#

രജിശങ്കർ
കൊത്തുനേരം : Jun 02, 2016

പങ്കു വെയ്ക്കൂ !

ആൾദൈവങ്ങൾ


ആൾദൈവങ്ങളെയേ ഞാൻ വിശ്വസിക്കാറുള്ളു.

കാരണം

ആളുകൾക്കേ ദൈവങ്ങളാകാനാകൂ.

ആളുകൾ

ദൈവങ്ങളാകുന്നതെങ്ങനെയാണ് ?


വേദനയിലേക്കൊരു മരുന്ന്, കണ്ണീരിലേക്കൊരു വിരൽ,

നഗ്നതയിലേക്കൊരു തുണി,

വിശപ്പിലേക്കൊരു നിറഞ്ഞ പാത്രം, ദാഹിച്ചു വലഞ്ഞവരിലേക്കൊരു തണുത്ത അരുവി,

ചിതറിപ്പോയ പീഢിതർക്കിടയിലൊരിടയൻ !


ആളല്ലാത്ത ദൈവമിങ്ങനെ

ഒളിച്ചിരിക്കുന്നതെന്തിനാണ്?

അപകർഷത്തിലാഴ്ന്നവനെപ്പോലെ, തെറ്റ്കാരനേപ്പോലെ മുഖം മറക്കുന്നതെന്തിനാണ്?

ആളല്ലാത്ത ദൈവങ്ങൾ;

അവരെനിക്ക് നൽകുന്ന ജീവിത പാഠങ്ങളെന്ത്?


ഘനമേഘങ്ങളിലും വന്യമരുസ്ഥലികളിലും മറഞ്ഞിരുന്ന്കൊണ്ട് ചെയ്യുന്ന വലക്കുന്ന ചര്യകളോ?

അപരനെ അന്നത്തിനായ് ആസ്തിക്കായ് കുത്തിവീഴ്ത്താനുള്ള വിശുദ്ധീകരിച്ച കുടിലതയോ ?


സ്പാർട്ടക്കസ്

ആളല്ലാത്ത ദൈവത്തിൻറെ നീതിക്കെതിരെ,

മുഖംമുറിഞ്ഞ് തിരിഞ്ഞ് നിന്നവൻ.

അവൻറെ ഹൃദയത്തേക്കാൾ വലിയ പുൽമേട് ഞാൻ കണ്ടിട്ടില്ല.

അവൻറെ മിഴികൾക്ക് തുല്യം, കണ്ണീരിന് തുല്യം

ഏത് വിശുദ്ധ തടാകമാണ്

പുണ്യ നദിയാണ് ഞാൻ കണ്ടിരിക്കുന്നത്?


അവൻ പീഢിതരുടെ രക്തത്തുള്ളികളിൽനിന്നും;

ചുളുങ്ങിപ്പോയ ആത്മവീര്യത്തെ

കുന്തമുനയായ് മൂർച്ച കൂട്ടിയവൻ.

അവൻ

കുരിശിൽ മരിച്ച ദൈവം.

അവൻറെ ഹൃദയം മനുഷ്യരുടേതായിയിരുന്നു.

മുകളിലൊരു പിതാവോ

താഴെയൊരു മാതാവോ

ഇല്ലാതിരുന്നത് കൊണ്ട്

ആരവങ്ങൾക്കും രോദനത്തിനുമിടയിൽ നിശബ്ദനായി.

അവൻ ദൈവമാകുന്നു.


ദേവാലയങ്ങളുടെ തെരുവും കടന്ന് ബൊളീവിയൻ കാട്ടിലേക്ക് പോയ ചെ ഗുവേര....

സ്വർഗ്ഗത്തിൻറെ വാതിൽ സൂക്ഷിപ്പ്കാർ അതിനായി

ഒരു നരകം തന്നെ തീർത്ത് വെച്ച് കാത്തിരുന്നു.

അവൻ ദൈവമാകുന്നു;

ജീവൻറെ ഉപ്പ്;

അതെന്തെന്ന് അവനറിഞ്ഞിരുന്നു.


ബന്ധങ്ങളെ നനുത്ത പുതപ്പെടുത്ത് മാറ്റുംപോലെ

ഉപേക്ഷിച്ചിറങ്ങിയ സിദ്ധാർത്ഥൻ വെളിച്ചത്തിനായീ കാത്തിരുന്നവരെ കടന്നൊരു മഹാവെളിച്ചമായി.

ഇലകൾക്കും മനുഷ്യനും അവസാനം പറയാനുള്ളത് ഒന്നാണന്നവൻ തിരിച്ചറിഞ്ഞു.

സിദ്ധാർഥ ;

നീ ദൈവമായന്ന് ഞാൻ പറയുമ്പോൾ

ബുദ്ധനായിരുന്ന് നീയെന്നെ നോക്കിച്ചിരിക്കും.


എനിക്കറിയാം,

നീ അറിയില്ലന്ന് പറഞ്ഞതും,

ഞാൻ അറിഞ്ഞന്ന് പറഞ്ഞതും

ശരിയാണെന്ന്.

അതുകൊണ്ട് നീ

ദൈവമാകുന്നു!!.!

Loading Conversation