#

സജീവധ്വനി
കൊത്തുനേരം : Apr 20, 2016

പങ്കു വെയ്ക്കൂ !

ദശരഥ് മഞ്ചി‐പർവ്വതത്തിനോട് പിക്കാസ്കൊണ്ട് യുദ്ധം പറഞ്ഞവൻ

‐‐‐‐‐‐‐‐‐‐‐‐‐‐‐

നമുക്കിടയിലിരുന്ന്

പൊട്ടിത്തെറിക്കുന്ന ഭൂതകാലമല്ല

ദശരഥ് മഞ്ചി

കീഴടക്കാനാവത്ത ധാർഷ്ട്യവുമല്ല.


പർവ്വതം

കാട്

മനുഷ്യൻ

ജീവിതം

അപരിഷ്കൃതമായ ഭൂപടങ്ങളിലേക്ക്

വളർന്ന

പച്ചത്താടികൾ

പർവ്വതങ്ങളുടെ

പ്രതിധ്വനികൾ

വേരുകളുടെ ഗോത്രം

മണ്ണിന്റെ കാല്പാട്

കുറുകിയ

മനുഷ്യരുടെ

നിലവിളികളുടെ ആവർത്തനം


ദശരഥ് മഞ്ചി

ചുവന്ന ഇലകളുടെ

കറുമ്പൻ സംസ്കാരം

വേനലിന്റെ

കത്തുപിടിച്ച അഭിലാഷം

കരിംപാറകളിൽ പതിഞ്ഞ

കരുത്തിന്റെ കൈപ്പടം.


എന്റെ

രാത്രികളുടെ ആകൃതിയുളള

ഉടലിനുളളിൽ

എഴുന്നേറ്റ് നിൽക്കുന്നു

ദശരഥ് മഞ്ചി

ഭാവികാലത്തേക്കുളള

യുദ്ധത്തെ

നീലകിളികളുടെ ചെകിളയിൽ

വിത്തുകളെന്നപോലെ കോർത്തിടുന്നു.


പോരാട്ടത്തിന്റെ

ദഹനദൗത്യം

മഹാഗണിമരങ്ങളുടെ ചില്ലയിൽ തൂക്കുന്നു

ഏറുമാടങ്ങളീന്ന്

ചത്ത് പോയവരുടെ

കണ്ണുകളിറങ്ങി വരുന്നു

വീണ്ടെടുക്കേണ്ട ചിലതുണ്ട്.


ചുളിഞ്ഞും ചുരണ്ടും പോയവ

ഓര്‍മ്മചുമകളുടെ ചുണവീണ്

ഞാന്‍

പൊളളിതുടങ്ങുന്നു


കാടിനുളളിലെ

താമസക്കാർ

രോഗാതുരതയിലും

ആകുലതകളിലും

പുറംലോകങ്ങളിലേക്ക് പ്രത്യക്ഷപ്പെടനാവാത്ത

കറുത്ത മനുഷ്യർ


റോഡില്ല

വാഹനമില്ല

വെളിച്ചമില്ല

അന്നമില്ല

ഒറ്റപ്പെടലിന്റെ അടരുകളിൽ

അന്താളിച്ചവർ

ഗുഹാമുഖങ്ങളിൽ

വേരൊടിച്ച് കുത്തിയവർ.


കിലോമീറ്ററുകളോളം

നടന്നാൽ

ഭൂമിക്ക്

കണ്ണെഴുതിയ പോലൊരുറോഡ്

പിന്നെയും പിന്നെയും പിന്നെയും

കിതച്ച് കിതച്ച് കിതച്ച് നടന്നാലൊരു നഗരം

കാടിനുളളിൽ നിന്ന്

ജ്വരത്താൽ വിറച്ചവരെ

മനുഷ്യപല്ലക്കിൽ

റോഡിലെത്തിച്ചാലും

കറുത്തമനുഷ്യരുടെ

മുന്നിലൊരു വാഹനവും നിർത്തപ്പെടില്ല.


കൈകാണിച്ചാൽ

വാഹനത്തിന്റെ ഉളളീന്ന്

അവജ്ഞ

പുച്ചം

പച്ചത്തെറികളുടെ മഞ്ഞകഫക്കട്ട

പുറത്തേക്ക്

തെറിച്ചവരുടെ

മുഖത്ത് വീണ് പൊളളും.


