#

സുജിത് കുമാർ

കൊത്തുനേരം : Nov 01, 2016

പങ്കു വെയ്ക്കൂ !


റിലയൻസ് ജിയോ സിം എടുക്കുന്ന അവസരത്തിൽ നടത്തുന്ന ആധാർ ഇ-വെരിഫിക്കേഷനിൽ പലരും ആശങ്കകൾ പ്രകടിപ്പിച്ചു കണ്ടു. എന്താണ് ആധാർ ഇ- വെരിഫിക്കേഷനിൽ നടക്കുന്നത്? ഇവിടെ ഒരു സ്വകാര്യ സ്ഥാപനത്തിന് നമ്മുടെ വിവരങ്ങൾ മുഴുവനായി നൽകുന്നുണ്ടോ? അതിനെക്കുറിച്ച് പറയുന്നതിനു മുൻപ് നമ്മൾ സാധാരണ മൊബൈൽ സിം എടുക്കാൻ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക..ഏതെങ്കിലും ഒരു പെട്ടിക്കടയിൽ ചെല്ലുന്നു- ഒരു ഫോട്ടോയും എന്തെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും (ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി...) നൽകുന്നു. അതോടൊപ്പം അപേക്ഷാ ഫോമിൽ രണ്ട് ഒപ്പുകളും. ഇവിടെ കടക്കാരൻ നിങ്ങൾ നൽകുന്ന രേഖകൾ നിങ്ങളുടേതു തന്നെയാണോ എന്ന് പരിശോധിയ്ക്കുക പോലും ചെയ്യുന്നില്ല. അതായത് ഇതേ രേഖകൾ നൽകി ആർക്കുവേണമെങ്കിൽ നിങ്ങളുടെ പേരിൽ കണൿഷൻ എടുക്കാം എന്നർത്ഥം. ഇവിടെ നിങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖയുടെ പകർപ്പ് തികച്ചും അപരിചിതനായ ഒരാളുടെ കൈവശം ആണ്. പ്രസ്തുത തിരിച്ചറിയൽ രേഖകളിൽ നിങ്ങളൂടെ വിലാസം, ജനനത്തീയതി എന്നു വേണ്ട എല്ലാ വ്യക്തി വിവരങ്ങളും ഉണ്ടാകും. ക്രിമിനൽ മനസ്സുള്ള കടയുടമയാണെങ്കിൽ ഇത് പല രീതിയിൽ ദുരുപയോഗം ചെയ്യാനാകും. ആവശ്യമെങ്കിൽ ഇതേ രേഖകളുടെ പകർപ്പെടുത്ത് ഒന്നിൽ കൂടുതൽ സിമ്മുകൾ എടുക്കുകയും ചെയ്യാം (അത്തരത്തിലുള്ള സംഭവങ്ങൾ ഇക്കാലത്ത് സർവ്വ സാധാരണമാണ്). അതിനാൽ വിശ്വസനീയമല്ലാത്ത ഇടങ്ങളിൽ തിരിച്ചറിയൽ രേഖകൾ നൽകുന്നത് അപകടമാണ്. ഇനി ആധാർ-ഇ വെരിഫിക്കേഷനിലേയ്ക്ക് വരാം.നിങ്ങൾ നൽകുന്ന വ്യക്തി വിവരങ്ങൾ ശരിയാണോ ? നിങ്ങൾ തന്നെയാണോ പ്രസ്തുത ആധാർ കാർഡിന്റെ യഥാർത്ഥ ഉടമ എന്ന് പരിശോധിയ്ക്കാനുള്ള ഒരു സംവിധാനം ആധാർ API (application programming interface) ലൂടെ ലഭ്യമാണ്.
ഇത് രണ്ടു തരത്തിൽ ഉപയോഗിക്കാം

1. ഓതന്റിക്കേഷൻ മാത്രം (ആധാർ നമ്പറും ബയോ മെട്രിക് വിവരങ്ങളോ മൊബൈൽ ഓ.റ്റി.പിയോ നൽകിയാൽ യഥാർത്ഥ ഉടമ തന്നെയാണെന്ന് ഉറപ്പ് വരുത്തുന്നു (YES or NO)- എ. ടി എമ്മുകളിലും മറ്റും പിന്നിനു പകരമായി ഈ സംവിധാനം പ്രയോജനപ്പെടുത്താം.


