#

സജീവധ്വനി
കൊത്തുനേരം : Jun 16, 2016

പങ്കു വെയ്ക്കൂ !

സേലാപേട്ട്

ഒൻപതാം നമ്പർ കോളനി


മിഥില:29

ജമന്തിപ്പൂക്കളുടെ കൂട്ടുകാരി

വേഷം:മഞ്ഞസാരി

അതേ നിറമുള്ള അടിപ്പാവാട

കറുത്തബ്രയിസീർ

ചുവന്ന പാന്റീസ്

ഉയരം:5:8


ചുണ്ടിൽ

ചുംബനചൂട് മായാത്ത ലിപ്സ്റ്റിക്ക്

ചരടിൽ പിണഞ്ഞ മുക്കിന്റെ മാല

കുപ്പിവളകൾ

കാൽത്തളകൾ


മിഥില

ഒരു മരമായിരുന്നു

എത്ര ഒളിഞ്ഞു നോക്കിയാലും

മരലിംഗം

കാണാനാവുമോ

മിഥിലയിലുമത് അങ്ങിനെയായിരുന്നു


തീവണ്ടിയാപ്പീസിന് പുറകിൽ

കുനിഞ്ഞ് നിന്നും

കുന്ത് കാലിൽ ഇരുന്നും

രാത്രികളുടെ കവിത

മിഥില


മാംസപെൻസിലുകളുടെ നഗ്നഭാഷയാൽ നാക്കിലെഴുതിയെടുത്ത്

പകലിൽ

ചത്തവിശപ്പിന്റെ

തൊണ്ടക്കുഴിയിലേക്ക് ഓക്കാനിച്ചു

മാന്യതയുടെ

പന്നികൾ

പാത്തും പതുങ്ങിയും

വന്നു കൊണ്ടേയിരുന്നു


മുള്ളുകളുടെ നിറത്തിനും

നീളത്തിനും

വ്യത്യാസമുണ്ടായിരുന്നെങ്കിലും

മുക്കറയും

മണവും

മുഖവും

ഒന്നായിരുന്നു


മിഥില

കരഞ്ഞതിന്

കാണികളുടെ കയ്യിൽ തെളിവില്ല

പക്ഷേ

ഹൃദയ സ്ഥാനത്ത് വജ്രംപോലുറഞ്ഞ

ഒറ്റകരച്ചിലിന്റെ

മുറിവ് ഉണ്ടായിരുന്നുയെന്നത്

പച്ചിലകൾക്കും

പ്ലാസ്റ്റിക്ക് ഉറകൾക്കും മാത്രമറിയാവുന്ന

രഹസ്യമായിരുന്നു


മിഥില

കലമ്പുന്ന പാത്രങ്ങളും

പുകയുന്ന അടുക്കളയും

മുഷിഞ്ഞ വസ്ത്രങ്ങളുമുള്ളൊരു

വീടിനെ

അടിവയറ്റിൽ അടക്കിപ്പിടിച്ചിരുന്നു


സ്വപ്നത്തിലവൾക്ക്

അന്നവും

നാഥനും

മക്കളുമുണ്ടായിരുന്നു


ആണൊച്ചയുടെകുരിശ്ശിൽ
തറയ്ക്കപ്പെട്ടപെൺ ക്രിസ്തു


എല്ലാ തെരുവുകളിലും

പുറത്താക്കലിന്റെ അദൃശ്യ പരസ്യങ്ങൾ

ആരോ പതിച്ചിട്ടുണ്ട്

സ്നേഹശൂന്യതയാണ് ജനാധിപത്യം

മനുഷ്യത്വരഹിതരോടിക്കുന്ന

ആംബുലൻസുകളുടെ

ഉത്സവ സൈറണുകളാണതിന്റെ

നീതി


വേണമെങ്കിൽ പോയി നോക്കാം

കുനിച്ചോ

കമിഴ്ത്തിയോ കിടത്താം

കുന്തിച്ചോ

കാലടിപ്പിച്ചോ ഇരുത്താം


തീവണ്ടിപ്പാളത്തിലെ

തലബലി

കറുത്ത

മഞ്ഞുപോലെ പൂത്തുലഞ്ഞഴിഞ്ഞ്

മോർച്ചറി വരാന്തയിൽ

കിടപ്പുണ്ട്

മിഥില എന്ന മരം

Loading Conversation