മഴവളളികളുടെ

പെരുമ്പാമ്പുകളൂർന്ന് വീണ

പകലിൽ

കാട്ടാനകളും

കാട്ട്പോത്തുകളും

തണുത്ത് മരിച്ച പെരുമഴയിൽ

ദശരഥ് മഞ്ചി

നിറഞ്ഞകണ്ണുമായി

പേറ്റ്നോവിന്റെ ചോരയിൽ പിടയുന്ന

ഭാര്യയെ

തോളിലേറ്റി

റോഡിലേക്കോടുന്നു.


ചോരയിൽ

കുളിച്ച രണ്ട് ആൾരൂപങ്ങളുടെ

പിരമിഡുകൾ

ഒരു വാഹനവും

നിറുത്തപ്പെടുന്നില്ല

കണ്ണെത്താത്ത ദൂരത്തുളള

നഗരത്തിലേക്ക്

ദശരഥ് മഞ്ചി

അവളെയും ചുമലിലേറ്റി ഓടുകയാണ്


രണ്ട്

കരച്ചിലുകളുടെ

ദു:ഖാർദ്രമായ മാരത്തോൺ

അവർ

നഗരത്തിലെത്തുന്നില്ല

ആശുപത്രി കാണുന്നുമില്ല

ദശരഥ് മഞ്ചിയുടെ

തോളിലിരുന്ന് അവളും

അവളുടെ വയറ്റലിരുന്ന്

അവരുടെ കുഞ്ഞും മരിക്കുന്നു.


ഇലകളുടെ

കണ്ണീര് തോരുന്നു

മരങ്ങൾ

ശരീരമുണക്കി

മൃഗങ്ങളും

മനുഷ്യരും

വേട്ടയാടലിന്റെ ചീട്ട്കളി തുടങ്ങി

ദശരഥ് മഞ്ചി

ഒരു പിക്കാസിന്റെ

പൂളുറപ്പിക്കുന്നു

മലയുടെ കാലുകളിൽ കൊത്തുന്നു.


രാവ്

പകലുകൾ മണ്ണ് പോലെ കൊഴിയുന്നു

നിശ്ചയങ്ങളുടെ

കറുത്ത കരുത്തിന് മുന്നിൽ

മല

ഒരു വഴിയെ പ്രസവിച്ച് തുടങ്ങുന്നു.


ദശരഥ്മഞ്ചി

ഒറ്റയ്ക്ക് ഒരു മലതുരക്കുന്നു

കാടിനുളളിൽ നിന്ന് നഗരത്തിലേക്ക്

മൈലുകളോളം

അകലത്തിലുണ്ടായിരുന്ന നഗരം

ആറ് കിലോമീറ്ററിന്റെ

അടുപ്പത്തിലേക്ക് ചുരുങ്ങുന്നു.


ദശരഥ് മഞ്ചി

കീഴാളതയുടെ

പോരാട്ട കനലിന്റെ നെഞ്ചിൻകൂടാണ്

കീഴടങ്ങാൻ

കൂട്ടാക്കാത്ത കറുപ്പാണ്

കൊടുംമലയെ

ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയ

ദ്രാവിഡ സംസ്കൃതിയാണ്

മലകളുടെ മകനാണ്.


ദശരഥ് മഞ്ചി

മണ്ണിന്റെയും കാടിന്റെയും

ദശരഥ് മഞ്ചിയുടെ

പിക്കാസ് തുരന്ന

മലകളിലെ വഴി ചെന്ന്നിന്ന

നഗരം

ബുദ്ധഗയ.


ചിലരാഷ്ട്രീയങ്ങൾ

മലകൾക്കും

മണ്ണിനടിയിലും

അഗ്നിപർവ്വതങ്ങളെപ്പോലെ പുകഞ്ഞ്കൊണ്ടിരിക്കും

ഒരാൾ

അത്

കീറിപൊളിച്ച് പുറത്തേക്കെടുക്കും

നിരവധിപേരുടെ

ഹൃദയങ്ങൾ

ആത്മാഭിമാനത്തിൽ പുകയാൻ തുടങ്ങും

https://www.facebook.com/sajeevadhwani/

Loading Conversation