#

സജീവധ്വനി
കൊത്തുനേരം : Apr 07, 2016

പങ്കു വെയ്ക്കൂ !

അദൃശ്യമായ അധികാരമാണ് സ്വാതന്ത്ര്യം


എന്നിട്ടും

നമ്മൾ അതിനെ പറ്റി

പറഞ്ഞുക്കൊണ്ടിരിക്കുന്നു

എന്താണത് ?

എങ്ങിനെയാണത് ?

ആരാണ് പറഞ്ഞു തരിക ?

ആർക്കാണത് ഞങ്ങളെ അനുഭവിപ്പിക്കാനാവുക ?


ഞങ്ങൾക്കും

നിങ്ങൾക്കുമിടയിൽ

മാറാരോഗത്തിന്റെ മതിലുണ്ട്

എന്നിട്ടും

നമ്മളതിനെപറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു

ഭൂതകാല കുളിരല്ല.


അത്

വർത്തമാനത്തിലെ മൗനവുമല്ല

സ്വാതന്ത്ര്യം

അതെന്താണ്

ഞങ്ങളതറിയുന്നില്ല

ഞങ്ങൾക്കത് അമ്മയല്ല

സഹോദരനുമല്ല

മരണത്തേക്കാൾ ഭയാനകവുമല്ല

വിശപ്പിനേക്കാൾ വലുതുമല്ല.


അതെവിടെയാണ്

വസിക്കുന്നത് ?

കൊട്ടാരങ്ങളിലുണ്ടാവാം

കുടിലുകളിലേക്കത്

വരാറില്ല.


മലകളിൽ

മരണം പുഴുങ്ങി തിന്നുന്ന

മണ്ണട്ടകൾ

സാംസ്കാരിക വൈദീകരുടെ

തെരുവിലിങ്ങനെ എഴുതിവെയ്ക്കുന്നു

സമാധാനത്തിനുള്ള അവസരമാണ്.


സ്വാതന്ത്ര്യം

ആരുടെ സമാധാനമെന്നത്

ഇനിയുമെഴുതപ്പെടാത്തൊരു കവിതയെന്നത്

ഞങ്ങൾക്കറിയാം നിങ്ങൾക്കും.


സ്വാതന്ത്ര്യം

ഞാനതിൽ വിശ്വസിക്കുന്നില്ല

അവിശുദ്ധ സ്നാനങ്ങളുടെ

നുണയാണത്

ചരിത്രഖനികളിൽ

ചലനമറ്റ ശ്വാസമുഖങ്ങളാണത്.


ഞങ്ങൾ

ജീവിക്കുന്നില്ല

ജനിച്ചതിനുശേഷം മരിക്കുകയും

മരിച്ചതിനുശേഷം

ജീവിക്കുകയും ചെയ്യുന്നു.


അപ്പോഴും

പറഞ്ഞുകൊണ്ടിരിക്കുന്നു

അവസരങ്ങളില്ലാത്ത സമാധാനമാണ്

അസ്വസ്ഥതകളുടെ ആനന്ദമാണ്

നിശബ്ദ്ധതയുടെ ചങ്ങലകളാണ്

അദൃശ്യമായ അധികാരമാണ്

സ്വാതന്ത്ര്യം. !

Loading Conversation