2. ആധാർ ( E-KYC)
ഇവിടെ ആധാർ കാർഡ്‌ നമ്പരിനോടൊപ്പം ഉടമസ്ഥന്റെ ബയോ മെട്രിക് വിവരങ്ങളോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേയ്ക്ക് ലഭിയ്ക്കുന്ന ഒ.ടി.പിയോ‌ നൽകിയാൽ നിങ്ങളൂടെ ആധാർ കാർഡിലുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. അതായത് ഇവിടെ ആധാർ ഈ-വെരിഫിക്കേഷൻ നടത്തുമ്പോൾ നിങ്ങളുടെ പൂർണ്ണ സമ്മതത്തോടെ ഐഡന്റിറ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് വിവരങ്ങൾ കൈമാറുന്നത്. അതായത് ആധാർ കാർഡിന്റെ ഒരു അറ്റസ്റ്റ് ചെയ്ത കമ്പ്യൂട്ടർ പകർപ്പ് നൽകുന്നതിനു സമം. അതിനാൽ ആധാർ കാർഡിന്റെ പകർപ്പ് കൊടുക്കുന്നതിലും വലിയൊരു ആശങ്ക ആധാർ-ഇ വെരിഫിക്കേഷനിൽ അനാവശ്യമാണ്.


റിലയൻസിനു മാത്രമല്ല ആധാർ കെ.വൈ സി. നിങ്ങൾക്കും പരീക്ഷിയ്കാവുന്നതാണ് (യഥാർത്ഥ ഉപയോഗം ലൈസൻസിംഗ് നിബന്ധനകൾക്ക് വിധേയം). ഇതിനു വേണ്ടിയുള്ള സോഫ്റ്റ്‌‌വെയറുകൾ ഉണ്ടാക്കാവുന്നതുമാണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

https://goo.gl/KPnYIh
ഇവിടെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതുണ്ട്. ആധാർ ഈ-വെരിഫൈ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപയോക്താക്കളുടെ ഒരു ബയോമെട്രിക് ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കാവുന്നതാണ് (ആധാർ സെർവ്വറിൽ നിന്നും ബയോമെട്രിക് വിവരങ്ങള്‌നൽകുന്നില്ല എങ്കിൽ പോലും). ഇതിന്റെ ദുരുപയോഗത്തിൽ ആശങ്കകൾക്ക് വകയുണ്ട്.വാൽക്കഷണം:
ഇന്ത്യയെപ്പോലെയുള്ള രാജ്യത്ത് ഒരു യുണിക്ക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന ആശയത്തോട് വ്യക്തിപരമായി അനുകൂലിയ്ക്കുന്നു എങ്കിലും അത് നടപ്പിലാക്കിയ രീതിയോടുള്ള എതിർപ്പും ഡാറ്റയുടെ സുരക്ഷിതത്വത്തിലുള്ള ആശങ്കകളും നിലനിൽക്കുന്നു. പ്രത്യേകിച്ച് ഈ വിവരങ്ങൾ പൊതുജനങ്ങളോട് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ചില ഉദ്യോഗസ്ഥരുടെ കൈകളിൽ ആകുമ്പോൾ.


അപ്ഡേറ്റ്: ചിത്രം തെറ്റിദ്ധാരണകൾക്കിടനൽകും എന്ന് Anivar Aravind ചൂണ്ടിക്കാണിയ്ക്കുന്നു. Yes or No Data മാത്രമല്ല ജിയോ പോലുള്ള KuA കള്‍ക്ക് ഡെമോഗ്രാഫിക് ഡാറ്റ ആക്സസ് കിട്ടും.

Loading Conversation