക്കാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു, താങ്ക് യു.

Loading Conversation